'Solitary man, you must be ready to burn yourself in your own flame; How could you rise anew if you have not first become ashes?' - Frederic Nietsche (Thus Spoke Zarathusthra, Part 1, Chapter 17 On the way of the creator)

പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ വരുകയും മലയാളിയുടെ സമകാലിക വായനാചരിത്രത്തെ വലിയ നിലയില്‍ പുതുക്കിപ്പണിയുകയും ചെയ്തു എന്നതാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ മൗലികപ്രസക്തി. സമ്മിശ്രമായ പ്രതികരണമായിരുന്നു നമ്മുടെ സാഹിതീയ പൊതുമണ്ഡലത്തില്‍ സൂസന്നയ്ക്കു ലഭിച്ചത്. പരിണിതപ്രജ്ഞനായ നിരൂപകരിലൊരാള്‍ ''നോവലിന്റെ വേഷം കെട്ടിയ പുസ്തകക്കുറിപ്പുകള്‍ 'എന്ന ഖണ്ഡന വിമര്‍ശനം ഉന്നയിച്ചത് മുതല്‍ ഗൗരവമായി വായനയെ കാണുന്ന പുതിയ വായനക്കാരില്‍ ചിലര്‍ 'ഒന്നു കൈവിട്ടാല്‍ പ്രിറ്റന്‍ഷ്യസായി മടുപ്പിക്കുമായിരുന്ന പ്രമേയത്തെ ശില്പവൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു' എന്ന മണ്ഡന വിമര്‍ശനം വരെ നീളുന്ന വിരുദ്ധവും ബഹുതലവുമായ ചര്‍ച്ചകളാണ് സൂസന്നയെ ചുറ്റി രൂപപ്പെട്ടത്. ഒരു കാര്യമുറപ്പാണ്, ഈയടുത്ത കാലത്ത് ഇത്രത്തോളം വിജയിച്ച മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഈ കുറിപ്പ് സൂസന്നയുടെ ഗുണദോഷ വിചിന്തനമോ സ്ഥാനപ്പെടുത്തലോ അല്ല. മറിച്ച് ഒരു സാംസ്‌കാരികനിര്‍മ്മിതി എന്ന നിലയില്‍ ഇത്രത്തോളം വിജയം കൈവരിക്കാന്‍ ആ നോവലിന് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചില ആലോചനകളാണ്. അത് പാഠത്തെയും ആ പാഠം ഫലിച്ച സാംസ്‌കാരിക വ്യവസ്ഥയെയും ചേര്‍ത്തു പരിശോധിച്ചേ സാധ്യമാകൂ താനും. ഖണ്ഡന/മണ്ഡന പരിപ്രേക്ഷ്യങ്ങള്‍ ഈ കുറിപ്പിന്റെ താത്പര്യമല്ല.

ഒന്ന്

സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിനെ സംബന്ധിച്ച് പ്രാഥമികമായി പറയാന്‍ പറ്റുന്ന ഒരു കമന്റ് ഇത് വായനക്കാരനെ/യെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു കൃതിയാണ് എന്നതാണ്. വായനക്കാരുടെ ഇടപെടലില്ലാതെ പൂര്‍ത്തീകരിക്കപ്പെടാത്ത കൃതി എന്നര്‍ത്ഥം. വായനക്കാരന്‍/രി ഒരു നിസംഗസ്വീകരണസ്ഥാനമായി എഴുത്തുകാരനെ കേള്‍ക്കുകയല്ല സൂസന്നയുടെ വായനയില്‍ സംഭവിക്കുന്നത്. എഴുത്തുകാരന്‍ എഴുത്തിന്റെ അധികാരിയായിരിക്കുകയും, വായനക്കാര്‍ താഴെ നിന്നതു കേട്ടു മനസിലാക്കുകയും ചെയ്യുന്ന മേല്‍കീഴ് ബന്ധം സൂസന്ന പിന്‍പറ്റുന്നില്ല. സമാന്തരവും സമാനവുമായ രണ്ട് സ്ഥാനങ്ങളാണ് എഴുത്തുകാരനും വായനക്കാര/രിയും ഈ കൃതിയുടെ പൂരണത്തില്‍. വായനയുടെ ജനാധിപത്യത്തിന്റെ ഏറ്റവും സര്‍ഗ്ഗാത്മക തലം സൂസന്ന ഉള്‍ക്കൊള്ളുന്നു എന്നര്‍ത്ഥം.

'വിവേകശാലിയായ വായനക്കാരാ' എന്ന വിളി മലയാളത്തില്‍ ഒരു കാലമുണ്ടാക്കിയ വലിയ സര്‍ഗ്ഗാത്മക ജനാധിപത്യമായിരുന്നു. വായനയെ ഒരു ധൈഷണിക പ്രക്രിയയായി കാണുകയും അതിലൂടെ മാത്രം പൂര്‍ത്തിയാവുകയും പൊളിച്ചു പണിയപ്പെടുകയും ചെയ്യുന്ന പാഠരൂപീകരണ പ്രക്രിയയെയും കുറിച്ചുള്ള ആ നിലപാടിന്റെ ഇങ്ങേത്തലയ്ക്കലാണ് സൂസന്നയും നിലകൊള്ളുന്നത്. നവവിമര്‍ശകരും നവമാര്‍ക്‌സിസ്റ്റ് ചിന്തകരും രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ പോലും വായനക്കാരെ വിലകുറച്ചു കണ്ടിട്ടില്ല എന്നതുറപ്പ്. ആധുനികാനന്തരത, പൊതുവെ ആനുഭവിക യാഥാര്‍ത്ഥ്യത്തിന്റെ രാഷ്ട്രീയത്തിലേക്കു കടന്നപ്പോള്‍ നഷ്ടമായത് ഈ പാരസ്പര്യം കൂടിയാണ്. എഴുത്തിന് വീണ്ടും അധികാരിയുണ്ടാവുകയും വായനയ്ക്ക് ടിപ്പണി ആവശ്യമായി വരുകയും ചെയ്യുന്ന പ്രവണത. എഴുത്തുകാരന്റെ അപനിര്‍മ്മാണമല്ല മലയാളത്തില്‍ നടന്നത് എന്നു വേണമെങ്കില്‍ പറയാം (നിശ്ചയമായും ആരാണ് എഴുത്തുകാരന്‍ എന്ന ചോദ്യത്തെ ഉത്തരാധുനികത കടപുഴക്കി എന്നു ചേര്‍ത്തു പറഞ്ഞു കൊണ്ട് തന്നെ). വായനക്കാരന്റെ ബൗദ്ധികതയെ കുറച്ചു കാണാതിരിക്കുകയും സ്പൂണ്‍ ഫീഡിംഗ് നടത്താതിരിക്കുകയും പൂര്‍ത്തീകരിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്ന ആഖ്യാനതന്ത്രം സൂസന്ന പാലിക്കുന്നുണ്ട്.

കൃതിയിലേക്കു കടന്നാല്‍, കഥയിലെ ആദ്യ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളിലൊന്ന് The Anatomy of Melancholy എന്ന റിച്ചാര്‍ഡ് ബര്‍ട്ടന്റെ നോവലിലേക്ക് അലിയും അഭിയും എത്തിച്ചേരുന്നതാണ്.

soosanna

നോ നെവര്‍ എന്ന ആശ്ചര്യ ചിഹ്നത്തില്‍ അവസാനിക്കുന്ന വാചകാനന്തരം ഒരു ശൂന്യ സ്ഥലി (Space) കൃതിയില്‍ വിട്ടിരിക്കുന്നത് കാണാം. ആഖ്യാനത്തിലെ ഒരു ഇടനിര്‍ത്തല്‍ (Pausing) ആണത്. ഈ ശൂന്യ സ്ഥലിയ്ക്കു ശേഷം വരുന്ന 'ഞങ്ങളെയും കാത്ത് ആയിരത്തിയഞ്ഞൂറ് പടികള്‍ ഞങ്ങളുടെ മുന്‍പില്‍' എന്ന വാചകത്തോടു ചേരുമ്പോള്‍ ഈ ഖണ്ഡികയിലെ ചിഹ്നങ്ങള്‍, സ്‌പേസ്, പ്രതീകാത്മകത എന്നിവ ചേര്‍ന്ന് മുന്‍പിലുള്ള വലിയ പ്രയത്‌നത്തിന്റെ രൂപകം സൃഷ്ടിക്കപ്പെടുകയാണ്. ഈ രൂപക സൃഷ്ടി വായനക്കാരി/രന്റെ ഇടപെടലിലൂടെ മാത്രമേ രൂപപ്പെടുന്നുള്ളൂ താനും.

ഈ സവിശേഷത -വായനക്കാരന്റെ ഇടപെടലിനുള്ള സ്‌പേസ് എന്നത് - ഒരു ഭാഗത്ത് പരിമിതിയും മറുഭാഗത്ത് ഒരു സാധ്യതയുമാണ്. പരിമിതി എന്നത് ഭാവനാശാലിയായ ഒരു വായനക്കാരനെ ഈ കൃതി പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ്. അലസവായനക്കോ അക്കാദമികവായനക്കോ തൃപ്തി കിട്ടാത്ത ,ചിലപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു നില്‍പ്പാണത്. വായനയുടെ അത്തരം മുഖ്യധാരാ രീതികള്‍ക്കു പകരം സ്വപ്നാടകനായ ഒരു വായനക്കാരനേ സൂസന്ന തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ പറ്റൂ. എല്ലാത്തരം വായനയ്ക്കും രസിക്കാത്ത മട്ടില്‍ ഒരു പ്രതിബന്ധം സൂസന്നയില്‍ നിലകൊള്ളുന്നു എന്നര്‍ത്ഥം. മറുഭാഗത്ത് ഈ സവിശേഷത, കൃതിയുടെ അന്തിമാര്‍ത്ഥം എന്നൊന്നിനെ വായനാ സന്ദര്‍ഭത്തില്‍ തന്നെ ഇല്ലാതാക്കുകയും പാഠമായി അതിനെ മാറ്റുകയും ചെയ്യുന്നു എന്നതാണ്. കാടുകയറുന്ന ഒരു സ്വപ്ന വേട്ടക്കാരന് ആവശ്യമായ അനവധി സ്‌പേസുകള്‍ സൂസന്ന ഒരുക്കി വെക്കുന്നു. 'അലി-ആലി-ആലീസ്' എന്ന കഥയിലൊരിടത്ത് പ്രത്യക്ഷപ്പെടുന്ന സൂചകത്തെപ്പിടിച്ച് ഒരു വിഷാദരോഗിയുടെ ഭ്രമാത്മക ചിന്ത എന്ന ലാവണ്യാത്മ വ്യാഖ്യാനം മുതല്‍, ആധുനിക മലയാളിയുടെ വായനാചരിത്രം എന്ന ഭൗതികവാദ ചിന്ത വരെ സഞ്ചരിക്കാന്‍ തക്ക ബഹുലപ്രാവീണ്യം (Versatality) സൂസന്ന അതുവഴി ഒരുക്കുന്നു.

രണ്ട്

സൂസന്നയുടെ ഗ്രന്ഥപ്പുര വൈജ്ഞാനിക-സാമൂഹ്യ മണ്ഡലങ്ങളിലെ ചില വിചാര വ്യതിയാനങ്ങളോട് രൂപപരമായി സംവദിക്കുന്നുണ്ട്. ഒരു പക്ഷേ നോവലിന്റെ വിജയ കാരണങ്ങളിലൊന്ന് ഇതാവാം. പുതിയ വായനക്കാരെ നോവല്‍ ആകര്‍ഷിക്കുന്നതും സാമ്പ്രദായിക വായനക്കാരില്‍ പലരും നോവലിനെ തള്ളിപ്പറയുന്നതും ഇതിനോടു ചേര്‍ത്തുവായിക്കാന്‍ പറ്റും. സാമ്പ്രദായിക സാഹിതീയ പൊതുമണ്ഡലത്തിന് പുറത്താണ് നോവല്‍ വലിയ നിലയില്‍ സ്വീകരിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ ചെറുകുറിപ്പുകളാണ് നോവലിനെ സ്ഥാനപ്പെടുത്തിയത് എന്നു കാണാം. പുതിയ കാലത്തിന്റെ ചില വിഛേദങ്ങളെ നോവല്‍ ഏറ്റെടുക്കുകയോ സ്വാംശീകരിക്കുകയോ ചെയ്യുന്നതാവാം ഇതിന്റെ അടിസ്ഥാനം.

പ്രാഥമികമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുക ഘടനാവാദാനന്തരത സാധ്യമാക്കിയ, ജ്ഞാനശാസ്ത്രപരമായ വിഛേദ (Epestemological break)ത്തോട് നോവല്‍ ചേരാന്‍ ശ്രമിക്കുന്നു എന്നതാണ്. ലളിതമായ അര്‍ത്ഥത്തില്‍, ആധുനികത ക്രമം തിരിച്ച് കള്ളികളിലാക്കിയ ജ്ഞാന വിഷയങ്ങളെ പരസ്പരം പൂരിപ്പിച്ച് ഒരു സംഭവ (Event) ത്തിന്റെ പ്രഭവങ്ങള്‍ വിശദീകരിക്കുകയാണല്ലോ ആധുനികാനന്തര വൈജ്ഞാനികാന്വേഷണങ്ങള്‍ ചെയ്യുന്നത്. പഴയ അര്‍ത്ഥത്തില്‍ സാഹിത്യം ആത്മനിഷ്ഠമായ അനുഭവ ലോകവും ചരിത്രം വസ്തുനിഷ്ഠമായ ജ്ഞാന ലോകവും ആയ വിരുദ്ധ ദ്വന്ദ്വങ്ങളായി ഇന്ന് പരിഗണിക്കപ്പെടുന്നില്ല. സാഹിത്യം/ചരിത്രം തുടങ്ങിയ വിഷയങ്ങളെ, അതില്‍ തന്നെ നിര്‍ണയിക്കുന്ന ചില അടിസ്ഥാനഘടകങ്ങളുണ്ട് എന്ന ചിന്ത നാം പൊതുവെ ഇന്ന് സ്വീകരിക്കാറില്ല. സാഹിത്യത്തിന്റെ പശ്ചാത്തലമായി ചരിത്രത്തെ കണ്ടിരുന്ന രീതി മാറുകയും പാഠത്തിന്റെ അബോധത്തില്‍ സാന്ദ്രമായി കിടക്കുന്ന ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. ചരിത്രം കേവലമായ ഒരു വസ്തുനിഷ്ഠ ജ്ഞാനമല്ല എന്നും ചരിത്ര ജ്ഞാനത്തെ സാധ്യമാക്കുന്ന ആഖ്യാനരീതി അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു മനസിലാക്കുകയും ചെയ്യുന്നു (ഒരു ഭാഗത്ത് സാംസ്‌കാരിക ഭൗതിക വാദമെന്നും മറുഭാഗത്ത് നവചരിത്ര വാദമെന്നുമൊക്കെ അവ സാങ്കേതികമായി വിളിക്കപ്പെടുന്നു). 

ഘടനവാദാനന്തരതയുടെ ഈ അന്തര്‍വൈജ്ഞാനിക സമീക്ഷ മുഴുവന്‍ ജ്ഞാന മേഖലകളെയും വലിയ നിലയില്‍ പുതുക്കിപ്പണിതിട്ടുണ്ട്. പ്രധാനമായും ചരിത്രം. പഴയ മട്ടില്‍ ദേശരാഷ്ട്രങ്ങളുടെ ചരിത്രം എഴുതുന്ന മുഖ്യധാരാ സമീപനങ്ങള്‍ക്കു പകരം മനുഷ്യരുടെ അനുഭൂതിയുടെ ചരിത്രാന്വേഷണം ഇന്നു വളരെ പ്രബലമാണ്. കേട്ട പാട്ടിന്റെ, കണ്ട ചിത്രത്തിന്റെ, ആസ്വദിച്ച നൃത്തത്തിന്റെ, വായിച്ച പാഠത്തിന്റെ ഒക്കെ സാംസ്‌കാരിക ചരിത്രം ആ നിലയില്‍ വിശദീകരിക്കപ്പെടുന്നു. ഇതിലെ ഏറ്റവും പ്രബലമായ വഴികളിലൊന്നാണ് വായന എന്ന അനുഭൂതിയുടെ ചരിത്രാന്വേഷണം (സൂസന്ന എഴുതാന്‍ പ്രചോദനമായി എന്ന് ആമുഖത്തില്‍ തന്നെ പറയുന്ന ആല്‍ബര്‍ട്ടോ മാംഗ്വലിന്റെ History of Reading ഉത്തമ ഉദാഹരണമാണ്. 1996 ലാണ് ഇത് പുറത്തു വന്നത് എന്നുമോര്‍ക്കുക). നോണ്‍ഫിക്ഷനായി മലയാളിയും വായനയുടെ സാംസ്‌കാരിക ചരിത്രാന്വേഷണം ആരംഭിച്ചു കഴിഞ്ഞതാണ്. പി.കെ.രാജശേഖരന്റെ ബുക്സ്റ്റാള്‍ജിയ, എ.ജി.ശ്രീകുമാറിന്റെ അച്ചുകൂടങ്ങളിലെ കേരളം എന്നിവ ഓര്‍ക്കുക. സാംസ്‌കാരിക ചരിത്രാന്വേഷണത്തിന്റെ ഈ വഴി ഫിക്ഷനിലേക്ക് കൊണ്ടു വരുകയാണ് സൂസന്ന ചെയ്യുന്നതെന്ന് സാരം. അലി എന്ന മുഖ്യകഥാപാത്രത്തിന്റെ വായന എന്ന അനുഭൂതി ചരിത്രത്തെ സാംസ്‌കാരികമായി വിന്യസിക്കുകയാണ് സൂസന്ന.

സൂസന്ന അഭിസംബോധന ചെയ്യുന്ന മറ്റൊരു പ്രധാന വിഛേദം വായനയുടെ ക്രമവുമായി ബന്ധപ്പെട്ടതാണ്. ധ്യാനാത്മകവും ഒരു കൃതിയിലേക്ക് ആഴ്ന്നിറങ്ങിയതുമായ ഒരു വായനാ രീതി ഏകദേശം അവസാനിച്ചു കഴിഞ്ഞു. സ്‌ക്രോളിംഗ് സോഷ്യല്‍ മീഡിയ വായനയിലെ മാത്രം പ്രതിഭാസമല്ലെന്നും പൊതുവായനയെത്തന്നെ നിര്‍ണ്ണയിക്കുന്ന ഒന്നായി അതു മാറിയെന്നും നാം കാണേണ്ടതുണ്ട്. ഒന്നിലേക്ക് ആഴ്ന്നിറങ്ങുന്നതിനു പകരം ഒരു പാടെണ്ണത്തിലേക്ക് പരക്കുന്ന ചിതറിയ വായനയാണ് പുതിയ കാല വായന (ആധുനികതയുടെ അനന്യ-സുദൃഢ വ്യക്തി ബോധത്തിന് പകരം ചിതറിയ വ്യക്തി ബോധത്തിന്റെ വരവുമായി ചേര്‍ത്ത് ഇത് വിശദീകരിക്കപ്പെട്ടു കഴിഞ്ഞതാണ്). ഇത്തരമൊരു ചിതറിയ വായനയെ തൃപ്തിപ്പെടുത്താന്‍ തക്ക ആഖ്യാന ഘടന സൂസന്ന ഉറപ്പു വരുത്തിയിരിക്കുന്നു. പ്രധാനമായും മൂന്നു വഴികളിലൂടെയാണിത്.

1. നോണ്‍ ലീനിയര്‍ നരേഷന്‍ - സൂസന്ന രേഖീയമായ ഒരു കാലബോധത്തെയല്ല ആഖ്യാന കാലമാക്കുന്നത് എന്നു പ്രത്യക്ഷത്തില്‍ കാണാം. 2014 ല്‍ ആരംഭിച്ച് തൊട്ടടുത്ത പേജില്‍ തൊണ്ണൂറിലേക്ക് കൂപ്പുകുത്തി അധികം വൈകാതെ 2010 ലേക്കു വന്ന് ഭൂതം-ഭാവി-വര്‍ത്തമാനം എന്ന രേഖീയ കാലത്തെ ആഖ്യാനത്തില്‍ സൂസന്ന റദ്ദ് ചെയ്യുന്നു. 

2. ഹൈപ്പര്‍ലിങ്കുകള്‍- സൂസന്ന വായനയ്ക്കിടെ ധാരാളം ക്ലിക്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. അഥവാ ഗൂഗിള്‍ തുറന്നു വെച്ചു കൊണ്ടു മാത്രം വായിച്ചു തീര്‍ക്കാവുന്ന ഒന്നാണ് സൂസന്ന. ഓരോ കൃതിയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചുമുള്ള സൂചകങ്ങള്‍ ഹൈപ്പര്‍ലിങ്കുകളിലൂടെ മാത്രമേ സൂചിതത്തിലേക്കെത്തൂ എന്നു സാരം.

3. സംഭവങ്ങളുടെ വിന്യാസക്രമം-രേഖീയമായ ആഖ്യാനകാലത്തില്‍ സംഭവങ്ങളെ ക്രമാനുഗതമായി വിന്യസിക്കുന്ന ആഖ്യാനഘടനയാണ് നോവലുകള്‍ പൊതുവെ സ്വീകരിച്ചു പോരുക. സൂസന്ന നോണ്‍ ലീനിയര്‍ ആഖ്യാനകാലത്തില്‍ ഊന്നുന്നതിനാല്‍ തന്നെ വൃക്ഷസമാനമായല്ല (Arborescent) മറിച്ച് പടര്‍ച്ച (Rhizome) യായാണ് സംഭവവിന്യാസം. സ്വാഭാവികമായി കഥ എന്നത് ഈ നോവലിലെ സുപ്രധാന ഘടകമല്ലാതായി മാറുന്നു. സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം ഉള്ളടരിലെ നേര്‍ത്ത പാളിമാത്രമാണ്.

രേഖീയകാലത്തെ അവഗണിക്കുന്നതും ക്ലിക്കുകളിലൂടെ മാത്രം മുന്‍പോട്ടുപോകാന്‍ കഴിയുന്നതുമായ സൂസന്നാവായന മേല്‍പ്പറഞ്ഞ വായനാക്രമത്തിന്റെ മാറ്റത്തെ തൃപ്തിപ്പെടുത്തുമെന്നര്‍ത്ഥം. സോഷ്യല്‍ മീഡിയയിലെ വായനാ ക്രമത്തിന്റെ അച്ചടിപ്പതിപ്പാണത്. പഴയമട്ടില്‍ പുസ്തകം വായിക്കുന്നവരെ അത് തൃപ്തിപ്പെടുത്തണമെന്നില്ല. എന്തുകൊണ്ട് പരമ്പരാഗത സാഹിത്യ മണ്ഡലം സൂസന്നയെ പരിഗണിക്കാതെ പോയെന്നും ഇന്റര്‍നെറ്റ് എഴുത്തുകള്‍ ഏറ്റെടുത്തു എന്നതിനുമുള്ള ഉത്തരം പാഠത്തിന്റെ ആഖ്യാനരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

സൂസന്ന അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ വിഛേദം ഭാഷാപരമാണ്. നൂറ് കണക്കിന് എഴുത്തുകാരും പുസ്തകങ്ങളും സൂസന്നയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും മലയാള പുസ്തകങ്ങള്‍ വളരെ അപൂര്‍വ്വമാണതില്‍. (സൂസന്നയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്നുമിതായിരുന്നു. വൈലോപ്പിള്ളിയില്ലാത്ത, പി.കുഞ്ഞിരാമന്‍ നായരില്ലാത്ത, ഉറൂബോ എം.ടി.യോ ഇല്ലാത്ത മലയാളി വായനയോ എന്ന ചോദ്യം). പാത്തുമ്മയുടെ ആടിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍, പട്ടത്തുവിള, യു.പി. ജയരാജ്, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍, നീലകണ്ഠന്‍ പരമാരയെക്കുറിച്ചുള്ള കുറച്ചാലോചനകള്‍.. ഇവ മാറ്റി വെച്ചാല്‍ സൂസന്നയില്‍ പരാമര്‍ശിതമാകുന്ന, അഥവാ ഒന്നരപ്പേജ് വിവരണം വരുന്ന ഒരൊറ്റ മലയാള പുസ്തകമേയുള്ളൂ. അത് ആനന്ദിന്റെ ആള്‍ക്കൂട്ടമാണ്.

നോവലിലൊരിടത്ത് 'പാതിരാവും പകല്‍ വെളിച്ചവും' വായിക്കാനെടുത്തു പോകുന്ന അഭിയില്‍ നിന്ന് അത് വാങ്ങി വെച്ച് പകരം ആള്‍ക്കൂട്ടം വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു മൈനര്‍ കഥാപാത്രത്തെ കാണാം. ഭാവുകത്വപരിണാമ സൂചകം എന്നതിനപ്പുറം ആള്‍ക്കൂട്ടം പരാമര്‍ശിക്കപ്പെടുന്നതില്‍ മറ്റു ചില താത്പര്യങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. അത് ഭാഷാപരമായി സൂസന്ന ആള്‍ക്കൂട്ടത്തോട് -അതല്ലെങ്കില്‍ ആനന്ദ് അവതരിപ്പിച്ച ഭാഷാരീതിയോട് - ചേര്‍ന്നു പോകുന്നു എന്നതാണ്. ആള്‍ക്കൂട്ടം പുറത്തു വന്ന കാലത്ത് അത് വലിയ നിലയില്‍ വിമര്‍ശിക്കപ്പെട്ടത് അതിലെ ഭാഷയെ മുന്‍നിര്‍ത്തിയായിരുന്നു. മലയാളിത്തമില്ലാത്ത ഭാഷ, കൃത്രിമഭാഷ, സങ്കര ഭാഷ, ഇംഗ്ലീഷിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭാഷ എന്നെല്ലാം അത് വിലയിരുത്തപ്പെട്ടു. പക്ഷേ, ആള്‍ക്കൂട്ടത്തിന്റെ ഭാഷാസ്വരൂപം പിന്നീട് ആനന്ദ് പഠിതാക്കളില്‍ വിശദീകരിക്കപ്പെട്ടത് 'മെട്രോപൊളിറ്റന്‍ സംസ്‌കാരത്തിന്റെ നിറങ്ങളിലേക്ക് അലിഞ്ഞു ചേരുന്ന പ്രവാസിയായ മലയാളിക്ക് ആ ഭാഷയിലേ സംസാരിക്കാന്‍ കഴിയൂ' എന്ന നിലയിലാണ്.

പ്രവാസിയായവരുടെ, ബഹിഷ്‌കൃതരുടെ ആ ഭാഷാസ്വരൂപമാണ് സൂസന്നയും പിന്തുടരുന്നതെന്നര്‍ത്ഥം. മലയാണ്മയുടെ നിറവും മണവുമില്ലാത്ത, വരണ്ട, കൃത്രിമമെന്നു തോന്നാവുന്ന ആ ഭാഷ കഴിഞ്ഞ പത്തിരുപത് വര്‍ഷത്തെ പുതു പ്രവാസിയായ മലയാളിയുടെ ഭാഷ കൂടിയാണ്. നില്‍പ്പുറപ്പിക്കാന്‍ കഴിയാതെ മഹാനഗരങ്ങളില്‍ ജീവസന്ധാരണാര്‍ത്ഥം കുടിയേറിയ മലയാളിയുടെ ഭാഷ. നോവലിനകത്തു നിന്നു നോക്കിയാല്‍ അതിലെ അവധൂത കഥാപാത്രമായ വെള്ളത്തൂവല്‍ ചന്ദ്രന്റെ ഭാഷയാണത്. ചന്ദ്രന്റെ സവിശേഷത എവിടെയും ഇരിപ്പുറയ്ക്കാത്ത നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണയാള്‍ എന്നതാണ്. ജലയുമായുള്ള പ്രണയം പോലും അയാളെ നില്‍പ്പുറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഒരിടത്ത് ചന്ദ്രനത് പറയുന്നുമുണ്ട്, എനിക്കെവിടെയും നില്‍ക്കാന്‍ പറ്റുന്നില്ലെന്ന്. 

മൂന്ന്

വായനയുടെ ബഹുതലസാധ്യത പ്രദാനം ചെയ്യുന്ന രൂപഘടനയാണ് സൂസന്ന പുലര്‍ത്തുന്നത്. രണ്ടു തരം വായനാ വഴി സൂസന്നയ്ക്കുണ്ട്. ലംബമായും തിരശ്ചീനമായും സൂസന്ന വായിക്കാം. രണ്ടു വായനകളിലും നിരവധി അടരുകളെ സൂസന്ന ഉള്‍ക്കൊള്ളുന്നു. മുന്നോ നാലോ തട്ടുകള്‍ സൂസന്നയുടെ ലംബമായ വായനയില്‍ നിന്നു കണ്ടെത്താം. 

നോവലിന്റെ ഏറ്റവും മുകളില്‍ അഥവാ പുറം പ്രതലമായി നിലകൊള്ളുന്നത് സ്വാഭാവികമായും കഥാപരിസരമാണ്. വിഷാദത്തിന്റെ ശരീരഘടന എന്ന പുസ്തകം അന്വേഷിച്ചു യാത്ര തിരിക്കുന്ന അഭി, അലി എന്നീ സുഹൃത്തുക്കള്‍. അവര്‍ കണ്ടു മുട്ടുന്ന നാനാതുറയിലുള്ള വായനക്കാരായ മനുഷ്യര്‍, അവരുടെ വിചിത്രാനുഭവങ്ങള്‍ എന്നിങ്ങനെ സൂസന്നയുടെ കഥയെ പ്രാഥമിക തട്ടായി മനസിലാക്കാം. നേരത്തെ പറഞ്ഞ പോലെ ഒരു കഥാവായനക്കാരനെ തൃപ്തിപ്പെടുത്താന്‍ തക്ക തന്ത്രങ്ങള്‍ ഈ തട്ടില്‍ പൊതുവെയില്ല. നീലകണ്ഠന്‍ പരമാരയും വിഷാദത്തിന്റെ ശരീരഘടനയുമെല്ലാം പാതിയോടെ പിന്‍നിരയിലേക്കു വലിയും. തിരഞ്ഞു പോകുന്ന പുസ്തകം നോവലവസാനം അലിയ്ക്ക് ഒട്ടും സാഹസികമല്ലാതെ ലഭിക്കുന്നതും കാണാം. പ്രമേയപരിസരം ലളിതമാണ്. അഥവാ കഥ എന്ന നിലയില്‍ സൂസന്ന ഏറെയൊന്നും നല്‍കുന്നില്ല.

ഇതിനു തൊട്ടു താഴെയുള്ള പ്രതലത്തില്‍ പുസ്തകങ്ങള്‍, എഴുത്തുകാര്‍, അവരുടെ വിചിത്രാനുഭവങ്ങള്‍ എന്നിവ നിറയുന്നു. ഈ രണ്ടു പ്രതലങ്ങള്‍ തമ്മില്‍ അതിവൈദഗ്ധ്യത്തോടെ കോര്‍ത്തെടുത്തിരിക്കുന്നതിലാണ് നോവലിന്റെ വിജയം. അലിയോട് സൂസന്ന ആയിരത്തൊന്ന് രാവുകളെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭം ശ്രദ്ധിച്ചാല്‍ ഈ കോര്‍ത്തെടുപ്പ് വ്യക്തമാകും. ഫിക്ഷനില്‍ നിന്ന് നോണ്‍ ഫിക്ഷന്റെ തലത്തിലേക്കും തിരിച്ചും അനായാസം സഞ്ചരിക്കുന്നു. ഫിക്ഷനുള്ളില്‍ നൂറ് കണക്കായ പുസ്തകങ്ങള്‍, എഴുത്തുകാര്‍ വരുന്നു. പെട്ടെന്ന് ജംപ് കട്ട് ചെയ്ത് ഫിക്ഷനിലേക്ക് കയറുന്നു. ഇങ്ങനെ ഫിക്ഷനും നോണ്‍ഫിക്ഷനുമിടയിലെ (ആത്മനിഷ്ഠതയ്ക്കും വസ്തു നിഷ്ഠതയ്ക്കുമിടയിലെ) നേര്‍ത്ത വരമ്പിലൂടെ സൂസന്നയുടെ ആഖ്യാനം സഞ്ചരിക്കുന്നു.

ഏറ്റവും താഴെ തട്ടായി സൂസന്നയില്‍ നിന്നു കണ്ടെടുക്കാനാവുക ഏകാകികളായ മനുഷ്യര്‍ സ്വയം സൃഷ്ടിച്ച ജ്വാലയില്‍ എരിഞ്ഞടങ്ങുന്ന അത്യന്തം ദാര്‍ശനികമായ കാഴ്ച്ചയാണ്. സരതുസ്ത്രയുടെ വചനങ്ങളില്‍ On The way of the creater ല്‍ നീത്‌ഷേ ചൂണ്ടിക്കാട്ടുന്ന എരിഞ്ഞടങ്ങല്‍. Creater അഥവാ സര്‍ഗാത്മക സൃഷ്ടാവായി മാറാന്‍ മുന്‍പിലുള്ള വഴി സ്വയം തീര്‍ത്ത ജ്വാലയില്‍ എരിഞ്ഞടങ്ങലാണെന്ന് നിത് ഷേ പറയുന്നു. ആ ചാരത്തില്‍ നിന്നു മാത്രമേ പുതിയ ഒന്ന് ഉയര്‍ത്തെഴുന്നേല്‍ക്കൂ (കൗതുകകരമായ കാര്യം സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍ പരാമര്‍ശിക്കുന്ന ഒരേയൊരു തത്വചിന്തകന്‍ നീത്‌ഷേയും പുസ്തകം സരതുസ്ത്രയുമാണ് എന്നതാണ്, റൂമി കവിയായാണ് നോവലില്‍ പ്രത്യക്ഷപ്പെടുന്നത് ). ഏകാകിളും പരിത്യക്തരുമായ വിഷാദവാന്മാര്‍ സ്വയം സൃഷ്ടിച്ച അഗ്‌നിയില്‍ എരിഞ്ഞടങ്ങുന്ന കാഴ്ച്ചയാണ് സൂസന്ന. ഇവിടെ നിന്നു മാത്രമേ സൂസന്നയുടെ വിചിത്ര പ്രവൃത്തിയുടെ വിശദീകരണത്തിലേക്കു നാമെത്തിച്ചേരുകയുള്ളൂ.

തിരശ്ചീനമായ വായനയില്‍ (ആദ്യ അധ്യായം മുതല്‍ അവസാനം വരെ രേഖീയമായി) ഈ നോവല്‍ വായനക്കാരനായ അലിയില്‍ നിന്ന് എഴുത്തുകാരനായ അലിയിലേക്കുള്ള സഞ്ചാരമാണ്. വായനക്കാരനില്‍ നിന്ന് എഴുത്തുകാരനിലേക്ക്. റോബര്‍ട്ടോ ബൊലാനോയുടെ വായനാനുഭവത്തില്‍ നിന്ന് ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ എഴുത്തനുഭവത്തിലേക്ക്. അഭി എന്ന വായനക്കാരനായ സുഹൃത്തില്‍ നിന്ന് ഭാനുമതി എന്ന എഴുത്തുകാരിയായ സുഹൃത്തിലേക്ക്. വായന എഴുത്തിലേക്കെത്തുന്ന വേദനിപ്പിക്കുന്ന വിഷാദം നിറഞ്ഞ സഞ്ചാരം. നോവലിന്റെ മധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന അമുദയും ഇഖ്ബാലും എഴുതാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവരാണെന്നോര്‍ക്കണം. അങ്ങനെ എങ്കില്‍ അലിയുടെ സഞ്ചാരപഥം ഇങ്ങനെ അടയാളപ്പെടുത്താം.

അഭി (വായനക്കാരന്‍ ) > അമുദ/ഇഖ്ബാല്‍(വായനക്കാര്‍ എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ) > ഭാനുമതി (വിജയിച്ച എഴുത്തുകാരി ) 

നിശ്ചയമായും ഭാനുമതിയിലെത്തുന്നതോടെ അലി വിജയിക്കുകയാണ് നോവലില്‍. എഴുതാന്‍ ശ്രമിച്ച പുസ്തകം ഭാനുമതിയാല്‍ അംഗീകരിക്കപ്പെടുന്നതോടെ അലി സ്വയം വിജയിയാകുന്നു. എനിക്ക് സന്തോഷവും സമാധാനവും തോന്നി എന്ന് നോവലവസാനം അലിയുടെ ആത്മഗതം ചേര്‍ത്തിട്ടുണ്ട്. വായനക്കാരന്‍ എന്ന നിലയില്‍ അയാള്‍ തിരഞ്ഞ 'വിഷാദത്തിന്റെ ശരീരഘടന' ഈ സമയമാകുമ്പോഴേക്കും അയാളെ അലട്ടാതെയാവുന്നതും ചേര്‍ത്തു വായിക്കാം. വായനയില്‍ നിന്നു എഴുത്തിലേക്കുള്ള അലിയുടെ ഒഡീസി വിജയകരമായി പര്യവസാനിച്ചു.

SOOSANNAYUDE GRANDHAPURA
പുസ്തകം വാങ്ങാം

രൂപപരമായി അയഞ്ഞതുകൊണ്ടും സംഭവങ്ങള്‍ ക്രമാനുഗതമായി വിന്യസിച്ചിട്ടില്ലാത്തതു കൊണ്ടും ഈ നോവല്‍ തിരശ്ചീന തലത്തില്‍ തിരികെ വായിക്കാനുള്ള ഒരു സാധ്യതയുണ്ടോ (അവസാന അധ്യായത്തില്‍ നിന്ന് പുറകിലേക്ക്) എന്നന്വേഷിക്കല്‍ കൗതുകകരമായിരിക്കും.  ഭാനുമതിയില്‍ നിന്നാരംഭിച്ച് അഭിയിലേക്കൊരു തിരികെ യാത്ര. ചങ്ങമ്പുഴയില്‍ നിന്ന് റോബര്‍ട്ടോ ബലാനോയിലോക്ക്, എഴുത്തുകാരനായ അലിയില്‍ നിന്ന് വായനക്കാരനായ അലിയിലേക്ക്. അത്തരമൊരു വായന വിജയിയായ എഴുത്തുകാരന്‍ അലിയില്‍ നിന്ന് പരാജിതനായ വായനക്കാരന്‍ അലിയെ നമുക്ക് കാട്ടിത്തരും. നീലകണ്ഠന്‍ പരമാര തിരശ്ശീലയ്ക്കു പുറകിലേക്കു മറയുന്നതു തൊട്ട് തണ്ടിയേക്കന്റെ ഗ്രന്ഥപ്പുര വീടിന് പുറകില്‍ എരിഞ്ഞടങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ പരാജിതനായ വായനക്കാരനെ നമുക്ക് കാട്ടിത്തരുന്നു. എന്തു തിരഞ്ഞാണോ അലി സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്കെത്തുന്നത് അതയാള്‍ക്ക് (കേവലം വിഷാദത്തിന്റെ ശരീരഘടനയുടെ കൈയെഴുത്തു കോപ്പി എന്ന ഒറ്റ അര്‍ത്ഥത്തിലല്ല ) ലഭിക്കുന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ വായനയിലൂടെ അയാളുടെ ലോകത്തിലെ പ്രിയപ്പെട്ടവരായവരെല്ലാം സ്വയം വരിച്ച അഗ്‌നിയില്‍ എരിഞ്ഞടങ്ങിയപ്പോള്‍ മധ്യവര്‍ഗ്ഗക്കാരനായ ആ യുവാവ് വായനയുടെ തന്റെ സര്‍ഗ്ഗലോകത്തെ കൈവിട്ട് എഴുത്തുകാരനായി,  സ്വയം വിജയിച്ചവനായി പ്രഖ്യാപിക്കുകയാണ്. അതിലൊരു കാപട്യമുണ്ട്, പക്ഷേ ബസ് വരാന്‍ കാത്തു കിടന്ന് ദുരന്ത നായകനാവാനല്ല അയാളൊരുങ്ങുന്നതെന്ന് ശ്രദ്ധേയമാണ്.

Content Highlights: Malayalam novel Soosannayude grandhappura Book Review