1989-1990 കാലത്ത് അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ എന്റെ അധ്യാപകനായിരുന്ന ഡോ. ടി.എന്‍. സതീശനാണ് വരികള്‍ക്കിടയിലൂടെ വായിക്കണം എന്ന് പറഞ്ഞു തന്നത്. ഓരോ വാചകവും മുന്നിലോട്ടും പിന്നിലോട്ടും വായിക്കണമെന്നതും ഓരോ രചനയിലും ഉപയോഗിച്ചിരിക്കുന്ന കുത്തുകളും വരകളും ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ പോലും അര്‍ഥമുണ്ടെന്നും പഠിച്ചത് അവിടെ നിന്നായിരുന്നു. 

അന്നുമുതലാണ് ഞാന്‍ വായിക്കുമ്പോല്‍ അതീവശ്രദ്ധാലുവായത്. വായന ഒരു അലസവിനോദമല്ലാതെയായത്. വെറുതെ വായിക്കുന്ന എന്ന തോന്നലില്‍ നിന്ന് വായന പഠനമാവുന്നത്. ഇപ്പോള്‍ വായനയോടൊപ്പം കുറിപ്പെടുക്കുന്നു. വലിയ നോട്ടുബുക്കില്‍ പലതരം പേനകളൊക്കെ വെച്ച് ഒരോ പ്രത്യേകതയും കുറിച്ചെടുത്ത് വെയ്ക്കുന്നു. നോവലിന്, കവിതയ്ക്ക്, കഥയ്ക്ക് എന്നിങ്ങനെ ഓരോന്നിനും പ്രത്യേകം നോട്ട് ബുക്കും കുറിപ്പുകളും. സാങ്കേതിക വിദ്യ വളരെ സാധ്യതകള്‍ തുറന്നിടുന്ന ഇക്കാലത്ത് ഇതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടായി തോന്നുന്നുണ്ടാവാം. പക്ഷേ പഠനത്തിന് എനിക്ക് ഇതൊക്കെയാണ് സൗകര്യം. പഠിച്ചുകൊണ്ടുള്ള വായന ആസ്വാദനം കുറയ്ക്കുന്നുണ്ടോ എന്ന സംശയം ചിലര്‍ പ്രകടിപ്പിക്കാറുണ്ട്. അത്തരം വിഷമങ്ങളില്ല എന്നു മാത്രമല്ല കൂടുതല്‍ ആസ്വാദ്യകരവുമാണ്.

നിരൂപണം യഥാര്‍ഥത്തില്‍ കൃതിക്കും വായനക്കാരനും ഇടയിലെ ഒരു പാലമാണ്. ഇന്ന് നിരൂപണത്തിന് അനേകം ദര്‍ശനങ്ങളുടെ വിശാലമായ സാധ്യതകളുണ്ട്. ഫെമിനിസം തിയറി പഠിച്ചതിനു ശേഷം ഞാന്‍ വായിക്കുമ്പോള്‍ എനിക്ക് പാരായണത്തിന്റെ അനേകം വഴികള്‍ തുറന്നുകിട്ടുകയായിരുന്നു. ഇപ്പോള്‍ കൂടുതലായി ചെയ്യുന്നത് പരിസ്ഥിതി നിരൂപണമാണ്. അതാവട്ടെ ഒരു വലിയ കൂടക്കീഴാണ്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. 

അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ മകജെ' എന്ന നോവലിന്റെ പാരിസ്ഥിക നിരൂപണം നടത്തുമ്പോള്‍ കീടനാശിനികളെക്കുറിച്ച് ശരിയായ ധാരണ ആവശ്യമാണ്. കാസര്‍കോടിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍, അവിടുത്തെ ജനസമൂഹം, വിശ്വാസാചാരങ്ങള്‍ ഇവയെല്ലാം മനസ്സിലാക്കിയേ മുന്നോട്ട് പോകാനാവൂ. അപ്പോഴാണ് അത് പൂര്‍ണ്ണമാവുക. പല പുസ്തകങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോടെ നാം സ്വീകരിക്കുന്നുണ്ടാവാം. നിരൂപണവും പഠനവും അതല്ല. അത് എങ്ങനെ ഒരു കൃതിയെ ഉള്‍ക്കൊള്ളണം എന്ന ബോധ്യപ്പെടുത്തലാണ്. ദാ, ഇങ്ങനെയും ചില പാരായണ സാധ്യതകള്‍ ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. അതിന് പുതിയ ജ്ഞാന മേഖലകളുടെ സഹായത്തോടെയുള്ള വായന വഴികള്‍ തുറന്നുതരികയാണ്.

Content Highlights: writer critic Dr Miniprasad writes about reading