എങ്ങനെയാണെന്നറിഞ്ഞുകൂടാ, എനിക്ക് കുട്ടിക്കാലത്തേ വായിക്കാനിഷ്ടമാണ്. കാരശ്ശേരിയില്‍ മാതൃഭൂമി പത്രം രണ്ടു വീട്ടിലേ വരുന്നുള്ളൂ. ഒന്ന് എന്റെ വീട്ടിലും പിന്നെയൊന്ന് ലങ്കയില്‍ അപ്പുവേട്ടന്റെ വീട്ടിലും. ബാപ്പ കോണ്‍ഗ്രസ്സുകാരനും ഗാന്ധിയെയും നെഹ്‌റുവിനെയും ബഹുമാനിക്കുന്നവനും ആയിരുന്നതുകൊണ്ടാണ് മാതൃഭൂമി വരുത്തിയിരുന്നത്. കുഞ്ഞുകുട്ടിയായിരിക്കുമ്പോഴേ മാതൃഭൂമി പത്രം വായിച്ചാവണം, ഞാന്‍ തുടങ്ങിയത്.
അഞ്ചാംതരത്തിലേക്ക് ജയിച്ചപ്പോള്‍ മേലെ ... ക്ലാസുകാരനായ എടാരത്ത് അബൂബക്കറിനോട് അവന്റെ പുസ്തകങ്ങളെല്ലാം ഞാന്‍ പകുതിവിലയ്ക്ക് വാങ്ങി. അന്ന് അങ്ങനെയാണ് - ക്ലാസ് കയറ്റം കിട്ടിയവരോട് പകുതി വിലയ്ക്ക് പുസ്തകം വാങ്ങുക. മുന്‍കൂട്ടി പറഞ്ഞുറപ്പിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. 'യ്യി ജയിച്ചാല്‍ അന്റെ ബുക്കൊക്കെ ഇന്ക്ക് തരണം, ട്ടോ'.
അക്കാലത്ത് ക്ലാസ്സിലെല്ലാവര്‍ക്കും പുസ്തകമുണ്ടാവില്ല. ചിലര്‍ക്ക് ചില പുസ്തകമുണ്ടാവും. എല്ലാവര്‍ക്കും ഉണ്ടാവും എന്ന് ഉറപ്പിക്കാവുന്നത് സ്ലേറ്റ് മാത്രമാണ്. ദാരിദ്ര്യം അത്ര കൊടൂരമാണ്.
അബൂബക്കറിനോട് പാതിവിലയ്ക്ക് വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍'ഒരു കുട്ടിയുടെ ആത്മകഥ' എന്നൊരു ചെറിയ ഗ്രന്ഥം ഉണ്ടായിരുന്നു. മലയാളത്തിന്റെ ഉപപാഠപുസ്തകമാണ്. അഞ്ചാംതരം മുതലാണ് അമ്മാതിരി ഉപപാഠപുസ്തകമൊക്കെ തുടങ്ങിയത്.
എന്തോ, കൗതുകം തോന്നിയിട്ട് സ്‌കൂള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കും മുമ്പുതന്നെ, ഞാന്‍ ആ ചെറിയ പുസ്തകം വായിച്ചു തുടങ്ങി. കഥ പറയുന്ന കുട്ടിയുടെ പേര് ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്. വീട്ടിനകത്തെ അവന്റെ വിശേഷങ്ങള്‍ വായിച്ചു തുടങ്ങിയതോടെ ആ കുട്ടി ഞാനാണ് എന്നൊരു തോന്നല്‍. അങ്ങനെ തോന്നാന്‍ കാരണമന്താണെന്നറിഞ്ഞുകൂടാ.
ഞാന്‍ അങ്ങനെ രസംപിടിച്ചു വായിച്ചു. രണ്ടാനച്ഛന്‍ ഡേവിഡിനെ ദ്രോഹിക്കുന്ന ഭാഗങ്ങള്‍ വായിച്ചപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. മുറ്റമടിക്കുകയായിരുന്ന ഉമ്മ കോലായിലെ കസേരയിലിരുന്ന് പുസ്തകം വായിക്കുന്ന എന്റെ അടുത്തേക്ക് ഓടിവന്ന് 'യ്യി എന്തിനാ നൊലോളിക്ക്ണത്? എന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ ഏങ്ങിയേങ്ങി കരയുകയായിരുന്നു എന്ന് എനിക്ക് വെളിവുണ്ടായത്.
പുസ്തകം വായിച്ച് കരഞ്ഞു എന്നത് ഉമ്മയ്ക്ക് വിശ്വാസമായില്ല. ഞാന്‍ പറഞ്ഞു: 'ഉമ്മാ, ഈ ബുക്ക് വായിച്ചാല് ങ്ങളും നെലവിളിക്കും.'ഉമ്മ അഞ്ചാംതരം വരെയേ പഠിച്ചിട്ടുള്ളൂ. പത്രത്തില്‍ തലക്കെട്ട് മാത്രമേ നോക്കൂ. ചിലതൊക്കെ ഞങ്ങളോടൊരോടെങ്കിലും വായിച്ചു കൊടുക്കാന്‍ പറയും. അത്രയേ ഉള്ളൂ.
അന്ന് രാത്രി പതിവുപോലെ അടുക്കളയില്‍ പലകയിട്ടിരുന്ന് കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
'ഉമ്മാ, ഞാന്‍ ആ ബുക്ക് വായിക്കാം.'
അടുക്കളയില്‍ ഉമ്മയും ഞങ്ങളുടെ വേലക്കാരി പാത്തുമ്മാച്ചിയും കേള്‍വിക്കാരായുണ്ട്. ഞാന്‍ ഇത്തിരി ഉച്ചത്തില്‍ വായിച്ചു. സങ്കടപ്പെടുത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോള്‍ എനിക്ക് തൊണ്ടയിടറി. എന്റെ കണ്ണ് നനഞ്ഞു.
ഞാന്‍ നോക്കുമ്പോളെന്താ കഥ! ഉമ്മയും പാത്തുമ്മാച്ചിയും കരയുകയാണ്. അപ്പോള്‍ വ്യസനം പുസ്തകത്തില്‍ കണ്ടാല്‍ കരയുന്നത് മാത്രം സുഖക്കേടല്ല!
ഞാന്‍ സ്‌കൂള്‍ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു. വളരെ നല്ല ആ പാഠപുസ്തകം മുഴുവന്‍ വായിച്ചു കഴിഞ്ഞ അന്തസ്സില്‍!
സ്‌കൂള് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വര്‍ത്തമാനം മലയാളം പഠിപ്പിക്കുന്ന ശിവദാസന്‍ മാഷ് പറഞ്ഞു: ഉപപാഠപുസ്തകം മാറിയിരിക്കുന്നു. ഒരു കുട്ടിയുടെ ആത്മകഥയ്ക്ക് പകരം ഞങ്ങള്‍ പഠിക്കേണ്ടത് പഞ്ചവടിയാണ്. എനിക്ക് വല്ലാതെ സങ്കടം വന്നു. അത്ര നല്ല പുസ്തകം എന്തിനാണ് മാറുന്നത്? പിന്നെ, ആ സാധനം വാങ്ങാന്‍ ചെലവാക്കിയ രണ്ടു മുക്കാല് (അരയണ) നഷ്ടമായിപ്പോയില്ലേ? പഞ്ചവടി പുതുതായി വാങ്ങണം. അതിന് മുഴുവന്‍ വില കൊടുക്കേണ്ടി വരും. എല്ലാം വിസ്തിരിച്ച് ഉമ്മയോടു പറഞ്ഞു. ഉമ്മ സമാധാനമൊന്നും പറഞ്ഞില്ല.
ഞാന്‍ അവസാനം എടാരത്ത് അബൂബക്കറിനെ വീട്ടില്‍ പോയി കണ്ട് എന്റെ രണ്ടു മുക്കാല് തിരിച്ച് തന്ന് പുസ്തകം മടക്കിയെടുക്കണം എന്നു പറഞ്ഞു. അവന് ദേഷ്യവും സങ്കടവും ഒക്കെ വന്നു. ഒടുക്കം ഒരു മുക്കാല് (കാലണ) തന്ന് അവന്‍ കച്ചവടം തീര്‍ത്തു ഒരു മുക്കാല് പോയാലെന്താ, നല്ലൊരു കഥ വായിച്ചില്ലേ എന്ന ആശ്വാസമായിരുന്നു എനിക്ക്.
പക്ഷേ, പിറ്റേന്ന് തന്നെ എനിക്ക് ഖേദമായി. ആ കഥ ഇടയ്ക്കിടെ വായിക്കണം. അതു കാണുമ്പോള്‍ തന്നെ ഒരു സന്തോഷമുണ്ട്. അത് സ്വന്തമായി വേണം.
ഉമ്മയോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഒരു മുക്കാല് തന്നു. ഞാന്‍ അതുമായി അബൂബക്കറിന്റെ വീട്ടില്‍ ചെന്ന് ഒരു കുട്ടിയുടെ ആത്മകഥ' വീണ്ടെടുത്തു! എത്രയോ കാലം അതൊരു അമൂല്യനിധിയായി ഞാന്‍ കൊണ്ടു നടന്നിരുന്നു...
കെ.തായാട്ട് എന്ന എഴുത്തുകാരനാണ് അതെഴുതിയത് എന്നും ഇംഗ്‌ളീഷിലെ പ്രശസ്ത സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' എന്ന നോവലിന്റെ സംഗ്രഹ വിവര്‍ത്തനമാണ് ഒരു കുട്ടിയുടെ ആത്മകഥ എന്നും ഞാന്‍ മനസ്സിലാക്കിയത് എത്രയോ കഴിഞ്ഞിട്ടാണ്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തിരിച്ചറിവുണ്ടാകുന്നു- സാഹിത്യം ഒരനുഭവമാക്കി എന്റെ ജീവിതത്തിലേക്ക് ഹൃദ്യമായി കടന്നു വന്ന ആ ചെറിയപുസ്തകമാണ് എന്നെ ഒരു വായനക്കാരനാക്കിയത്. ഞാന്‍ ജീവിതത്തില്‍ ആദ്യമായി എന്തെങ്കിലും ഒന്ന് 'സ്വന്ത'മാക്കിയത് പത്താം വയസ്സില്‍ രണ്ടുമുക്കാല്‍ മുടക്കി വാങ്ങിയ ആ സങ്കടങ്ങളുടെ പുസ്തകമാണ്!
Content Highlights: MN Karassery Shares the experience of reading in his childhood