വായന

'എന്തേ ഇങ്ങാട്ട് പോന്നൂ?' മാലാഖ ചോദിച്ചു.
'കഥ കഴിഞ്ഞു' അവന്‍ പറഞ്ഞു.
പിന്നെ മാലാഖ അവനെ വായിക്കാന്‍ തുടങ്ങി.
'വായിച്ചു കഴിഞ്ഞിട്ടു പറയാം ഇനി എങ്ങോട്ട് പോകണമെന്ന് ?'
വായന തീരുന്നതും കാത്ത് അവന്‍ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും
ഇടയില്‍ കാത്തിരുന്നു.

വിദ്യാരംഭം

ഒരു നാള്‍ അദ്ധ്യാപകരുപേക്ഷിച്ച ആ
പഴയ ചൂരല്‍ കുട്ടികളുടെ കൈകളില്‍ 
എത്തിച്ചേരും.
അദ്ധ്യാപകര്‍ ക്ലാസിലെ വാതിലുകളിലൂടെയും 
പാഠ പുസ്തകങ്ങള്‍ ജാലകങ്ങളിലൂടെയും
പുറത്ത് പോകും.
ചൂരല്‍ വടികള്‍ രണ്ടു കൈകളിലും
കെട്ടി കുട്ടികള്‍ പറക്കാനോങ്ങും.
പെട്ടെന്ന് പുഴു പൂമ്പാറ്റയാകുന്നത് പോലെ 
കുട്ടികള്‍ക്ക് ചിറകുകള്‍ മുളയ്ക്കും. 
അവര്‍ ആകാശത്തേക്ക് പറന്നു പോകും.
ഭൂമി ഒരു പാഠ പുസ്തകമായി താഴെക്കിടക്കും.             

ദൈവത്തിന്റെ വായന

പുതിയ പതിപ്പുകളിറങ്ങുന്നില്ലെങ്കിലും എന്നും
മാറിക്കൊണ്ടിരിക്കുന്ന പുസ്തകമാണ് ഓരോ മനുഷ്യനും.
കുറെ കഴിയുമ്പോള്‍ ദൈവം മനുഷ്യനെ വായിക്കാനായി കൊണ്ടു പോകുന്നു.

കഥയുടെ ഖനി

ശ്മാശനത്തില്‍ വന്നപ്പോഴാണറിയുന്നത്;
ഭൂമിക്കടിയില്‍ നിന്ന്, മരിച്ചവര്‍ നിര്‍ത്താതെ നിര്‍ഭയരായി കഥകള്‍
പറയുകയാണ്. 
അവരെ ആരും കൊന്നുകളയുകയൊന്നുമില്ലല്ലോ..

Content Highlights: PK Parakkadavu story Readers day 2020