'പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് സുഷമ..' പലിയേരി എന്ന ഞങ്ങളുടെ പറുദീസയിലെ ഹൃദയമായ പൊതുജന വായനശാലയിലെ കെല്‍ട്രോണിന്റെ വാല്‍വ് റേഡിയോ ശബ്ദിച്ചു. വായനശാലയ്ക്കരികെ ഉള്ള പഞ്ചായത്ത് കിണറിന്റെ കരയിലും മൈതാനത്തിനരികിലും ഇരുന്ന് ഉപ്പ് ഷോഡയുടെ രസം ആസ്വദിക്കുന്നവരെല്ലാം മെല്ലെ റേഡിയോ ശബ്ദവീചികളിലേക്ക് ചെവികൂര്‍പ്പിച്ചു. കരിവെള്ളൂരിലെ ദിനേശ് ബീഡി കമ്പനിയിലെ ജോലി കഴിഞ്ഞ് ജലജേച്ചിയും വത്സലേച്ചിയുമെല്ലാം വീട് പിടിക്കാനുള്ള നടത്തമത്സരത്തില്‍ ആ സമയം വായനശാലയെയും പിന്നിട്ടു നടന്നു. ചിലര്‍ ചുണ്ടിലെരിഞ്ഞ ബീഡി നീട്ടിവലിച്ചു കൊണ്ട് വായനശാല ബെഞ്ചിലിരുന്ന് മാതൃഭൂമിയും ദേശാഭിമാനിയും പാരായണം ചെയ്യുന്നുണ്ട്. 

ഞങ്ങളുടെ പഞ്ചായത്തിലെ ആദ്യ പൊതുജന വായനശാല, ഓടുമേഞ്ഞതാണെങ്കിലും തലപ്പൊക്കത്തില്‍ മുമ്പില്‍ നില്‍ക്കും. പലിയേരി പൊതുജന വായനശാല, സ്ഥാപിതം 1958, ശിലാഫലകത്തില്‍ അക്ഷരങ്ങള്‍ക്ക് തിളക്കം ഒട്ടും മങ്ങിയിട്ടില്ല.  പിലാക്ക കല്യാണേട്ടിയുടെ പറമ്പിലൂടെ വീട്ടിലേക്ക് പായുമ്പോള്‍ മഴത്തുമ്പികള്‍ തലങ്ങും വിലങ്ങും മൂളക്കം പിടിച്ചു. ഉണരുമ്പോഴും പ്രാദേശിക വാര്‍ത്തകളായിരുന്നു. കക്കൂസില്‍ പോയി പിന്നെ കുളിയും പാസാക്കുമ്പോഴാണ് ഡയറിയെഴുതിയില്ലെന്നോര്‍ത്തത്. ' രാവിലെ ആറു മണിക്ക് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ ചെയ്തു. ഒമ്പത് മണിക്ക് സ്‌കൂളിലെത്തി. ഗീത ടീച്ചര്‍ വന്നു. പരിസ്ഥിതി പഠനം പഠിപ്പിച്ചു. ബെല്ലടിച്ചു. പൊന്നമ്മ ടീച്ചര്‍ വന്നു മലയാളം പഠിപ്പിച്ചു. ഒരുമണിക്ക് കഞ്ഞി കുടിച്ചു. ഉച്ചയ്ക്ക് ആദ്യ പിരീഡ് ഹിന്ദിയായിരുന്നു. ഗിരീശന്‍ മാഷ് വന്നു. നാല് മണിക്ക് ബെല്ലടിച്ചു. വീട്ടിലെത്തി. കളിക്കാന്‍ പോയി. രാത്രി ഹോം വര്‍ക്ക് ചെയ്തു. ഡയറി എഴുതി. കിടന്നു.'വഴിപാട് ചെയ്ത് തീര്‍ക്കുന്നപോലെ ഡയറി തട്ടിക്കൂട്ടി ബാഗിലിട്ട് കുടയുമെടുത്ത് ഉസ്‌കൂളിലേ ക്ക് വിട്ടു.

രണ്ടു കിലോമീറ്റര്‍ നടക്കാനുണ്ട് ഉസ്‌കൂളിലേക്ക്. നടന്ന് പാലത്തിനടുത്തെത്തിയാല്‍ ഒരൊറ്റ ഓട്ടമാണ്. ആരാണ് ആദ്യം കാസര്‍ഗോഡ് ജില്ലയില്‍ കാലുകുത്തുന്നതെന്ന പതിവ് വാശി. ചന്ദ്രനില്‍ കാലുകുത്താന്‍ നീല്‍ ആംസ്ട്രോങും എഡ്വിന്‍ ഡി ആല്‍ഡ്രിനും പോലും ഇത്ര വാശി കാണിച്ചിട്ടുണ്ടാകില്ല.  കാരണം കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണ് പലിയേരി. ഉസ്‌കൂള് കാസര്‍ഗോഡ് ജില്ലയുടെ ഭാഗമായ കൊടക്കാട്ടാണ്, ഓലാട്ട് എ യു പി സ്‌കൂള്‍. ഉസ്‌കൂളിലേക്ക് പൊന്നമ്മ ടീച്ചറും, ഗീത ടീച്ചറുമൊക്കെ ഞങ്ങളുടെ കൂടെ നടന്നാണ് വരിക. രമാദേവി ടീച്ചര്‍ക്കും ഭാനു ടീച്ചര്‍ക്കും കൈനറ്റിക് ഹോണ്ട ഉണ്ട്. പതിവ് പോലെ അസംബ്ലി, പ്രാര്‍ഥനയ്ക്ക് ശേഷം ഹെഡ്മാസ്റ്റര്‍ സംസാരിച്ചു തുടങ്ങി ' ഇന്ന് ജൂണ്‍ 19, എന്താണ് ഇന്നത്തെ പ്രത്യേകത?' , ഇന്ന് ചാന്ദ്രദിനമാണെന്ന് വിഡ്ഡിത്തം പറയാന്‍ നാവുയരും മുമ്പേ ഏഴാം ക്ലാസില്‍ പഠിക്കുന്ന ശ്രീനേച്ചി വായനദിനമാണെന്ന് പറഞ്ഞു. ' അതേ, വായനദിനം, പി എന്‍ പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്... ' ഹെഡ്മാസ്റ്റര്‍ പ്രസംഗം തുടര്‍ന്നു. ഉച്ചയ്ക്ക് വിദ്യരംഗത്തിന്റെ വക വായന ക്വിസ് ഉണ്ടാകുമെന്നും അസംബ്ലിയില്‍ ഓര്‍മിപ്പിച്ചു. തിരിച്ച് ക്ലാസിലെത്തിയെങ്കിലും ഞാന്‍ ചിന്തിച്ചത് പി എന്‍ പണിക്കരെ കുറിച്ചാണ്. അങ്ങനെയൊരു പേര് ഞാന്‍ അതിനുമുമ്പ് കേട്ടിട്ടില്ല. ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ഇ എം എസ്, എ കെ ജി... ഒന്നുകൂടി ഓര്‍മയെ വട്ടംകറക്കി. ഇല്ല, പി എന്‍ പണിക്കര്‍ ആ കൂട്ടത്തിലില്ല. പുസ്തകങ്ങളെ സ്നേഹിച്ച ഏതോ വലിയ സ്വാതന്ത്ര്യ സമര സേനാനിയായിരിക്കും എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. അന്ന് ക്ലാസിലേക്ക് ഒരു നോട്ടീസ് വന്നു, ഓലാട്ട് നാരായണ സ്മാരക വായനശാല ലൈബ്രറിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പുസ്‌കമെടുക്കാന്‍ ബാലവേദിയുടെ ഭാഗമായി അവസരമൊരുക്കുന്നു. അംഗത്വം വേണ്ടവര്‍ ഇന്ന് വൈകുന്നേരം വായനശാലയിലേക്ക് എത്തുക.

നാലുമണിക്ക് സ്‌കൂള്‍ ബെല്‍ അടിച്ച ഉടന്‍ പണയക്കാട്ട് ഭഗവതിക്ഷേത്രത്തിനരികിലൂടെയുള്ള ഇടവഴിയിറങ്ങി വായനശാലയിലേക്ക് ഓടി. ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് രണ്ടുരൂപയും കൊടുത്തപ്പോള്‍ ദാ വരുന്ന പിങ്ക് നിറത്തിലുള്ള കാര്‍ഡ്. പേര് : സൂരജ്.ടി, അംഗത്വ നമ്പര്‍: 85, പിന്നെ ആദ്യ പുസ്തകം കൈയിലാക്കി, ഈസോപ്പ് കഥകള്‍. അന്നുണ്ടായ സന്തോഷം വീട്ടിലേക്കുള്ള യാത്രയുടെ വേഗം കൂട്ടി. പുസ്തകം എടുത്ത ഉടന്‍ ഒന്നു മണപ്പിച്ചു, പിന്നെ വായനയിലേക്ക്. കാട്ടിനുള്ളിലെ ജീവിതങ്ങളുടെ സാരോപദേശ കഥകള്‍. പഞ്ചതന്ത്രം കഥകളും തെന്നാലി രാമന്‍ കഥകളുമൊക്കെയായി നാരായണ സ്മാരക വായനശാലയുമായുള്ള കൂട്ട് തുടരുമ്പോഴും വീടിനടുത്തുള്ള വായനശാലയില്‍ ലൈബ്രറി ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു. ആ വിവരം അറിഞ്ഞ ഉടനെ ഞാന്‍ വായനയുടെ തട്ടകം മാറ്റാന്‍ തീരുമാനിച്ചു. ഇടുങ്ങിയ മുറിയില്‍ മരറാക്കുകള്‍ക്കുള്ളില്‍ ബഷീറും എം.ടിയും പുനത്തിലും മാധവിക്കുട്ടിയുമൊക്കെ തോളുരുമ്മി ഇരുന്നത് നെഞ്ചത്ത് കുത്തിയ നമ്പറുമായാണ്. രവിയേട്ടന്‍ തരുന്ന കാറ്റലോഗില്‍ നിന്നു കണ്ടുപിടിക്കുന്ന പുസ്തകങ്ങള്‍ മിക്കവാറും അവിടെ ഉണ്ടാകാറില്ല. മിക്ക പുസ്തകങ്ങളുടെയും അവസ്ഥ ഒരു കൊച്ചുകാറ്റ് വീശിയാല്‍ നിലംപൊത്തിയേക്കാവുന്നത്ര പരിതാപകരമായിരുന്നു. അതിനാല്‍ തന്നെ പഴയ പുസ്തകമെടുത്താല്‍ ആദ്യപരിശോധന മുഴുവന്‍ പേജുകള്‍ ഉണ്ടോ എന്നാണ്. പേജുകള്‍ പരിശോധിച്ച കാലം മെല്ലെ  ബാലസാഹിത്യത്തില്‍ നിന്ന് കഥകളിലേക്കും പിന്നെ നോവലിലേക്കും ചുവടുവച്ചു.കാരൂരിന്റെ പൊതിച്ചോറും,പൊന്‍കുന്നംവര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പയുമെല്ലാം ഇഷ്ടകഥകളായി മാറി. ഡ്രാക്കുളയും ഡ്രാക്കുള കോട്ടയിലെ സുന്ദരിമാരും രക്തരക്ഷസ്സും അടക്കമുള്ള ഡിറ്റക്ടീവ് നോവലുകള്‍ മാത്രമുള്ള കാറ്റലോഗ് ഞാന്‍ പേടിയോടെ മാറ്റിവച്ചു. അപ്പോള്‍ വായനശാലയില്‍ വരാന്തയിലെ ഡൈനോറ ടിവിയില്‍ കാട്ടിലെ കണ്ണന്‍ കണ്ട് കൂട്ടുകാര്‍ ചിരിക്കുന്നുണ്ടായിരുന്നു.

പാത്തുമ്മയുടെ ആടും ദീനാമ്മയും നെയ്പായസവുമൊക്കെയായി ആ വായനക്കാലം വളര്‍ന്നു. അതിനിടയില്‍ പറുദീസയിലെ ലൈബ്രറിക്കുള്ളില്‍, പ്രണയിക്കാനുള്ള പെടാപാടില്‍ ചിലര്‍ മറ്റ് ചിലരെ കാത്തിരുന്നു. പ്രണയാഭ്യര്‍ഥനയും സന്ധിസംഭാഷണവും മാത്രമായി സമയസൂചി കറങ്ങിയ എത്രയോ വൈകുന്നേരങ്ങള്‍. ലൈബ്രറിയോളം വലിയൊരു പ്രണയപൂന്തോപ്പുണ്ടോ എന്നെനിക്കറിയില്ല. സാറാമ്മയെയും കേശവന്‍ നായരുയെയും പോലെ ഒരുപാട് ഹൃദയങ്ങള്‍ പ്രണയം  അടക്കിപിടിച്ചിരിക്കുന്ന താളുകള്‍ക്കിടയില്‍ നിന്ന് പ്രണയിക്കുക ഒരുഭാഗ്യം തന്നെയല്ലേ ?. അതിനാലാകാം പ്രണയ സിനിമകളിലെല്ലാം ഒരു ലൈബ്രറി സീനുകളെങ്കിലും ഉണ്ടാകുന്നത്.

2008, ല്‍ വായനശാലയ്ക്ക് അമ്പത് വയസ് തികഞ്ഞു. പഴയ ഓടിട്ട കെട്ടിടം പൊളിച്ചു. ശിലാഫലകം മാത്രം മാറ്റിവച്ചു. ലൈബ്രറി താല്‍ക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. പഴയ വായനശാല കെട്ടിടം നിന്ന വഴിയെ പോകുന്നവര്‍ക്കെല്ലാം എന്തോ ഒരു ശ്യൂന്യത അനുഭവപ്പെട്ട് തുടങ്ങി. കെല്‍ട്രോണ്‍ റേഡിയോവിലെ ശബ്ദം കേള്‍ക്കാത്ത വൈകുന്നേരങ്ങള്‍ പറുദീസയെ നിരാശരാക്കി. വീട്ടില്‍ ബിപിഎല്ലിന്റെയും ഒനീഡയുടെയും എല്‍ജിയുടെയും കളര്‍ടിവി ഉണ്ടായിട്ട് കൂടി ഡൈനോറ ടിവിയില്‍ കളിയും സിനിമയും കാണാനാകാതെ ചിലര്‍ രാത്രികളെ തള്ളി നീക്കി. കടുത്ത നിരാശ അനുഭവിച്ച ആ കാലഘട്ടത്തിലാണ് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഞാന്‍ വായിച്ചത്. ആരും വാരാത്ത താല്‍ക്കാലിക ലൈബ്രറി മുറിയിലെ ഇരുട്ടുപിടിച്ച വൈകുന്നേരത്തെ തിരിച്ചിലിലാണ് ചിദംബര സ്മരണകള്‍ എന്ന പുസ്തകം കൈയില്‍ കുടുങ്ങിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പേര് കണ്ടതും കവിതയാണെന്ന് വിചാരിച്ച് മെല്ലെ മറിച്ചുനോക്കി തിരിച്ചുവെക്കാം എന്ന് കരുതി. പക്ഷേ ഗദ്യമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗദ്യമോ..? ഒന്ന് സംശയിച്ചു. ഇത്രമാത്രം വേഗത്തില്‍ ഇന്നുവരെ മറ്റൊരു പുസ്തകവും ഞാന്‍ വായിച്ചുതീര്‍ത്തിട്ടില്ല.  ആ രാത്രി ഈ മനുഷ്യന്‍ ഇത് എന്ത് എഴുത്താണെന്ന് ചിന്തിച്ചിരുന്നിട്ടുണ്ട്. 'വിശപ്പാണ് സത്യം ബാക്കിയെല്ലാം പൊങ്ങച്ചം മാത്ര'മെന്ന് വായിച്ചപ്പോള്‍ എഴുത്തുകാരന്റെ ദാരിദ്ര്യത്തില്‍ ആ സ്‌കൂള്‍വിദ്യാര്‍ത്ഥിയും ഉരുകി.

libraryഎന്നിലെ വായനക്കാരന്റെ വളര്‍ച്ചയോടൊപ്പം പറുദീസയും വളര്‍ന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി വായനശാലയുടെ പുതിയ ഇരുനില കെട്ടിടം ഉയര്‍ന്നു. പഴയ റാക്കുകള്‍ക്ക് പകരം പുത്തന്‍ ഷെല്‍ഫുകള്‍, പുതിയ പുസ്തകങ്ങള്‍, ഡൈനോറയ്ക്ക് പകരം പുതിയ എല്‍സിഡി ടിവി, കമ്പ്യൂട്ടര്‍. അതിവേഗം വായനശാല ഹൈക്ലാസായി. അങ്ങനെ പുതിയ വായനശാലയുടെ ഉദ്ഘാടന ദിനമെത്തി. ശ്രീകല രാജേട്ടനും ടീമും ഗ്രൗണ്ടില്‍ പന്തലിട്ടു. മാലബള്‍ബുകളില്‍ മുങ്ങി വായനശാല വര്‍ണവെളിച്ചത്തില്‍ കുളിച്ചു. ഹാളില്‍ കുട്ടികള്‍ കലാപരിപാടികളുടെ അവസാന വട്ട റിഹേഴ്സല്‍ പൊടിപൊടിച്ചു. മുകളില്‍  പുതിയ പുസ്തകങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്ന തിരക്കിലായിരുന്നു ഞങ്ങള്‍. ഓഫീസ് മുറിയിലെ തട്ടിന്‍ പുറത്ത് സര്‍വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ഡൈനോറ ടിവിയും കെല്‍ട്രോണ്‍ റേഡിയോയും ഇരുന്ന് സ്വകാര്യം പറയുന്നുണ്ട്. എല്ലാത്തിനും മീതെ പഴയ നാടകഗാനങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴങ്ങികൊണ്ടിരുന്നു. മേശപ്പുറത്തിരുന്ന ഗ്രന്ഥലോകം കണ്ണില്‍പ്പെട്ടപ്പോള്‍ ഞാനൊന്നത് മറിച്ചു നോക്കി. 'പി എന്‍ പണിക്കര്‍ മലയാള ഗ്രന്ഥശാല സംഘത്തിന്റെ നായകന്‍' എന്നു തുടങ്ങുന്ന ലേഖനം ഞാന്‍ വായിച്ചവസാനിപ്പിക്കുമ്പോള്‍ ബാക്ക് കവറില്‍ കണ്ണടവച്ചിരുന്ന പി എന്‍ പണിക്കര്‍ എന്നോട് ചോദിച്ചു ആരാണ് ഞാന്‍ ? മനസിലായോ ?. ഞാനൊന്ന് ചിരിച്ചു. പുറത്തെ ഉച്ചഭാഷിണിയിലെ നാടകഗാനം രാജേട്ടന്‍ ഓഫ് ചെയ്ത് ഒരു യൂടേണിട്ടു. ദേ മുഴുങ്ങുന്നു കോളാമ്പിയില്‍ 'പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് സുഷമ...' അത് കേട്ടപ്പോള്‍ എല്ലാവരും എന്തെന്നില്ലാത്ത സന്തോഷത്തോടെ താഴേക്ക് ഓടി ചെന്ന് രാജേട്ടനെ നോക്കി. മൈക്ക് സെറ്റിനെടുത്ത് കസേരയിലിരുന്ന് ശ്രീകല രാജേട്ടന്‍ ഒരു ചിരി ചിരിച്ചു.

Content highlights : reading day special write up about books