''ഓ, ജലജ ! പിന്നെ ഒരിക്കലും നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ആ രാത്രി ഓര്‍ത്ത് ഇന്നും എന്റെ ചങ്കു വേദനിക്കുന്നു.'' എന്ന ഒറ്റ വാചകത്തിന്റെ കാന്തികാകര്‍ഷണത്തില്‍ ജലജയ്ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചു പുറപ്പെട്ട ജീജാ പ്രേമാനന്ദ് എന്ന വായനക്കാരി ജലജയെ തേടിപ്പിടിക്കുക തന്നെ ചെയ്തു. നാടകാന്തം ശുഭം എന്ന പോലെ ജലജയുടെ ഇപ്പോഴത്തെ ജീവിതം എല്ലാവര്‍ക്കും സന്തോഷം തരുന്നതാണ്.

subhash

 

ഭാനുപ്രകാശ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത് എന്ന പുസ്തകത്തിന്റെ അവതാരികയില്‍ സുഭാഷ്ചന്ദ്രന്‍ തന്റെ ആദ്യനാടകത്തിലെ നായികയെ തേടിപ്പോയ അനുഭവം പങ്കുവെക്കുന്നുണ്ട്. തട്ടില്‍ക്കയറിയപ്പോള്‍ ജലജ എന്ന സാധാരണക്കാരിയ്ക്ക് സംഭവിച്ച പകര്‍ന്നാട്ടം കണ്ട് അമ്പരന്ന അന്നത്തെ യുവപ്രതിഭ ജലജയെന്ന നടിയെ തന്റെ എഴുത്തിടത്തില്‍ അര്‍ഹിക്കുന്ന സ്ഥാനത്താണ് ഇരുത്തിയിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബവുമായി കഴിയുന്ന അവര്‍ പക്ഷേ നാടകത്തെ കൈവിട്ടിട്ടില്ല. അന്ന് തന്നെ 'ബുക്ക്' ചെയ്യാനെത്തിയ പയ്യന്‍ പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനായിരുന്നു എന്ന് ജീജ പറഞ്ഞറിഞ്ഞപ്പോള്‍ ജലജയില്‍ അതിശയമായിരുന്നു ആദ്യം വന്നത്. ജലജ ഒന്നു കാണാനാഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ സുഭാഷ്ചന്ദ്രന്റെ മറുപടി. 

ജലജയെ കണ്ടെത്താന്‍ അജ്ഞാത സഹോദരി ജീജയും ഹോമറും കൂടി നടത്തിയ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഹൃദയം നിറഞ്ഞു. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ആ കലാകാരിയുടെ ഫോട്ടോ ആ കുറിപ്പിനൊപ്പം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ജലജച്ചേച്ചിക്ക് അന്നത്തെ ആ നാടകമെഴുത്തുകാരനെ കാണണമെന്ന ആഗ്രഹം വായിച്ച് ആ കുഞ്ഞുവീടിന്റെ ഉമ്മറത്ത് അവരെ ആദ്യമായി കാണാന്‍ കാത്തിരുന്ന ആ പതിനെട്ടുകാരനെപ്പോലെ അതേ ഉദ്വേഗം ഒരിക്കല്‍ക്കൂടി എന്നെ ഭരിച്ചു. ഞാന്‍ കാത്തിരിക്കുന്നു ജലജച്ചേച്ചീ, കാലത്തിന്റെ ഉമ്മറക്കോലായയില്‍ വൃത്തഭംഗമുള്ള അതേ കസേരയില്‍: തട്ടിലെത്തിയാല്‍ ഞാന്‍ ഈ ജലജയല്ല എന്ന് കലാകാരിയുടെ അഭിമാനത്തോടെ പറഞ്ഞുകൊണ്ട് വാതില്‍ കര്‍ട്ടന്‍ വകഞ്ഞ് നിങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും നോക്കി.

Content Highlights: Subhachandran reply on the comments of Drama Artist Jalaja