ഭാര്യ പകുത്തുനല്‍കിയ കരളിന്റെ ഉറപ്പില്‍ ഉല്ലല ബാബു കാക്കുന്നതു വലിയൊരു പുസ്തകലോകമാണ്. ഒരു കച്ചവടക്കാരനെന്തിനാ ഇത്രയും പുസ്തകങ്ങള്‍? പലഘട്ടത്തിലും നേരിടേണ്ടിവന്ന ചോദ്യങ്ങള്‍ക്ക് വായനയിലൂടെ വളര്‍ത്തിയ അക്ഷരങ്ങള്‍ കൊണ്ടായിരുന്നു ബാബുവിന്റെ മറുപടി.

പ്രിന്റിങ് സ്ഥാപന നടത്തിപ്പുകാരന്‍ അക്ഷരങ്ങളുടെ കൂട്ടുകാരനായത് മലയാളം അധ്യാപകനായിരുന്ന അച്ഛന്‍ പി. സുബ്രഹ്മണ്യപിള്ള കാരണമാണ്. പുസ്തകങ്ങളെ അറിഞ്ഞു വളര്‍ന്ന് 17-ാം വയസ്സില്‍ എഴുത്തിന്റെ വഴികളിലേക്കു കടന്നു. ഡിഗ്രിയും ജേണലിസത്തില്‍ ഡിപ്ലോമയും നേടി.

ജീവിതമാര്‍ഗമായത് പ്രിന്റിങ് പ്രസ്. തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് കടയും. ഇവിടെയും എഴുത്തും വായനയും പുസ്തകപ്രേമവും വിട്ടുകളഞ്ഞില്ല. രണ്ടുവര്‍ഷംമുമ്പ് കരള്‍ ഒന്നു പിണങ്ങി. മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ ഭാര്യ മായ കരള്‍ പകുത്തുനല്‍കി.

ബാലസാഹിത്യത്തിലായിരുന്നു എഴുത്ത്. 80-കളില്‍ 'മൂന്നു മടിയന്മാര്‍' എന്ന കൃതിയില്‍ തുടങ്ങിയ എഴുത്ത് 2020-ലെ 'കലാം കഥകള്‍' വരെയെത്തുമ്പോള്‍ പ്രസിദ്ധീകരിച്ചത് 68 ബാലസാഹിത്യകൃതികള്‍. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പാഠപുസ്തകങ്ങളിലും കൃതികള്‍ സ്ഥാനംപിടിച്ചു. പുരസ്‌കാരങ്ങളും തേടിയെത്തി.

എഴുത്തിനൊപ്പം വായനലോകം കാക്കുന്നതാണ് പ്രധാനം. വീടിന്റെ വലിയൊരു ഭാഗവും പുസ്തകങ്ങള്‍ ചിട്ടയായി നിറച്ചിരിക്കുകയാണ്. 2300-ഓളം പുസ്തകങ്ങള്‍ ശേഖരത്തിലുണ്ട്. ഒപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ളവയുടെ ആദ്യകാല ശേഖരവും പതിറ്റാണ്ടുകള്‍മുമ്പ് മുതലുള്ള പ്രധാന പത്രത്താളുകളും നിന്നുപോയതടക്കമുള്ള കുട്ടികളുടെ പ്രസിദ്ധീകരണങ്ങളുമെല്ലാം ശേഖരത്തിലുണ്ട്. വായനയ്ക്കും ചര്‍ച്ചകള്‍ക്കുമായി സമാന മനസ്സുള്ളവരുമായി ചേര്‍ന്ന് 25 വര്‍ഷമായി പിറവി സാഹിത്യവേദി ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അമ്മ ദേവയാനിയും ഭാര്യ മായയും മക്കളായ നിപുന്‍ബാബുവും അരുണ്‍ബാബുവും കൂട്ടുണ്ട്.

Content Highlights: Readers Day, Vayanadinam 2020, Books special