കോഴിക്കോട്: മുന്നിലിരിക്കുന്ന 28 കുട്ടികള്‍ക്കു മുന്നില്‍ ഇത്തവണ മുതുകാട് മാന്ത്രികവടി പുറത്തെടുത്തില്ല. പകരം മാജിക് അങ്കിള്‍ പറഞ്ഞത് അക്ഷരങ്ങളുടെ മാജിക്കിനെക്കുറിച്ചായിരുന്നു. വാക്കുകള്‍ വഴിനടത്തുന്ന വിസ്മയകഥകളായിരുന്നു. അതില്‍ കറുത്തവര്‍ഗക്കാരനായ ഒല്ലി നീലും 'ദൈവത്തിന്റെ വികൃതികളി'ലെ അല്‍ഫോണ്‍സച്ചനും ചാര്‍ലി ചാപ്ലിനും നിറഞ്ഞു. വായനദിനത്തില്‍ മാതൃഭൂമി സീഡാണ് മുതുകാടും കുട്ടികളുമായുള്ള ഓണ്‍ലൈന്‍ മുഖാമുഖം നടത്തിയത്.

'കറുത്തവര്‍ഗക്കാരനായിരുന്നു ഒല്ലി നീല്‍. സ്‌കൂളിലെ അധ്യാപകരെവരെ ചീത്ത പറയുന്ന, ഇംഗ്ലീഷ് അധ്യാപിക മില്‍ഡ്രെഡ് ഗ്രാഡിയെ കരയിച്ച കുട്ടി. ഒരുദിവസം കറങ്ങിനടക്കുന്നതിനിടെ ഒല്ലി നീല്‍ ലൈബ്രറിയിലെത്തി, ഗ്രാഡിയുണ്ടാക്കിയതായിരുന്നു അത്. സിഗരറ്റ് വലിച്ച്, അലസമായിരിക്കുന്ന പെണ്‍കുട്ടിയുടെ ചട്ടയുള്ള പുസ്തകത്തില്‍ നീലിന്റെ കണ്ണുടക്കി. പുസ്തകമെടുത്ത് കുപ്പായത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുപോയി''.

''ഫ്രാങ്ക് യെര്‍ബിയുടെ അക്ഷരങ്ങള്‍ നീലിനെ ആകെയുലച്ചു. പുസ്തകം ലൈബ്രറിയില്‍ തിരിച്ചെത്തിച്ചപ്പോള്‍ അവിടെ യെര്‍ബിയുടെ മറ്റൊരു പുസ്തകം. അതും വായിച്ചു. അങ്ങനെ ആ കുട്ടി വായിച്ചുവളര്‍ന്നു, അഭിഭാഷകനായി. അര്‍ക്കന്‍സാസിലെ പ്രോസിക്യൂഷന്‍ അറ്റോര്‍ണിയും ജഡ്ജിയുമായി.''

''പക്ഷേ, തന്നെ വായനയിലേക്കു നയിച്ചത് അധ്യാപിക ഗ്രാഡിയാണെന്നു നീല്‍ അറിഞ്ഞത് വൈകിയാണ്. മറ്റൊന്നുകൂടി നീല്‍ അറിഞ്ഞു, പുസ്തകം മോഷ്ടിക്കുന്നതു കണ്ട അധ്യാപിക തനിക്കായി മൈലുകള്‍ താണ്ടി പിന്നെയുംപിന്നെയും പുസ്തകം എത്തിച്ചുവെന്ന്. തെമ്മാടിയെന്നു മുദ്രകുത്തിയ കുട്ടിയെ നല്ലവനാക്കിയത് ആ അധ്യാപികയും പുസ്തകവുമായിരുന്നു''- മുതുകാടിന്റെ ഈ വാക്കുകള്‍ മതിയായിരുന്നു കുഞ്ഞുമനസ്സിന് വെളിച്ചമറിയാന്‍.

മനുഷ്യരെയും മുയലിനെയും അപ്രത്യക്ഷനാക്കുന്ന അങ്കിളിന് കൊറോണയെ ഇല്ലാതാക്കിക്കൂടേ എന്നായിരുന്നു വയനാട്ടിലെ ആഹില്‍ ഷയാന്റെ നിഷ്‌കളങ്കമായ ചോദ്യം. മാജിക് സിനിമയോ വരയോ പോലൊരു കല മാത്രമാണെന്നും ആരെയും ഇല്ലാതാക്കാനാവില്ലെന്നും മുതുകാട് പറഞ്ഞു. ''ഓരോ വിത്തിനുള്ളിലും മരം ഒളിഞ്ഞിരിപ്പുണ്ട്. വിത്ത് പൊട്ടിച്ചാല്‍ മരം കാണില്ല. അത് മണ്ണോടു ചേര്‍ന്നാല്‍ മാത്രമേ മരമാകൂ. കുട്ടികളും ഓരോ വിത്താണ്, മരമാണ്. അതിനായി 'സീഡ്' വഴികാട്ടുകയാണ്'' എന്നു പറഞ്ഞപ്പോള്‍ കുട്ടികള്‍ കൈയടിയോടെ അത് സ്വീകരിച്ചു.

ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍. വിഭാഗം അസി. വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി കോഴിക്കോട് റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, സീനിയര്‍ സബ് എഡിറ്റര്‍ ശ്രീകാന്ത് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് എഫ്.എം. ആര്‍.ജെ. അതുല മുസ്തഫ മോഡറേറ്ററായി.

പുസ്തകം നല്‍കും

പുസ്തകം വാങ്ങാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് എത്രകാലത്തേക്കു വേണമെങ്കിലും അവ വാങ്ങിനല്‍കാമെന്ന് മുതുകാട് പറഞ്ഞു. അവര്‍ വായിക്കുന്നുണ്ടെന്ന് കൃത്യമായി അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Mathrubhumi seed Readers day 2020