കദേശം എഴുപതിനായിരം വര്‍ഷം മുമ്പ്, നമ്മുടെ തലച്ചോറിന്റെ ഘടനയുടെ നവക്രമീകരണത്തിലേക്കു നയിച്ച, ധാരണാവിപ്ലവമെന്നറിയപ്പെട്ട, സവിശേഷമായ ചില ഉള്‍പ്പരിവര്‍ത്തനങ്ങള്‍ സംഭവിച്ചപ്പോഴായിരിക്കണം ഏറ്റവും അവസാനം മസ്തിഷ്‌ക വികാസമുണ്ടായത് എന്ന് ശാസ്ത്രജ്ഞന്മാര്‍ ഒരുപോലെ അഭിപ്രായപ്പെടുന്നു. പതിനായിരത്തോളം വര്‍ഷം മുമ്പ്, നിശ്ചയമായും മനുഷ്യന്‍ കൃഷിയുമായി ബന്ധപ്പെട്ട ജീവിതം നയിച്ചതിനുശേഷം നമ്മുടെ ചിന്താശേഷിയില്‍ സാരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിനായിരം വര്‍ഷം മുമ്പ് ജീവിച്ച പൂര്‍വികരുടെ അതേ മസ്തിഷ്‌കം തന്നെയാണ് ഇന്നും നമുക്കുള്ളത്. എങ്കില്‍ പിന്നെ, ഏതാണ്ട് ആറായിരം വര്‍ഷക്കാലം നമ്മുടെ ജീവിതം പരിവര്‍ത്തനവിധേയമാകാതിരുന്നതിനും ലഘുവായ വ്യതിയാനങ്ങള്‍ കേവലം നാലായിരം വര്‍ഷം മുമ്പുമാത്രം സംഭവിക്കാന്‍ തുടങ്ങിയതിനും കാരണമെന്താണ്?

 നാലായിരം വര്‍ഷത്തോളം ജീവിച്ചുപോന്ന അതേ രീതിയില്‍ത്തന്നെയാണ് മനുഷ്യരാശി 1400 വരെയും കഴിഞ്ഞത്. വസിച്ച വീടുകളുടെ അടിസ്ഥാന പ്രകൃതം, ഉപയോഗിച്ച ഗതാഗത സമ്പ്രദായം, ധരിച്ച വസ്ത്രങ്ങള്‍, ജീവിതരീതി ഇവയിലൊന്നിലും സഹസ്രാബ്ദങ്ങളോളം മനുഷ്യര്‍ക്ക് മൗലിക മാറ്റങ്ങള്‍ സംഭവിച്ചില്ല.

 പിന്നീടാണ് പരിഷ്‌കൃതിയുടെ വിസ്ഫോടനമുണ്ടായത്. പരിഷ്‌കാരം ഉച്ചസ്ഥായിയിലേക്കു സ്ഥാനാന്തരം ചെയ്യപ്പെട്ട് ഇരമ്പിയാര്‍ത്തുനിന്നതുപോലെ. ആയിരം വര്‍ഷം കാതലായ യാതൊരു മാറ്റത്തിനും വിധേയമാകാത്ത മനുഷ്യന്‍ അഞ്ഞൂറു വര്‍ഷത്തിനിടയില്‍ തന്നെ സംബന്ധിക്കുന്നതും താന്‍ ജീവിക്കുന്ന ലോകത്തെ സംബന്ധിക്കുന്നതുമായ ധാരണയില്‍ സമൂലമായൊരു പരിവര്‍ത്തനം വരുത്തി. അഞ്ഞൂറു വര്‍ഷത്തിനുള്ളില്‍ അവന്‍ മനുഷ്യനെ ചന്ദ്രനിലേക്കയക്കുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരികയും ചെയ്തു. സൗരയൂഥത്തിന്റെ ചിത്രമെടുത്ത് ഭൂമിയിലേക്കയ്ക്കാനായി അവന്‍ ഒരു വാഹനം ബഹിരാകാശത്തേക്കയച്ചു; ഭൂരിഭാഗം മനുഷ്യരുടെയും പോക്കറ്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ തിരുകി.

  ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇതേ മസ്തിഷ്‌കം തന്നെയാണ് നമുക്കുണ്ടായിരുന്നത്. എങ്കിലും അഞ്ഞൂറു വര്‍ഷം കൊണ്ട് ഇത്രവേഗം പരിവര്‍ത്തനമുണ്ടാക്കാന്‍ അവയ്ക്ക് സാധിച്ചത് എന്തുകൊണ്ടാണ്? ആറ്റത്തിന്റെ പ്രവര്‍ത്തനവും പ്രപഞ്ചോല്‍പത്തിയും മനസ്സിലാക്കാന്‍, ഈ വിജ്ഞാനവിസ്ഫോടനം മനുഷ്യനെ പ്രാപ്തനാക്കിയതിനുള്ള കാരണം എന്തായിരുന്നിരിക്കും?
  നാമിന്ന് സ്‌കൂളിലും കോളേജിലും പഠിക്കുന്ന മിക്കവാറും വിഷയങ്ങളും വിജ്ഞാനശാഖകളും അറുനൂറു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലുമില്ല. നമ്മുടെ അറിവിലും ധാരണയിലും പുരോഗതിയിലും ഈ വിപ്ലവം സംഭവിക്കാനുള്ള ഏകകാരണം എന്തായിരുന്നു?

   ഉത്തരം തികച്ചും ലളിതമാണ്. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തവും പുസ്തകങ്ങളുടെ വ്യാപകമായ ലഭ്യതയുമാണത്. ഏതാണ്ട് നാലായിരം വര്‍ഷം മുമ്പുണ്ടായ പ്രാരംഭകാല പുരോഗതിക്കു വഴിയൊരുക്കിയത് ലിപിയുടെ കണ്ടുപിടുത്തമായിരുന്നു. നമുക്ക് അജ്ഞാതരായ ആളുകളിലേക്കും തലമുറകളില്‍ നിന്നു തലമുറകളിലേക്കുമുള്ള അറിവിന്റെ വ്യാപനത്തെ എഴുത്തുവിദ്യ സാധ്യമാക്കിത്തീര്‍ത്തു. ഒറ്റതിരിഞ്ഞു ജീവിക്കുന്ന ചെറുസംഘങ്ങളില്‍ നിന്നും രാഷ്ട്രങ്ങളിലേക്കും വിശാലഭൂപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യങ്ങളിലേക്കും രൂപാന്തരപ്പെടാന്‍ ലിപി മാനവരാശിയെ പ്രാപ്തമാക്കി. 

ലിപി കണ്ടുപിടിക്കുന്നതിന് മുമ്പ്, അത്യന്തം പരിമിതമായ ആശയസംക്രമണമൊഴിച്ചുനിര്‍ത്തിയാല്‍, ഓരോ തലമുറയ്ക്കും സകലകാര്യങ്ങളും പുതുരൂപത്തില്‍ പഠിക്കേണ്ടിയിരുന്നു. നമ്മുടെ അറിവിനെ അക്ഷയമാക്കാനും സമാഹൃതജ്ഞാനത്തെ വിപുലമായ തോതില്‍ വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കാനും ലിപിയുടെ കണ്ടുപിടിത്തത്തിലൂടെ മാത്രമെ സാധിക്കുമായിരുന്നുള്ളൂ. പാപ്പിറസ് ചുരുളുകളുടെയും താളിയോലകളുടെയും ഹസ്തലിഖിതങ്ങളുടെയും ശേഖരങ്ങളുടെ രൂപത്തില്‍ പുസ്തകങ്ങളുണ്ടാകുന്നത് സമീപകാലത്ത്, ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പാണ്.

  നാമാരാണ് എന്നതിനെക്കുറിച്ചുള്ള അവബോധം, ചുറ്റുമുള്ള ലോകത്തോടുള്ള നമ്മുടെ ബന്ധം, നമ്മുടെ സംസ്‌കൃതിയോടും മതവിശ്വാസങ്ങളോടും ബന്ധപ്പെട്ട മൗലികകൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, നാടോടിക്കഥകള്‍ എന്നിവയെല്ലാം മനുഷ്യരാശി ഗ്രന്ഥങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ തുടങ്ങുന്നു.

 വില കുറഞ്ഞ പുസ്തകങ്ങളുടെ സുലഭത ഇതിനെ മൊത്തത്തില്‍ മറ്റൊരു തലത്തിലേക്കുയര്‍ത്തി. എല്ലാതരത്തിലുള്ള വിജ്ഞാനവും ഏവര്‍ക്കും പെട്ടെന്ന് ലഭിക്കുന്ന സ്ഥിതിയായി. ആദ്യകാലങ്ങളില്‍ വിജ്ഞാനം ചില സവിശേഷ വിഭാഗത്തില്‍പെട്ടവര്‍ക്കു മാത്രം പ്രവേശനമുള്ള ഒരു മേഖലയായിരുന്നു. എന്നാല്‍ വേഗം തന്നെ സാധാരണ മനുഷ്യര്‍ക്ക് അനായാസം പ്രാപ്യമായ ഒന്നായി അത് മാറുകയുണ്ടായി. അന്നുമുതല്‍ക്കുണ്ടായ ഒട്ടുമിക്ക പ്രധാന പരിവര്‍ത്തനങ്ങളും പുസ്തകങ്ങളുടെ വിപുലമായ വ്യാപനം മൂലം സംഭവിച്ചതാണ്. ഏകാഗ്രചിത്തരായ ചില മനുഷ്യര്‍ മികച്ച സൈനികസന്നാഹങ്ങളോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടത്തിയ അധിനിവേശങ്ങളിലൂടെയാണ് ആദ്യകാല രാജ്യങ്ങളും സാമ്രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ചില സവിശേഷ ഗ്രന്ഥങ്ങളും ആശയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിപ്ലവങ്ങളിലൂടെയോ പെട്ടെന്നുള്ള പരിവര്‍ത്തനങ്ങളിലൂടെയോ ആണ് 1500 നു ശേഷം സാമ്രാജ്യങ്ങള്‍ രൂപീകൃതമായത്. 

ലോകവ്യാപകമായൊരു ദിഗ്വിജയത്തിനോ സാമ്രാജ്യസൃഷ്ടിക്കോ ഇറങ്ങിപ്പുറപ്പെടാന്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കും ചെങ്കിസ്ഖാനും പുസ്തകങ്ങളുടെയോ ഒരുപറ്റം ആശയങ്ങളുടെയോ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് കൊളോണിയല്‍ അധിനിവേശമായാലും രാഷ്ട്രീയ വിപ്ലവമായാലും ലോകമെങ്ങുമുള്ള പരിവര്‍ത്തനങ്ങള്‍ പുസ്തകങ്ങളിലെ ആശയങ്ങളെ എന്നും സ്വയം സ്വീകരിച്ചിരുന്നു. പുരോഹിതവര്‍ഗത്തിന്റെ കൈയില്‍നിന്നും ബൈബിള്‍ എന്ന ഗ്രന്ഥം സാധാരണക്കാരന്റെ കൈയില്‍ വെക്കുകയെന്ന ഉദ്യമത്തോടെയാണ് നവോത്ഥാനത്തിന്റെ തുടക്കം. ഇംഗ്ലീഷ് പാര്‍ലമെന്ററി വിപ്ലവത്തിന്റെ വളര്‍ച്ചയുടെ ഓരോ ദശയിലും അച്ചടിക്കപ്പെട്ട ലഘുലേഖകള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തോടൊപ്പം വോള്‍ട്ടയര്‍, റൂസ്സോ തുടങ്ങിയ ദാര്‍ശനികന്മാരുടെ പുസ്തകങ്ങളും ആശയങ്ങളും വന്‍തോതില്‍ പ്രചരിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ റഷ്യയിലും ചൈനയിലും നടന്ന സുപ്രധാന വിപ്ലവങ്ങള്‍ക്ക് കാരണം ബ്രിട്ടനില്‍ അഭയാര്‍ഥിയായിരുന്ന ഒരു ജര്‍മന്‍കാരന്‍ രചിച്ച ഒരു പുസ്തകത്തിലെ ആശയങ്ങളായിരുന്നു.
  
 പക്ഷേ, രാഷ്ട്രീയ ഭരണമാറ്റങ്ങളെക്കാള്‍ സര്‍വപ്രധാനമായത് നമുക്കു ചുറ്റമുള്ള ലോകത്തെ സംബന്ധിക്കുന്ന ധാരണയുടെ തലത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളായിരുന്നു. പ്രപഞ്ചത്തില്‍ നമുക്കുള്ള സ്ഥാനത്തെക്കുറിച്ചുള്ള ധാരണകളെ കോപ്പര്‍നിക്കസിന്റെയും ഗലീലിയോയുടെയും കൃതികള്‍ എന്നെന്നേക്കുമായി മാറ്റിമറിച്ചു. മനുഷ്യനോടും ദൈവത്തോടും ആയിരക്കണക്കിനു വര്‍ഷങ്ങളായി നാം പുലര്‍ത്തിപ്പോന്ന മനോഭാവങ്ങളെ 1859 ല്‍ ചാള്‍സ് ഡാര്‍വിന്റെ ഒരു പുസ്തകം പരിപൂര്‍ണമായും മാറ്റി. കലയില്‍ സംവേദനക്ഷമതയിലുണ്ടാകുന്ന എല്ലാ വ്യത്യാസത്തിനും അകമ്പടിയായി പുസ്തകങ്ങളുണ്ടായിരുന്നു- വിളംബരപത്രികകളായി, അവ കാല്‍പനികപ്രസ്ഥാനത്തിന്റെ പ്രാരംഭത്തിലെ വേഡ്സ്വര്‍ത്ത്, കോളറിഡ്ജ് എന്നിവരുടേതായാലും ആധുനികതാപ്രസ്ഥാനത്തിന്റെ മധ്യത്തിലെ ദാദായുടെ മാനിഫെസ്റ്റോ ആയിരുന്നാലും.
 
 ഏകസത്യം, ഏകരാജാവ്, ഏകദൈവം എന്നിങ്ങനെ സ്വേച്ഛാധിപത്യമുള്ള ഒരു ഏകകേന്ദ്ര ലോകത്തിന്റേതായ പാശ്ചാത്യരുടെ ആശയങ്ങള്‍ക്ക് പൗരസ്ത്യകൃതികളുടെ കണ്ടെത്തലോടെ മാറ്റം വന്നു. പാണിനിയുടെ അഷ്ടാധ്യായിയുടെ കണ്ടെത്തല്‍ ആധുനിക ഭാഷാശാസ്ത്രത്തിനു ജന്മം നല്‍കുക മാത്രമല്ല അതിന്റെ ഭാഷാശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഉപയുക്തമാക്കിക്കൊണ്ട് മനുഷ്യന്റെ പലായനത്തെ അടയാളപ്പെടുത്തുന്ന ആധുനിക ചരിത്രത്തിനും തുടക്കം കുറിച്ചു. പൗരസ്ത്യമായ മതഗ്രന്ഥങ്ങളുടെ കണ്ടെത്തല്‍ താരതമ്യമതം, താരതമ്യപുരാവൃത്തം എന്നിങ്ങനെയുള്ള വിജ്ഞാനശാഖകള്‍ക്ക് വഴിയൊരുക്കുകയുണ്ടായി.
 
 പാശ്ചാത്യരാജ്യങ്ങളില്‍ നവോത്ഥാനത്തോടൊപ്പം സംഭവിച്ച ആധുനികതയുടെ ഉദയം പുരാതന ഗ്രീക്ക് കൃതികളില്‍ കണ്ടെത്താന്‍ കഴിയും. ഈ ഗ്രഹത്തിലെ എല്ലാ ഇതരജീവികളോടു മനുഷ്യനുള്ള ബന്ധവും പ്രപഞ്ചത്തിലെ സകല വസ്തുക്കളോടും ഭൂമിക്കുള്ള ബന്ധവും എന്താണെന്ന് ധാരണയുള്ള ആധുനിക മനുഷ്യന്‍ പുസ്തകങ്ങളുടെ സൃഷ്ടിയാണ്.

 അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തവും പുസ്തകങ്ങളുടെ വിപുലമായ പ്രചാരവും വിജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ കലാശിച്ചു. നിലവിലെ വ്യവസ്ഥയില്‍ സംഭവിച്ച പരിവര്‍ത്തനം അന്നത്തെ അധികാരകേന്ദ്രങ്ങള്‍ക്ക് പെട്ടെന്നുതന്നെ മനസ്സിലാവുകയും ചെയ്തു. പാശ്ചാത്യദേശത്തെ സര്‍വശക്തമായ അധികാരസ്ഥാപനം ഉടനടി പ്രതികരിച്ചത് ഹാനികരമെന്ന് അവര്‍ കണക്കാക്കിയതും വായിക്കാന്‍ പാടില്ലെന്ന് അനുയായികളെ വിലക്കിയതുമായ പുസ്തകങ്ങളുടെ പട്ടിക നിരത്തി വിലക്കപ്പെട്ട പുസ്തകങ്ങളുടെ നാമാവലി കാണിച്ചുകൊണ്ടായിരുന്നു. പുസ്തകങ്ങളുടെ വിലക്കിനും അടിച്ചമര്‍ത്തലിനും നിരോധനത്തിനുമെല്ലാം ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ആദ്യത്തെ ക്വിന്‍ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ് നൂറുകണക്കിന് പണ്ഡിതന്മാരെ ചുട്ടുകൊന്നതിനൊപ്പം അത്രതന്നെ പുസ്തകങ്ങളും അഗ്‌നിക്കിരയാക്കി. ഒന്നര സഹസ്രാബ്ദത്തിനുശേഷം കത്തോലിക്കാ മതവിചാരണ കോടതി ഈ സംയുക്ത കര്‍മം അനുഷ്ഠിക്കുകയുണ്ടായി.

 മതാധിനിവേശങ്ങള്‍ക്ക് അകമ്പടിയായി നിത്യേന നടന്ന സംഭവമായിരുന്നു ഗ്രന്ഥശാലകള്‍ കത്തിക്കുകയെന്നത്. ഇരുപതാം നൂറ്റാണ്ടിലാവട്ടെ, പുസ്തകങ്ങള്‍ ചുട്ടെരിക്കലിന് പൊതുവേ നാസി ജര്‍മനിയോടും സാംസ്‌കാരിക വിപ്ലവകാലത്തെ ചൈനയോടുമാണ് ബന്ധം. കത്തോലിക്കാ മതവിചാരണവേളയിലെ പുസ്തകങ്ങളുടെ പട്ടികയില്‍ വിധ്വംസകാശയങ്ങളടങ്ങുന്ന കൃതികള്‍ക്കൊപ്പം നിരവധി സര്‍ഗാത്മകകൃതികളും ഉള്‍പ്പെട്ടിരുന്നു. ഭിന്നാഭിപ്രായമുള്ള സ്പിനോസ, കാന്റ് തുടങ്ങിയ ദാര്‍ശനികരുടെയും കോപ്പര്‍നിക്കസ്, കെപ്ലര്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെയും കൃതികള്‍ക്കൊപ്പം ബൊക്കാച്ചിയോ, ദാന്തേ, വിക്തോര്‍യൂഗോ, ബാല്‍സാക്ക്, ആല്‍ബര്‍ട്ടോ, മൊറാവിയ, സാര്‍ത്ര് എന്നിവരുടെ നോവലുകളും കഥകളുമെല്ലാം നിരോധിക്കപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലെ ആദ്യ നോവല്‍ സാമുവല്‍ റിച്ചാഡ്സന്റെ 'പമേല' പ്രസിദ്ധീകൃതമായി നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ നിരോധിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ ഗണത്തില്‍ ഇടംനേടി.

 നിലവിലുള്ള ഭരണവ്യവസ്ഥയെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ അധികാരിവര്‍ഗം ബലംപ്രയോഗിച്ച് നശിപ്പിക്കുന്ന സമ്പ്രദായം ഏവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്. എന്നാല്‍ 'നിര്‍ദോഷകര'മെന്ന് നാം കരുതുന്ന കഥകള്‍ വായിക്കുന്നത് തടയാന്‍ അധികാരികള്‍ തത്രപ്പാടുപെടുന്നത് എന്തിനായിരിക്കും? ഒരു സമൂഹത്തിന്റെയും അതിന്റെ വ്യവഹാരങ്ങളുടെയും സാമൂഹികാചാരങ്ങളുടെയും സ്ഥാപനങ്ങളുടെയും സൃഷ്ടിക്ക് കഥകള്‍ അനിവാര്യമാണ് എന്ന് തീര്‍ച്ചയായും നമുക്കറിയാം. ധനപരവും വാണിജ്യപരവുമായ സ്ഥാപനങ്ങളെല്ലാം, എന്തിന് രാഷ്ട്രം തന്നെയും നമുക്ക് സ്വീകാര്യവും ഹിതകരവും സുസമ്മതവുമായ കഥകളുടെ സൃഷ്ടികളായിരിക്കുന്നതെങ്ങനെയാണെന്ന് യുവാല്‍ നോവ ഹരാരി പറയുന്നു. 

എന്നാല്‍ അതില്‍ നിന്നു ഭിന്നമായി നാം മാനവരാശിയെ തിരിച്ചറിയുന്നതെങ്ങനെയെന്നതിലാണ് കല്‍പിത കഥകള്‍ പ്രസക്തവും പ്രധാനവുമാകുന്നത്. കഥ പറയുന്ന ഒരു ജാതിയാണ് നാം, മനുഷ്യര്‍. ചിലന്തി വലനെയ്യുന്നതുപോലെ, തേനീച്ച തേനുണ്ടാക്കുന്നതുപോലെ സ്വാഭാവികമായി നാം കഥപറയുന്നു. സ്വന്തം കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കാന്‍ വേണ്ടി കഥപറയുന്ന ഒരേയൊരു ജീവിവര്‍ഗം നമ്മളാണ്. അമ്പിളിമാമനെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും മൃഗങ്ങളെയും ചെടികളെയും കുറിച്ചുമുള്ള കഥകള്‍ നാം ഭക്ഷണത്തോടൊപ്പം ഉള്ളിലാക്കുന്നു. കുട്ടികള്‍ക്കുള്ള കഥകളില്‍ ഏറിയപങ്കും ആനയ്ക്ക് തുമ്പിക്കൈ ഉണ്ടായതെങ്ങനെ, പുലിക്ക് പുള്ളികളുണ്ടായതെങ്ങനെ എന്നിങ്ങനെയുള്ള ഉത്ഭവാഖ്യാനങ്ങളാണ്. 

മനുഷ്യര്‍, മറ്റു സ്ത്രീപുരുഷന്മാര്‍ പരിണമിച്ച് ഉണ്ടായതെങ്ങനെയാണെന്ന് നമ്മുടെ കഥകള്‍ പറഞ്ഞുതരുന്നു. ആധുനിക സാഹിത്യത്തിന്റെ നൂതന ജ്ഞാനവികാസത്താല്‍ മറ്റു മനുഷ്യരുടെ മനസ്സുകള്‍ എപ്രകാരമാണെന്ന് മനസ്സിലാക്കാന്‍ അവ നമ്മെ സഹായിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരുടെ ബോധമണ്ഡലത്തിലേക്കു നമുക്ക് പ്രവേശനമില്ല. നമ്മുടെ ഉറ്റവരുടെ മനോവ്യാപാരങ്ങളെന്താണെന്ന് നമുക്കറിഞ്ഞുകൂടാ. കമിതാക്കള്‍ സദാ കലഹിക്കുന്നത് ഇക്കാര്യത്തിലാണ്. നമ്മുടെ മാതാപിതാക്കളുടെ, ജീവിത പങ്കാളികളുടെ അല്ലെങ്കില്‍ കുട്ടികളുടെ മനസ്സിനുള്ളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നാം നടുങ്ങിയേനെ; കുടുംബജീവിതവും സാമൂഹിക ജീവിതവും അതോടെ തകര്‍ന്നടിയുമായിരുന്നു. 

നമ്മുടെ ബോധമണ്ഡലത്തിന്റെ ചില പ്രത്യേക ഭാഗങ്ങളുടെ, പ്രത്യേകിച്ചും സ്വകാര്യചിന്തകളുടെയും വികാരങ്ങളുടെയും ഒറ്റപ്പെടലിന്മേലാണ് സമൂഹങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താല്‍, നമ്മുടെ ഭാവങ്ങള്‍ അനന്യവും അസാധാരണവുമാണെന്നു കരുതി, വികാരങ്ങള്‍ക്കൊപ്പം മനോഭാവത്തെ മാത്രം നാം വളര്‍ത്തുന്നു. നമ്മുടെ വികാരങ്ങളാവട്ടെ മിക്ക സന്ദര്‍ഭത്തിലും സങ്കീര്‍ണമോ അപക്വമോ ആയിരിക്കുമെന്നതിനാല്‍ അവ എന്താണെന്ന് നാം തിരിച്ചറിയുന്നുപോലുമില്ല. 

മറ്റു മനുഷ്യരുടെ ബോധതലത്തിലേക്ക് കടന്നുചെല്ലാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ സ്വന്തം വികാരങ്ങളെ നമുക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. മാത്രമല്ല ഒറ്റപ്പെടലിന്റെ കഠിനവ്യഥ നമ്മെ ബന്ധിപ്പിക്കാനുള്ള കഴിവില്ലായ്മയുടെ ഫലമായി ഉണ്ടാകുന്നതാണുതാനും. മറ്റുള്ളവരുടെ ആന്തരിക വിചാരവികാരങ്ങളെ നാം കഷ്ടിച്ചു മാത്രം മനസ്സിലാക്കുന്ന ഒരു ലോകത്തില്‍ മനുഷ്യനായിത്തീരേണ്ടത് എപ്രകാരമാണെന്ന് ആഖ്യാന സാഹിത്യം നമുക്ക് വെളിവാക്കിത്തരുന്നു. 

ഇതര മനുഷ്യരുടെ ബോധത്തില്‍ പ്രവേശിച്ച് നമ്മുടെ സ്വന്തം വികാര വിചാരങ്ങളെ മനസ്സിലാക്കാനും അതിലൂടെ നാമാരാണെന്നും എന്താണെന്നും അറിയാനും സഹായിക്കുന്നത് സാഹിത്യകൃതികളാണ്. നമ്മെ, നമ്മുടെ യഥാര്‍ഥ സത്തയെ, അല്ലെങ്കില്‍ നാം ആയിത്തീരാനാഗ്രഹിക്കുന്ന ആളിനെ പുസ്തകങ്ങളിലെ കല്‍പിത കഥാപാത്രങ്ങളില്‍ നമ്മള്‍ കാണുന്നു. അത്യസാധാരണമെന്നും അസഹ്യമെന്നും ചിന്തിച്ചുപോകുംവിധത്തില്‍ സങ്കീര്‍ണവും അലങ്കോലമായതുമായ വികാരഭാവങ്ങള്‍ എപ്രകാരമുള്ളതാണെന്ന് നാം താദാത്മ്യപ്പെടുന്ന കഥാപാത്രങ്ങളിലൂടെ പ്രകടമാകുന്നു. 

അമ്പരപ്പിക്കുന്നതും, നാം നമ്മോടുതന്നെ പറയുന്നതുമായ സംഭാഷണങ്ങള്‍ അവയിലൂടെ വെളിവാക്കപ്പെടുന്നു. പുസ്തകങ്ങളുമായുള്ള നിതാന്തമായ ഇടപഴകലിലൂടെ നാം നാമായി മാറുന്നു. നമുക്ക് നമ്മളെ നഷ്ടപ്പെടുന്ന ഒരു സാങ്കല്പികലോകമല്ല ആഖ്യായികകളുടെ പ്രപഞ്ചം. നാം സ്വയം കണ്ടെത്തുന്ന ഒരു വെളിപാടിന്റെ മേഖലയാണത്. നോവലുകള്‍ ആപല്‍ക്കാരികളാകുന്നു. അതുകൊണ്ടാണ് വികലമായ കൃതികള്‍ വായിക്കുന്നതില്‍ നിന്നും മന:ശ്ശക്തി നമ്മെ വിലക്കാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

 മാനുഷികതയുടെ മനുഷ്യന്റെ കണ്ടുപിടുത്തമെന്നാണ് ഷേക്സ്പിയറെക്കുറിച്ചു രചിച്ച തന്റെ കൃതിയെ ഹാരോള്‍ഡ് ബ്ലൂം വിശേഷിപ്പിക്കുന്നത്. ഷേക്സ്പിയറെ സംബന്ധിച്ചുള്ള അവകാശവാദങ്ങളുടെ മാത്രം കാര്യത്തില്‍ അത് ഊതിവീര്‍പ്പിക്കപ്പെട്ടതാണ്. ഗ്രീക്ക് ദുരന്തനാടകങ്ങളില്‍ കാണുന്ന തരത്തിലുള്ള മനുഷ്യന്‍. എന്നാല്‍ ഇന്ന് നാമറിയുന്ന തരത്തിലുള്ള മനുഷ്യനെ കണ്ടുപിടിച്ച പ്രത്യേക സാഹിത്യവിഭാഗമാണ് ആ കൃതിയെന്ന വാദമാകട്ടെ അത്ര ഊതിപ്പെരുപ്പിച്ചതുമല്ല. 

 ഇതിഹാസകൃതികളിലെയോ മധ്യകാല കാല്‍പനികാഖ്യായികകളിലെയോ കഥാപാത്രങ്ങളുമായി താദാത്മ്യത്തിലാവാന്‍ കഴിയാത്തവിധത്തില്‍ ഒരു യൂറിപ്പിഡിയന്‍ നായികയുമായി അല്ലെങ്കില്‍ ഷേക്സ്പിയറുടെ നായകനുമായി തന്മയീഭവിക്കാന്‍ നമുക്ക് സാധിക്കുന്നു. സൂപ്പര്‍മാന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. കാരണം ഷേക്സ്പിയറുടെ നാടകങ്ങളിലെയും ഗ്രീക്ക് ദുരന്തനാടകങ്ങളിലെയും കഥാപാത്രങ്ങളുടെ ബോധമണ്ഡലത്തില്‍ പ്രവേശിക്കാന്‍ നമുക്കു കഴിയുന്നു. ഹാംലെറ്റും ഡോണ്‍ ക്വിക്സോട്ടും മൂലം ആധുനിക മനുഷ്യന്‍ ആധുനികന്‍ തന്നെയായി; അതേ പോലെ തന്നെ എമ്മ ബോവറിയിലൂടെയും നമ്മുടെ നാട്ടിലേക്കു വന്നാല്‍ ഇന്ദുലേഖയിലൂടെയും ആധുനിക സ്ത്രീ അവള്‍ തന്നെയായിത്തീരുകയും ചെയ്തു.

  ഓഫീസില്‍ തൊട്ടടുത്തിരിക്കുന്നയാളുടെ ബോധാവസ്ഥയെന്തെന്ന് നമുക്ക് അറിയില്ല; അല്ലെങ്കില്‍ കിടക്കയില്‍ അടുത്തു കിടന്നുറങ്ങുന്ന ആളിന്റെ ബോധാവസ്ഥ എങ്ങനെയുള്ളതാണെന്ന് നിങ്ങള്‍ അറിഞ്ഞെന്നു വരില്ല. അതുകൊണ്ട് ആ വ്യക്തി നിങ്ങളെ പരിപൂര്‍ണമായും ഉള്‍ക്കൊണ്ട് അംഗീകരിക്കുന്നുണ്ടോ എന്ന് ഒരിക്കലും അറിയാനാവില്ല. നേരെ മറിച്ച് ഒരു അന്നാകരിനീനയുടെ, ക്ലാരിസ ഡാലവേയുടെ, ബിഗര്‍ തോമസിന്റെ അല്ലെങ്കില്‍ ഇന്‍വിസിബിള്‍ മാന്റെ ആന്തരികസംഘര്‍ഷങ്ങളും ആശകളും വിചാരവികാരങ്ങളുടെ സമസ്തമേഖലകളും നമുക്ക് പ്രാപ്യമാണ്. അവയെല്ലാം മനസ്സിലാക്കുന്നതിലൂടെ നമുക്ക് സ്വയം അറിയാനും അംഗീകരിക്കാനും സാധിക്കുന്നു.

  മറ്റൊരാളെപ്പോലെയാകുകയെന്നാല്‍ എന്താണെന്ന് സങ്കല്‍പിച്ചു നോക്കാം. മനുഷ്യനായിത്തീരുകയെന്നാല്‍ മറ്റൊരാളുടെ ആത്മാവില്‍ കയറി കൂടുകയെന്നതാണ്. അതാണ് ഒരു പാവം അനാഥനെയോ അടിമയെയോ കുടിയേറ്റക്കാരനെയോ ചൊല്ലി വിലപിക്കാന്‍ നമ്മെ പ്രാപ്്തനാക്കുന്നത്. ഹാംലൈറ്റായി  അഭിനയിക്കുന്ന നടനെ ഹെക്യൂബയെച്ചൊല്ലി കരയാന്‍ പ്രേരിപ്പിക്കുന്നത്. അതാണ്, അതുകൊണ്ടാണ് നാം ചലച്ചിത്രങ്ങള്‍ കണ്ട് കണ്ണീരൊഴുക്കുന്നതും. നമ്മുടെ മാനവിക മൂല്യങ്ങളും ധാര്‍മികസങ്കല്‍പങ്ങളുമെല്ലാം ആ താദാത്മ്യം പ്രാപിക്കലില്‍നിന്നുമുളവാകുന്നതാണ്. 

തന്മയീഭാവം അതിന്റെ എല്ലാ ആത്മപ്രകാശനവ്യക്തതയോടെയും സംഭവിക്കുന്നത് വായനയെന്ന കര്‍മത്തിലാണ്. വിഗ്രഹങ്ങളെന്ന് നം ആഘോഷിക്കുന്ന പല നായികാനായകന്മാരും, നമ്മുടെ ജീവിതത്തെയും ലോകത്തെയും പരിവര്‍ത്തിപ്പിച്ച ജീവിതത്തിനുടമകളായവരും തങ്ങളുടെ സ്വന്തം ജീവിതത്തെ മാറ്റിമറിച്ച രീതിയില്‍ സ്വാധീനിച്ച ഏതെങ്കിലും   പുസ്തകത്തെക്കുറിച്ച് പറയാറുണ്ട്. യഥാര്‍ഥത്തില്‍ പുസ്തകം അവരെ വ്യത്യസ്തനായ ഒരു വ്യക്തിയാക്കിത്തീര്‍ക്കുകയായിരുന്നില്ല; മറിച്ച് അവര്‍ ആരാണെന്ന് സ്വയം തിരിച്ചറിയാനും സ്വന്തം ആത്മസത്തയ്ക്കനുസൃതമായി ജീവിതം ക്രമപ്പെടുത്താനും ധൈര്യം നല്‍കി സഹായിച്ചത് പുസ്തകമായിരുന്നു.

  പുസ്തകങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. കാരണം നാമോരോരുത്തരും നമ്മളായിത്തീരുന്നത് പുസ്തകങ്ങളിലൂടെയാണ്. ആധുനിക ലോകം അതിന്റെ സകല സങ്കീര്‍ണതകളും കലര്‍പ്പുകളും സഹിതം ചില പ്രത്യേക പുസ്തകങ്ങളുടെ സൃഷ്ടിയാണ്. തന്നെ സംബന്ധിക്കുന്ന അവബോധത്തിന്റെ കാര്യത്തില്‍ ആധുനിക മനുഷ്യന്‍ പുസ്തകങ്ങളുടെ ഉല്‍പന്നം തന്നെയാണ്. നമ്മെ മനുഷ്യരാക്കി മാറ്റുന്നത് പുസ്തകങ്ങളാണ് എന്നതിനാല്‍ നമുക്ക് അവയെ ഒരിക്കലും ഉപേക്ഷിക്കാനാവില്ല.

പരിഭാഷ: എന്‍. ശ്രീകുമാര്‍.

Content Highlights: Dr S Nagesh Writes about the relation between Modern man and Reading