വായനയ്ക്കിടയിലെവിടെയോ മനസ്സിലുടക്കിനിന്ന ജലജ എന്ന പെണ്‍കുട്ടി, പിന്നീട് അവള്‍ക്കെന്തു സംഭവിച്ചു എന്നന്വേഷിച്ചു കണ്ടെത്തുന്ന വായനക്കാരി! എഴുത്തും വായനയും തമ്മിലുള്ള ആത്മാര്‍ഥമായ കൊടുക്കല്‍ വാങ്ങലുകളാണിത്. അത്തരമൊരു അന്വേഷണത്തിന് സാക്ഷ്യം വഹിക്കുകയാണ് രണ്ടായിത്തി ഇരുപതിലെ വായനാദിനം.
  
', ജലജ ! പിന്നെ ഒരിക്കലും നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ആ രാത്രി ഓര്‍ത്ത് ഇന്നും എന്റെ ചങ്കു വേദനിക്കുന്നു.'-മലയാള നാടക അരങ്ങിന്റെ നെടുംതൂണുകളായ സാവിത്രി ശ്രീധരന്‍, ബാലുശ്ശേരി സരസ, എല്‍സി സുകുമാരന്‍, ഉഷാചന്ദ്രബാബു എന്നീ  നാല് അഭിനേത്രികളുടെ ജീവിതകഥ പറയുന്ന ഭാനുപ്രകാശിന്റെ 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത്' എന്ന പുസ്തകത്തിന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ   അവതാരികയുടെ ഒന്നാം ഭാഗത്തെ  ഈ വാചകങ്ങള്‍ എനിക്കും നൊമ്പരമായി. ജലജയെക്കുറിച്ച്  അന്വേഷിക്കുക എന്നതായി പിന്നീട് എന്റെ ലക്ഷ്യം. 

ഇതാ ജലജ...!
ജലജയെ കൊണ്ടുവന്നു നിര്‍ത്തുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായ സുഭാഷ്ചന്ദ്രന്റെ മുന്നിലേക്കല്ല. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും അസംഖ്യം മറ്റു അവാര്‍ഡുകളും പ്രസിദ്ധനാക്കിയ സുഭാഷ് ചന്ദ്രന്റെ മുന്നിലേക്കും അല്ല. കൗമാരം വിട്ടൊഴിഞ്ഞിട്ടും യൗവനം വന്നുദിച്ചിട്ടില്ലാത്ത പഴയ കടുങ്ങല്ലൂര്‍ക്കാരന്‍ നാടകകൃത്തിന്റെ മുന്നിലേക്കാണ്. കാരണം മുന്‍പേ പെയ്ത ആ മഴയിലാണ് ജലജ ഇന്നു നനയുന്നത്.

 

Jalaja
ജലജ

'വടക്കന്‍ പറവൂരെ പ്രഭൂസ് തീയറ്ററിനു പിന്നിലൂടെ ഇഴയുന്ന ഇടവഴി താണ്ടിച്ചെന്നാല്‍ ഇരുവശവും വിഷാദത്തോടെ നില്‍ക്കുന്ന ചെത്തിത്തേയ്ക്കാത്ത വീടുകളില്‍ ഒന്നില്‍ താമസിച്ചിരുന്ന നാടകനടി ജലജയെ... 'എന്ന സുഭാഷ് ചന്ദ്രന്റെ ഒരൊറ്റ വാചകം എന്റെ ഉള്ളുലയ്ക്കുന്നതായിരുന്നു. കാരണം അങ്ങ് വടക്ക്, കോഴിക്കോടുള്ള ഭാനുപ്രകാശ് എന്ന എഴുത്തുകാരന്റെ പുസ്തകത്തിന്റെ അവതാരികയില്‍ ഞാന്‍ കാണുന്നത് ആ ഇടവഴി മാത്രം. ബാല്യവും കൗമാരവും കാലടി കൊണ്ട് ഞാന്‍ അളന്നെടുത്ത എന്റെ നാട്ടിടവഴി. അവിടെ ഞാന്‍ തേടിയത് ജലജയെ, എനിക്ക് കൂട്ടായി നാട്ടുകാരന്‍ സുഹൃത്ത് ഹോമര്‍ ചേട്ടനും. 

ആദ്യനാടകത്തിലേക്ക് കുറഞ്ഞ പ്രതിഫലത്തുക പറ്റി അഭിനയിക്കാന്‍ തയ്യാറുള്ള സുന്ദരിയെത്തേടി മുപ്പതു വര്‍ഷം മുന്‍പ് സുഭാഷ്ചന്ദ്രന്‍ നടന്നുപോയ അതേ വഴിയിലേക്ക് ഞങ്ങള്‍ നടന്നു. നാടിന്റെ പുരോഗതി റോഡിന്റെ വീതിയില്‍ കാണുന്ന കാലം... ഇടവഴികള്‍ ടാര്‍ ചെയ്തു മനോഹരമാക്കിയിരിക്കുന്നു. എന്നാല്‍ ജലജയുടെ അച്ഛന്റെ തൊഴിലിടം ആയിരുന്ന' ആല ' അങ്ങനെ തന്നെ നില്‍ക്കുന്നു. 65 വര്‍ഷം പഴക്കം ഉണ്ട് ഇതിന്. വീടുകള്‍ക്കെല്ലാം കാലാനുസൃതമായ മാറ്റം. ആ വീട് കണ്ടു പിടിക്കാന്‍ താമസമുണ്ടായില്ല. 

'ഡീ ജലജേ... ട്യേ... നിന്നെ നാടകത്തിനു ബുക്ക് ചെയ്യാന്‍ ആള് വന്നിരിക്കുന്നു..' എന്ന് അകത്തേക്ക് നീട്ടി വിളിക്കുവാന്‍  കെടാമംഗലം ജാനകി(ജലജയുടെ അമ്മ ) എന്ന പഴയ നാടകക്കാരി ഇന്നില്ല.  സഹോദരനെ കണ്ടു. അദ്ദേഹം ജലജയുടെ ഫോണ്‍ നമ്പര്‍ തന്നു. പറവൂരില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ അകലെയുള്ള കൈതാരം എന്ന കലാകാരന്‍മാരുടെ ഗ്രാമത്തിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു,

ജലജയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആഗമനോദ്യേശം അറിയാനുള്ള വെമ്പലോടെ ഗൃഹ(നാടക)നായിക ഞങ്ങളെ സ്വീകരിച്ചു. ഭാനുപ്രകാശിന്റെ പുസ്തകത്തിന്റെ അവതാരികയുടെ ആദ്യഭാഗം വായിച്ചായിരുന്നു ഞങ്ങള്‍ തുടങ്ങിയത്. സ്‌ക്രിപ്റ്റ്എഴുതാത്ത നാടകം വീട്ടരങ്ങില്‍ അവതരിപ്പിക്കപ്പെട്ടു. ഗ്ലിസറിന്‍ ഇല്ലാതെ ജലജ കണ്ണീരോര്‍മ്മകളില്‍ നനഞ്ഞു കുതിരാന്‍ തുടങ്ങി. പത്തു മുപ്പതു വര്‍ഷം പുറകിലേക്ക്, ജീവിതനാടകത്തിന്റെ ഫ്‌ളാഷ് ബാക്ക് ജലജ ഞങ്ങള്‍ക്ക് മുന്നില്‍ കുടഞ്ഞിട്ടു. നാടകം അന്നമായിരുന്ന കാലം.

 ഇന്നു ജലജ സന്തോഷവതിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി റിട്ടയര്‍ ചെയ്ത ഭര്‍ത്താവ്, വിവാഹം കഴിഞ്ഞ മൂത്ത മകള്‍, അടുത്തു വിവാഹിതയാകാന്‍ പോകുന്ന ഇളയമകള്‍. മുപ്പത്തഞ്ചു വര്‍ഷമായുള്ള നാടകസപര്യ ജലജ ഇന്നും തുടരുന്നു. കാണികളുടെ കയ്യടി ഏറ്റവും വലിയ പ്രോത്സാഹനമായി കണ്ടിരുന്ന ആ നാടകനടി പക്ഷെ ഇന്നു വലിയൊരു അവാര്‍ഡ് കിട്ടിയ സന്തോഷത്തിലാണ്, ജലജയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഓസ്‌കാര്‍ അവര്‍ഡ് കിട്ടിയ സന്തോഷമാണ്. ഈ ദിവസം തന്റെ ജീവിതത്തില്‍ മറക്കാനാവത്തതാണ് ' ജലജ  പറയുന്നു. 

jalaja and jeeja premanand
ജലജയും ജീജാ പ്രേമാനന്ദും

തന്റെ ആദ്യനാടകത്തില്‍ അഭിനയിച്ച നായികനടിയെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  ഓര്‍ക്കുന്ന സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നു. ഏറെ വലിയൊരു പുരസ്‌കാരം എന്ന പോലെ.  സുഭാഷ്ചന്ദ്രന്‍ എന്ന വലിയ എഴുത്തുകാരനെ ഒന്ന് നേരില്‍ കാണുവാനുള്ള ആഗ്രഹം സഫലമാകും എന്ന ശുഭപ്രതീക്ഷ ജലജയുടെ വിടര്‍ന്ന കണ്ണുകളില്‍ അപ്പോള്‍ വായിച്ചെടുക്കാമായിരുന്നു.
 
ഓര്‍മയുടെ അടരുകളില്‍ നക്ഷത്രത്തിളക്കങ്ങള്‍ പാളിതീര്‍ത്തെങ്കിലും ഇന്നും ആദ്യനായികയെ, അവരുടെ അഭിനയചാതുരിയെ ഓര്‍ത്തെടുക്കുന്ന ആ നാടകകൃത്തിനു മുന്നില്‍ നായികാ നടിയെ പഴയതിലും പ്രൗഢിയോടെ കൊണ്ടുവന്നു നിര്‍ത്താന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തില്‍പ്പരം ഒരു വായനക്കാരിക്ക് ഇനിയെന്താണ് വേണ്ടത്... ഇതിനു നിമിത്തമായത് ഭാനുപ്രകാശിന്റെ 'മുന്‍പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത് ' എന്ന പുസ്തകവും.

Munpe peytha mazhayilaanu ippol nanyunnath
പുസ്തകം വാങ്ങാം

Content Highlights: Jeeja Premanand Writes about actress Jalaja who acted in a play written by Subhashchandran