'ഗുഡ്‌മോണിങ് സര്‍...'
ഹാഫ് ഡോര്‍ തുറന്ന് അകത്തേക്കു വന്ന എസ്.ഐ. മായാദേവി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസഫിനെ സല്യൂട്ട് ചെയ്തു. 
'മോണിങ്... ടേക് യുവര്‍ സീറ്റ്.' 
'താങ്ക് യൂ സര്‍.'
മായ, ജോസഫിന് അഭിമുഖമായി കസേര വലിച്ചിട്ട് ഇരുന്നു.
'സര്‍, ഇന്നലെ കനാലില്‍ ക്ലീനിങ് നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു വീപ്പ പൊക്ലെയിനില്‍ കുടുങ്ങി,' മായ മുഖവുരയില്ലാതെ പറഞ്ഞു.
സി.ഐ. ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു നോക്കി.
'വീപ്പയില്‍ കോണ്‍ക്രീറ്റ് നിറച്ചിരിക്കുകയായിരുന്നു. പക്ഷേ, അതിനുള്ളില്‍നിന്നും ഉറുമ്പും ഈച്ചയും വരാന്‍ തുടങ്ങി.'
ജോസഫിന് ഉത്കണ്ഠയായി: 'മായ അവിടെ പോയി കണ്ടോ?'
'ഇല്ല സര്‍, ക്ലീനിങ്ങിന്റെ കോണ്‍ട്രാക്ടറാണ് പറഞ്ഞത്. അവരു തന്ന വിവരമനുസരിച്ച് എനിക്കു തോന്നുന്നത് ഇതിനകത്ത് എന്തോ ഉണ്ടെന്നാണ്.'
'എന്തുണ്ടെന്ന്?' 
'ഐ തിങ്ക്... എ ഡെഡ്‌ബോഡി.'
കയറ്റം കയറിവന്ന പോലീസ് ജീപ്പുകള്‍ പാലത്തിനു മുകളില്‍ നിന്നു. സി.ഐയും എസ്.ഐയും എ.എസ്.ഐയും നാലഞ്ചു പോലീസുകാരും അടങ്ങുന്ന സംഘമായിരുന്നു അത്. അവിടെ നിന്നാല്‍ കനാലും അപ്പുറത്ത് കായലും കരയിലെ ഉണങ്ങിയ പുല്‍പ്പരപ്പും കായ്ഫലം കുറഞ്ഞ തെങ്ങുകളും കാണാം.
കുറെയകലെ കറുത്ത വെള്ളം ദുര്‍ഗന്ധമുയര്‍ത്തുന്ന കനാലില്‍ പൊക്ലെയിന്‍ കിടക്കുന്നു. അവിടെ കരയില്‍ കൂടിനില്ക്കുന്ന കുറെയാളുകള്‍.
'അവിടെയാണ് സര്‍,' സ്ഥലപരിചയമുള്ള എ.എസ്.ഐയെ മധു കൈ ചൂണ്ടി പറഞ്ഞു, 'അടുത്തുവരെ വാഹനങ്ങള്‍ പോകില്ല. ചതുപ്പാ. കുറച്ചു നടക്കണം.'
സി.ഐ. ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അങ്ങോട്ടു നടന്നു.
അവര്‍ അവിടെയെത്തിയപ്പോള്‍ നാട്ടുകാര്‍ ചിതറി മാറി. 
അഞ്ചടി നീളവും രണ്ടരയടി വ്യാസവുമുള്ള നീല പ്ലാസ്റ്റിക് വീപ്പയുടെ ചുറ്റും ജോസ് ശ്രദ്ധയോടെ നടന്നു. വീപ്പയില്‍ ചെളിയും പായലുമുണ്ട്.
പ്ലാസ്റ്റിക്കിലെ ചില വിള്ളലുകളില്‍നിന്ന് ഈച്ച പറക്കുന്നു. 
'ആറുമാസമെങ്കിലും ഇതു വെള്ളത്തില്‍ കിടന്നിട്ടുണ്ട് സര്‍,' എസ്.ഐ. മായ പറഞ്ഞു.
'ഇത് പൊളിക്കാന്‍ ഏര്‍പ്പാട് ചെയ്യ്. നാട്ടുകാരെ മാറ്റി ഗ്രൗണ്ട് ക്ലിയറാക്കണം. ആരെയും അടുപ്പിക്കരുത്,' സി.ഐ. നിര്‍ദേശിച്ചു. 
'സര്‍,' മായയുടെ മുഖം വെയില്‍ കൊണ്ടു ചുവന്നിരുന്നു.
കനാല്‍ കോണ്‍ട്രാക്ടര്‍ മധ്യവയസ്‌കനായിരുന്നു. പൊക്ലെയിന്‍ ഓപ്പറേറ്റര്‍ ചെറുപ്പക്കാരനും.
സി.ഐ. അവരുമായി സംസാരിച്ചു. പിന്നെ ഓപ്പറേറ്ററുടെ സഹായത്തോടെ ആ നീല പ്ലാസ്റ്റിക് വീപ്പ പൊട്ടിച്ചു.
പൊക്ലെയിന്‍ കരംകൊണ്ട് രണ്ടാമതൊരു മുട്ടുകൂടി കൊടുത്തപ്പോള്‍ കോണ്‍ക്രീറ്റ് പിളര്‍ന്നു. കണ്ടുനിന്ന ജോസഫും മായയും പോലീസുകാരും മിഴിച്ചുനിന്നുപോയി.
അതിനുള്ളില്‍ തലകീഴായി ഒരു അസ്ഥികൂടം! നിറംമങ്ങി കറുത്ത എല്ലുകളും തലയോടും..! 
ഈച്ചകള്‍ പറക്കുന്നു. 
എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തശേഷം സി.ഐ. വിശദമായിത്തന്നെ പ്രേതം പരിശോധിച്ചു.
വസ്ത്രങ്ങളൊന്നും അതിലില്ലായിരുന്നു. ദ്രവിക്കാത്ത നീണ്ട തലമുടി അതൊരു സ്ത്രീയാണെന്ന് ഉറപ്പാക്കി.
കോണ്‍ക്രീറ്റില്‍ സൂക്ഷ്മമായി തിരഞ്ഞപ്പോള്‍ ഒരു മോതിരം കണ്ടെത്തി. മറ്റ് ആഭരണങ്ങളൊന്നുമില്ലായിരുന്നു. ആ സ്വര്‍ണമോതിരം ക്ലീന്‍ ചെയ്തപ്പോള്‍ 'ചൗധരി' എന്ന് ഇംഗ്ലീഷില്‍ കൊത്തിയിരിക്കുന്നതു കണ്ടു.
'ബംഗാളി പേരാണല്ലോ,' ജോസഫ് പറഞ്ഞു. 
എസ്.ഐ. മായ കൈയില്‍ ഗ്ലൗസിട്ട് തലയോട്ടി എടുത്തുകൊണ്ടു പറഞ്ഞു:
'സര്‍, തലയോട്ടിയുടെ പിന്നില്‍ പൊട്ടലുണ്ട്. ഉയരത്തില്‍നിന്ന് വീണതോ ചുറ്റികപോലുള്ള ആയുധംകൊണ്ട് അടിയേറ്റതോ ആയിരിക്കും.'
നിരയൊത്ത പല്ലുകളും കണ്ണുകളിലെ കുഴികളും വീതിയേറിയ നെറ്റിയും നീണ്ട തലമുടിയും. ആരുടെ മുഖമായിരിക്കും അത്!
മായ അതിനെ വേദനിപ്പിക്കാതെയെന്ന മട്ടില്‍ സാവധാനം പ്ലാസ്റ്റിക് കൂടിലാക്കി. 
അജ്ഞാതജഡം കോണ്‍ക്രീറ്റ് വീപ്പയില്‍... ടിവിയിലും പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു.
'ചൗധരി എന്ന ബംഗാളി അവിടെ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തിരുന്നോയെന്ന് അന്വേഷിക്കണം. അയാളെ കണ്ടെത്തിയേ പറ്റൂ,' ഓഫീസില്‍ വെച്ച് ജോസഫ് മായയോടു നിര്‍ദേശിച്ചു. 
'ഞാന്‍ അന്വേഷിച്ചു സര്‍. വിജയന്‍ എന്നൊരാളാണ് അവിടെ കുടിവെള്ളം സപ്ലൈ ചെയ്യുന്നത്. അയാള്‍ക്ക് ചുറ്റുപാടുമുള്ള ഒരുവിധം ആളുകളെയും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ സ്റ്റാഫിനെയും അറിയാം. ഞാന്‍ വിജയനെ ഫോണില്‍ വിളിച്ചു. സംസാരിച്ചു.' 
'ഗുഡ്. നമുക്ക് ആ സ്‌പോട്ടില്‍ ഒന്നു പോകണം.' 
'സര്‍.' 
അരമണിക്കൂറിനുള്ളില്‍ ജോസഫും എസ്.ഐയും പ്രേതം കിടന്ന സ്ഥലത്തെത്തി. പോലീസ് അവിടെ റിബണ്‍ കെട്ടി തിരിച്ചിട്ടുണ്ട്. പൊക്ലെയിന്‍ കനാലില്‍ കിടക്കുന്നു.
'ആ കോണ്‍ക്രീറ്റ് വീപ്പ ആര്‍ക്കും തനിച്ച് ഇവിടെ കൊണ്ടുവന്നിടാന്‍ പറ്റില്ല. രഹസ്യമായി ഒരു വാഹനത്തിലായിരിക്കാം കൊണ്ടുവന്നത്,' ജോസഫ് പറഞ്ഞു.
ഒരു ശബ്ദം കേട്ട് മായ അവിടേക്ക് മുഖം തിരിച്ചു.
നൂറു വാര അകലെ വാട്ടര്‍ടാങ്കര്‍ വാഴകള്‍ക്കിടയില്‍ വന്നുനിന്നു. എന്‍ജിന്‍ ഓഫ് ചെയ്തിട്ട് ഒരു ചെറുപ്പക്കാരന്‍ ടാങ്കറിന്റെ കാബിനില്‍നിന്നിറങ്ങിവന്നു. ബ്രൗണ്‍ ജീന്‍സും നീല ടീഷര്‍ട്ടും ഷൂസും ധരിച്ച അയാള്‍ മായയുടെ അടുത്തെത്തി പറഞ്ഞു:
'മാഡം, ഞാനാണ് വിജയന്‍. അവിടെയാണ് ഞാന്‍ താമസിക്കുന്നത്.'
അയാള്‍ കൈ ചൂണ്ടിയ ഭാഗത്ത് അകലെ ഒരു പഴയ വീട് ജോസഫ് കണ്ടു. മറ്റു വീടുകളൊന്നും അടുത്തില്ല.
'ചൗധരിയെപ്പറ്റി അന്വേഷിച്ചോ..?' മായ അയാളെ നോക്കി. 
'എന്റെ അറിവില്‍ അങ്ങനെ ഒരാളില്ല,' വിജയന്‍ പറഞ്ഞു. 
സി.ഐ. ഒന്നു രൂക്ഷമായി നോക്കിയപ്പോള്‍ അവന്‍ പതറി: 'പക്ഷേ, എന്റെ അങ്കിളിന് കൂടുതല്‍ പരിചയക്കാരുണ്ട്. ഞാനിവിടെ വന്നിട്ട് അഞ്ചാറു മാസമേ ആയുള്ളൂ.'
'ആരാ നിന്റെ അങ്കിള്?' മായ ചോദിച്ചു.
'വാസു... വീട്ടിലുണ്ട് സാറെ. ഞാന്‍ വിളിക്കട്ടെ...'
'വേണ്ട, നമുക്കങ്ങോട്ട് പോകാം,' സി.ഐ. ജോസഫ് പറഞ്ഞു.
കായലിലൂടെ പോകുന്ന ബോട്ടിന്റെ ശബ്ദം കേട്ടു. 
'നിന്റെ അങ്കിളിനെന്താ ജോലി?' വീട്ടിലേക്ക് നടക്കുമ്പോള്‍ മായ തിരക്കി.
'അങ്കിളിന് സ്ഥലക്കച്ചവടമുണ്ട്, ചിട്ടിയുണ്ട്. പിന്നെ വെള്ളം സപ്ലൈ..,'  മുന്നില്‍ നടന്നുകൊണ്ട് വിജയന്‍ പറഞ്ഞു, 'എന്റെ ഏഴാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചതാ സാറെ... അമ്മ കഷ്ടപ്പെട്ട് എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ ഒരു കരയ്‌ക്കെത്തിയില്ല. രണ്ടുവര്‍ഷം മുന്‍പ് ഗള്‍ഫില്‍ കെട്ടിടംപണിക്കു പോയി. അതു മടുത്തിട്ട് ബോംബെയിലെ തുണിമില്ലില്‍ ഡ്രൈവറായിക്കൂടി. പിന്നെയാണ് അങ്കിളെന്നെ ഇങ്ങോട്ടു വിളിച്ച് വാട്ടര്‍സപ്ലൈ ഏല്പിച്ചത്...'
'നിന്റെ അമ്മ എവിടെയാ?' മായ തിരക്കി.
വീടിന്റെ മുറ്റത്തു നിന്ന മെലിഞ്ഞ നായ അവരെ കണ്ടു കുരച്ചു.
'അബുദാബിയിലാ സാറെ. ആയയായി പോയതാ. പിന്നെ ബ്യൂട്ടീഷന്‍ പഠിച്ച് ആരുടെയോ കൂടെ ജോലി ചെയ്യുകയാ. എന്റെ കല്യാണത്തിന് അമ്മ വരും.'
വിജയന്റെ മുഖത്തൊരു ചിരിയുണ്ടായത് മായ കണ്ടു.
അവര്‍ മുറ്റത്തെത്തിയപ്പോള്‍ രണ്ടുപേര്‍ വരാന്തയില്‍നിന്ന് ഇറങ്ങിവന്നു.
കഷണ്ടിയുള്ള പുരുഷനും തടിച്ച് ഉയരം കുറഞ്ഞ സ്ത്രീയും. ആ സ്ത്രീ തന്റേടക്കാരിയാണെന്ന് ജോസഫിനു തോന്നി. അവരുടെ നോട്ടത്തിലും ചിരിക്കും വല്ലാത്തൊരു മാദകത്വമുണ്ട്.
'ഇത് വാസുവങ്കിള്‍, ഇത് ലീലയാന്റി.'
വരാന്തയില്‍നിന്ന് പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയെ ചൂണ്ടി വിജയന്‍ പറഞ്ഞു: 'അത് അങ്കിളിന്റെ മകള്‍ ശോഭ.'
മായ വാസുവുമായി സംസാരിച്ചു.
'ചൗധരിയെ എനിക്കറിയാം സാറേ... മെയ്‌സനാണ്. അയാളും ഭാര്യയും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഞാന്‍ കാണിച്ചുതരാം.' 
വാസു പറഞ്ഞപ്പോള്‍ മായ പിടിവള്ളി കിട്ടിയതുപോലെ സി.ഐയെ നോക്കി.
ചേരിപോലുള്ള ഒരിടത്ത് പോലീസ് ജീപ്പ് നിന്നു. 
'ആ വീട്ടിലാണ് ചൗധരി താമസിച്ചിരുന്നത്.' വാസു ജീപ്പില്‍നിന്ന് ഇറങ്ങി താന്‍ ചൂണ്ടികാണിച്ച വീട്ടിലേക്ക് ചെന്നു.
മുറ്റത്തു നിന്ന കോഴിയും കുഞ്ഞുങ്ങളും ഓടിമറഞ്ഞു.
വീട്ടില്‍നിന്നിറങ്ങിവന്ന സ്ത്രീയുമായി വാസു സംസാരിച്ചു.
''ചൗധരിയും ഭാര്യയും ബംഗാളിലേക്ക് പോയിട്ടിപ്പോ അഞ്ചാറു മാസമായി. അയാളുടെ അമ്മ മരിക്കാറായി ആശുപത്രിയിലാണെന്നാ പറഞ്ഞത്. അവരു പോയപ്പോ ഞങ്ങളിങ്ങോട്ട് താമസം മാറ്റി. ഞങ്ങടെ വീടാ സാറേ ഇത്...'
സ്ത്രീ നനഞ്ഞ തോര്‍ത്ത് തോളത്തുനിന്നെടുത്ത് മുഖം തുടച്ചു. അവള്‍ തുണിയലക്കുകയായിരുന്നെന്നു തോന്നി.
'ചൗധരിയുടെ അഡ്രസോ ഫോണ്‍ നമ്പറോ ഉണ്ടോ?'
'ഇല്ല സാറേ...' ആ സ്ത്രീ കൈ മലര്‍ത്തി.
സി.ഐയെ നോക്കി വാസു പറഞ്ഞു: 
'അപ്പോ രക്ഷയില്ല സാറേ...'
പിറ്റേന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. 
'അമ്പതിനോടടുത്ത് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. തലയ്ക്കു പിന്നില്‍ ശക്തിയായ അടിയേറ്റാണ് മരണം സംഭവിച്ചത്. കൊല നടന്നിട്ട് ആറുമാസത്തോളമായി,' ജോസഫ്, എസ്.ഐ. മായയുമായി ഡിസ്‌കസ് ചെയ്തു.
'സര്‍, ആ മോതിരം പരിശോധിച്ചതില്‍നിന്ന് ഒരു വിവരം കിട്ടി.'
'എന്തു വിവരം?'
'അതു സ്വര്‍ണമല്ല, സ്വര്‍ണം പൂശിയതാണ്. ഭാര്യയ്ക്ക് ആരെങ്കിലും സ്വന്തം പേരെഴുതിയ മുക്കുപണ്ടം കൊടുക്കുമോ സാറേ?'
സി.ഐ. ആലോചിച്ചു. പിന്നെ ചോദിച്ചു:
'മോതിരത്തില്‍ പേരെഴുതുന്ന രീതി ബംഗാളിലുണ്ടോ?'
'കണ്ടുപിടിക്കാം സാറേ... മോതിരത്തില്‍ അതുണ്ടാക്കിയ ജ്വല്ലറിയുടെ അടയാളമുണ്ടാകും,' മായ പറഞ്ഞു.
'മായ സ്‌പോട്ടില്‍ ഒന്നുകൂടി അന്വേഷിക്കണം. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. ആറുമാസം മുമ്പ് ആ നീല വീപ്പ വാങ്ങിച്ചതാരാണെന്ന് അറിയണം. പിന്നെ എല്ലാം എളുപ്പമായില്ലേ?'
'സര്‍...'
രണ്ടു ദിവസം കഴിഞ്ഞ് സി.ഐ. ജോസഫും മായയും വരുമ്പോള്‍ വാസുവും ലീലയും വീട്ടിലുണ്ടായിരുന്നു.
പോലീസുകാരെ കണ്ട് വാസു മുറ്റത്തേക്കിറങ്ങിച്ചെന്നു.
'ചൗധരിയെ പിടിക്കാന്‍ ബംഗാളില്‍ പോകണ്ടേ സാറേ?'
'വേണം, വാസുവിനെ കൊണ്ടുപോകാനാ ഞങ്ങള്‍ വന്നത്..?'
മായ പറഞ്ഞു.
'ഇന്നു പോണോ സാറേ... ഒരു തയ്യാറെടുപ്പൊക്കെ വേണ്ടേ?' വരാന്തയില്‍ നിന്ന ലീല മുറ്റത്തേക്കിറങ്ങി. 
'അതിനെന്താ രണ്ടുപേരേം കൊണ്ടുപോകാം...' സി.ഐ. ഒന്നു മന്ദഹസിച്ചു.
'ചൗധരിയെയും അയാളുടെ ഭാര്യയെയും ഞങ്ങള്‍ കണ്ടുപിടിച്ചു. അവര്‍ കല്‍ക്കട്ടയിലുണ്ട്.' 
മായ വാസുവിന്റെ അടുത്തേക്കു വന്നു.
'ങേ? അപ്പോള്‍ വീപ്പയില്‍ കണ്ട ശവം ഏതാ?'  
'നിനക്കറിയില്ല അല്ലേ? ഞങ്ങളോട് കളിക്കുവാണോ നീ?' ജോസഫ് ശബ്ദമുയര്‍ത്തി. 
'സാറേ, കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുവാണോ നിങ്ങള്...' ലീല പോലീസിനു നേരേ ചീറി.
'മിണ്ടരുത് നീ...' മായ ലീലയുടെ നേരെ കൈ ചൂണ്ടി ഗര്‍ജിച്ചു. അവള്‍ പതറിപ്പോയി.
'കൂടുതല്‍ വിശദീകരിക്കാതെ കാര്യം പറയാം. വാസുവിന്റെ ബുദ്ധി കൊള്ളാം. ഏതു കുറ്റവാളിയും അവനറിയാതെ ഒരു തെളിവ് അവശേഷിപ്പിക്കും. ആ മോതിരംതന്നെയാണ് ആ തെളിവ്.'
വാസു സി.ഐയെ നോക്കി.
'ആഭരണങ്ങളില്‍ അത് നിര്‍മിക്കുന്നവര്‍ അടയാളമിടുമെന്ന് നിങ്ങള്‍ക്കറിയില്ലായിരുന്നോ? ഒരു ഗ്രാം സ്വര്‍ണം നിര്‍മിക്കുന്ന കടകള്‍ ഞങ്ങള്‍ അന്വേഷിച്ചു പോയി. കൊല്ലത്തെ കടയില്‍ ചെന്നപ്പോള്‍ അവരാണത് നിര്‍മിച്ചതെന്ന് തിരിച്ചറിഞ്ഞു. ചൗധരി എന്ന പേര് കൊത്തിക്കൊടുക്കണമെന്നു പറഞ്ഞു ചെന്നയാളെ അവര്‍ മറന്നുപോയിരുന്നു,' സി.ഐ. ഒന്നു നിര്‍ത്തി, 'ആറു മാസം കഴിഞ്ഞില്ലേ? ഞങ്ങള്‍ ഈ ഫോട്ടോ കാണിച്ചപ്പോള്‍ കടയുടമ തിരിച്ചറിഞ്ഞു.'
ജോസഫ് മൊബൈല്‍ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുത്തു. വാസു അതിലേക്കു നോക്കി. തന്റെ ഫോട്ടോ! അയാള്‍ വിളറിപ്പോയി. 'ഇനി മരിച്ചതാരാണെന്നറിയണ്ടേ?' 
ജോസഫ് മറ്റൊരു ഫോട്ടോ കാണിച്ചു.  
വാസുവും ലീലയും അതിലേക്കു നോക്കി.
'അതെന്റെ ചേച്ചിയാ...' വാസു മന്ത്രിച്ചു. 
'ചേച്ചി വന്നിട്ട് അബുദാബിയിലേക്ക് ജോലിക്കു പോയി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന്...'
'എന്ന്?' 
'ജൂലായ് 18ന് ആറുമാസം കഴിഞ്ഞു,' വാസു പറഞ്ഞു.  
'ഗൗരി ഇന്ത്യയിലെ ഒരു എയര്‍പോര്‍ട്ടില്‍നിന്നും തിരിച്ചുപോയിട്ടില്ല.'
'ദൈവമേ, എന്റെ നാത്തൂന്‍ മരിച്ചോ?'
ലീല കരയാന്‍ തുടങ്ങി. 
അടുത്ത നിമിഷം മായയുടെ കൈ ലീലയുടെ കരണത്തു വീണു പൊട്ടി.
'കയറെടീ ജീപ്പില്.'  
സര്‍ക്കിള്‍ ഓഫീസിലെ മുറിയില്‍ വാസുവും ലീലയും പരസ്പരം നോക്കിനിന്നു. ഇരിക്കാന്‍ കസേരയില്ല. പുറമേക്ക് ബന്ധപ്പെടാന്‍ ഫോണില്ല. എല്ലാം പോലീസ് കൈയടക്കി.
സി.ഐ. ജോസഫും എസ്.ഐ. മായയും അവിടേക്ക് വന്നു.  
രണ്ടു ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് കാണിച്ചുകൊണ്ട് മായ പറഞ്ഞു:
'ആറുമാസംകൊണ്ട് നിങ്ങള്‍ ഗൗരിയുടെ അക്കൗണ്ടില്‍നിന്ന് പലപ്പോഴായി പിന്‍വലിച്ചത് ഒമ്പതു ലക്ഷത്തി മുപ്പത്തെണ്ണായിരം രൂപയാണ്. ഗൗരി പിന്‍നമ്പര്‍ മറന്നുപോകാതിരിക്കാനായി കാര്‍ഡിടുന്ന പൗച്ചില്‍ത്തന്നെ എഴുതിവെക്കാറുണ്ടായിരുന്നു.'
'ഇതാണാ എ.ടി.എം. കാര്‍ഡുകള്‍...?'
ജോസഫ് അത് അവരെ കാണിച്ചു.
'ലീലയുടെ ബാഗില്‍നിന്ന് ഞങ്ങള്‍ കണ്ടെടുത്തതാണത്.'
വാസുവിനും ലീലയ്ക്കും ഒന്നും മിണ്ടാനില്ലായിരുന്നു.
'ഇനി പറയൂ വാസൂ, നിങ്ങളെന്തിനാണ് ചേച്ചിയെ കൊന്നത്?'
'ഞാനെന്റെ ചേച്ചിയെ കൊന്നില്ല,' അയാള്‍ പറഞ്ഞു, 'എല്ലാം കള്ളമാണ്. ഒരു സാക്ഷിയുമില്ല.'
'മധൂ..,' സി.ഐ. വിളിച്ചു.  
എ.എസ്.ഐ. മധുവിനോടൊപ്പം വന്ന ആളെ കണ്ട് ഭാര്യയും ഭര്‍ത്താവും ഞെട്ടി.
അവരുടെ മകള്‍ ശോഭ! അവളാകെ വിളറിവെളുത്തിരുന്നു.
'ഇനി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?' സി.ഐ. ചോദിച്ചു.
നാവിറങ്ങിപ്പോയതുപോലെ നിന്നു വാസുവും ലീലയും.
'നിങ്ങള്‍ ഗൗരിയോട് പണം വാങ്ങി. അതു തിരിച്ചുചോദിച്ചപ്പോള്‍ ഗൗരി നിങ്ങളുടെ ശത്രുവായി. ശോഭയുടെ മൊഴി ഞാന്‍ പറയാം. ആദ്യം കണ്ടപ്പോള്‍ത്തന്നെ ഇവളുടെ പെരുമാറ്റത്തില്‍ ഞാന്‍ സംശയിച്ചതാ...'
എസ്.ഐ. മായ, വാസുവിനെയും ലീലയെയും നോക്കി.


ഗൗരി ദേഷ്യത്തോടെ വാസുവിനെയും ലീലയെയും നോക്കി:
'ഞാനൊരു വിധവയാ... എന്റെ മോന്‍ ബോംബേല്‍ അടിമപ്പണി ചെയ്യുകയാ. അവന് ഞാനേയുള്ളൂ. അവനൊരു ബിസിനസ് ചെയ്യാനുള്ള പണം കൊടുക്കണം. നാളെ കഴിഞ്ഞ് എനിക്ക് അബുദാബിക്കു പോകാനുള്ളതാ. അതിനു മുന്‍പ് എന്റെ പണം തന്നില്ലെങ്കില്‍ ഞാന്‍ പോലീസില്‍ പരാതിപ്പെടും.'
'എന്റെ കൈയില്‍ പണമില്ല. തിരിച്ചുവേണമെന്നു പറഞ്ഞല്ലല്ലോ എനിക്ക് കാശു തന്നത്,' വാസു ചോദിച്ചു.
'നിനക്ക് ബിസിനസ് നടത്താനും പിക്കപ്പ്‌വാന്‍ വാങ്ങാനുമാ പണം തന്നത്. തിരിച്ചുതരാമെന്ന് നീ ഉറപ്പുപറഞ്ഞിരുന്നു. പറ്റില്ലെങ്കില്‍ ഇറങ്ങിക്കോ ഈ വീട്ടില്‍നിന്ന്. ഇതെന്റെ വീടാ... എന്റെ മോന്റെ വിവാഹം എനിക്കീ വീട്ടില്‍വെച്ച് നടത്തണം.'
'ഞങ്ങളെങ്ങോട്ടു പോകും?' ലീല ചോദിച്ചു.
'അതൊന്നും എനിക്കറിയണ്ട. ഇറങ്ങിക്കോണം ഇപ്പോള്‍ത്തന്നെ.' 
ഗൗരി ലീലയെ പിടിച്ചുതള്ളി. 
ലീലയുടെ കൈയില്‍ കിട്ടിയത് ഷെല്‍ഫിലിരുന്ന ചുറ്റികയാണ്.
അവളത് ആഞ്ഞുവീശി. ഗൗരിയുടെ ശിരസ്സില്‍നിന്ന് ചോര തെറിച്ചു. ഒന്നു വിറച്ചു കറങ്ങിയ ശേഷം ഗൗരി തറയില്‍ കമിഴ്ന്നടിച്ചുവീണു. ഒന്നു പിടഞ്ഞതുപോലുമില്ല.
തലയില്‍നിന്നൊഴുകിയ ചോര തറയില്‍ പരന്നു.
വാസു വേഗം വന്ന് ഗൗരിയുടെ നാസികയില്‍ കൈ വെച്ചു നോക്കി.
'പോയെടീ...' അയാള്‍ വിറച്ചു.
 ലീല ഞെട്ടിത്തരിച്ചു നിന്നു. 
'അമ്മേ...'
ശോഭ കരഞ്ഞുകൊണ്ട് ഓടിവന്നു. 
'മിണ്ടരുത്..! ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയും നിന്നെ...'  ലീല ബാധകയറിയതുപോലെ അവളുടെ നേരേ ചുറ്റിക ഉയര്‍ത്തി.
ഭാര്യയും ഭര്‍ത്താവും ആലോചിച്ചു.
'ഒരിക്കലും കാണാത്തരീതിയില്‍ ശവം മറവു ചെയ്യണം. ചേച്ചി ഗള്‍ഫില്‍ പോയെന്ന് ആളുകള്‍ വിശ്വസിച്ചുകൊള്ളും,' വാസു പറഞ്ഞു.
അയാള്‍ വൈകീട്ടു തിരിച്ചുവന്നപ്പോള്‍ ചൗധരിയുടെ പേരെഴുതിയ ഒരു മോതിരം കൊണ്ടുവന്നു. അത് ഗൗരിയുടെ വിരലിലിട്ടു.
'എന്നെങ്കിലും പൊങ്ങിവന്നാല്‍ത്തന്നെ ഇത് ബംഗാളിയുടെ ഭാര്യയാണെന്നു കരുതിക്കൊള്ളും. അയാള്‍ കഴിഞ്ഞയാഴ്ച ബംഗാളിലേക്ക് ഭാര്യയുമായി പോയി,' വാസു ഭാര്യയോടു പറഞ്ഞു.  
രാത്രി പിക്കപ്പ്‌വാനില്‍ പോയി നീല വീപ്പ കൊണ്ടുവന്നു. വസ്ത്രങ്ങളൊക്കെ നീക്കി ആളെ തിരിച്ചറിയുന്ന തെളിവുകളൊക്കെ മാറ്റിയിട്ട് ശവം വീപ്പയിലാക്കിയിട്ട് കോണ്‍ക്രീറ്റ് ചെയ്തു. ഒരാഴ്ച അത് ഉറയ്ക്കാനായി കാത്തു.
രാത്രി പിക്കപ്പ് കനാല്‍ത്തീരത്തേക്ക് ഓടിച്ചുകൊണ്ടു പോയി. വീപ്പ ചെളിയിലേക്ക് ഉരുട്ടിയിട്ടു.


'നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ എല്ലാം നടന്നു.'
മായ വാസുവിനെയും ലീലയെയും നോക്കി.
'ഗൗരിയുടെ മകനെ കൊണ്ടുവന്ന് സഹായിക്കുന്നതുപോലെ ജോലി കൊടുത്തു. അമ്മയെ അന്വേഷിച്ച് സത്യം അറിയുന്നതിനു മുന്‍പ് വിജയനെയും കൊല്ലാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്തു. പക്ഷേ, വിധി ഒരു പൊക്ലെയിനായി വന്ന് ആ വീപ്പ പൊക്കിയെടുത്തു,' സി.ഐ. ജോസഫ് പറഞ്ഞു. 
'ഇനി നിങ്ങളുടെ ജീവിതം ജയിലിലാണ്,' മായ പറഞ്ഞതു കേട്ട് ലീല മോഹാലസ്യപ്പെട്ടു വീണു. 
തൊണ്ടയും മുഖവും വരണ്ടുണങ്ങിയ മട്ടില്‍ വാസു ജീവച്ഛവമായി നിന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരുപത് കുറ്റാന്വേഷണകഥകള്‍' എന്ന പുസ്തകത്തില്‍നിന്ന്

'ഇരുപത് കുറ്റാന്വേഷണകഥകള്‍' ഓണ്‍ലൈനില്‍ വാങ്ങാം

Content highlights : malayalam crime thriller story by batten bose