1926 ഡിസംബര്‍ 3 വെള്ളിയാഴ്ച ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലിസ്റ്റ് അഗതാ ക്രിസ്റ്റി അവരുടെ ബെര്‍ക്ഷയറിലെ വസതിയില്‍നിന്നും അപ്രത്യക്ഷയായി. അവരുടെ  നോവലുകളിലെ 'ചെയ്തതാര്?' എന്ന മട്ടില്‍ എല്ലാ ഘടകങ്ങളുമുള്ള ഒരു തികഞ്ഞ അപസര്‍പ്പക കഥ. എന്തായിരുന്നു അവരുടെ തിരോധാനത്തിനു പിന്നിലെ വാസ്തവം? പതിനൊന്നു ദിവസം; മുന്‍പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അന്വേഷണവും തിരച്ചിലും.

വെള്ളിയാഴ്ച രാത്രി ഒമ്പതര കഴിഞ്ഞപ്പോള്‍ അഗത ചാരുകസേരയില്‍നിന്നും എഴുന്നേറ്റ്, വീട്ടിലെ മുകള്‍നിലയിലേക്കുള്ള പടികള്‍ കയറി. ഉറക്കത്തിലാണ്ട ഏഴു വയസ്സുള്ള മകള്‍ റോസലിന്‍ഡിനെ ചുംബിച്ച് ശുഭരാത്രി ആശംസിച്ചശേഷം തിരികെ പടികളിറങ്ങി. തുടര്‍ന്ന് തന്റെ മോറിസ് കൗലിയില്‍ കയറി രാത്രിയിലേക്ക് ഓടിച്ചുപോയി. പിന്നീടുള്ള പതിനൊന്നു ദിവസം അവരെ ആരും കണ്ടില്ല.

അഗതയുടെ അപ്രത്യക്ഷമാകല്‍ ഏറ്റവും വലിയ തിരച്ചിലിന് ആരംഭംകുറിച്ചു. അന്വേഷണ സംഘത്തില്‍ ആയിരത്തില്‍പ്പരം പോലീസുകാര്‍; ആദ്യമായി എയ്‌റോപ്ലെയ്‌നുകളും. ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധരായ കുറ്റാന്വേഷണ നോവലിസ്റ്റുകളായ സര്‍ ആര്‍തര്‍ കോനന്‍ ഡോയ്‌ലും ഡൊറോത്തി എല്‍. സെയേഴ്‌സും വരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടു.

കാര്‍ കണ്ടെത്താന്‍ അധികദിവസം വേണ്ടിവന്നില്ല. ഗില്‍ഡ്‌ഫോര്‍ഡിനു സമീപം ന്യൂലാന്‍ഡ്‌സ് കോര്‍ണറിലെ ഒരു ചെങ്കുത്തായ ചെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. പക്ഷേ, അഗതാ ക്രിസ്റ്റിയുടെയോ അവര്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെയോ ഒരു സൂചനയും അവിടെ ഉണ്ടായിരുന്നില്ല. അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഊഹാപോഹങ്ങള്‍ ഉയര്‍ന്നുതുടങ്ങി. പത്രങ്ങള്‍ ഭയജനകമായ സിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. കാര്‍ കിടന്നതിനോടു ചേര്‍ന്ന് ഒരു അരുവിയുണ്ട്- സൈലന്റ് പൂള്‍ എന്നാണ് പേര്. എഴുത്തുകാരി മനഃപൂര്‍വം വെള്ളത്തില്‍ ചാടി ജീവനൊടുക്കി എന്ന് ചില പത്രക്കാര്‍ വാര്‍ത്ത ചമച്ചു.

നായിക അഗത ക്രിസ്റ്റി എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: The Mysterious Disappearance Of Agatha Christie