എന്‍.എസ്.മാധവന്റെ പത്മപ്രഭാപുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിധികര്‍ത്താക്കളിലൊരാളായി കല്പറ്റയില്‍ എത്തിയപ്പോഴാണ് ഞാന്‍ വീരേന്ദ്രകുമാറിനെ പരിചയപ്പെടുന്നത്. രണ്ടായിരത്തിപ്പത്തില്‍. നേരിട്ട് പരിചയമില്ലെങ്കിലും വീട്ടിലെത്തിയ എന്നെ അദ്ദേഹം കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എം.ടി.വാസുദേവന്‍നായരും മറ്റ് വിധികര്‍ത്താക്കളും പുരസ്‌കാരജേതാവും (അങ്ങനെയാണെന്റെ ഓര്‍മ) ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ വ്യക്തികളും പത്രപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെയായി വലിയൊരു ആള്‍ക്കൂട്ടംതന്നെയുണ്ടായിരുന്നു.
 
ക്ഷണിതാക്കളെല്ലാം ആ ദിവസം തന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കണമെന്നത് എം.പി.വി.യുടെ വലിയ ആഗ്രഹമായിരുന്നു. 96-ല്‍ ഈ പുരസ്‌കാരം നല്‍കല്‍ തുടങ്ങിയതുമുതലുള്ള കീഴ്വഴക്കമാണിത്. അതിവിശാലമായ തീന്‍മേശയില്‍ നാക്കിലയിട്ട് അന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഞങ്ങള്‍ക്ക് വിളമ്പിത്തന്ന സസ്യാഹാരത്തിന്റെ രുചി ഇന്നും എന്റെ നാവില്‍നിന്ന് പോയിട്ടില്ല.

ഊണുകഴിഞ്ഞ് ഒരിടത്ത് മാറി ഒതുങ്ങിയിരിക്കുകയായിരുന്ന എനിക്കരികില്‍ വന്ന് കസേരയില്‍ ഇരുന്ന വീരേന്ദ്രകുമാര്‍ സമകാലികവിഷയങ്ങളെക്കുറിച്ച് വാചാലനാവാന്‍തുടങ്ങി. അപ്പോഴേക്കും സന്ദര്‍ശകര്‍ ചുറ്റും കൂടി. വലിയ വായനയോ വിവരമോ ഒന്നുമില്ലാത്ത ഞാന്‍ ചുരുങ്ങിയ സമയംകൊണ്ട് അദ്ദേഹം തുറന്നിട്ട ലോകസാഹിത്യത്തിന്റെ അനന്തമായ ഭാവനാലോകത്തില്‍ ഒരിലപോലെ കുറേനേരം പറന്നുനടന്നു. അലക്സാണ്ടര്‍ സോള്‍ സെനിത്സിനെ തനിക്ക് പരിചയപ്പെടുത്തിത്തന്നത് വീരേന്ദ്രകുമാറാണെന്ന് ഓര്‍മക്കുറിപ്പില്‍ എം.ടി.യെപ്പോലൊരാള്‍ പറയണമെങ്കില്‍ എം.പി.വി.യുടെ വായനലോകം എത്ര വിശാലമായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതുകഴിഞ്ഞ് കൃത്യം ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു: ''സന്തോഷേ ഗുഡ്മോണിങ്, ഞാനാണ് എം.പി.വീരേന്ദ്രകുമാര്‍. ഇത്തവണത്തെ പത്മപ്രഭാപുരസ്‌കാരം നിങ്ങള്‍ക്കാണ്. കണ്‍ഗ്രാജുലേഷന്‍സ്.''
വിധികര്‍ത്താക്കളില്‍ ആരോടെങ്കിലും വിളിച്ചറിയിക്കാന്‍ പറയാമായിരുന്ന ഇക്കാര്യം എം.പി.വി.തന്നെ നേരിട്ട് വിളിച്ചറിയിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.

ഉന്നതമായ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോഴും അതിന്റെ പ്രലോഭനങ്ങളില്‍ വീണുപോകാതെ വ്യക്തിജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന ഈ ലാളിത്യം എന്നില്‍ അദ്ദേഹത്തോടുണ്ടായിരുന്ന ബഹുമാനം ഇരട്ടിപ്പിച്ചു. പതിവിനുവിപരീതമായി ഇത്തവണ പുരസ്‌കാരച്ചടങ്ങ് വളരെ വൈകി മാര്‍ച്ച്മാസത്തിലാണ് നടന്നത്. ജനുവരിയില്‍ മാതൃഭൂമിയുടെ 'ക' സാഹിത്യോത്സവത്തില്‍ വെച്ച് ശ്രേയാംസ്‌കുമാറിനെ കണ്ടപ്പോള്‍ തമാശയായി ഞാന്‍ ചോദിച്ചു: ''എന്താ സര്‍, അവാര്‍ഡൊന്നും തരുന്നില്ലേ?''
''മനപ്പൂര്‍വമല്ല. അച്ഛന് ഈ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.,'' ശ്രേയാംസ് സര്‍ പറഞ്ഞു.
''പക്ഷേ, ഇപ്പൊ യാത്രചെയ്യാനൊന്നും പറ്റാതെ കോഴിക്കോട്ടെ വീട്ടില്‍  റെസ്റ്റിലാണ്. ആള്‍ ഒന്നുഷാറായാല്‍ നമുക്ക് അപ്പോത്തന്നെ നടത്തിക്കളയാം.''

സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റും ആധുനിക വയനാടിന്റെ ശില്പികളിലൊരാളുമായ തന്റെ പിതാവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരത്തെ മറ്റെന്തിനെക്കാളും വിലകല്പിച്ചിരുന്ന ആ മകന്റെ സാന്നിധ്യത്തില്‍തന്നെയാകണം ഈ ചടങ്ങെന്ന് ഞാനും ആഗ്രഹിച്ചു. പക്ഷേ, ആ മോഹങ്ങളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് എം.പി.വി.യുടെ വാര്‍ധക്യസഹജമായ ശാരീരികാസ്വസ്ഥതകള്‍ നീണ്ടുനീണ്ടുപോവുകയും ഒടുവില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ രണ്ടുമാസങ്ങള്‍ക്കുശേഷം അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
തൃശ്ശൂരില്‍നിന്ന് മാതൃഭൂമി പ്രത്യേകം ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ഞാനും ഭാര്യ ജല്‍സയും കാലത്ത് വയനാട്ടിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് കോഴിക്കോട് അളകാപുരിയില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച് യാത്രതുടരാമെന്ന് മാതൃഭൂമി ബുക്സിന്റെ മാനേജരും എന്റെ സുഹൃത്തുമായ നൗഷാദ് വിളിച്ച് പറഞ്ഞു.

പക്ഷേ, കോഴിക്കോട്ട് എത്തുംമുന്‍പ് നൗഷാദ്തന്നെ വീണ്ടും വിളിച്ച് പദ്ധതികള്‍ തിരുത്തി. ഭക്ഷണം കല്പറ്റയിലെ വിട്ടില്‍നിന്നുതന്നെ കഴിക്കണം. എം.ഡി. പ്രത്യേകം വിളിച്ച് പറഞ്ഞതാണ്. അദ്ദേഹം അവിടെ ഇല്ലെങ്കിലും വീട്ടില്‍നിന്ന് കഴിച്ചിട്ടേ പോകാവൂ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ബൈപാസ് വഴി നേരേ കല്പറ്റയ്ക്ക് വിട്ടു. ഹോട്ടലില്‍ ചെന്ന് ഫ്രെഷായി വീട്ടിലെത്തി. പത്തുവര്‍ഷം മുന്‍പ് കണ്ട വീട് പുതുക്കിപ്പണിത് മനോഹരമാക്കിയിട്ടുണ്ട്. ഇത്തവണ വീടിനകത്തേക്ക് ക്ഷണിച്ചത് ശ്രേയാംസ്‌കുമാറാണ്.

പിതാവിന്റെ അഭാവത്തില്‍ ഒന്നിനും ഒരു കുറവും വരാതെ കാര്യങ്ങളൊക്കെ ഊഷ്മളമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ഓടിനടക്കുകയാണദ്ദേഹം. ''അച്ഛന്‍ ഇവിടത്തെ ഓരോ കാര്യങ്ങളും അരമണിക്കൂര്‍ ഇടവിട്ട് വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ട്,'' എന്ന് ശ്രേയാംസ്സര്‍ പറഞ്ഞു. കല്പറ്റമാഷ്, സുഭാഷ് ചന്ദ്രന്‍ തുടങ്ങി നിരവധി ആളുകള്‍ വീട്ടില്‍ സന്നിഹിതരായിട്ടുണ്ട്. എഴുത്തുകാരുമായി മുഖാമുഖത്തിനായി വന്ന കോളേജ് വിദ്യാര്‍ഥികള്‍ വേറെ. പതിവ് തെറ്റിക്കാതെ തീന്‍മേശയില്‍ ഇലയിട്ട് ഊണ് വിളമ്പി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ എന്താണെന്നറിയില്ല എം.പി.വി.യുടെ അസാന്നിധ്യം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.  ഞാനത് സുഭാഷ്ചന്ദ്രനുമായി പങ്കുവെച്ചു: ''പുരസ്‌കാരം ഏറ്റുവാങ്ങുംമുമ്പ് എനിക്കൊന്ന് വീരേന്ദ്രകുമാര്‍സാറിനെ വിളിച്ച് പറയണം'' 
''വിളിക്കണം,'' സുഭാഷ് എന്റെ ആഗ്രഹത്തെ പിന്‍താങ്ങി: ''ഈ ചടങ്ങില്‍ പങ്കെടുക്കാന്‍പറ്റാത്തതില്‍ അദ്ദേഹത്തിന് നല്ല വിഷമമുണ്ട്''

പക്ഷേ, പരിപാടി ആരംഭിച്ചതും ആള്‍ക്കൂട്ടത്തിനും തിരക്കിനും ഇടയില്‍ പെട്ട് എം.പി.വി.യുമായി ബന്ധപ്പെടാന്‍ ഒരിടവേള കിട്ടാതെപോയി. പുരസ്‌കാര സമര്‍പ്പണവും പ്രസംഗവുമൊക്കെ കഴിഞ്ഞപ്പോള്‍ നേരം വളരെ വൈകി. പിന്നെ ആള്‍ക്കാരുടെ പരിചയപ്പെടലും ബഹളവും സെല്‍ഫിയെടുക്കലുമൊക്കെയായി സമയം പിന്നെയും നീണ്ടു. ഒടുവില്‍ ജല്‍സയ്ക്കും ബത്തേരിക്കാരന്‍ ചങ്ങാതി ആനന്ദിനുമൊപ്പം എന്റെ സുഹൃത്ത് ജസീറിന്റെ വണ്ടിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ പാറക്കല്ലിലുള്ള വീട്ടിലേക്ക് പോയി. ശ്രേയാംസ്‌കുമാറിന്റെ സുഹൃത്തുകൂടിയാണ് ജസീര്‍. നിര്‍മാതാവുകൂടിയായ അദ്ദേഹം നല്ലൊരു സിനിമാപ്രേമിയും സഞ്ചാരിയുമാണ്. ആനന്ദിനെപ്പോലെതന്നെ അത്യാവശ്യം വായനയുമുണ്ട്.

അന്ന് രാത്രിയിലെ ഞങ്ങളുടെ ചര്‍ച്ചാവിഷയം വീരേന്ദ്രകുമാറായിരുന്നു. അദ്ദേഹത്തിന്റെ വായനശീലത്തിന് ദൃക്സാക്ഷിയായിരുന്നു ജസീര്‍. തിരുവനന്തപുരത്തുനിന്ന് കാറില്‍ കയറിയിരുന്നാല്‍ കല്പറ്റവരെ വായിച്ചുകൊണ്ടിരിക്കുന്ന എം.പി.വി.യെപ്പറ്റി ജസീര്‍ അദ്ഭുതത്തോടെയാണ് സംസാരിച്ചത്.
''ഞാനിത് ഒരിക്കല്‍ നേരിട്ടനുഭവിച്ചതാ,'' ജസീര്‍ വാചാലനായി. ''ഒരക്ഷരം മിണ്ടില്ലാന്ന്... വായനതന്നെ വായന.''
സമയം പിന്നെയും നീങ്ങി. ഈ സമയത്ത് അദ്ദേഹത്തെ വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോ എന്നൊക്കെ വിചാരിച്ച് മനസ്സ് അസ്വസ്ഥപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ സുഭാഷിന്റെ കോള്‍ വന്നു: ''എടാ ഇപ്പൊ വിളിച്ചോ. എം.ഡി. നിന്നെ ചോദിച്ചു.''

ഞാന്‍ ഉടന്‍ നമ്പര്‍ ഡയല്‍ചെയ്തു.
മറുവശത്ത് ക്ഷീണിതമെങ്കിലും ഊര്‍ജസ്വലത തുളുമ്പുന്ന ശബ്ദം: ''ങ്ഹാ... സന്തോഷ്, ചടങ്ങ് നന്നായല്ലേ?''
''ഗംഭീരമായി സര്‍,'' ഞാന്‍ പറഞ്ഞു.
''എനിക്ക് വരാന്‍പറ്റിയില്ല. 
യാത്രചെയ്യാന്‍ വയ്യ. ഹാപ്പിയല്ലേ?''
''വളരെ ഹാപ്പിയാണ് സര്‍.''
അദ്ദേഹം സങ്കടത്തോടെ ഒന്ന് മൂളി.
''അവാര്‍ഡ് വാങ്ങുംമുമ്പ് സാറിനെ ഒന്ന് വിളിക്കണമെന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ പറ്റിയില്ല. ഞാന്‍ നാളെ കോഴിക്കോട്ട് വീട്ടിലേക്ക് വന്ന് സാറിനെ കണ്ടിട്ട് പോകാമെന്ന് വിചാരിക്കുന്നു.''
''സന്തോഷം. വരൂ... വരൂ... നമുക്ക് കാണാലോ,'' ഒരു ചിരസുഹൃത്തിനെയെന്നപോലെ അദ്ദേഹം എന്നെ സ്വാഗതംചെയ്തു.

പിറ്റേദിവസത്തെ മടക്കയാത്രയില്‍ ഞങ്ങളോടൊപ്പം കോഴിക്കോടുവരെ ജസീര്‍ കൂടെയുണ്ടായിരുന്നു. വരുന്നവഴി സംസാരം വീണ്ടും വീരേന്ദ്രകുമാറില്‍തന്നെ ചുറ്റിപ്പറ്റിനിന്നു. ബ്രസീലില്‍ മഴക്കാടുകള്‍ വ്യാപകമായി കത്തിത്തീരുന്നതും ലോകംകണ്ട ഏറ്റവും ഭീകരമായ ആ പാരിസ്ഥിതികവിനാശത്തിനുമുന്നില്‍ പ്രസിഡന്റ് ബോള്‍സൊനാരോ കാണിക്കുന്ന നിസ്സംഗതയുമൊക്കെ വര്‍ത്തമാനത്തിനിടയില്‍ കേറിവന്നപ്പോഴാണ് എം.പി.വി. വീണ്ടും ചര്‍ച്ചാവിഷയമായത്. 
''ഇക്കാര്യങ്ങളൊക്കെ പത്തിരുപതുവര്‍ഷം മുമ്പേ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വീരേന്ദ്രകുമാര്‍ എഴുതിവെച്ചിട്ടുണ്ട്,''
ജസീര്‍ പറഞ്ഞു.
''എന്തൊക്കെയായാലും പരിസ്ഥിതിപ്രശ്‌നത്തില്‍ എം.പി.വി. എടുത്ത കൃത്യമായ നിലപാടുകളെ മലയാളികള്‍ക്ക് മറക്കാന്‍പറ്റില്ല. പ്ലാച്ചിമടയില്‍ ഇന്ന് ജനങ്ങള്‍ക്ക് വെള്ളംകുടിക്കാന്‍പറ്റുന്നുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ പത്രമായ മാതൃഭൂമിയാണ്.''
വനംവകുപ്പുമന്ത്രിയായി സ്ഥാനമേറ്റദിവസംതന്നെ, കേരളത്തിലെ കാടുകളില്‍നിന്ന് ഇനി ഒരു മരംപോലും മുറിക്കാന്‍പാടില്ലെന്ന് നടത്തിയ പ്രഖ്യാപനം എം.പി.വി.യിലെ കറകളഞ്ഞ പ്രകൃതിസ്‌നേഹിയെ അനാവരണംചെയ്യുന്നുണ്ട്.

''മനുഷ്യന്റെ ഐശ്വര്യം ഭൂമിയെ കൂടുതല്‍ ദരിദ്രയാക്കുന്നു. ഇനി എവിടെയാണ് പക്ഷികള്‍ പാട്ടുപാടി പറന്നുയരുക? മത്സ്യങ്ങള്‍ നീന്തിത്തുടിക്കുക? വൃക്ഷങ്ങള്‍ ഫലങ്ങളേന്തി നില്‍ക്കുക? ഭൂമിയുടെ അതിചൂഷണം പ്രകൃതിയെ സര്‍വനാശത്തിലേക്ക് നയിക്കുന്നു എന്ന ബ്രസീലിയന്‍ എഴുത്തുകാരന്‍ മറിയോ ഇറാങ്ക മൊണ്ടിറോയുടെ ആശങ്കകള്‍ ഉദ്ധരിച്ചുകൊണ്ട്  അമസോണിന്റെ ആസന്നമായ ദുരന്തത്തെപ്പറ്റി എം.പി.വി. പറയുമ്പോള്‍ അത് നമ്മുടെ രാജ്യത്ത് സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതികചൂഷണത്തിലേക്കുള്ള മുന്നറിയിപ്പുകൂടിയാണ്.
വേള്‍ഡ് എഡിറ്റേഴ്സ് ഫോറത്തിന്റെ ഏഴാമത് സമ്മേളനത്തിനായാണ് എം.പി.വീരേന്ദ്രകുമാര്‍ 2000-ല്‍ ബ്രസീലിലെ റിയോ ഡി ജനൈറോവില്‍ എത്തുന്നത്. അത് കഴിഞ്ഞ്  അമസോണ്‍ സന്ദര്‍ശനം. കൂടെയുള്ളവരില്‍ പലരും നീഗ്രോ നദിക്കരയില്‍ വിശ്രമിച്ചപ്പോള്‍ അദ്ദേഹം തന്റെ പ്രായത്തെ മറന്നുകൊണ്ട് മഴക്കാടുകള്‍ക്കുള്ളിലൂടെ ഒന്നര രണ്ട് മണിക്കൂര്‍ കാല്‍നടയായി യാത്രചെയ്തുകൊണ്ടാണ് അവിടത്തെ ഗോത്രജീവിതത്തെക്കുറിച്ചും സസ്യവൈവിധ്യത്തെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്നത്. 

അതോടൊപ്പംതന്നെ ചരിത്രവും ബ്രസീലിയന്‍ സാഹിത്യവുമൊക്ക കടന്നുവരുന്നു. ആകാശവും ഭൂമിയും വെള്ളവുമൊക്കെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് സര്‍വവിനാശം ഏറ്റുവാങ്ങുന്ന ബ്രസീലിന്റെ ദുരന്തകഥയെക്കുറിച്ച് പറയുന്ന പ്രാന്‍ഡാവിന്റെ നഖൊ വേരാസ് വെയ്സ്നെഹൂം എന്ന നോവലിന്റെ വിശദമായ വിവരണംതന്നെ അമസോണും കുറേ വ്യാകുലതകളും  എന്ന പുസ്തകത്തിലുണ്ട്.

കോഴിക്കോട് വീട്ടിലെത്തി കോളിങ്ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് എം.പി.വി.യുടെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനായ നന്ദനാണ്. കൂടെ കെ.ആര്‍.പ്രമോദുമുണ്ടായിരുന്നു. വീരേന്ദ്രകുമാര്‍ ഒരു സെറ്റിയില്‍ ഇരിക്കുകയായിരുന്നു. അരികില്‍ അദ്ദേഹത്തിന്റെ സഹധര്‍മിണിയുമുണ്ട്. കാലില്‍ തൈലംപോലെ എന്തോ തേച്ചുപിടിപ്പിച്ചിട്ടുണ്ട്. പതിവിലധികം ക്ഷീണിതനായിരുന്നു അദ്ദേഹം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ പലപ്പോഴും ഇടറി.  എന്റെ കൈപിടിച്ച് കണ്ണുകളിലേക്ക് നോക്കി സ്‌നേഹത്തോടെ ചിരിച്ചു. ''എനിക്ക് ചടങ്ങിനെത്താന്‍ പറ്റിയില്ല. ഇനി ഒരിക്കല്‍ക്കൂടി പങ്കെടുക്കാന്‍പറ്റുമോ എന്നുമറിയില്ല'' അദ്ദേഹം ചിരിച്ചു. ഒരു വിജിഗീഷുവിന്റെ ചിരി. ''എണീക്കാന്‍തന്നെ ബുദ്ധിമുട്ടാ. ഇതിലും മോശമായിരുന്നു. ഇപ്പോഴാ ഇങ്ങനെയെങ്കിലുമായത്,'' അദ്ദേഹം കുഴമ്പിട്ട കാലുകളിലൂടെ വിരലോടിച്ചു.
ആരോ നല്ല തണുത്ത നാടന്‍ മോര് കുടിക്കാന്‍തന്നു. 

കല്പറ്റയിലെ പുതുക്കിപ്പണിത വീടിന്റെ മനോഹാരിതയെപ്പറ്റി ഞാന്‍ വാചാലനായപ്പോള്‍ അദ്ദേഹം ചോദിച്ചു: ''സന്തോഷ് എന്റെ ലൈബ്രറി കണ്ടോ?''
എം.പി.വി.യിലെ വായനക്കാരന്‍ സടകുടഞ്ഞെണീറ്റു.
''കണ്ടു. ഗംഭീരമായിട്ടുണ്ട്.''
''അതുപോലെ ഒരു ലൈബ്രറി ഇവിടെയുമുണ്ട്.''
ജീവിതത്തിന്റെ സായാഹ്നത്തിലും പുസ്തകങ്ങളെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകളിലൂടെ യൗവനത്തിന്റെ വെയില്‍ കടന്നുപോകുന്നത് ഞാന്‍ കണ്ടു.
''ഇന്നലെ രാത്രിയും ഇന്നുമൊക്കെ ഞങ്ങള്‍ സുഹൃത്തുക്കള്‍ സംസാരിച്ചത്  അമസോണിനെപ്പറ്റിയായിരുന്നു.''
ഞാന്‍ പറഞ്ഞു.
''ഞാനൊരു പുസ്തകമെഴുതിയിട്ടുണ്ട്. വായിച്ചിരുന്നോ?''
''ആ പുസ്തകമായിരുന്നു വിഷയം,'' ഞാന്‍ ചിരിച്ചു. അദ്ദേഹത്തിന് വളരെ സന്തോഷമായി.
''അവിടത്തെ പ്രസിഡന്റ് ബോള്‍സൊനാരോയൊക്കെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ വലംകൈയാ. അവര്‍ ഇനിയും കത്തിക്കും.''

എന്തോ ഓര്‍ത്ത് എം.പി.വി. ഒരുനിമിഷം നിശ്ശബ്ദനായി. കത്തുന്ന മഴക്കാടുകളുടെ വിതുമ്പല്‍ അദ്ദേഹത്തിന്റെ കാതില്‍ വീണുവോ? മരിക്കുംമുമ്പ് ഒരുതുള്ളി വെള്ളത്തിനായി നീഗ്രോനദി അദ്ദേഹത്തിനുനേരേ കൈനീട്ടിയോ?
തന്നെ കാണാന്‍ കടല്‍ കടന്ന് എത്തിയ സ്‌നേഹിതനുനേരേ റെഡ് മൗക്കസ് അതിന്റെ ചിറകിലെ ഏറ്റവും മനോജ്ഞമായ തൂവലുകളിലൊരെണ്ണം കാറ്റിലൂടെ പറത്തിവിട്ടുവോ?
ഞാന്‍ എം.പി.വി.യുടെ കാല്‍പ്പാദങ്ങളിലേക്ക് നോക്കി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ രാമന്റെ ദുഃഖത്തിനൊപ്പവും പ്ലാച്ചിമടയില്‍ ജനങ്ങളുടെ ദാഹനീരിനൊപ്പവും, പതറാതെ നീതിയുടെ നനഞ്ഞ മണ്ണില്‍ ഉറച്ചുനിന്ന ആ കാല്‍പ്പാദങ്ങള്‍ തൊട്ട് ഞാന്‍ നെറുകയില്‍ വെച്ചു. കൂടെ ജല്‍സയും.

Content Highlights: Santhosh Echikkanam Malayalam article MP Veerendra Kumar Readers day 2020