2015ലെ ആദ്യ പകുതി കഴിഞ്ഞ മേടമാസത്തിലെ ഒരു രാത്രിയില്‍ എല്ലാ മനുഷ്യരെയും പോലെ ഞാനും ഉറങ്ങാന്‍ കിടന്നു. ഉറക്കം ദിശതെറ്റി ഉണര്‍വിന്റെ വടുക്കുകളില്‍പറ്റി കിടന്ന നേരങ്ങളിലൊന്നില്‍ ഒരു സ്വപ്‌നം പെരുമഴ പോലെ എന്നെ നനച്ചു. ആ മഴയില്‍ പനിച്ചു വിറച്ചു. പിറ്റേന്ന് ഉണര്‍ന്നപ്പോഴും തലേന്ന് കണ്ട സ്വപ്‌നത്തിന്റെ ചൂര് വിട്ടുപോകാതെ എന്നില്‍പറ്റി കിടന്നു. ഒരാളെ വലിച്ചുലക്കാന്‍ മാത്രം ത്രാണിയുണ്ടായിരുന്ന ഒരു സ്വപ്‌നം! 

സ്വല്പം ചരിത്രം 

തളിപ്പറമ്പ ബസ് സ്റ്റാന്റില്‍ നിന്നും പടിഞ്ഞാറു മാറി നാഷണല്‍ ഹൈവേ മുറിച്ചു കടന്നാല്‍ നേരെ കാണുന്നത് നാലുനിലകളുള്ള ഒരു ബിസിനസ്സ് കോംപ്ലക്സാണ്. അതിന്റെ താഴത്തെ നിലയിലേക്ക് കോണിയിറങ്ങിയാല്‍ ഇരുട്ടുവീണ് കറുപ്പു പിടിച്ചവഴിയിലെ നാലാമത്തെ മുറിയുടെ ഷട്ടര്‍ വലിച്ചുയര്‍ത്തുമ്പോള്‍ ഓലമെടഞ്ഞ പായയുടെ മേല്‍ക്കുപ്പായമിട്ട റാക്കുകളില്‍ നിന്ന് 'എന്നെ വായിക്കൂ... എന്നെ വായിക്കൂ...' എന്ന് നിശബ്ദമായി മുറവിളി കൂട്ടുന്ന ധാരാളം പുസ്തകങ്ങള്‍ പ്രിയപ്പെട്ട വായനക്കാരനെ സ്വാഗതം ചെയ്യുന്നത് കേള്‍ക്കാം. 

അവിടെ ചെല്ലുക എന്നത്, ഡിഗ്രി അവസാനവര്‍ഷങ്ങളില്‍ എനിക്കു ഹരമായിരുന്നു. പ്രത്യേകിച്ചും കോളേജ് ജീവിതത്തിന്റെ മടുപ്പില്‍ നിന്നും കരകയറാനുള്ള, ജീവിതത്തിന്റെ പച്ചപ്പു നുണയാനുള്ള ഒരു സങ്കേതം എന്ന നിലയ്ക്ക്. കോളേജ് വിട്ട് തളിപ്പറമ്പ ടൗണില്‍ ബസിറങ്ങിയാല്‍ ആ സങ്കേതത്തിലേക്ക് ഓടി രക്ഷപ്പെടും. റാക്കുകളില്‍ നിന്നും പുസ്തകമെടുക്കും. പുസ്തകങ്ങള്‍ മണത്തു നോക്കും. പേജുകള്‍ മറിക്കും. വായിച്ചു പകുതിയാക്കിയ പേജിനു വിടവില്‍ ബുക്ക്മാര്‍ക്ക് ഉയര്‍ത്തി വെക്കും. പിറ്റേന്ന്, ബാക്കി നിര്‍ത്തിയതില്‍ നിന്നും വീണ്ടും തുടരും.  
    
ക്ലാസുകള്‍ കഴിഞ്ഞു. പരീക്ഷകള്‍ വന്നു. കോളേജിനോട് ഗുഡ്ബൈ പറഞ്ഞു. ഭൂമിയില്‍ രാത്രിയും പകലും നിന്നു പെയ്തു. ഇടയ്ക്കെപ്പൊഴോ ടൗണ്‍ ചുറ്റാനിറങ്ങിയ ഞാന്‍ സങ്കേതത്തിലേക്ക് കോണിയിറങ്ങി. നാലാമത്തെ മുറിയുടെ ഷട്ടര്‍ തുറക്കാതെ കിടന്നു. അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ തുറക്കാറില്ലെന്ന് അറിഞ്ഞു. അഭയം നഷ്ടപ്പെട്ടവന്റെ എല്ലാ ഹൃദയവേദനയോടും കൂടി അവിടെ നിന്നും മടങ്ങി. പിന്‍വിളികളില്ലാതെ സങ്കേതം തനിയെ നിന്നു. 

സ്വപ്‌നത്തിന്റെ വ്യാഖ്യാനം

പൈപ്പില്‍ നിന്നും ഊര്‍ന്ന് വീഴുന്ന വെള്ളം കൈവഴികള്‍ കിട്ടാതെ തളംകെട്ടി നില്ക്കും പോലെ, ഡിഗ്രി പഠനം കഴിഞ്ഞ് ചെറിയൊരു തരം അനിശ്ചിതത്ത്വം ജീവിതത്തില്‍ ഉണ്ടാക്കിയിരുന്ന ആ കാലത്തെ ഏതോ രാത്രിയിലാണ് മുകളില്‍ സൂചിപ്പിച്ച സ്വപ്നം ഭീതിതമായി വന്നു മൂടിയത്. 

ആ ദു:സ്വപ്‌നം ഇന്നും ഓര്‍മയില്‍ പച്ച തൊട്ടു നില്പുണ്ട്. അത് ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഇപ്രകാരമായിരിക്കും: സങ്കേതത്തിലെ റാക്കുകളിലെ പുസ്തകങ്ങള്‍ - ഇനിയും വായിച്ചു തീര്‍ക്കാനുള്ള പുസ്തകങ്ങള്‍, പാതി വായിച്ച് മടക്കി വെച്ച പുസ്തകങ്ങള്‍ ഒക്കെയും ചിതല്‍പ്പുറ്റുകളായി രൂപം കൊള്ളുന്നു. ചിതലുകള്‍ കാര്‍ന്നെടുത്ത പുസ്തകങ്ങള്‍ കണ്ടപ്പോള്‍ സ്വപ്നത്തില്‍ നിന്നും സുബോധത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ബോധത്തിലും സ്വപ്‌നം ഉലച്ചുകളഞ്ഞു. സങ്കേതത്തിലെ പുസ്തകങ്ങള്‍ ചിതല്‍വീടുകളായിക്കാണുമോ? മഷിപുരണ്ട പേജുകള്‍ അതിന് തറകളായി തീരുമോ? ഇങ്ങനെ ഉത്കണ്ഠകള്‍ പുതച്ചിരുന്നു.

വൈകാതെ പോംവഴി കണ്ടെത്തി. സങ്കേതത്തിന്റെ താക്കോല്‍ വാങ്ങി. കോണികളിറങ്ങി. നാലാമത്തെ മുറിയുടെ ഷട്ടറിനുമുന്നില്‍ ചെന്നു നിന്നു. താക്കോല്‍ പഴുതില്‍ ചാവി കയറ്റി വലത്തോട്ട് തിരിച്ചു. ഷട്ടര്‍ ഉയര്‍ത്തി. വലിയ ശബ്ദത്തില്‍ അത് തുറക്കപ്പെട്ടു. അപ്പോള്‍ ഏതോ വായനക്കാരനെ കാത്തിട്ടെന്ന പോലെ പേജുകള്‍ പൂര്‍ണ്ണമായും ചിതല്‍ നക്കിയനിലയില്‍ അനേകം പുസ്തകങ്ങള്‍ കാണപ്പെട്ടു. 

പിന്നീട് ഭൂമി ഒരു ഭ്രമണം പൂര്‍ത്തിയാക്കും വരെ ആ ഷട്ടര്‍ ഉയര്‍ന്നു തന്നെ കിടന്നു. അതിന്റെ കാവല്‍ക്കാരന്‍ വായിച്ചു മദിച്ചു നടന്നു. 

Content Highlights: Readers day writing reminiscing books, Vayanadinam 2020, books special