വെളിച്ചത്തിന്റെ ലോകം അന്യമായവര്‍ക്ക് മുന്നില്‍ കഥയായും കവിതയായും പത്രവാര്‍ത്തയായും എത്തുകയാണ് ഫര്‍ഷാനയുടെ ശബ്ദം. കേരള ഫെഡറേഷന്‍ ഓഫ്ദി ബ്ലൈന്‍ഡിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലെ കാഴ്ചയില്ലാത്തവര്‍ക്കായാണ് ശബ്ദം റെക്കോഡ് ചെയ്ത് ഫര്‍ഷാന അയച്ചുനല്‍കുന്നത്. ഇവരുടെ സാമൂഹികപ്രതിബദ്ധത വായനദിനത്തില്‍ ശ്രദ്ധേയമാവുകയാണ്.

കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രിയില്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയായ ഫര്‍ഷാന തന്റെ പഠനത്തിനിടയിലും ഒഴിവുസമയത്തുമാണ് കഥകളും ലേഖനങ്ങളും നോവലുകളും പത്രവാര്‍ത്തകളുമെല്ലാം വായിച്ചുകൊടുക്കുന്നത്.

സ്‌നേഹതീരം വൊളന്റിയര്‍വിങ്ങിലൂടെയാണ് കാഴ്ചയില്ലാത്തവര്‍ക്കായുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ വാട്‌സാപ്പ് കൂട്ടായ്മയെക്കുറിച്ച് അറിയുന്നത്.

കുട്ടിക്കാലത്ത് വായനയോട് താത്പര്യമുണ്ടായിരുന്ന ഫര്‍ഷാന ലോക്ഡൗണ്‍കാലത്ത് വായനയോട് കൂടുതല്‍ അടുത്തു. കഥയും നോവലുകളുമെല്ലാം കാഴ്ചയില്ലാത്തവര്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ താനും വായനയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നതായും കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നതായും ഫര്‍ഷാന പറഞ്ഞു.

മാധവിക്കുട്ടിയും കെ.എല്‍. മോഹനവര്‍മയും ചേര്‍ന്ന് എഴുതിയ അമാവാസി, എം. മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, സരസമ്മ വള്ളത്തൂവലിന്റെ മനസ്സാക്ഷി തുടങ്ങിയ നോവലുകളാണ് ഓരോരോ ഭാഗമായി വായിച്ചുനല്‍കിയത്.

വായനയ്ക്ക് പുത്തലത്ത് കണ്ണാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് പുത്തലത്തിന്റെ പിന്തുണയുമുണ്ട്. കാഴ്ചയില്ലാത്തവരോട് ഒരു സാമൂഹികകടമകൂടിയാണ് ഫര്‍ഷാനയിലൂടെ നിര്‍വഹിക്കുന്നതെന്നും സുരേഷ് പറഞ്ഞു. ഫര്‍ഷാനയ്ക്ക് വായിക്കാനുള്ള പുസ്തകങ്ങളും ഡോ. സുരേഷ് എത്തിച്ചുനല്‍കാറുണ്ട്. വെള്ളയില്‍ സ്വദേശിയായ അബ്ദുള്‍ ഗഫൂര്‍- റസിയ ദമ്പതിമാരുടെ മകളാണ് ഫര്‍ഷാന.

Content Highlights: Readers Day, Vayanadinam 2020, book special