ന്റെ ഗൗരവമുള്ള വായന തുടങ്ങുന്നത് പള്ളിക്കല്‍ യുവജനവായനശാലയില്‍ നിന്നാണെന്ന് പറയാം. കുണ്ടോട്ടിയിലേക്ക് പോകുമ്പോള്‍ പള്ളിക്കലങ്ങാടിയുടെ ഏകദേശം മധ്യഭാഗത്തെത്തുമ്പോള്‍ വലതുവശത്തായി സ്ഥിതി ചെയ്യുന്ന വയസ്സന്‍ കെട്ടിടത്തിന് മുകളിലായിരുന്നു വായനശാല. പുറത്തുകൂടിയുള്ള മരത്തിന്റെ കോണിയാണ് മുകളിലെത്താനുള്ള വഴി. അത് കാലക്രമേണ ഇടിഞ്ഞുപൊളിഞ്ഞു വീണത് ചരിത്രം. യുവജനവായനശാലയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് മുമ്പ് എനിക്ക് പഞ്ചായത്ത് ലൈബ്രററിയില്‍ അംഗത്വമൊക്കെയുണ്ടായിരുന്നു. പക്ഷേ, പഞ്ചായത്ത് ലൈബ്രററി സാധാരണയായി വൈകുന്നേരങ്ങളില്‍ അടയ്ക്കാറുള്ളതുകൊണ്ട് രാത്രി തുറന്നുവയ്ക്കാറുള്ള യുവജനവായനശാലയുടെ ഒറ്റമുറിയില്‍ വച്ചാണ് ഞാന്‍ എഴുത്തിലെ നമ്മുടെ മഹാരഥന്മാരെയെല്ലാം പരിചയപ്പെടുന്നത്. 

മെഴുകുതിരിവെട്ടമാണ് വായനശാലയുടെ വെളിച്ചം. ഒരു മേശയും മരം കൊണ്ടുണ്ടാക്കിയ രണ്ടുമൂന്ന് കസേരകളും ചെറിയൊരു ബെഞ്ചും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പഴയ ഒരുപാട്
പുസ്തകങ്ങളുണ്ടായിരുന്നു വായനശാലയില്‍. ബഷീറും വിജയനും തകഴിയും എസ്.കെയുമെല്ലാം അവിടെ നിന്നാണ് കൂടെക്കൂടിയത്. ചില സമയങ്ങളില്‍ പുസ്തകമെടുത്ത് അവിടെ ഇരുന്ന് തന്നെ വായിച്ചുതീര്‍ക്കും. ഞാന്‍ അവിടെ എത്തുമ്പോള്‍ ഹനീഷാണ് ലൈബ്രേറിയന്‍. മൂപ്പര് ഡാന്‍സ് മാഷാണ്. ക്ലാസ്സ് കഴിഞ്ഞ് വന്ന് വൈകുന്നേരമാണ് തുറക്കുക. പുസ്തകം വൈകുന്നേരം മുതല്‍ രാത്രി വരെ എടുക്കാം. രാത്രിയാകുമ്പോഴേക്കും അവിടേക്ക് പിന്നെയും ആളുകള്‍ എത്തും. ബൈജ്വേട്ടന്‍, ബഷീര്‍ക്ക,ജയരാജേട്ടന്‍, അനീഷ്.. അങ്ങനെയങ്ങനെ.. എല്ലാവരേയും സംബന്ധിച്ച് പണി കഴിഞ്ഞ്വീട്ടിലെത്തുന്നതിന് മുമ്പ് കുറച്ചുനേരം ഒത്തുകൂടുന്ന ഇടം കൂടിയാണ് അത്.

അതുവരെയുള്ള ടെന്‍ഷനുകളെല്ലാം കാറ്റില്‍ പറത്തുന്ന സമയം. വായിച്ചിട്ടുള്ള കഥകളെപ്പറ്റിയും നോവലിനെപ്പറ്റിയും ചര്‍ച്ച നടക്കും. സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഏറെയും. അതിനിടയില്‍ സ്വന്തമായി എഴുതിയത് എന്തെങ്കിലുമുണ്ടെങ്കില്‍ അത് വായിച്ചിട്ടുള്ള ചര്‍ച്ചയുമുണ്ടാകും. എഴുതിയ ആള്‍ ഉറക്കെ വായിക്കുകയാണ് പതിവ്.

വായിച്ചുകഴിഞ്ഞാല്‍ പിന്നെ ആഴത്തിലുള്ള കീറിമുറിക്കലുകളാണ്. ആ കീറിമുറിക്കലുകളിലുണ്ടാവുന്ന വിമര്‍ശനങ്ങള്‍ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു എന്നതാണ് അതിലെടുത്തുപറയേണ്ട ഒരു കാര്യം. സത്യം പറഞ്ഞാല്‍ ആ ഒത്തുചേരല്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദമായിരുന്നു.

കാലം പതുക്കെ ഓരോരുത്തരെയായിട്ട് ഓരോ ഇടങ്ങളിലേക്ക് പറിച്ചു നട്ടു. ആദ്യമൊക്കെ ഒന്നോ രണ്ടോ പേര് വരാതെയായി. പിന്നെ പിന്നെ ആ ഇരിപ്പ് ഇല്ലാതെയായി. വായനശാലയുടെ ലൈബ്രേറിയന്‍ മാറി. വായനശാലയുടെ മുറി തൊട്ടപ്പുറത്തേക്ക് മാറ്റി. ഞാന്‍ പിന്നീട് അലച്ചിലുകള്‍ക്കൊടുവില്‍ രാമനാട്ടുകരയിലുള്ള കുറേ ചങ്കുകള്‍ക്കിടയില്‍ എത്തിപ്പെടുകയും ചെയ്തു. അതോടെ അവിടെയായി വായനകളും ചര്‍ച്ചകളും. ഇപ്പോഴും വായന എന്നു പറയുമ്പോള്‍ ആദ്യം ആ ഒറ്റമുറിയാണ് ഓര്‍മ്മ വരിക.

അവിടെ നിന്നും കിട്ടുന്ന പഴയ പുസ്തകങ്ങളുടെ ഗന്ധം, നേര്‍ത്ത മെഴുകുതിരി വെട്ടം,ആയാസപ്പെട്ട് കയറുന്ന കോണിപ്പടികള്‍. കോണിപ്പടി കയറിക്കഴിഞ്ഞ് ആ ഒറ്റമുറിയിലേക്ക് കയറണമെങ്കില്‍ വാതില്‍പ്പടിയില്‍ നിന്നും അല്‍പ്പം കുനിയണം. ഇല്ലെങ്കില്‍ വാതില്‍കട്ടിള തലയ്ക്കടിക്കും. അങ്ങനെ കുനിഞ്ഞുകയറാന്‍ പല സമയത്തും നമ്മള്‍ മറന്നുപോകും. അപ്പോള്‍ തല വെച്ച് കുത്തുകയും ചെയ്യും. ശരിക്ക് ആ ഒറ്റമുറിയില്‍ നമ്മളെ കാത്തിരിക്കുന്ന അനേകം എഴുത്തുകളോടുള്ള ഒരു ബഹുമാനം കൂടിയാണ് ആ കുനിഞ്ഞുകയറ്റം എന്നു പലവട്ടം തോന്നിയിട്ടുണ്ട്.

കാലമാണ് ഓരോ ഇടങ്ങളേയും സൃഷ്ടിക്കുക, അവിടെയുള്ള മനുഷ്യരേയും. ഓരോ കാലത്തും ഓരോ കാരണങ്ങള്‍ കൊണ്ട് ഓരോ ഇടങ്ങളും കുറച്ചുമനുഷ്യരും ഉണ്ടാകുന്നു.വായനയും എഴുത്തുമൊക്കെത്തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അതിലൂടെ എത്രമാത്രം സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മള്‍ പരസ്പരം പറയുന്ന കഥകളില്‍ പോലും ഒരു വായന നടക്കുന്നില്ലേ.. സമൂഹജീവി എന്ന നിലയില്‍ ഓരോ മനുഷ്യനെയും പരിചയപ്പെടുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുക എന്നതില്‍പ്പരം വലിയ കാര്യം വേറെയൊന്നുമില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

Content Highlights: Writer Ajijesh Pachat Shares his Reading experience