ദ്യ കഥയില്‍ മഷി പുരട്ടിയത് മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിക്കോളം. 'എന്റെ എന്റെ' എന്ന്  സ്രഷ്ടാവ് ചമഞ്ഞിരിക്കുമ്പോളാണ് കഥയ്ക്ക് പിന്നാലെ അവന്‍ കയറി വന്നത്. എന്നേക്കാള്‍ കുറേക്കൂടി മുതിര്‍ച്ചയുള്ളവന്‍, പൊടിമീശക്കാരന്‍, വിഷാദക്കണ്ണുകാരന്‍, സൗമ്യന്‍. ഒരു ചെക്കന്‍ കഥാകാരി പാര്‍ക്കുന്നിടം തിരഞ്ഞു വന്നതിന്റെ അങ്കലാപ്പില്‍ അന്തംവിട്ടും, 'പൊല്ലാപ്പെന്നു' നെഞ്ചിടിച്ചു വിയര്‍ത്തും നില്‍ക്കുമ്പോള്‍ അവന്‍ പറയുന്നു, 'കഥ ഏറെ ഇഷ്ടപ്പെട്ടെ'ന്ന്. പിന്നാലെ കൂട്ടിച്ചേര്‍ക്കുന്നു 'അതവന്റെ ജീവിത'മെന്നും.

SHHINA
പുസ്തകം വാങ്ങാം

വേഗം പോയി കിട്ടിയെങ്കിലെന്ന് മുള്ള് ചവിട്ടി നിന്നെങ്കിലും അവന്‍ പോയത് അവന്റെ കഥ മുഴുക്കെ പറഞ്ഞ്. നൊന്തും വിഷാദിച്ചും ഭയന്നും ഉരുകിയും അലഞ്ഞും ഉന്മാദം പൂണ്ടും പേനത്തുമ്പു വിട്ടുപോകുന്ന വാക്കുകളുടെ മറുകരയില്‍ മറ്റൊരാള്‍ കാത്തുനില്‍ക്കുന്നു എന്നെന്നെ പഠിപ്പിച്ചത് അവന്‍. ഇനിയങ്ങോട്ട് ഞാന്‍ എഴുതാന്‍ പോകുന്ന എഴുത്തുകളൊന്നും എന്റേത് മാത്രമല്ലെന്നും, മറുകരയില്‍ കാത്തുനില്‍ക്കുവാന്‍ ആരോ ഉണ്ടെന്നും അവന്‍  അല്ലെങ്കില്‍ അവള്‍ ചിലപ്പോള്‍ എന്നെ അത്രമേല്‍ സ്‌നേഹിക്കുകയോ നിര്‍ദ്ദയം ഉപേക്ഷിക്കുകയോ ചേര്‍ത്തുപിടിക്കുകയോ മുറിവേല്‍പ്പിക്കുകയോ അവഗണിക്കുകയോ ചെയ്തേക്കുമെന്നും ഞാന്‍ ഭയക്കുകയും അതേ തോതില്‍ ആനന്ദിക്കുകയും ചെയ്തു. ആ ഭയങ്ങളും ആനന്ദങ്ങളും മുതിര്‍ന്നിട്ടുമെന്നെ തുടരുന്നു, മറ്റൊരു വിധത്തില്‍ തികച്ചും ക്രിയാത്മകമായി. 

shahina ek
ഷാഹിന.ഇ.കെ

ഇറ്റാലിയന്‍ എഴുത്തുകാരി എലേന ഫെറാന്റെ പറയുന്നു,''I believe that books ,once they are written, have no need of their authors''. ബാക്കി ചെയ്യാനുള്ളത് വാക്കുകള്‍ക്കാണ്. എഴുത്താള്‍ മാഞ്ഞ്, എഴുത്തുമാത്രം ബാക്കിയാകുന്നിടത്ത് ശേഷിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍. അവരില്‍ ചെന്ന് തൊടുന്നതാണ് വാക്കുകളുടെ ഉണ്മ. ഒരു രചനയെ പ്രതി 'ഞാനിത് നെഞ്ചോട് ചേര്‍ക്കുന്നു' എന്ന് പറയുന്നവരും നിര്‍ദ്ദയം കീറിമുറിച്ച് ചിന്തയുടെ, കാഴ്ചപ്പാടിന്റെ, അനുഭവങ്ങളുടെ, ഭാഷയുടെ, നിശ്ശബ്ദതയുടെ മറുലോകം കാട്ടുന്നവരും അവിടെ തുല്യര്‍. 

എന്റെ കഥകളില്‍ നിന്നടര്‍ത്തിയെടുക്കുന്ന വരികളെ മനോഹരമായ വരകളാക്കുന്ന, സ്വന്തം വരകളെ പരസ്യമാക്കാന്‍ ഇഷ്ടമല്ലാത്ത പി എന്നുമാത്രം കുറും പേരുള്ള  ഒരാള്‍, എത്രയോ വര്‍ഷങ്ങളായി അതി ദീര്‍ഘമായ കത്തുകളിലൂടെ, -അതിലൊന്നുപോലും ഇന്നോളം എന്റെ എഴുത്തില്‍ കയറിവന്നിട്ടില്ലയെങ്കിലും- പരിഭവമേതുമില്ലാതെ 'എഴുതാനുപകരിച്ചേക്കുമെ'ന്ന് അതിവിചിത്രമായ സ്വന്തം ജീവിതാനുഭവങ്ങളെ പകര്‍ത്തിയയ്ക്കുന്ന, സൂക്ഷ്മ വായനകളും വിമര്‍ശനങ്ങളും അനുഗ്രഹങ്ങളുമായി മറഞ്ഞിരിക്കുന്ന റിട്ടയേര്‍ഡ് എന്‍ജിനീയര്‍, എത്രയോ കാലം ചുകന്ന സൂര്യന്റെ അടയാളമിട്ടവസാനിപ്പിച്ചിരുന്ന പോസ്റ്റ് കാര്‍ഡുകളിലൂടെ കഥകളെ കുറിച്ച് സംവദിച്ചിരുന്ന, വലിയൊരു വിടവ് ശേഷിപ്പിച്ചു കൊണ്ട് പൊടുന്നനെ നിലച്ചുപോയൊരാള്‍, വാക്കില്ലാ നേരങ്ങളില്‍ 'എഴുത്തുകളെവിടെ' എന്ന് പേനകള്‍ സമ്മാനിച്ച് ചോദിക്കുന്ന, എഴുത്തുകളെവിടെ എന്ന് സ്വയം ചിന്തിപ്പിക്കുന്ന മറ്റൊരാള്‍, 'ഇഷ്ടമായില്ലെന്ന് ' ഒറ്റവാക്കില്‍ ദേഷ്യം പൂണ്ടു പറയുകയും 'അത്രക്കിഷ്ട'മെന്ന് അങ്ങനെതന്നെ ഒറ്റവാക്കില്‍ സ്നേഹംപൂണ്ടവസാനിപ്പിക്കുകയും ചെയ്യുന്ന കണിശക്കാരിയമ്മച്ചി, ഒരു തീവണ്ടി യാത്രയില്‍, എനിക്കരികെ ഇരുന്ന്, ചില നിമിഷങ്ങള്‍ മാത്രം കാത്തിരിപ്പു സമയമുള്ള സ്റ്റേഷനില്‍ ഓടിയിറങ്ങി 'മാതൃഭൂമി ' നിന്നും എന്റെ കഥാസമാഹാരവും വാങ്ങിത്തിരികേ ഓടിക്കയറിയ, വായനക്കൊടുവില്‍ പ്രിയപ്പെട്ട ആരെയോ വിളിച്ചു കഥകളേക്കാള്‍ മനോഹരമായി കഥകളെക്കുറിച്ചു പറഞ്ഞ, എന്നെ തിരിച്ചറിയാത്ത, തീര്‍ത്തുമവഗണിച്ചിറങ്ങിപ്പോയ ആ  പെണ്‍കുട്ടി .., വായനയിലൂടെ മാത്രം സൗഹൃദത്തിലേക്ക് വരികയും അങ്ങനെയങ്ങുറച്ചു പോകുകയും ചെയ്ത ഒരുപാട് പേര്‍, ഈ വായനാദിനക്കുറിപ്പ് നിങ്ങളെ, ഓര്‍ക്കാനുള്ളതാണ്.

SHAHINA
പുസ്തകം വാങ്ങാം

അത്രമേല്‍ സ്‌നേഹിച്ചു തന്നെ, നിര്‍ദ്ദയം ഉപേക്ഷിക്കുകയോ ചേര്‍ത്തുപിടിക്കുകയോ മുറിവേല്‍പ്പിക്കുകയോ അവഗണിക്കുകയോ- എന്ത് ചെയ്യുമെന്നെനിക്കൊരു തീര്‍ച്ചയും തരാതെ ഓരോ കഥയറ്റത്തും കാത്തുനില്‍ക്കുന്ന  എന്റെ പ്രിയപ്പെട്ട മനുഷ്യരേ, സ്‌നേഹാദരങ്ങളോടെ നിങ്ങളെയോര്‍ക്കാന്‍.

ഷാഹിന ഇ.കെ. യുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Malayalam writer EK Shahina article about Readers Day