കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭീതികഥകളില്‍ തത്പരനും പ്രവാസിയുമായ ഒരു സ്‌നേഹിതന്‍ അവധിക്കു വന്നപ്പോള്‍ മലയാളത്തിലെ കുറച്ച് ഭീതികഥകളുടെ സമാഹാരങ്ങള്‍ തിരഞ്ഞെടുത്തുകൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഈ ആവശ്യം മുന്‍നിര്‍ത്തി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ തിരയാനിറങ്ങിയപ്പോഴാണ് അപൂര്‍വം ചില വിവര്‍ത്തനങ്ങള്‍ അല്ലാതെ ഗോഥിക്/ഹൊറര്‍ വിഭാഗത്തില്‍ മലയാളത്തില്‍ ചെറുകഥകള്‍ വന്നിട്ടേയില്ല എന്ന് തിരിച്ചറിയുന്നത്. അതെന്നെ അദ്ഭുതപ്പെടുത്തി. ലോകസാഹിത്യത്തിലെ വിവിധ ജനുസ്സുകളില്‍ പെട്ട രചനകള്‍ പ്രാദേശികസാഹിത്യങ്ങളിലും അവയുടെ സാന്നിധ്യമറിയിച്ചിരിക്കും എന്നൊരു ധാരണയായിരുന്നു അതുവരെ എനിക്കുണ്ടായിരുന്നത്. ലോകതലത്തില്‍ അലന്‍ പോയുടെ Tales of Mystery and Imagination, കോനന്‍ ഡോയലിന്റെ Tales of Terror and Mystery (1922) ആള്‍ജര്‍നണ്‍ ബ്ലാക്‌വുഡിന്റെ The Empty House and Other Ghost Stories (1906) ബ്രാം സ്റ്റോക്കറുടെ Dracula's Guest and Other Weird Stories (1914) എം.ആര്‍. ജെയിംസിന്റെ Ghost Stories of an Antiquary എന്നിങ്ങനെ സാഹിത്യമൂല്യം കല്പിക്കപ്പെടുന്ന നിരവധി ചെറുകഥാസമാഹാരങ്ങളുള്ളപ്പോള്‍ എന്തുകൊണ്ടാണ് മലയാളചെറുകഥയില്‍ ഭീതിരചനകളുടെ അഭാവം എന്നത് പരിശോധിക്കേണ്ടതുണ്ട്.
 
വായനക്കാരില്‍ ഭീതിയുണര്‍ത്തുക എന്നതാണ് ഭീതിസാഹിത്യത്തിന്റെ ലക്ഷ്യം. യഥാര്‍ഥജീവിതത്തില്‍ വളരെയധികം ഭയം ജനിപ്പിക്കാനിടയുള്ള ഒരനുഭവത്തെക്കുറിച്ച് സുരക്ഷിതത്വത്തിലിരുന്ന് കേള്‍ക്കാനും വായിക്കാനും ഉദ്വേഗപ്പെടാനും മനുഷ്യര്‍ എക്കാലവും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ ഗാര്‍ഹികസദസ്സുകളിലും സൗഹൃദക്കൂട്ടായ്മകളിലും തീക്കുണ്ഡത്തിനു ചുറ്റുമിരുന്നും മറ്റും മനുഷ്യന്‍ ഭീതികഥകള്‍ പറഞ്ഞുപോന്നു. ഒരുപക്ഷേ, അരിസ്റ്റോട്ടിലിയന്‍ സങ്കല്പംപോലെ ഉള്ളില്‍ കുമിഞ്ഞുകൂടിയിരുന്ന ഭയങ്ങളെ സുരക്ഷിതമായി പുറത്തേക്കൊഴുക്കുവാന്‍ ഇത്തരം കഥകള്‍ മനുഷ്യനെ സഹായിച്ചിരുന്നിരിക്കാം. ആ അര്‍ഥത്തില്‍ ദുരന്തനാടകങ്ങള്‍ പോലെതന്നെ ഭീതിസാഹിത്യവും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. എഴുതപ്പെട്ട ഭീതിസാഹിത്യത്തിനു തുടക്കമായത് 1764- ല്‍, ഹോറെയ്‌സ് വാല്‍പോളിന്റെ ഒട്രാന്‍ടോയിലെ ദുര്‍ഗം എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ്. ഭീതിജനിപ്പിക്കുന്ന പ്രമേയമുള്ള നിരവധി നോവലുകള്‍ ഇതിനെ പിന്തുടര്‍ന്നെത്തിയെങ്കിലും നോവലുകള്‍ പൊതുവേയും ഭീതികഥകള്‍ പ്രത്യേകമായും നേടിയ ജനപ്രീതി നിമിത്തം അവ രണ്ടാം തരം എന്ന രീതിയില്‍ കണക്കാക്കപ്പെട്ടു.
 
വിദ്യാഭ്യാസം സമൂഹത്തിലെ ഉന്നതരുടെ മാത്രം അവകാശമായിരുന്ന കാലത്ത് കവിതയായിരുന്നു പ്രധാനപ്പെട്ട സാഹിത്യമാധ്യമം. പ്രിന്റിങ് പ്രസ്സിന്റെ  വരവ്, പത്രമാധ്യമത്തിന്റെ വളര്‍ച്ച തുടങ്ങിയവയിലൂടെ വായന ജനകീയമായതിന്റെ ഫലമായിരുന്നു നോവല്‍ എന്ന രചനാമാധ്യമത്തിന്റെ ഉദ്ഭവം. ഈ ഗദ്യാഖ്യാനം വളരെ വേഗത്തില്‍ നേടിയ ജനപ്രീതി, അതുവരെ തങ്ങളുടേതു മാത്രമായിരുന്ന സാഹിത്യവീഥി പങ്കുവെക്കപ്പെടുന്നു എന്ന തോന്നല്‍ ഒരു വിഭാഗം 'ഉന്നത'നിരൂപകരിലുണ്ടാക്കിയിരിക്കണം. അവര്‍ കവിതയുമായി താരതമ്യം ചെയ്ത് നോവലിനെ രണ്ടാംതരമായി വിലയിരുത്തി. എന്നാല്‍ പിന്നീട് പ്രസക്തമായ രചനകളിലൂടെ നോവല്‍, സാഹിത്യലോകത്ത് ബഹുമാന്യത നേടിയപ്പോള്‍, അഥവാ നോവലിലും 'ഉന്നതരായ' രചയിതാക്കളും നിരൂപകരും രൂപപ്പെട്ടപ്പോള്‍ അവയില്‍ ജനപ്രീതി നേടിയ രചനകള്‍ നിലവാരശൂന്യതയുടെ ആരോപണം പേറേണ്ടിവന്നു. രസിപ്പിക്കുന്നത് എന്തും മോശവും വിലക്കപ്പെടേണ്ടതുമാണ് എന്ന സദാചാരസംഹിതയുടെ സാഹിത്യവേര്‍ഷന്‍ ആയിരുന്നു ഇത്. ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉപോത്പന്നമായിരുന്നു നോവല്‍ എന്ന നിരീക്ഷണവുമായി ചേര്‍ത്തു വായിച്ചാല്‍ അരിസ്റ്റോക്രസിക്ക് ജനാധിപത്യത്തോടുണ്ടായ കൊതിക്കെറുവ് സാഹിത്യത്തില്‍ പ്രതിഫലിച്ചതായിരുന്നു എന്നും പറയാം. പിന്നീട് സാഹിത്യമൂല്യമുള്ള രചനകള്‍ നോവലിലുണ്ടായപ്പോള്‍  ജനപ്രിയമായത് എന്ന നിലയില്‍ ഭീതിസാഹിത്യവും ക്രൈം ഫിക്ഷനുമാണ് ഉച്ചനീചത്വത്തിന് ഇരയായത്.
 
ചെറുകഥയുടെ വരവ് പാശ്ചാത്യസാഹിത്യത്തില്‍ ഭീതിരചനകള്‍ക്ക് ഒരളവുവരെ ബഹുമാന്യത നേടിക്കൊടുത്തു. എഡ്ഗാര്‍ അലന്‍ പോയുടെ ചെറുകഥകള്‍ ഇന്നും ഭീതിസാഹിത്യത്തിന്റെ മികച്ച മാതൃകകളില്‍ പെടുന്നു. ലോകത്തിലെ മികച്ച എഴുത്തുകാരില്‍ പലരും ഭീതിസാഹിത്യത്തിലേക്ക് പ്രൗഢമായ രചനകള്‍ നല്കിയിട്ടുണ്ട്; ചാള്‍സ് ഡിക്കന്‍സ്, വില്‍ക്കീ കോളിന്‍സ്, എലിസബത്ത് ഗാസ്‌കല്‍, ആര്‍. എല്‍. സ്റ്റീവന്‍സന്‍, തോമസ് ഹാര്‍ഡി, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, ബ്രാം സ്റ്റോക്കര്‍, ആള്‍ജര്‍നണ്‍ ബ്ലാക്‌വുഡ്, ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സ്, എം. ആര്‍. ജെയിംസ്, അമേരിക്കയില്‍ ചാള്‍സ് ബ്രോക്ഡന്‍ ബ്രൗണ്‍, നഥാനിയേല്‍ ഹോതോണ്‍, അംബ്രോസ് ബിയെഴ്‌സ്, ഹെന്റി ജെയിംസ്, എച്ച്. പി. ലവ്ക്രാഫ്റ്റ്, ഫ്രഞ്ചില്‍ മോപ്പസാങ് അങ്ങനെ പോകുന്നു നിര. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയോടെ ഉന്നതസാഹിത്യം/ജനപ്രിയസാഹിത്യം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെല്ലാം തകര്‍ന്നുവീണുവെങ്കിലും കേരളംപോലെയുള്ള ഇടങ്ങളില്‍ അപ്പോഴും ഭീതിസാഹിത്യത്തെ നേരംകൊല്ലിയായും, സെന്‍സേഷണല്‍ സാഹിത്യമായും ഒക്കെയാണ് പരിഗണിച്ചു വന്നത്. ആ പതിവ് ഇപ്പോഴും തുടര്‍ന്നുവരുന്നു.
 
ഡ്രാക്കുള പോലെയുള്ള നോവലുകളുടെ ജനപ്രിയവിവര്‍ത്തനങ്ങള്‍ മലയാളത്തിലെ ജനപ്രിയനോവലിസ്റ്റുകളെ പ്രചോദിപ്പിക്കുകയും അവരില്‍ നീലകണ്ഠന്‍ പരമാര, പിന്നീട് കോട്ടയം പുഷ്പനാഥ് തുടങ്ങിയവര്‍ വിദേശസ്വാധീനമുള്ള നിരവധി ഭീതിനോവലുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാഷകൊണ്ടോ രചനാചാതുരികൊണ്ടോ കാലത്തെ അതിജീവിക്കുന്ന രചനകളൊന്നും ജനപ്രിയസ്‌കൂളില്‍നിന്ന് വരികയുണ്ടായില്ല. എങ്കിലും ചെറുകഥയെക്കാള്‍ ഗൗരവമുള്ള ശ്രമങ്ങള്‍ നോവലില്‍ നടന്നിട്ടുണ്ട് എന്നു പറയണം. മോഹനചന്ദ്രന്‍, പി. വി. തമ്പി, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നിവരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്. മോഹനചന്ദ്രന്റെ കലിക, കാക്കകളുടെ രാത്രി, പി.വി. തമ്പിയുടെ ശ്രീകൃഷ്ണപ്പരുന്ത്, മലയാറ്റൂരിന്റെ യക്ഷി, ശ്രീ അശ്വതി തിരുനാളിന്റെ വിജനവീഥി എന്നീ രചനകള്‍ മലയാളത്തിലെ ഗോഥിക് നോവലുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ചെറുകഥയില്‍ അങ്ങുമിങ്ങുമായി യാദൃച്ഛികമായി ഭീതി പ്രമേയമാക്കിയുള്ള രചനകള്‍ വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഈ രംഗം ശുഷ്‌കമാണ്. മാര്‍ത്താണ്ഡവര്‍മയുടെ ഭാഗമായി വരുന്ന സി.വി. രാമന്‍പിള്ളയുടെ കള്ളിയങ്കാട്ട് നീലി, ബഷീറിന്റെ നീലവെളിച്ചം, എസ്. കെ. പൊറ്റെക്കാടിന്റെ പരീതിന്റെ പ്രേതം, പ്രേതഭൂമി, വത്സലന്‍ വാതുശ്ശേരിയുടെ എവിടെയോ മറഞ്ഞിരുന്ന് എന്നിങ്ങനെ ചില ചെറുകഥകള്‍ മലയാളത്തില്‍ വന്നതായി ഓര്‍മയിലുണ്ട്. ഈ രചനാശൈലി ആവശ്യപ്പെടുന്ന മാധ്യമബോധത്തോടെ ഇവിടെ ഭീതിരചന നടത്താന്‍ ശ്രമിച്ചിട്ടുള്ള ഒരാള്‍ ജി. ആര്‍. ഇന്ദുഗോപനാണ്. അദ്ദേഹത്തിന്റെ 'തുടയെല്ല്', 'കിണറ്റില്‍ വീണ പട്ടിയെ രക്ഷിച്ചതാര്?', 'ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ' തുടങ്ങിയ കഥകള്‍ ശ്രദ്ധേയമാണ്.
 
പ്രേതങ്ങള്‍, രക്ഷസ്സുകള്‍ പോലെയുള്ള സാങ്കല്പിക-പ്രകൃത്യതീതപ്രതിഭാസങ്ങളെ അവതരിപ്പിക്കുന്ന കഥകളായിരിക്കണം ഭീതികഥകള്‍ എന്നൊരു തെറ്റിദ്ധാരണ പല വായനക്കാര്‍ക്കുമുണ്ട്. മരണം, മനോരോഗം, മരണാനന്തരലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയില്‍നിന്നുടലെടുക്കുന്ന ഭീതി, പ്രകൃതിയുടെ വന്യതയെ നേരിടുമ്പോഴുള്ള ഭയം, രോഗം, തികച്ചും സ്വാഭാവികമായിരിക്കേണ്ടിയിരുന്ന, എന്നാല്‍ അടക്കിപ്പിടിച്ചതുമൂലം ദുരൂഹമായിത്തീര്‍ന്ന ലൈംഗികത, ഇങ്ങനെ വിവിധ വിഷയങ്ങളാണ് പ്രാചീനകാലം മുതല്‍ ഭീതികഥകള്‍ക്കു പ്രമേയമായിട്ടുള്ളത്. മരണാനന്തരലോകത്തെക്കുറിച്ചുള്ള ഭീതിയില്‍നിന്നും രൂപംകൊണ്ടതാകാം പ്രേതകഥകള്‍ എന്ന ഉപവിഭാഗം. അതൊഴിച്ചാല്‍, മനുഷ്യനിലെ അടിസ്ഥാനവികാരങ്ങളിലൊന്നായ ഭയത്തെ പ്രശ്‌നവത്കരിക്കുന്നവയാണ് ഭീതികഥകള്‍. രക്ഷസ്സുകഥകള്‍, സോംബിക്കഥകള്‍ തുടങ്ങിയവ  അന്യാപദേശമായും (Allegory) ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭീതിജനിപ്പിക്കുന്ന ഒരു കാഴ്ചയെ വിവരണാത്മകമായി അവതരിപ്പിക്കുകയല്ല ഭീതികഥയുടെ മര്‍മം. മറിച്ച്, എല്ലാ മികച്ച സാഹിത്യരചനകളുംപോലെ ധ്വനികളിലൂടെ ആശയവിനിമയം ചെയ്യുമ്പോഴാണ് ഭീതികഥ വായനക്കാരന് രസാനുഭൂതി പകരുന്നത്. അത് ആസ്വദിക്കാന്‍ മികച്ച സാഹിത്യാവബോധവും ആവശ്യമുണ്ട്. എന്നാല്‍ വളരെ നിര്‍ഭാഗ്യകരമായൊരു കാര്യം മലയാളത്തില്‍ സംഭവിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ധ്വന്യാത്മകമായി വിനിമയം ചെയ്യുന്ന, മികച്ച ഭാഷയും രചനാഭംഗിയും പ്രകടിപ്പിക്കുന്ന ഭീതിരചനകള്‍, പ്രമേയം 'സെന്‍സേഷണല്‍' ആണ് എന്ന കാരണത്താല്‍ ഗൗരവമുള്ള വായനക്കാരാല്‍ വായിക്കപ്പെടാതെ പോകുന്നു. എന്നാല്‍ പ്രമേയത്തിന്റെ പേരില്‍ അവയിലെത്തിപ്പെടുന്ന വായനക്കാര്‍ ധ്വനികളിലൂടെ വിനിമയം ചെയ്യുന്ന കഥയുടെ ലാവണ്യം ആസ്വദിക്കാന്‍ പ്രാപ്തിയുള്ളവരാകുന്നുമില്ല. അതുകൊണ്ട് രണ്ടുതരം വായനക്കാര്‍ക്കിടയിലും കൃതി സ്വീകരിക്കപ്പെടാതെ പോകുന്നു. ശ്രദ്ധ നേടേണ്ടിയിരുന്ന പല രചനകളും ഈ കാരണത്താല്‍ മലയാളത്തില്‍ വായിക്കപ്പെടാതെ പോയിട്ടുണ്ട്.
 
ഒരു നൂറ്റാണ്ടിന്റെ ചെറുകഥാപാരമ്പര്യം പറയാനുണ്ട് എങ്കിലും, കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങള്‍ അത്തരം കഥകള്‍ക്ക് വലിയ സാധ്യതകളായിരുന്നിട്ടും ഭീതികഥയില്‍ ഗൗരവമുള്ള ശ്രമങ്ങള്‍ നടന്നില്ല എന്നതാണ് വാസ്തവം. നിങ്ങള്‍ വായിക്കാനാഗ്രഹിക്കുന്ന രചന ഇനിയും എഴുതപ്പെട്ടിട്ടില്ല എങ്കില്‍ സ്വയം എഴുതുകയാണ് മാര്‍ഗം എന്ന് ടോണി മോറിസണ്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എഴുതിവെക്കുകയും ഹൊറര്‍ ഫിക്ഷന്‍ എന്ന പേരില്‍ കേരളത്തിലെ പല ആനുകാലികങ്ങള്‍ക്കായി അയച്ചുകൊടുക്കുകയും പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ പോകുകയും ചെയ്തവയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. പഴക്കമുള്ള മുന്‍വിധികള്‍ പെട്ടെന്ന് മാറ്റുക എളുപ്പമല്ല. എങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ ഭീതികഥയുടെ സാധ്യതകള്‍ ഇവിടെ തിരിച്ചറിയപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്.
 
'കഥ പറയുന്ന'കഥകളുടെ അന്ത്യം എന്ന മട്ടിലാണ് ചെറുകഥയിലും നോവലിലും ആധുനികത പ്രതിഫലിച്ചത്. മലയാളത്തിലും അതു വ്യത്യസ്തമായിരുന്നില്ല എന്നു മാത്രമല്ല അതിന്റെ ഹാങ്ങോവര്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. വായിച്ചു കഴിഞ്ഞാല്‍ രണ്ടാമതൊരാളോടു പറയാന്‍ കഴിയുന്ന കഥയാണ് ഞാന്‍ സ്വപ്‌നം കാണുന്ന കഥാസങ്കല്പം. ഈ ആഖ്യാനങ്ങളിലെ സന്ദര്‍ഭങ്ങള്‍ എന്നെ പേടിപ്പിച്ചപോലെ വായനക്കാരെയും പേടിപ്പിക്കുമെങ്കില്‍, ഒരു നിമിഷം അജ്ഞാതമായവയോടുള്ള ഭീതിയെ ഓര്‍മിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍ അപ്പോഴാണ് അവ വായനക്കാരെ കണ്ടെത്തി എന്നു ഞാന്‍ കരുതുന്നത്. നന്ദി.
 
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരിയ റോസിന്റെ ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതികഥകളും എന്ന കൃതിയുടെ ആമുഖം
 
Content highlights : grandhakarante maranavum mattu bheethikathakalum malayalam book preface