ഭ്രാന്തനാണ്; മുഴുഭ്രാന്തന്‍...'' ഫോണ്‍ വിളിച്ച അപരിചിതന്‍  സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അത്ഭുതം തോന്നിയില്ല. പതിവായി കേള്‍ക്കുന്ന പല്ലവിയല്ലേ? പാട്ടു തലയ്ക്ക് പിടിച്ചു വട്ടായവരാണ് അധികവും വിളിക്കുക. അതും നേരമല്ലാത്ത നേരത്ത്. അങ്ങനെയുള്ളവരെ  എളുപ്പം തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും കഴിയും എനിക്ക്. അതേ ഉച്ചക്കിറുക്ക് വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടക്കുന്നതു കൊണ്ട് പ്രത്യേകിച്ചും.

എന്റെ ചിന്തകള്‍ എളുപ്പം വായിച്ചെടുത്തെന്നു തോന്നുന്നു, വിളിച്ചയാള്‍. വെറും പാട്ടുഭ്രാന്തന്‍ എന്നാകും നിങ്ങള്‍ വിചാരിച്ചത്. അത്തരക്കാരാണല്ലോ നിങ്ങളെ അധികവും വിളിക്കുക. എന്നാലങ്ങനെയല്ല. ശരിക്കും ഒരു ഭ്രാന്തന്‍. അയാം എ  സ്‌കീസോഫ്രീനിയാക്. പാരനോയ്ഡ്  സ്‌കീസോഫ്രീനിയയാണ് അസുഖം എന്ന് സൈക്കിയാട്രിസ്റ്റ് പറയുന്നു. മുഴുവനായി മാറാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ നിങ്ങള്‍ പേടിക്കേണ്ട, ഇപ്പൊ ഏതാണ്ട് നോര്‍മലാണ്. എങ്കിലും ചിലപ്പോള്‍ അസുഖം തിരികെ വന്നേക്കും. അതിന് മുന്‍പ് നന്ദി പറയാന്‍ വേണ്ടിയാണ് വിളിച്ചത്...''

ആകെയൊരു ആശയക്കുഴപ്പം. ഒന്നുകില്‍ ആരോ നട്ടുച്ചയ്ക്ക് വട്ടുപിടിപ്പിക്കാന്‍ വിളിക്കുന്നു. അല്ലെങ്കില്‍ ശരിക്കും മാനസികാസ്വാസ്ഥ്യമുള്ള  ഒരാള്‍. ഉറക്കെയുള്ള സംസാരവും അസ്ഥാനത്തുള്ള ചിരിയും ചേര്‍ത്തുവെച്ചപ്പോള്‍ രണ്ടാമത് പറഞ്ഞതാണ് ശരി എന്ന് തോന്നി. പക്ഷേ എന്തിനാണ് ഈ നന്ദിപ്രകടനം?   

ഉത്തരം പിന്നാലെ വന്നു: നിങ്ങള്‍ക്കറിയുമോ ആവോ. അനാവശ്യ ചിന്തകളാണ്  ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.  കാടുകയറിയ  ഭാവനകള്‍. ഹലൂസിനേഷന്‍സ് എന്ന് പറയും. ഏതൊക്കെയോ ആളുകള്‍  ചേര്‍ന്ന് നമ്മെ ഉപദ്രവിക്കുന്നു എന്ന ചിന്ത. പിന്നെ ആരൊക്കെയോ നമ്മളെ കുറിച്ച് കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍. ചുറ്റുമുള്ള എന്തിനെക്കുറിച്ചും സംശയം. കാതില്‍ എപ്പോഴും ശബ്ദശല്യം. കുട്ടിക്കാലം തൊട്ടേ അങ്ങനെയാണ്. അച്ഛനും ഉണ്ടായിരുന്നുവത്രേ ഇതേ അസുഖം. പക്ഷേ എന്റെ കാര്യത്തില്‍ ലക്ഷണങ്ങള്‍  പ്രകടമായിത്തുടങ്ങിയത് കല്യാണം കഴിഞ്ഞ ശേഷമാണ്. പാവം ഭാര്യ. ഒരു കൊല്ലം എന്നെ  സഹിച്ച ശേഷം അവള്‍ അവളുടെ വഴിക്ക് പോയി ...''

ഇടയ്‌ക്കൊന്നു നിര്‍ത്തി ശ്വാസമെടുത്ത് അയാള്‍  പറഞ്ഞു: നിങ്ങളെ ബോറടിപ്പിക്കാനല്ല. വിളിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞെന്നേയുള്ളൂ.'' സ്വന്തം ജീവിതകഥ ചുരുക്കം വാക്കുകളില്‍ വിവരിച്ചു  അയാള്‍. ചെറുപ്പം മുതലേ സംഗീത പ്രേമിയാണ്. എല്ലാവരുടെ പാട്ടും കേള്‍ക്കും. വരികളാണ് അധികം ശ്രദ്ധിക്കുക. ജാനകി , അല്ലെങ്കില്‍ സുശീല പാടുമ്പോള്‍ അവര്‍ എനിക്ക് വേണ്ടിയാണു പാടുന്നെതെന്ന് തോന്നും. ആ വരികളൊക്കെ എന്നെ ഉദ്ദേശിച്ചാണെന്നും. ആദ്യമൊക്കെ അതൊരു രസമായിരുന്നു. പക്ഷേ അസുഖം മൂത്തപ്പോള്‍ ആ ചിന്തകള്‍ നെഗറ്റീവ് ആയി മനസ്സിനെ ബാധിക്കാന്‍ തുടങ്ങി. എഴുത്തുകാരന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യാനിടയില്ലാത്ത  അര്‍ത്ഥങ്ങളാണ് ഞാന്‍ പാട്ടില്‍  കണ്ടെടുക്കുക. ചിലതൊക്കെ എന്നെ പരിഹസിക്കുന്ന വരികളായി തോന്നും. റേഡിയോ എടുത്തു വലിച്ചെറിഞ്ഞിട്ടുപോലും ഉണ്ട്. പതുക്കെ പതുക്കെ  ഇഷ്ട ഗായകരും ശത്രുക്കളായിത്തുടങ്ങി. ഈ സുശീലക്കും ജാനകിക്കുമൊക്കെ എന്നോട് എന്താണിത്ര വിരോധം എന്ന് തോന്നിയിട്ടുണ്ട് അക്കാലത്ത്....'' 

ഒരു യുക്തിയും ഇല്ലാത്ത ചിന്ത എന്ന് ഇന്നെനിക്കറിയാം. പക്ഷേ അന്ന് അങ്ങനെയായിരുന്നില്ല. ഏറ്റവുമടുത്ത ബന്ധുക്കള്‍ പോലും ശത്രുപക്ഷത്തായിരുന്നു. അഥവാ അതായിരുന്നു എന്റെ വിശ്വാസം. സ്വയം ജീവനൊടുക്കാന്‍ വരെ ശ്രമിച്ചിട്ടുണ്ട് രണ്ടു വട്ടം. കാര്യങ്ങള്‍ കൈവിട്ടുപോകുന്നോ എന്ന തോന്നല്‍ വന്ന ഘട്ടത്തില്‍  ഞാന്‍ തന്നെ നേരിട്ടു ചെന്ന് ഒരു ക്ലിനിക്കില്‍ അഡ്മിറ്റായി. മരുന്ന് റഗുലര്‍ ആയി കഴിച്ചു തുടങ്ങിയത് അതിനുശേഷമാണ്.''  വര്‍ഷങ്ങള്‍ പിന്നിട്ട ആശുപത്രി യാത്രാ പരമ്പരകളുടെ  തുടക്കം മാത്രമായിരുന്നു അത്. പത്തോ പന്ത്രണ്ടോ തവണ സൈക്കിയാട്രിക്ക് ക്ലിനിക്കുകളില്‍  അഡ്മിറ്റായിട്ടുണ്ട്. ചിലപ്പോള്‍ ഒരാഴ്ച്ചയോളം നീളും ആശുപത്രിവാസം;  അധികം വയലന്റ് ആകുന്ന ഘട്ടങ്ങളില്‍  പത്ത് ദിവസം വരെ കിടന്നിട്ടുണ്ട്.

കഴിഞ്ഞ തവണ ആശുപത്രിവാസം കഴിഞ്ഞു തിരിച്ചു പോരും മുന്‍പ് ഡോക്ടറോട് യാത്ര പറയാന്‍ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ മേശപ്പുറത്ത് സ്വര്‍ണ്ണചാമരം എന്ന പുസ്തകം കണ്ടത്. വെറുതെ ഒരു കൗതുകത്തിന് എടുത്തു മറിച്ചുനോക്കി. അത്ഭുതം. എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളെ കുറിച്ചാണ് മിക്ക ലേഖനങ്ങളും. അസുഖകാലത്തിനു മുന്‍പുള്ള  നല്ല ഓര്‍മ്മകള്‍ പലതും ആ പാട്ടുകളുമായി ബന്ധപ്പെട്ടാണ്.കണ്ണൂര്‍ രാജനെ കുറിച്ചുള്ള ലേഖനം അവിടെയിരുന്നു കൊണ്ട് തന്നെ ഞാന്‍ വായിച്ചുതീര്‍ത്തു.  എന്തിനെന്നെ വിളിച്ചു  വീണ്ടും എന്ന പാട്ടിനെ കുറിച്ച് എഴുതിക്കണ്ടതുകൊണ്ടാണ്. എനിക്കേറെ ഇഷ്ടമുള്ള പാട്ടാണ്. പഴയൊരു നഷ്ടപ്രേമത്തിന്റെ ഓര്‍മ്മ പതിഞ്ഞുകിടക്കുന്ന പാട്ട്. പുസ്തകം തിരികെ മേശപ്പുറത്ത് വെച്ചപ്പോള്‍  ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ എടുത്തോളൂ. ഞാന്‍ വായിച്ചു കഴിഞ്ഞതാണ്....  കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍.  ആ നിമിഷം എന്റെ കൂടെ കൂടിയതാണ് നിങ്ങള്‍.''

വലിയ വായനക്കാരനൊന്നുമല്ല താനെന്ന് തുറന്നുപറയാന്‍ മടിച്ചില്ല അയാള്‍. ആകെ വായിക്കാറുണ്ടായിരുന്നത് ബാലമാസികകളും  കോമിക്കുകളും. പക്ഷേ വിഷയം സംഗീതമായതുകൊണ്ട് സ്വര്‍ണചാമരം മനസ്സിരുത്തി വായിച്ചു. ഒന്നും രണ്ടുമല്ല, അഞ്ചു തവണ. ഓരോ തവണ വായിക്കുമ്പോഴും ആ പാട്ടുകള്‍ അറിയാതെ മനസ്സില്‍ മൂളും. ചിലപ്പോള്‍  അതല്‍പ്പം ഉറക്കെയാകും. എന്റെ കുട്ടിക്കാലം, കൗമാരം ഒക്കെ വല്ലാതെ ഓര്‍മ്മവരും. ഞങ്ങളുടെ വീടിന്റെ പിന്നിലുള്ള പേരമരത്തില്‍ കയറിയിരുന്ന് കായാമ്പൂ, ഏഴിലംപാല പൂത്തു, ചെട്ടികുളങ്ങര ഭരണിനാളില്‍ എന്നീ പാട്ടുകളെല്ലാം ഉച്ചത്തില്‍  പാടിയിരുന്ന കാലം. പിന്നെ സിലോണ്‍ റേഡിയോയില്‍ സരോജിനി ശിവലിംഗത്തെ കേള്‍ക്കാന്‍ അമ്മയോടൊപ്പം കാത്തിരുന്നത്... അത്തരം ചെറുചെറു കാര്യങ്ങളൊക്കെ ആരെങ്കിലും ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടുനടക്കുന്നുണ്ടാകും എന്ന് ഞാന്‍ വിചാരിച്ചിട്ടില്ല; നിങ്ങളുടെ പുസ്തകം വായിക്കും വരെ.

ഒരു കാര്യം അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു ഞാന്‍. പുസ്തകം വായിക്കുന്ന സമയത്ത് അനാവശ്യ ശബ്ദങ്ങള്‍ കാതില്‍ പതിക്കുന്നില്ല. ഏകാഗ്രത കിട്ടുന്നു. ദുഷ്ചിന്തകളില്ല. ജീവിതത്തോട്  വെറുപ്പില്ല. ഇന്ന് ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  എന്റെ ഉള്ളില്‍ ശരിക്കും ഒരു വായനക്കാരന്‍ ഉണ്ടത്രേ. ഞാന്‍ ഇപ്പോഴാണ് അയാളെ തിരിച്ചറിയുന്നത് എന്ന് മാത്രം.  എന്തോ എനിക്കറിയില്ല. ഒന്ന് മാത്രമറിയാം, ഇപ്പോള്‍ മനസ്സിനൊരു സമാധാനം ഉണ്ട്. തിരകള്‍ ഒടുങ്ങിയ കടല്‍ പോലെ തോന്നുന്നു.  ഈ കടല്‍ എന്നാണ് ഇനിയും പ്രക്ഷുബ്ധമാകുക എന്ന് മാത്രം അറിയില്ല..'' പറഞ്ഞു നിര്‍ത്തുമ്പോഴേക്കും അയാളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. തുടക്കത്തില്‍ കേട്ട  ചിരിയും എങ്ങോ പോയി മറഞ്ഞപോലെ...

പിന്നീടധികം സംസാരിച്ചില്ല അയാള്‍. ഫോണ്‍ വെക്കും മുന്‍പ് ഒരപേക്ഷ കൂടി: ദയവായി ഈ നമ്പറില്‍ എന്നെ തിരിച്ചുവിളിക്കരുത്.  പുറത്തെ ഒരു കടയിലെ ലാന്‍ഡ് ഫോണ്‍ ആണിത്. മൊബൈല്‍ ഫോണ്‍ ഞാന്‍ ഉപയോഗിക്കാറില്ല. വെറുപ്പാണ്.'' 

എന്തുകൊണ്ട് എന്ന് ചോദിച്ചില്ല. എങ്കിലും അയാളുടെ മനോനില മനസ്സിലാക്കാന്‍ കഴിയുമായിരുന്നു എനിക്ക്. ഇനിയും എപ്പോഴെങ്കിലും വിളിക്കാം ഞാന്‍.''- അയാള്‍ പറഞ്ഞു. വിളിച്ചില്ലെങ്കില്‍ വീണ്ടും അസുഖം തുടങ്ങി എന്ന് വിചാരിച്ചോളൂ. അല്ലെങ്കില്‍ മരിച്ചുപോയി എന്ന്....''തിരിച്ചെന്തെങ്കിലും പറയും മുന്‍പ് ഫോണ്‍ വെച്ചു അയാള്‍. പേരു പോലും ചോദിച്ചില്ലല്ലോ എന്നോര്‍ത്തത് അപ്പോഴാണ്. സാരമില്ല. ഇനിയും എപ്പോഴെങ്കിലും വിളിക്കുമല്ലോ...

അഞ്ചാറ് വര്‍ഷമാകുന്നു ആ ഫോണ്‍ വന്നിട്ട്. പിന്നെ വിളിച്ചിട്ടില്ല അയാള്‍; ഇതുവരെ.

Content highlights : ravimenon write a tribute in unknown reader