മുറിയില്‍ ഉണര്‍ന്നു കത്തിയ അടുപ്പിന്റെ ചൂടൊഴിച്ചാല്‍ രാത്രിക്ക്  തണുപ്പായിരുന്നു. അച്ഛനും മകനും ചെസ്സ്‌ബോര്‍ഡിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. അടുത്ത് തീക്കുണ്ഡത്തിനരികില്‍ പഴയ വസ്ത്രം തുന്നി ശരിയാക്കി അമ്മ ഇരുന്നിരുന്നു. ചടുലമായ ഒരു നീക്കം കൊണ്ട് മകന്‍ അച്ഛനെ അടിയറവ് പറയിച്ചു. 

'അതാ അയാള്‍ വന്നു.''  ഹെര്‍ബര്‍ട്ട് പറഞ്ഞു. പുറത്ത് ഗേറ്റ് ശക്തമായി തുറന്ന് കനത്ത കാലൊച്ചകള്‍ അടുത്തെത്തി. ആതിഥേയന്റെ തിടുക്കത്തോടെ മി. വൈറ്റ് എഴുന്നേറ്റ് ആഗതനെ മുറിയിലേക്ക് ആനയിച്ചു. നല്ല നീളവും ഉറച്ച ശരീരവും ആയിരുന്നു അയാള്‍ക്ക്. രക്തവര്‍ണമായ മുഖം, സൂക്ഷ്മനിരീക്ഷണം നടത്തുന്ന കണ്ണുകള്‍

The Monkey's Paw

'സെര്‍ജന്റ് മേജര്‍ മോറിസ്' വൃദ്ധന്‍ തന്റെ ഭാര്യക്ക് അയാളെ പരിചയപ്പെടുത്തി. ആഗതന്‍ തനിക്കായി വിസ്‌ക്കി പകരുന്നത് കണ്ട് സംതൃപ്തിയോടെ മോറിസ് തീയ്ക്കരികില്‍ ആസനസ്ഥനായി. മൂന്നാമത്തെ ഗ്ലാസ്സും കാലിയായതോടെ അയാള്‍ ധീര സംഭവങ്ങലളെകുറിച്ചും  വിചിത്ര വ്യക്തികളെക്കുറിച്ചും വാചാലനായി. 
'നിങ്ങള്‍ അന്ന് ഒരു കുരങ്ങന്റെ കാല്പാദത്തെപ്പറ്റിയോ മറ്റോ പറഞ്ഞില്ലേ ?' വൃദ്ധന്‍ സര്‍ജന്റിനെ നോക്കി. 
'ഏയ്! പറയാന്‍മാത്രം ഒന്നുമില്ല അത്.' മോറിസ് ഒഴിഞ്ഞുമാറാന്‍ നോക്കി. 
'കുരങ്ങന്റെ പാദമോ?''  വൃദ്ധയുടെ ശബ്ദം ആകാംക്ഷാഭരിതമായിരുന്നു.
'ആഹ്, ഒരു പക്ഷേ നിങ്ങള്‍ മായാജാലം എന്നൊക്കെ പറഞ്ഞേക്കാം അതിനെപ്പറ്റി.'' സര്‍ജന്റ് നിസ്സാരഭാവത്തില്‍ പറഞ്ഞു. മൂന്ന് ശ്രോതാക്കളും മേജറുടെ നേരെ ഉദ്വേഗഭരിതരായി കുനിഞ്ഞു.

The Monkey's Paw

'കാണാന്‍ അത് വെറുമൊരു കൊച്ചുപാദമാണ്, മമ്മികളെപ്പോലെ ഉണങ്ങിയത്.''
പോക്കറ്റില്‍ നിന്ന് അയാള്‍ അത് പുറത്തെടുത്തു.
'എന്താണിതിനിത്ര പ്രത്യേകത ? 'വൈറ്റ് ചോദിച്ചു. 
'ഒരു ദിവ്യനായ ഫക്കീര്‍ ഇതിലെന്തോ മന്ത്രം ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്തരായ ആളുകള്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ മൂന്ന് ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഇത് ഉപയോഗിക്കാം.'' മേജര്‍ പറഞ്ഞു. 
'സാര്‍ അങ്ങ് വരം നേടിയിട്ടുണ്ടോ ?'' ഹെര്‍ബര്‍ട്ട് കൗശലപൂര്‍വം ചോദിച്ചു.
'ഉണ്ട്...  ഞാനത് നേടിയിട്ടുണ്ട്.'' മോറിസിന്റെ മുഖം വിവര്‍ണമായി.
ചില്ലുഗ്ലാസ്സ് അയാളുടെ ഉറച്ച ദന്തനിരകളില്‍ തട്ടി ചിലമ്പി. സര്‍ജന്റിന്റെ സ്വരം അവിടെ പൊടുന്നനെ നിശ്ശബ്ദതപാകി. 
'നിങ്ങള്‍ മൂന്ന് ആഗ്രഹങ്ങളും നേടിയെങ്കില്‍ പിന്നെ നിങ്ങള്‍ ഇത് സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്തിന് ?'' വൈറ്റ് ഒരുവിധം ചോദിച്ചൊപ്പിച്ചു.
'ഒരു കൗതുകം, അതായിരിക്കാം. ഞാനിത് വിറ്റാലോ എന്ന് ആലോചിച്ചിരുന്നു. ആരാണിത് വാങ്ങുക ? ആരു വിശ്വസിക്കും?'' ആ പാദം എടുത്ത് ഒന്നാട്ടി പൊടുന്നനെ അയാള്‍ അത് തീയിലേക്കിട്ടു. 
ഒന്നേങ്ങിക്കൊണ്ട് വൈറ്റ് അത് തീയില്‍നിന്നും എടുത്തു. 

'അത് കത്തിത്തീരട്ടെ അതാണ് നല്ലത്. 'പട്ടാളക്കാരന്‍ പറഞ്ഞു.
'മോറിസ്, നിങ്ങള്‍ക്കിത് വേണ്ടാ എങ്കില്‍ അത്..എനിക്ക് തരൂ.'' മറ്റേയാള്‍ പറഞ്ഞു.
'ഞാനത് തീയിലേക്കെറിഞ്ഞതാണ്. നിങ്ങള്‍ അത് വീണ്ടെടുത്ത് സൂക്ഷിക്കുന്നുവെങ്കില്‍ ആവാം, പക്ഷേ അനന്തരഫലങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്തരുത്.''  മറ്റേയാള്‍ തലയാട്ടി. 'എങ്ങനിനെയാണ് ഇതിനോട് നിങ്ങള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുക ? '
'വലതുകൈയ്യില്‍ അതു വച്ച ശേഷം നിങ്ങളുടെ ആഗ്രഹം ഉറക്കെ പറയുക.'' സര്‍ജന്റ് മേജര്‍ പറഞ്ഞു, 'പക്ഷേ ഭവിഷ്യത്തുക്കള്‍ നിങ്ങള്‍ നേരിട്ടോളണം '
'അറേബ്യന്‍ രാത്രികളുടെ കഥ പോലുണ്ടല്ലോ ! 'മിസിസ് വൈറ്റ് അത്താഴമൊരുക്കാന്‍ എഴുന്നേറ്റു.  
'എനിക്ക് നാലുജോഡി കൈകള്‍ ആവശ്യപ്പെടണമെന്ന് തോന്നുന്നില്ലേ നിങ്ങള്‍ക്ക്  ? '
'ആഗ്രഹിക്കുന്നെങ്കില്‍, എന്തെങ്കിലും കാര്യമായത് ആവശ്യപ്പെടൂ.''
മി. വൈറ്റ് ആ വസ്തു പോക്കറ്റിലിട്ടു. ഭക്ഷണം അകത്താക്കുന്നതിനിടയില്‍ ആ മാന്ത്രികവസ്തുവിന്റെ കാര്യം ഭാഗികമായി അവര്‍ മറന്നുപോയിരുന്നു.
അത്താഴത്തിനുശേഷം അവസാന വണ്ടി പിടിക്കാന്‍ മേജര്‍ തിരക്കിട്ടു പാഞ്ഞുപോയി. 

The Monkey's Paw

'നമ്മള്‍ പണക്കാരും, പ്രസിദ്ധരും, സന്തോഷവാന്‍മാരും ആവാന്‍ പോവുകയല്ലേ അച്ഛാ, ഒരു തുടക്കം എന്ന നിലയില്‍ ചക്രവര്‍ത്തിയാവാന്‍ വരം ചോദിച്ചോളൂ , അപ്പോപ്പിന്നെ അമ്മയുടെ ചൊല്‍പ്പടിക്കാണെന്ന പോരും മാറിക്കിട്ടും'
അമ്മയെ ഒളികണ്ണുിട്ടു നോക്കിക്കൊണ്ടാണ് അയാള്‍ അത് പറഞ്ഞത്.
മി. വൈറ്റ് കൈപ്പത്തി പുറത്തെടുത്തു. 'സത്യത്തില്‍ എന്ത് വരം ചോദിക്കണമെന്ന് എനിക്കറിയില്ല. എനിക്കുവേണ്ട എല്ലാം എനിക്ക് കിട്ടിയിട്ടുണ്ടല്ലോ !'' 
'ഈ വീടൊന്ന് മെച്ചപ്പെടുത്തിയാലോ? അച്ഛന്‍ സന്തോഷവാനാവില്ലേ ? ഇരുനൂറ് പൗണ്ട് ചോദിച്ചോളു.'' ഹെര്‍ബര്‍ട്ട് അച്ഛന്റെ ചുമലില്‍ മൃദുവായി കൈത്തലമമര്‍ത്തി.
അല്പം ലജ്ജാലുവായിക്കൊണ്ട് വൈറ്റ് അത് തന്റെ വലതുകൈയ്യില്‍ വച്ചു. 
അമ്മയെ പാളിനോക്കി മകന്‍ പിയാനോയില്‍ ആകര്‍ഷകമായ ഒരീണം മീട്ടിക്കൊണ്ടിരുന്നു.
'എനിക്ക് ഇരുനൂറ് പൗണ്ട് തന്നാലും.'' വൃദ്ധന്‍ വ്യക്തതയോടെ തനിക്ക് വരം ആവശ്യപ്പെട്ടു.
പിയാനോ വല്ലാത്ത ഒരു ശ്രുതി മീട്ടി. അച്ഛന്റെ ഞെട്ടിവിളിച്ച കരച്ചില്‍ കേട്ട് അമ്മയും മകനും അങ്ങോട്ടു പാഞ്ഞു. 
'അത് അനങ്ങി !'' നിലത്തുകിടക്കുന്ന കൈപ്പത്തിനോക്കി അച്ഛന്‍ നിലവിളിച്ചു. 'ഞാന്‍ വരം ആവശ്യപ്പെട്ടതും അത് എന്റെ കൈയ്യില്‍ കിടന്ന് പാമ്പിനെപ്പോലെ പുളഞ്ഞു.'' 
'ശരി, പക്ഷേ ഞാന്‍ പണമൊന്നും കണ്ടില്ല. 'നിലത്തുനിന്ന് കൈപ്പത്തി എടുത്തുയര്‍ത്തിക്കൊണ്ട് മകന്‍ പറഞ്ഞു. 
'തോന്നിയതായിരിക്കും.'' അയാളുടെ ഭാര്യ പറഞ്ഞു. 
അയാള്‍ തല കുലുക്കി. ' സാരാക്കണ്ട പക്ഷേ ഞാന്‍ഞെട്ടിപ്പോയി എന്നത് സത്യം.''

അച്ഛനും മകനും തീകാഞ്ഞുകൊണ്ട് പൈപ്പ് പുകച്ചുതീര്‍ത്തു. പുറത്ത് സാധാരണയില്‍ കവിഞ്ഞ വിധം ശക്തിയായി കാറ്റുവീശുന്നുണ്ടായിരുന്നു. മുകള്‍ നിലയില്‍ ഒരുവാതില്‍ തുറന്നടയുന്ന ശബ്ദം വൃദ്ധനെ അലോസരപ്പെടുത്തി. മൂന്നുപേരേയും അസാധാരണവും നിരാശാഭരിതമാക്കുന്നതുമായ നിശ്ശബ്ദത വന്നു മൂടി. 
ഹെര്‍ബര്‍ട്ട് ഇരുവര്‍ക്കും ശുഭരാത്രി നേര്‍ന്നു. ഇരുട്ടില്‍ ഹെര്‍ബര്‍ട്ട് തനിച്ചിരുന്നു. അണഞ്ഞുതുടങ്ങിയ തീനാളങ്ങളില്‍ പല മുഖങ്ങള്‍തെളിയാന്‍ തുടങ്ങി.  അവസാനത്തെ മുഖം ഒരു കുരങ്ങന്റേതായിരുന്നു. ആശ്ചര്യപ്പെടുത്തും വിധം വ്യക്തമായിരുന്നു അത്. അസ്വസ്ഥതയോടെ  ഇത്തിരി വെള്ളമൊഴിച്ച് ജ്വാല കെടുത്താന്‍ അയാള്‍ ആഗ്രഹിച്ചു.  ഒരു ഗ്ലാസ്സിനുവേണ്ടി അയാള്‍ മേശപ്പുറത്ത് പരതി. കൈയ്യില്‍ തടഞ്ഞത് മമ്മിപോലെ ഉണങ്ങിയ കൈപ്പത്തിയായിരുന്നു. ചെറിയ ഒരുള്‍ക്കിടിലത്തോടെ കൈ കോട്ടില്‍ തുടച്ച് ഹെര്‍ബര്‍ട്ട് ഉറങ്ങാന്‍ കിടന്നു. 

ഭാഗം 2

അടുത്ത പ്രഭാതത്തില്‍ ഹേമന്തകാലത്തെ തിളങ്ങുന്ന സൂര്യന്‍ അയാളുടെ വിഹ്വലതകളെ കളിയാക്കിക്കൊണ്ട് തീന്‍മേശയില്‍ പരന്നു. തലേരാത്രി ആ മുറിക്ക് നഷ്ടപ്പെട്ടിരുന്ന കാവ്യാത്മകത തിരിച്ചുവന്നിരിക്കുന്നു. ആ വൃത്തിശൂന്യമായ കൈപ്പത്തി, അതിന്റെ ദിവ്യശക്തിയില്‍ ഒട്ടും വിശ്വാസം തോന്നിക്കാത്ത വണ്ണം മുറിയില്‍ എവിടെയോ അപ്രധാനമായി കിടന്നു.
'എല്ലാ പട്ടാളക്കാരും ഇങ്ങിനെതന്നെ ആണ്.'' മസ്സിസ്സ് വൈറ്റ് പിറുപിറുത്തു. 
'ചുമ്മാ പുളു അടിക്കും അല്ലെങ്കില്‍ത്തന്നെ ഈ കാലത്ത് എങ്ങിനെയാണ് വരങ്ങള്‍ഫലിക്കുക ! '
'മോറിസ് പറഞ്ഞത് കാര്യങ്ങള്‍ സ്വാഭാവികമായി നടക്കും എന്നാണ്. അതായത് വെറും യാദൃശ്ചികമെന്ന വണ്ണം  വൈറ്റ് പറഞ്ഞു.''
'എന്തായാലും പണം കിട്ടിയാല്‍ അത് ഞാന്‍ വന്നിട്ട് തൊട്ടാല്‍ മതി.'' പ്രാതല്‍ അവസാനിപ്പിച്ച് എഴുന്നേറ്റുകൊണ്ട് ഹെര്‍ബര്‍ട്ട് പറഞ്ഞു. .
മിസിസ് വൈറ്റ് ചിരിച്ചുകൊണ്ട് അവനെ വാതില്‍ക്കല്‍ വരെ അനുഗമിച്ചു. അവന്‍ റോഡില്‍ നടന്നു മറയുന്നതുവരെ അവര്‍ നോക്കിനിന്നു. മിസിസ് വൈറ്റിന് ഈ പരിപാടിയില്‍ വിശ്വാസം തോന്നിയില്ല എങ്കിലും  വാതില്‍ക്കല്‍ പോസ്റ്റ്മാന്‍ എത്തിയപ്പോള്‍ അവര്‍ക്ക് അങ്ങോട്ട് ധൃതിവച്ച് പോകാതിരിക്കാന്‍ പറ്റിയില്ല. പോസ്റ്റ്മാന്‍ കൊണ്ടുവന്നത് തുന്നല്‍ക്കാരന്റെ ബില്‍ ആണെന്ന് കണ്ട് മോറിസിനേയും, മറ്റ് സകല മേജര്‍മാരേയും കളിയാക്കാനും അവര്‍മുതിര്‍ന്നു.

'പക്ഷേ, അത് എന്റെ കയ്യിലിരുന്ന് പുളഞ്ഞു എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ആണയിടാം ഞാന്‍.'' അത്താഴത്തിനിരിക്കവേ അല്പം ബീര്‍ തനിക്കു തന്നെ പകര്‍ന്നുകൊണ്ട് വൈറ്റ് മുരണ്ടു.
'എന്ന് നിങ്ങള്‍ വിചാരിച്ചു' വൃദ്ധ ആയാളെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു.
'അത് ഇളകി എന്നുതന്നെയാണ് ഞാന്‍ പറയുന്നത്. അത് വിട്ടേക്ക്. എന്താ കാര്യം അതോര്‍ത്തിട്ട് ?''
വൈറ്റ് പറഞ്ഞു. ഭാര്യ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. വീടിനുപുറത്ത് അസ്വാഭാവികമായ ഒരാളുടെ നടത്തം ശ്രദ്ധിക്കുകയായിരുന്നു അവര്‍. ശരിക്ക് തീര്‍ച്ചയില്ലാത്തതുപോലെ അയാള്‍ വിട്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു. അകത്തുകടക്കാന്‍ തന്റെ മനസ്സ് പാകപ്പെടുത്തുകയാണ് അയാള്‍ എന്ന് തോന്നി.
അയാള്‍ നല്ല വസ്ത്രം ധരിച്ചവനാണെന്നും, തിളങ്ങുന്ന ഒരു പട്ടുതൊപ്പി വച്ചിട്ടുണ്ടെന്നുമൊക്കെ വൃദ്ധ ശ്രദ്ധിച്ചു. ഒടുവില്‍  ഗേറ്റ് തള്ളിത്തുറന്ന് അയാള്‍അവരുടെ വഴിയിലേക്ക് നടന്നു കയറി.
അപരിചിതനെ അവര്‍ ആനയിച്ചിരുത്തി. അസ്വസ്ഥനായിരുന്നു അയാള്‍. മുറിയുടെ അടുക്കും ചിട്ടയില്ലായ്മക്ക്  വൃദ്ധ മാപ്പുചോദിക്കുന്നത് അയാള്‍ വല്ലാത്ത ഒരു നിശ്ശബ്ദതയില്‍ കേട്ടിരുന്നു..

The Monkey's Paw

'ഞാന്‍ മാ ഏന്റ് മെഗ്ഗിന്‍സില്‍ നിന്നാണ് വരുന്നത്.' അയാള്‍ പറയാന്‍ തുടങ്ങി.
'എന്തുപറ്റി ഹെര്‍ബര്‍ട്ടിന് ?പറയു എന്താണ് വേഗം പറയൂ.' അവര്‍ ശ്വാസം വിടാതെ ചോദിച്ചുകൊണ്ടിരുന്നു.
അവരുടെ ഭര്‍ത്താവ് ഇടപെട്ടു. 'ബേജാറാവാതെ,  സമാധാനമായി ഇരിക്കു. എനിക്കുറപ്പാണ് അങ്ങ് അശുഭകരമായ ഒരു വാര്‍ത്ത അല്ല കൊണ്ടുവന്നിരിക്കുന്നത് എന്ന്.''
അപരിചിതനുനേരെ നോക്കിക്കൊണ്ടാണ് വൈറ്റ് അത് പറഞ്ഞത്.
'ക്ഷമിക്കണം' അപരിചിതന്‍ പറയാന്‍ തുടങ്ങി.
'അവന് എന്തെങ്കിലും പരിക്കുകള്‍ ഉണ്ടോ ?'' വൃദ്ധ തേങ്ങി.
'കാര്യമായി....' അയാള്‍ ശബ്ദം താഴ്ത്തി. 
'കാര്യമായി പരിക്കുപറ്റി, പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് വേദനയുണ്ടാവില്ല.''
'ദൈവത്തിനു നന്ദി. അവര്‍ കൈകള്‍ മാറത്തുചേര്‍ത്തു. ദൈവത്തിനുനന്ദി , നന്ദി.....''
മറ്റുള്ളവരുടെ മുഖങ്ങളില്‍ നിന്ന് താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലായി. ഭര്‍ത്താവിന്റെ വിറയാര്‍ന്ന കൈകള്‍ക്കുമേല്‍ അവര്‍ തന്റെ കൈകള്‍ ചേര്‍ത്തുവച്ചു. ദീര്‍ഘമായ നിശ്ശബ്തദ അവിടെ മൂടിനിന്നു.

അയാള്‍ യന്ത്രത്തിനകത്ത് കുടുങ്ങിപ്പോയി സന്ദര്‍ശകന്‍ താഴ്ന്ന സ്വരത്തില്‍ പിറുപിറുത്തു. 
ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കിക്കൊണ്ട് വൃദ്ധന്‍ ഇരുന്നു. നാല്‍പതുവര്‍ഷം മുന്‍പ് അവരുടെ മധുവിധുകാലത്ത് എന്നപോലെ തന്റെ കൈകള്‍ക്കുള്ളില്‍ ഭാര്യയുടെ കൈകള്‍ അയാള്‍ പിടിച്ചമര്‍ത്തി. 
'ഞങ്ങള്‍ക്കാകെയുണ്ടായിരുന്നത് അവനാണ്.' സന്ദര്‍ശകനുനേരെ തിരിഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു. 'സഹിക്കാനാവുന്നില്ല'.
സന്ദര്‍ശകന്‍ ചെറുതായി ചുമച്ചുകൊണ്ട് ജനാലയ്ക്കരികിലെത്തി. 
'നിങ്ങളുടെ വലിയ നഷ്ടത്തില്‍ കമ്പനി ആത്മാര്‍ത്ഥമായി സഹതപിക്കുന്നു എന്നറിയിക്കാനാണ് എന്നെ പറഞ്ഞയച്ചത്. എന്നോട് മുഷിവുതോന്നരുത്. ഞാന്‍ കമ്പനിയുടെ, ആജ്ഞകള്‍ അനുസരിക്കുന്നു എന്നുമാത്രം.''
ഈ വാക്കുകള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. വൃദ്ധയുടെ മുഖം വിളറിയിരുന്നു, അവരുടെ ശ്വാസം കേള്‍ക്കാന്‍ പറ്റാത്തത്ര നേര്‍ത്തുപോയിരുന്നു.
'മോ ആന്റ് മെഗ്ഗിന്‍സിന് ഈ അപകടത്തില്‍യാതൊരു ഉത്തരവാദിത്വവുമില്ല എന്നു പറഞ്ഞുകൊള്ളട്ടെ. കമ്പനി യാതൊര തരത്തിലുള്ള' നഷ്ടപരിഹാരവും നല്‍കുകയില്ല.  പക്ഷേ നിങ്ങളുടെ മകന്റെ സേവനങ്ങളെ  മാനിച്ച് ഒരുതുക നിങ്ങള്‍ക്ക് നല്‍കുകയാണ്.''
 ഭീതികലര്‍ന്ന കണ്ണുകളോടെ അച്ഛന്‍  നിന്നു.
'എത്രയാണ് തുക ?''
'ഇരുനൂറ് പൗണ്ട് ' 
ഭാര്യയുടെ നിലവിളി അയാള്‍ കേട്ടില്ല. മങ്ങിയ ഒരു ചിരി പരന്നു. കാഴ്ചനഷ്ടപ്പെട്ടവനെപ്പോലെ കൈകള്‍ നീര്‍ത്തി വിവേകശൂന്യതയുടെ ഒരു കൂമ്പാരം പോലെ അയാള്‍ തറയിലേക്ക് പതിച്ചു.

ഭാഗം മൂന്ന്

സെമിത്തേരിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവനെ അടക്കി ആ വൃദ്ധ ദമ്പതികള്‍ നിഴലും നിശ്ശബ്ദതയും ഇഴുകിപ്പിടിച്ച വീട്ടിലേക്ക് തിരിച്ചെത്തി. സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ മടിച്ചു. പിന്നെ ഇനിയെന്തോ കൂടി സംഭവിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. വൃദ്ധഹൃദയങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ആഘാതത്തിനെ ലഘൂകരിക്കുന്ന എന്തെങ്കിലും സംഭവിക്കുമെന്ന് അവര്‍ മോഹിച്ചു. ദിവസങ്ങള്‍ കഴിയവേ പ്രതീക്ഷകള്‍ വിധിവിശ്വാസത്തിന് വഴിമാറി. പ്രായമായവരുടെ നിരാശാഭരിതമായ വിധി വിശ്വാസം. മറ്റൊരു വാക്കു പറഞ്ഞാന്‍ വികാരശൂന്യത. അവര്‍ക്ക് ഒരുവാക്കുപോലും പറയാനുണ്ടായിരുന്നില്ല. തളര്‍ന്ന ദിവസങ്ങള്‍ ഇഴഞ്ഞു തളര്‍ന്നു. 
ഏതാണ്ട്ഒരാഴ്ച്ച കഴിഞ്ഞു കാണും. ഉറക്കത്തില്‍ വൃദ്ധന്‍ കൈകള്‍ നീട്ടി പരതി. കിടക്കയില്‍താന്‍ തനിച്ചാണെന്ന് അയാളറിഞ്ഞു. മുറിയില്‍ ഇരുട്ടായിരുന്നു. ജനാലക്കല്‍ നിന്ന് അമര്‍ത്തിപ്പിടിച്ച കരച്ചില്‍ അയാള്‍ കേട്ടു. കിടക്കയില്‍തന്നെ കിടന്ന് അയാള്‍ ശ്രദ്ധിച്ചു.
'വന്നു കിടക്കൂ ,'' അയാള്‍ തരളിതനായി പറഞ്ഞു. 'തണുപ്പു പിടിക്കണ്ട.''
'എന്റെ മോന്‍ ഇതിലും തണുപ്പിലല്ലേ' വൃദ്ധ കരഞ്ഞു.
'കൈപ്പത്തി, കുരങ്ങന്റെ കൈപ്പത്തി' വൃദ്ധ നിലവിളിച്ചു
'എവിടേ? കാര്യമെന്താണ് ? 'അയാള്‍ ചോദിച്ചു.
ഇടറുന്ന കാലടികളോടെ അവര്‍ അയാളുടെ അടുത്തെത്തി. 'എവിടെയാണത് ? എനിക്കതുവേണം. നിങ്ങള്‍ അത് നശിപ്പിച്ചില്ല, ഉവ്വോ ?''
'ഇല്ല അത് പുമുഖത്തുണ്ട്. എന്തിനാണത് ?'' അയാള്‍ചോദിച്ചു.  ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് അവര്‍ കുനിഞ്ഞ് അയാളുടെ കവിളില്‍ ഉമ്മ വച്ചു.
'ഞാനിപ്പോഴാണ് അക്കാര്യം ഓര്‍ത്തത്, എന്തേ ഞാനിത് നേരത്തേ ചിന്തിച്ചില്ല ! നിങ്ങള്‍ എന്തേ ചിന്തിച്ചില്ല ?'' 
'എന്ത് ചിന്തിച്ചില്ല എന്നാണ് നീ പറയുന്നത് ' അയാള്‍ ചോദിച്ചു.
'മറ്റു രണ്ട് വരങ്ങളെ പറ്റി .'അവര്‍ പെട്ടന്ന് മറുപടി പറഞ്ഞു. 
'നമ്മള്‍ ഒന്നല്ലേ ഉപയോഗിച്ചുള്ളൂ ?''
'ഒന്നു കൊണ്ട് മതിയായില്ലേ ?'അയാളുടെ സ്വരം രൂക്ഷമായിരുന്നു.
'ഇല്ല,'' ഒരു വിജയിയുടേതുപോലെ ആയിരുന്നു അവരുടെ സ്വരം. 'ഒരു വരം കൂടി നമ്മള്‍ ആവശ്യപ്പെടും. പോയി വേഗം അത് എടുത്തുവരൂ. നമ്മുടെ മോന്റെ ജീവനാണ് നമ്മള്‍ തിരിച്ചു ചോദിക്കാന്‍ പോകുന്നത് .''
വൈറ്റ് കിടക്കയില്‍ ഇരുന്നു. താറാവിന്റേതു പോലെ തോന്നിച്ച അയാളുടെ കാലുകളില്‍ നിശാവസ്ത്രം തൂങ്ങിക്കിടന്നിരുന്നു. 

The Monkey's Paw

'നിനക്ക് ഭ്രാന്താണ്.'' അയാളുടെ കരച്ചിലില്‍ ദുഖത്തേക്കാളേറെ അമ്പരപ്പായിരുന്നു. 
'വേഗം, വേഗമത് കൊണ്ടുവാ' വൃദ്ധ കിതച്ചു. 'എന്റെ മോനേ, എന്റെ പൊന്നുമോനേ..''
അയാള്‍ തീപ്പെട്ടിയുരച്ച് മെഴുകുതിരി കത്തിച്ചു. 
''വന്നു കിടക്കു. നീയെന്താണ്  പറയുന്നതെന്ന് നിനക്കറിയില്ല. '
'ആദ്യത്തെ ആഗ്രഹം നടന്നില്ലേ? എന്തുകൊണ്ട് രണ്ടാമത്തേത് നടക്കില്ല ?'
ജ്വരബാധിതമായിരുന്നു അവരുടെ സ്വരം.
'യാ..ദൃ..ശ്ചികം.''  അയാള്‍ വിക്കി.
'അതെടുത്തുകൊണ്ടുവരൂ.'' വൃദ്ധയ്ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
വൃദ്ധന്‍ വിറയ്ക്കുന്ന സ്വരത്തില്‍ പറയാന്‍ തുടങ്ങി.  'പത്തു ദിവസമായില്ലേ അവന്‍ പോയിട്ട്..നിന്നോട് പറയണമെന്നു വിചാരിച്ചതല്ല, അവന്റെ വസ്ത്രങ്ങള്‍ മാത്രമേ എനിക്ക് തിരിച്ചറിയാനായുള്ളു. അന്ന് നിനക്കത് കാണാന്‍ ഉള്ള കരുത്തുണ്ടായിരുന്നില്ല. പിന്നെയെങ്ങിനെ ഇപ്പോള്‍...''
'എന്റെ മകനെ തിരിച്ചു വിളിക്കു.''  വൃദ്ധ അയാളെ വാതിലിനടുത്തേക്ക് ഉന്തി. 
'എന്റെ കുട്ടിയെകണ്ടാല്‍ എനിക്ക് പേടിയാവുമെന്ന് നിങ്ങള്‍ കരുതിയോ ?''
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് അയാള്‍ താഴേക്ക് നടന്നു. മാന്ത്രികശക്തിയുള്ള ആ കൈപ്പത്തി യഥാസ്ഥാനത്ത് ഉണ്ടായിരുന്നു.  ബാക്കിയായ രണ്ടുവരങ്ങളില്‍ ഒന്ന്ഇപ്പോള്‍ ഫലിക്കുമെന്നും, തന്റെ മകന്റെ, ഭീതിതമാം വണ്ണം ചതഞ്ഞരഞ്ഞ ശരീരം അവിടെയെത്തി തന്നെ പിടികൂടുമെന്നും അയാള്‍ ഭയന്നു. ശ്വാസമടക്കിക്കൊണ്ട് പുറത്തേക്കുള്ള വാതില്‍ അയാള്‍ തിരഞ്ഞു.

വിയര്‍ത്തു തണുത്ത പുരികങ്ങളുമായി അയാള്‍ തീന്‍മേശക്കരികിലൂടെ ചുവരില്‍ പിടിച്ചുപിടിച്ചു നടന്നു. തീര്‍ത്തും അനാരോഗ്യകരമായ ആ കൈപ്പത്തി അയാളുടെ കയ്യില്‍ത്തന്നെ ഉണ്ടായിരുന്നു.
തന്റെ ഭാര്യയുടെ മുഖം മാറിയിരിക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. പ്രതീക്ഷാപൂരിതമെങ്കിലുമത് വിളറിയിരുന്നു. അസ്വാഭാവികവും ഭീതിദവുമായിരുന്നു അവരുടെ നോട്ടം. അയാള്‍ക്ക് അവളെ ഭയമായി.
'ആവശ്യപ്പെടു.'' ശക്തിയോടെ അവര്‍ പറഞ്ഞു.
'വിഡ്ഢിത്തമാണിത്, ശരിയുമല്ല . 'അയാള്‍ ദുര്‍ബലനായി
'ആവശ്യപ്പെടു .' ഭാര്യ ആവര്‍ത്തിച്ചു
അയാള്‍കൈ ഉയര്‍ത്തി  
'എനിക്ക് എന്റെ മകനെ തിരിച്ചുതരൂ ..''
ആ കൈപ്പത്തി താഴെ വീണു. അയാള്‍ പേടിയോടെ അതിനെ നോക്കി. വിറച്ചുകൊണ്ട് അയാള്‍ കസേരയിലേക്ക് ആഴ്ന്നു. കത്തുന്ന കണ്ണുകളോടെ ജനാലക്കരികിലേക്ക് നടന്ന് വൃദ്ധ അതിന്റെ പാളികള്‍ തുറന്നിട്ടു.
വൃദ്ധ പ്രയാസപ്പെട്ടുകൊണ്ട് ജനാലയിലൂടെ നോക്കുന്നത് ഇടക്കിടെ കണ്ടുകൊണ് തണുപ്പില്‍ മരവിക്കും വരെ അയാള്‍ അവിടെയിരുന്നു. 

കത്തിക്കത്തി മെഴുകുതിരിക്കാലിനടുത്തെത്തിയിരുന്ന നാളം, ചുവരിലും മച്ചിലും വിറയാര്‍ന്ന നിഴലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ഒന്നാളിയിട്ട് അത് കെട്ടു. കൈപ്പത്തിയുടെ മാന്ത്രികശക്തി പരാജയപ്പെട്ടതില്‍ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസത്തോടെ അയാള്‍ കിടക്കയിലേക്ക് ഇഴഞ്ഞു. ഒരു നിമിഷത്തിനു ശേഷം നിസ്സംഗതയോടെ വൃദ്ധയും അവിടെയെത്തി.  ക്ലോക്കിന്റെ ടികി ടിക് ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു. അവരൊന്നും പറഞ്ഞില്ല.ഗോവണിയുടെപടി ഒന്നു ഞരങ്ങി. ചിലച്ചുകൊണ്ട് ഒരെലി ചുവരിലൂടെ  ഓടിമറഞ്ഞു. ഇരുട്ടിന്റെ വാഴ്ച്ചയായിരുന്നു അവിടെ. ധൈര്യത്തിന് മൂര്‍ച്ചകൂട്ടുവാനെന്നവണ്ണം ഇത്തിരിനേരം കൂടി കിടന്ന ശേഷം അയാള്‍ എവുന്നേറ്റ് തീപ്പെട്ടി എടുത്തു. ഒരു കൊള്ളിയുരച്ച് മെഴുകുതിരി തേടി അയാള്‍ താഴേക്കുപോയി.
ഗോവണിയുടെ ചുവട്ടില്‍ വച്ച് ആ കൊള്ളി കെട്ടുപോയി. അടുത്ത ഒന്നുരയ്ക്കാന്‍ ഒരുനിമിഷം നില്‌ക്കേ മുന്‍വാതിലില്‍ തീര്‍ത്തും ദുര്‍ബലമായി, കേള്‍ക്കരുതെന്നപോലെ ആരോ മുട്ടി.
അയാളുടെ കയ്യില്‍ നിന്ന് തീപ്പെട്ടി വീണ് കൊള്ളികള്‍ ചിതറി. അനങ്ങാതെ ശ്വാസമടക്കി നില്‍ക്കവേ വീണ്ടും മുട്ടുന്നത് കേട്ടു. പെട്ടന്ന് തിരിഞ്ഞ് അയാള്‍ സ്വന്തം മുറിയിലേക്ക് ഓടി തനിക്കുപിന്നില്‍ വാതിലടച്ചു. 
മുന്നാമത്തെ പ്രാവശ്യം വീടുമുഴുവന്‍ അറിയും വിധമാണ് മുട്ട് കേട്ടത്.
'എന്താണത് ?'' വൃദ്ധ എഴുന്നേറ്റു. 
'ഒരെലി..' വൃദ്ധന്റെ സ്വരം വിറച്ചിരുന്നു. 'അതെന്നെക്കടന്ന് ഗോവണിയിലൂടെ ഓടിപ്പോയി.''
ഭാര്യ കിടക്കയില്‍ ഇരുന്നു.വാതിലില്‍ ആരോ  ഉച്ചത്തില്‍ മുട്ടുന്നത് വീടറിഞ്ഞു.
അത് ഹെര്‍ബര്‍ട്ടാണ് അവര്‍ വാതില്ക്കലേക്ക് ഓടാനാഞ്ഞു. പക്ഷേ അവരുടെ ഭര്‍ത്താവ് അവരുടെ കൈ പിടിച്ച് അവരെ തടഞ്ഞ് തന്നോടുചേര്‍ത്തു നിര്‍ത്തി.

The Monkey's Paw

'നീയെന്തിനുള്ള പുറപ്പാടാണ് ?' അയാള്‍ പരുത്ത ശബ്ദത്തില്‍ ചോദിച്ചു. 
'അതെന്റെ മകനാണ്. അവന്‍ രണ്ടു മൈല്‍ ദൂരെയാണെന്ന് ഞാന്‍ മറന്നു. എന്നെ വിടു.'' അവര്‍ കുതറിക്കൊണ്ട് പറഞ്ഞു.
ദൈവത്തെ ഓര്‍ത്ത് അതിനെ അകത്തേക്ക് കടത്തല്ലേ  വൃദ്ധന്‍ ഭയന്നു വിറച്ചുകൊണ്ടാണ് പറഞ്ഞത്.
'സ്വന്തം മകനെ നിങ്ങള്‍ക്ക് പേടിയാണല്ലേ?'' അവര്‍ വീണ്ടും കുതറി. 'എന്നെവിട്. മോനേ ഇതാ ഞാന്‍ വന്നു.'' അവര്‍ വിളിച്ചു പറഞ്ഞു.
വാതിലില്‍ തുടരെത്തുടരെ മുട്ടുന്നത് കേള്‍ക്കായി. വൃദ്ധ ഒരു വിധം പിടിവിടുവിച്ച് മുറിവിട്ട് താഴേക്ക് ധൃതിപ്പെട്ടോടി. പേരു വിളിച്ചുകൊണ്ട് ഭര്‍ത്താവ് അവരെപിന്തുടര്‍ന്നു. തുടരെത്തുടരെയുള്ള മുട്ടിവിളിയും വാതിലിന്റെ ബോള്‍ട്ട് അതിന്റെ സോക്കറ്റില്‍ കിടുങ്ങുന്നതും അയാള്‍ കേട്ടു.
'ഈ ബോള്‍ട്ട്, താഴെ വരൂ എനിക്കീ ബോള്‍ട്ട് എത്തുന്നില്ല.'' വൃദ്ധ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പക്ഷേ അവരുടെ ഭര്‍ത്താവ് മുട്ടിലിഴഞ്ഞ് തറയില്‍ ആ കൈപ്പത്തിക്കുവേണ്ടി പരതുകയായിരുന്നു.

The Monkey's Paw

പുറത്തുള്ള സാധനം അകത്തെത്തുന്നതിനു മുന്പ് അയാള്‍ക്കത് കണ്ടെത്തിയേ മതിയാകുമായിരുന്നുള്ളു. 
തുടരെത്തുടരെയുള്ള, ഒരു പീരങ്കിയില്‍ നിന്നുള്ള വെടിയുണ്ടകള്‍ പോലുള്ള മുട്ടുകള്‍ വീടുമുഴുവന്‍ പ്രതിധ്വനിച്ചു. തന്റെ ഭാര്യ ഒരു കസേര വലിച്ച് വാതിലിനുകുറുകെ ഇടുന്ന ശബ്ദവും അയാള്‍ കേട്ടു.
വാതിലിന്റെ ബോള്‍ട്ട് തുറന്നു വരുന്ന ശബ്ദം  കേട്ടതിനൊപ്പം തന്നെ അയാള്‍ ആ കൈപ്പത്തി കണ്ടെടുത്തു. ഉടന്‍തന്നെ മൂന്നാമത്തേതും അവസാനത്തേതുമായ ആവശ്യം അയാള്‍ ഉന്നയിച്ചു.
വാതിലിലെ മുട്ട് ഉടന്‍ അവസാനിച്ചു എങ്കിലും അതിന്റെ പ്രതിധ്വനികള്‍ വീട്ടില്‍ അലയടിച്ചു. കസേര പിറകിലേക്ക് വലിച്ചിടുന്നതിന്റെയും വാതില്‍ തുറക്കുന്നതിന്റെയും ശബ്ദം അയാള്‍ കേട്ടു.
ഒരു തണുത്ത കാറ്റ് ഗോവണിപ്പടിയിലൂടെ ഓടിക്കയറി. ഭാര്യയില്‍ നിന്നും പുറപ്പെട്ട നിരാശാഭരിതവും നീണ്ടു നിന്നതുമായ നിലവിളി താഴേക്കും അവിടന്ന് ഗെയിറ്റിലേക്കും ഓടാന്‍ അയാള്‍ക്ക് ധൈര്യം നല്‍കി. 
മറുഭാഗത്തായി തീര്‍ത്തും വിജനവും നിശ്ശബ്ദവുമായ റോഡില്‍  ഒരു തെരുവ്വിളക്ക് മിന്നിത്തിളങ്ങി.

The Monkey's Paw

Content Highlights: The Monkey's Paw Short story by W.W. Jacobs Malayalam