ര്‍ഷങ്ങള്‍ക്ക് മുമ്പ്, കേണല്‍ ഒറീലിയാനോ ബുവേന്ദിയയെ അച്ഛന്‍ മഞ്ഞുകട്ട കാണിക്കാന്‍ കൊണ്ടുപോയതുപോലുള്ളൊരു സായാഹ്നത്തില്‍ ഞങ്ങള്‍ ഒരു സിനിമാപ്രദര്‍ശനം നടത്തി. നാട്ടുകാരെ ഉദ്ബുദ്ധരാക്കേണ്ടതെങ്ങനെയെന്ന് കുറെനാള്‍ തലപുകച്ചതിന്റെ ഫലമായിരുന്നു അത്. അപ്പോള്‍പിന്നെ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്‌സല്ലാതെ മറ്റേത് സിനിമ കാണിക്കും? അങ്ങനെ നാട്ടിലെ പ്രൈമറി സ്‌കൂളിന്റെ അരച്ചുവരുള്ള കെട്ടിടത്തില്‍ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായി. പുറത്തു പതിച്ച സിനിമയുടെ സംക്ഷിപ്ത വിവരണം വായിച്ചു മനസ്സിലാക്കി അകത്തുകടന്ന നാട്ടുകാര്‍ ക്ഷമയോടെ കാത്തിരുന്നു. 

കുറച്ചു വൈകിയാണെങ്കിലും ഒഡേസ സത്യന്‍ പ്രൊജക്ടറും മറ്റുമായി എത്തിച്ചേര്‍ന്നു. (പരലോകത്ത് അയാളിപ്പോള്‍ മാലാഖമാരെയും ചെകുത്താന്മാരെയും സിനിമ കാണിക്കുന്നുണ്ടാകും. അല്ലാതെ അയാള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ.)  പക്ഷേ, പ്രദര്‍ശനം തുടങ്ങിയപ്പോഴാണ് കുഴപ്പം മനസ്സിലായത് - സിനിമ മാറിപ്പോയിരുന്നു. ബൈസിക്കിള്‍ കള്ളന്മാര്‍ക്കു പകരം, ക്രിസ്റ്റഫ് കീസ്ലോവിസ്‌കിയുടെ 'പ്രണയത്തെപ്പറ്റി ഒരു ഹ്രസ്വചിത്രം' (A Short  Film about Love) ആയിരുന്നു സത്യന്‍ കൊണ്ടുവന്നത്. ഏതായാലും സംഗതി അവതാളത്തിലായെന്നു തന്നെ ഞങ്ങള്‍ കരുതി. പക്ഷേ, ''പുറത്ത് എഴുതി വെച്ചതുപോലൊന്നുമല്ല സിനിമ'യെന്ന് ചിലര്‍ പിറുപിറുത്തതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നുമുണ്ടായില്ല. പ്രണയത്തിന്റെ വശ്യത കൊണ്ടാണോ അതോ സിനിമയില്‍ അത്യാവശ്യം ചൂടന്‍രംഗങ്ങള്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങള്‍ വിചാരിച്ചതിലും പ്രബുദ്ധരായാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.

ഏതായാലും സിനിമ മാറി കാണിക്കേണ്ടി വന്നതിന്റെ ഒരു കുറ്റബോധം കുറെനാള്‍ ഞാന്‍ കൊണ്ടുനടന്നു. ഒടുവില്‍, മാര്‍ക്കേസ് I'm Not Here to Give a Speech എന്ന പുസ്തകത്തില്‍ സുഹൃത്തായ ആള്‍വറോ മൂത്തിസിനെക്കുറിച്ചെഴുതിയത് വായിക്കുന്നതു വരെ: പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്ന മൂത്തിസ് ഉന്നതകുലജാതരായ മഹിളകള്‍ക്കു വേണ്ടി നടത്തിയ ഒരു സിനിമാപ്രദര്‍ശനത്തില്‍, അനാഥരായ കുട്ടികളെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിക്കു പകരം കാണിച്ചത്, ഓറഞ്ചുകൃഷി എന്ന നിഷ്‌ക്കളങ്കമായ പേരുള്ള, പട്ടാളക്കാരെയും കന്യാസ്ത്രീകളെയും പറ്റിയുള്ള ഒരു നീലച്ചിത്രമാണെന്നു മാര്‍ക്കേസ് എഴുതിയത് വായിച്ചപ്പോള്‍ എന്റെ വിഷമം മാറിക്കിട്ടി. പക്ഷേ, മൂത്തിസിന് ഞങ്ങളെപ്പോലെ അബദ്ധം പറ്റിയതൊന്നുമായിരിക്കില്ല; അയാള്‍  അത് കാണിച്ചത് രുതിക്കൂട്ടിത്തന്നെയാവും.

marquez 1

വായന ചിലപ്പോള്‍ അങ്ങനെയാണ്: അത് ചില പുസ്തകങ്ങളെ കണ്ണാടിയാക്കിമാറ്റി നമ്മെത്തന്നെ കാട്ടിത്തരും? ആരാണ് ആള്‍വറോ മൂതിസ് എന്ന് ചോദിക്കുന്നത് അബദ്ധമായിരിക്കും. അയാള്‍ ആരെല്ലാമല്ല എന്നു പറയുന്നതാണെളുപ്പം. മഹാനായ എഴുത്തുകാരന്‍, സംഗീതത്തെപ്പറ്റി അഗാധമായ അറിവുള്ളയാള്‍, നെരൂദയുടെ അതേ സ്വരത്തില്‍ അദ്ദേഹത്തിന്റെ കവിത ചൊല്ലി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവന്‍, ചെറുപ്പക്കാരെ കവിതയും ഗൂഢപുസ്തകങ്ങളുംകൊണ്ട് വഴി തെറ്റിച്ച് വിശാലമായ ലോകത്തേക്ക് അലയാനയക്കുന്നവന്‍, പതിനേഴു തവണ ഭൂമി മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടും കുരുത്തക്കേട് മാറാത്തവന്‍, എല്ലാറ്റിനുമുപരി മാര്‍ക്കേസിനെക്കൊണ്ട് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതിച്ചയാള്‍....

കാഫ്കയുടെ രൂപാന്തരപ്രാപ്തി എന്ന കഥ വായിച്ച് തകര്‍ന്നു തരിപ്പണമായതു പോലെയുള്ള അനുഭവമാണ് പെദ്രോ പാരമോ എന്ന നോവല്‍ തനിക്ക് നകിയതെന്ന് മാരക്കേസ് എഴുതുനുണ്ട്. മറ്റാരുമല്ല. ആള്‍വറോ മൂതിസായിരുന്നു ആ പുസ്തകം മാര്‍ക്കേസിന് വായിക്കാന്‍ കൊടുത്തത്. അതുവരെ അഞ്ച് പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞിരുന്ന മാര്‍ക്കേസ് പുതിയ പുസ്തകം 'പുതിയ രീതിയില്‍' എഴുതാനുള്ള വഴിയറിയാതെ വിഷമിക്കുകയായിരുന്നു. പെദ്രോ പരാമോ അതിനുള്ള വാതില്‍ അദ്ദേഹത്തിനു തുറന്നുകൊടുത്തു.

marquez 2പെദ്രോ പരാമോ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ എഴുത്തിനെ സ്വാധീനച്ച രീതിയെപ്പറ്റി മാര്‍ക്കേസ് രസകരമായി എഴുതിയിട്ടുണ്ട്: താന്‍ എഴുതിക്കൊണ്ടിരുന്ന നോവലിന്റെ കഥ അധ്യായങ്ങളായി മാര്‍ക്കേസ് മൂതിസിന് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. മൂതിസിന്റെ 'സംഭാവനകള്‍' അദ്ദേഹം അതില്‍ ചേര്‍ക്കാറുമുണ്ടായിരുന്നു. മൂതിസാകട്ടെ ഈ അധ്യായങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പറഞ്ഞുകൊടുക്കും. എന്നാല്‍ പെദ്രോ പരാമോ വായിച്ചതുമുതല്‍ മാര്‍ക്കേസ് എഴുതിയത് മറ്റൊരു നോവലായിരുന്നു. ഒടുവില്‍ നോവലിന്റെ കൈയെഴുത്തുപ്രതി  വായിച്ച മൂതിസ്  കോപാകുലനായി:
''നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്കു മുമ്പില്‍ എന്നെ ഒരു നായാക്കി മാറ്റി.' മൂതിസ് ആക്രോശിച്ചു: ''ഈ സാധനത്തിന് നിങ്ങള്‍ പറഞ്ഞു തന്ന കഥയുമായി യാതൊരു ബന്ധവുമില്ല.'

വായന അങ്ങനെയുമാണ്: അത് നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളെപ്പോലും മറ്റൊനാക്കി മാറ്റും. The Adventures and  Misadentures of Maqroll എന്ന പുസ്തകമാണ് മൂതിസിനെ ലോകപ്രശസ്തനാക്കിയത്. ലോകസഞ്ചാരിയും   സാഹസികനുമായ മക്രോള്‍ ഡോണ്‍ ക്വിക്‌സോട്ടിന്റെ പുതിയകാല പ്രതിനിധിയാണെന്നു പറയാം. എന്നാല്‍ ആ ഡോണ്‍ക്വിക്‌സോട്ടില്‍ ഒരു കാസനോവയെക്കൂടി മൂതിസ് സന്നിവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ മക്രോള്‍  മൂതിസിന്റെ തന്നെ പരകായ പ്രവേശനമാണെന്നും പറയാം. മറ്റൊന്നുമല്ല, തന്റെ അനന്തമായ വായനയാണ് മുതിസിനെ മഹാനാക്കുന്നതെന്ന് മാര്‍ക്കേസ് തീര്‍ത്തു പറയുന്നു. ഒറ്റയിരിപ്പിന് പ്രൂസ്റ്റിന്റെ 1200 ഓളം പേജുകളുള്ള  Remembrance of Things Past എന്ന പുസ്തകം നിരവധി തവണ വായിച്ചിട്ടുള്ളയാള്‍ക്ക്  മഹാനെന്നല്ലാതെ  മറ്റെന്തു പേരു വിളിക്കും?

Content Highlights: Gabriel Garcia Marquez, Alvaro Mutis, hundred years of solitude