പ്രേതം, ചെകുത്താന്‍, പിശാച്, ബ്രഹ്മരക്ഷസ്സ്, യക്ഷി, പക്ഷി, ഗന്ധര്‍വന്‍, ചിന്നമസ്ത വാര്‍ത്താളി, സൈത്താന്‍, ജിന്ന് അങ്ങനെ പോകുന്ന വലിയ നിരയാണ് പൈശാചികശക്തികളുടെയും ആത്മാക്കളുടെയും ആ നിഗൂഢലോകം. എണ്ണിയാല്‍ ഒടുങ്ങാത്തത്രയുണ്ട് അവറ്റകളുടെ എണ്ണം. പല സമൂഹങ്ങളില്‍, പല സംസ്‌കാരങ്ങളില്‍, പല കാലങ്ങളില്‍ അവ മനുഷ്യരെ ഭയപ്പെടുത്തിക്കൊണ്ട് നടക്കുന്നു. നാവില്‍നിന്നും ഉറ്റിയിറങ്ങുന്ന പച്ചച്ചോരയായും ആപ്പിളുപോലവറ്റകള്‍ കടിച്ചു തിന്നുന്ന ഹൃദയമായും അവശേഷിച്ച നഖമായും തലയോട്ടിയായും മുടിനാരായും അവ നമ്മളില്‍ ഭയം നിറയ്ക്കുന്നു. ദൈവത്തോടുപോലും എതിര്‍ത്ത് അത്തരം രൂപികള്‍ വരികയാണ്. പച്ചമാംസത്തിന്റെ ഗന്ധവും മരണത്തിന്റെ തണുപ്പും കഴുത്തിലാര്‍ന്നിറങ്ങുന്ന സാത്താനികപ്പല്ലും നമ്മുടെ ഉള്ളുടലില്‍ ഭയം നിറയ്ക്കുന്നു. ആ അവസ്ഥകളിലൂടെയാണ് അനാഹി വായിക്കെ ഞാനും കടന്നുപോയത്.

അനവധി പ്രേതങ്ങളെക്കുറിച്ച് ഞാന്‍ കുട്ടിക്കാലം മുതലേ കേട്ടുകൊണ്ടിരുന്നിരുന്നു. പ്രേതങ്ങള്‍ എന്റെ സ്വപ്‌നങ്ങളില്‍ കാല്പനികതയോടെ സദാ നിറഞ്ഞു. ഒടിമുത്താച്ചന്‍ പഠിപ്പിച്ച രഹസ്യമന്ത്രങ്ങളും, തങ്ങളുപ്പാപ്പാന്റെ കോഴിമുട്ടയും പണിക്കത്തിയമ്മ ഊതിക്കെട്ടിയ അദ്ഭുത ഉറുക്കും കടന്ന് എന്നെ തൊടാന്‍ പ്രേതങ്ങള്‍ക്ക് അക്കാലത്ത് ഭയമായിരുന്നു. അതിനാല്‍ത്തന്നെ കുട്ടിക്കാലത്തുതന്നെ ഞാനൊരു ശ്മശാനസഞ്ചാരിണിയായി മാറിയിരുന്നു. ഓണപ്പൂക്കള്‍ തേടിയുള്ള യാത്രകള്‍ സമുദായശ്മശാനങ്ങളില്‍ അവസാനിച്ചു. റീത്തുപൂക്കള്‍ പൂത്തുനിന്ന ശ്മശാനങ്ങളില്‍നിന്നും പേങ്ങാട്ടങ്ങാടിയിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും പൂ പറിച്ചു. പള്ളിക്കണ്ടിയില്‍നിന്നും മൈലാഞ്ചി പൊട്ടിച്ചു. എനിക്ക് ഒരു പ്രേതത്തെയും പേടിയില്ലാതായി. ശവപ്പറമ്പുകളില്‍ പൂ പൊട്ടിക്കാന്‍ ഞാന്‍ കയറുന്നത് എന്റെ വീട്ടിലറിഞ്ഞു. പ്രശ്‌നമായി. എനിക്കുണ്ടോ കൂസല്‍.

എന്നെ പേടിപ്പിച്ച് അതില്‍നിന്നും വിലക്കാനായി എന്റെ വീട്ടുകാര്‍ തീരുമാനിച്ചു. എനിക്കുണ്ടോ പേടി? എന്നെ ഭയപ്പെടുത്തുവാനായി എന്റെ കസിന്‍സും ബന്ധുക്കളും പ്രേതകഥകള്‍ ആദ്യമായി പറഞ്ഞുതന്നു. ഉള്ളാളി. ഒരു തരം ഭ്രമാത്മകമായ മനസ്സോടെ ഞാനത് മുഴുവന്‍ കേട്ടു. എത്ര ഭയന്നാലും അതൊന്നും പുറത്തേക്കു കാണിക്കാതെ നിന്നുവെങ്കിലും ഞാന്‍ സംഭ്രമിച്ചു പോയിരുന്നു. എന്റെ മുഖം വിളറുകയും കടലാസുപോലെയാവുകയും ചെയ്തിരുന്നു. പക്ഷേ, ഞാന്‍ ഭയത്തെ പുറത്തേക്കു കാട്ടിയില്ല. കസിന്‍സ് കഥകളുടെ ഡോസ് കൂട്ടി. എന്റെ ഉള്ളില്‍ ഞാന്‍ വിറച്ചു, ഭയന്നു, അലറിക്കരഞ്ഞു. പക്ഷേ, പുറത്തേക്ക് ഞാന്‍ ധീരയായി ഇരുന്നു.പതിയെ പതിയെ ഹൊറര്‍ എന്ന ഴോണറിലേക്ക് ഞാന്‍ കാല്‍ വഴുതി വീണു. പുസ്തകങ്ങള്‍ വായിക്കാനാരംഭിച്ചു. ഗംഭീരങ്ങളായ പ്രേതങ്ങള്‍. ഡ്രാക്കുള, കള്ളിയങ്കാട്ടു നീലി. വായിക്കുംതോറും ഹരം കേറിക്കേറി വന്നു. പക്ഷേ, പുസ്തകങ്ങള്‍ വായിച്ചിട്ടൊന്നും പേടിയും വന്നില്ല, ഒരു കുന്തവും വന്നില്ല. അങ്ങനെ ഞാന്‍ പ്രേതകഥകളുടെ ആരാധികയായി മാറി. പിന്നെ ഒരു പടികൂടി കടന്ന് സിനിമകള്‍ കാണാന്‍ തുടങ്ങി. കൃഷ്ണപ്പരുന്ത്, വയനാടന്‍ തമ്പാന്‍, അങ്ങനെ പലതും. ദൂരദര്‍ശന്റെ പ്രേതവാര്‍ എന്ന പ്രേതസിനിമാവാരത്തില്‍ അന്യഭാഷാപ്രേതങ്ങള്‍ വന്നു. സത്യം പറയണമല്ലോ ആദ്യസിനിമ കണ്ടപ്പോള്‍ത്തന്നെ കിടുങ്ങിപ്പോയി. രാത്രി ഒരു മണിക്കാണ് ആ സിനിമ ആരംഭിച്ചിരുന്നത്. അന്ന് എന്റെ വീട്ടില്‍ മൂത്രമൊഴിക്കാന്‍ പുറത്തു പോകണമായിരുന്നു. പ്രേതവാര്‍ സിനിമയ്ക്കുവേണ്ടി രാത്രിയില്‍ വെള്ളം കുടിക്കാതെയിരുന്നാണ് മുതിര്‍ന്നവര്‍പോലും ആ സിനിമകള്‍ കണ്ടിരുന്നത്. കുട്ടിയായ എന്റെ കാര്യം പിന്നെ പറയാനുണ്ടോ?

അക്കാലത്ത് എന്നെ ഏറ്റവും പേടിപ്പിച്ചത് കന്നഡ പ്രേതങ്ങളായിരുന്നു. കാമിനിയെന്ന പ്രേതം വന്നു നാ നിന്ന ബിടാലാരെ എന്ന സിനിമയില്‍ ആടിയിട്ടുപോയ ആട്ടം കണ്ട് എനിക്ക് പനി പിടിച്ചു. എന്റെ അമ്മയും ആ സിനിമ കണ്ടു പേടിച്ചിരുന്നു. എന്നിട്ടും പ്രേതപ്രാന്ത് വിടാന്‍ ഞാന്‍ തയ്യാറായില്ല.
ഞാന്‍ കൂടുതല്‍ ഭയത്തോടെ അന്യഭാഷാപ്രേതപടങ്ങള്‍ ഒന്നൊഴിയാതെ കാണുവാന്‍ തുടങ്ങി. അക്കാലത്ത് കോട്ടയം പുഷ്പനാഥിന്റെ പ്രേതകഥകളും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ പ്രേതകഥകളും എന്നെ നല്ല വായനക്കാരിയുമാക്കി. പോകപ്പോകെ പ്രേതപടം കാണുക എന്നാല്‍ സ്വാഭാവികമായ ഒന്നായി മാറി. കാലം പോകെ ഭയം അമ്പേ പോയി. ഭാഷകള്‍ മാറി, കൊറിയ, ടര്‍ക്കി, സിറിയ, ഈജിപ്റ്റ്, ജപ്പാന്‍ സിനിമകളുടെ ലോകത്ത് ഹൊറര്‍ കാണുക ഞാന്‍ ഹരമായിട്ടെടുത്തു. ജാപ്പനീസ് പടങ്ങളാണ് ഏറ്റവും ഭീകരവും ഭീതിദവും. രക്തം ഉറഞ്ഞുപോകുന്നതുപോലെ അവയെന്നെ പലപ്പോഴും ഭയപ്പെടുത്തി. ഗര്‍ഭിണിയായ സമയങ്ങളിലൊഴിച്ച് മറ്റെല്ലായ്‌പോഴും എല്ലാതരം പ്രേതങ്ങളിലേക്കും എന്റെ ശ്രദ്ധപോയി.

വിപിന്റെ അനാഹി അതേ ഴോണറാണ്. ഹൊററും ത്രില്ലറും ചേര്‍ന്ന ഗൂഢതയുടെ നോവല്‍. ലിലിത്ത്, ദൈവത്തിനെതിരായുണ്ടാക്കിയ പൈശാചികസംഘത്തിന്റെ മനുഷ്യത്തുടര്‍ച്ചയായിരുന്നു പതിനേഴു പേരുടെ നിയോഗം. ഒരു നേതാവ്. അയാള്‍ സൂക്ഷിക്കുന്ന ഭാഷയും സാത്താനികപുസ്തകവും. സാത്താനികമായ ശക്തിയുമായി രഹസ്യമായവര്‍ ഇരുള്‍മറവില്‍ മറ്റൊരു ലോകം പണിതു. ആന്ദ്രാസും മാലാഖമാരും ചേര്‍ന്നവര്‍ക്ക് സുരക്ഷയേകി. അവര്‍ തലമുറകളില്‍നിന്നും തലമുറകള്‍ കടന്നു. ലോകമെമ്പാടും വളര്‍ന്നു. വലിയ ശക്തിയായി. അവരാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉടല്‍മാംസത്തില്‍ പച്ചയ്ക്ക് രക്തം പൊടിച്ചുകൊണ്ട് രഹസ്യാക്ഷരങ്ങള്‍ വെളിപ്പെട്ടു. സ്വപ്‌നങ്ങള്‍ക്കും സത്യങ്ങള്‍ക്കും ഭ്രമാത്മകതയ്ക്കുമൊപ്പം നിയോഗങ്ങള്‍ പൂര്‍ത്തിയാക്കാനായി സാത്താനികര്‍ ഊഴം കാത്തു നിന്നു.

ഭയത്തിന്റെ അതിഗംഭീരമായ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ വിപിന് ഈ നോവലിലൂടെ സാധിച്ചിട്ടുണ്ട്. വിപിന്റെ പതിവ് എഴുത്തുമായോ ശൈലിയുമായോ യാതൊരു തരം സാമ്യവും ഈ നോവലിനില്ല. മികച്ചതും ഗൗരവമാര്‍ന്നതുമായ നിരവധി സൃഷ്ടികള്‍ക്കു ശേഷമാണ് സാധാരണക്കാരും പ്രേതസ്‌നേഹികളുമായ വലിയ ഒരു കൂട്ടത്തിനുവേണ്ടി വിപിന്‍ അനാഹി എഴുതുന്നത്. അത് വിജയിച്ചുവെന്ന് പറയാതെ വയ്യ.

anahi
പുസ്തകം വാങ്ങാം

വിപണി ആവശ്യപ്പെടുന്ന ഒരു ഴോണറിനെ അഡ്രസ്സ് ചെയ്യുമ്പോഴും എഴുതിത്തഴക്കമാര്‍ന്ന വിപിനിയന്‍ ശൈലി നമുക്ക് ഇവിടെയും കാണാനാകും. വ്യത്യസ്തതയും കലാത്മകതയും സസ്‌പെന്‍സ്സും ഇതില്‍ വായനക്കാരനായി വിപിന്‍ ഒരുക്കുന്നുണ്ട്. വരയുടെയും വാക്കുകളുടെയും ലളിതരൂപങ്ങള്‍ ഉപയോഗിച്ചു സാധാരണക്കാര്‍ക്കുവേണ്ടി നോവല്‍ ചെയ്യുമ്പോഴും ഗംഭീരമായ ഒരു ഘടന വിപിന്‍ നോവലില്‍ ഉപയോഗിക്കുന്നു. ഇത് വായനയെ കൂടുതല്‍ ഗൂഢവും രഹസ്യാത്മകവുമാക്കുകയാണ്. ലജ്ജരാമായണം, വെളിപാടിന്റെ പുസ്തകം എന്നീ പുസ്തകങ്ങള്‍ എഴുതിയ വിപിനേ അല്ല അനാഹിയിലെ എഴുത്തുകാരനായ വിപിന്‍. വായനക്കാരനെ, സഹ്യനെ പിന്തുടരുന്ന ക്യാമറയാക്കുന്ന ക്യാമറാമാനെപ്പോലെ വിപിനിലെ എഴുത്തുകാരന്‍ ഈ നോവലിന്റെ രചനാശൈലിയെ വ്യത്യസ്തമായി പരുവപ്പെടുത്തിയിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ സത്യത്തില്‍ എനിക്ക് ആദ്യം ബോറടിച്ചു. വിന്ധ്യ, ശതപുരന്‍, ആരവല്ലി, സഹ്യന്‍ അങ്ങനെ പര്‍വതങ്ങളുടെ പേരുകളാണ് സ്വീകരിച്ചത്. എന്തു കോത്രാണ്ടിയെന്നു കരുതിയ പേരുകളിലെ ആദ്യത്തെ ബോറടി പിന്നീടുണ്ടായില്ല. കഥാപരിസരത്തിന്റെ നിഗൂഢതകള്‍ നിലനിര്‍ത്താനായിക്കൊണ്ട് ആ പേരുകള്‍ക്ക് കഴിഞ്ഞുവെന്ന് സാരം. വായനക്കാരനിലേക്ക് സ്വാഭാവികമായി അത് ചെന്നുവെന്ന് സാരം. കാലം, ദേശം, സമയം, ഇടം എന്നിവയെ അനാഹി പരിഗണിക്കാത്തത്, ഒരര്‍ഥത്തില്‍ പേരുകളിലൂടെക്കൂടിയും നിലനിര്‍ത്താനായി.

പുതിയ കാലത്ത് ഹൊററിലും ത്രില്ലറിലും നാം കണ്ട പുതുതലമുറ ഇടപെടലുകളില്‍ ഏറ്റവും മികച്ച സൃഷ്ടിയാണ് വിപിന്റെ അനാഹി. ഗോത്രഷാമനികതയെക്കുറിച്ച് ഗവേഷണം നടത്തുന്ന എനിക്ക് പ്രേതലോകം, ഫീല്‍ഡില്‍നിന്നും പലപ്പോഴും കാണാന്‍ സാധിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഭ്രമലോകത്തിന്റെയും ശ്മശാനക്കാഴ്ചകളില്‍ ഒരു ഗവേഷകയ്ക്ക് ചേരാത്തവിധം 
ഭയംപൂണ്ടു ഞാന്‍ നിന്നിട്ടുമുണ്ട്. അത്തരം ഭയം സൃഷ്ടിക്കുന്ന ഒരു മൂഡ് ഈ നോവലില്‍ ആദിമധ്യാന്തം വിപിന് പുലര്‍ത്താനായിട്ടുണ്ട് എന്നതാണു വിപിനിലെ ഹൊറര്‍ എഴുത്തുകാരന്റെ വിജയം.
പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം വിപിന്‍ അനാഹിയിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. ലളിതഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതല്‍. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വിപിന്‍ദാസിന്റെ 'അനാഹി' നോവലിന് ഇന്ദുമേനോന്‍ എഴുതിയ ആമുഖം

Content highlights : horror novel anahi by vipindas preface by indhumenon