മൂന്ന് തലമുറകള്‍ക്ക് വിഭവ സമൃദ്ധ വായനയ്ക്കായി കുന്നോളം കുട്ടികഥകള്‍ സമ്മാനിച്ച സുമംഗല മുത്തശ്ശിക്ക് വയസ് 86.ഇന്നും അവരുടെ മനസ്സിനെ ഹരിതമാക്കുന്നത് ദിവസവും എട്ട് മണിക്കൂര്‍ വരെ നീളുന്ന വായന.

കണ്ണടയുടെ സഹായമില്ലാതെയാണ് ഈ വായന.കുമരനെല്ലൂരിലെ ദേശമംഗലം മനയിലിരുന്ന് 'പാവങ്ങളു'ടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയാണ് മുത്തശ്ശി.ഏഴാം വയസ്സില്‍ പാവങ്ങളുടെ മലയാള പരിഭാഷ വായിച്ചു.പിന്നീട് രണ്ട് തവണ കൂടി ഇത് വായിച്ചിട്ടുണ്ട്.

വായനയ്ക്കാവശ്യമായ പുസ്തകങ്ങള്‍ വടക്കാഞ്ചേരി പബ്ലിക്ക് ലൈബ്രറിയില്‍ നിന്ന് ലൈബ്രേറിയന്‍മാരായ ജയയും,ജിജിയും കൃത്യമായി വീട്ടിലെത്തിച്ചു കൊടുക്കും.ലൈബ്രറിയുടെ വനിതവേദി അധ്യക്ഷ കൂടിയാണ് സുമംഗല.തനിക്ക് സൗജന്യമായി ലഭിക്കുന്ന പുസ്തകങ്ങളെല്ലാം തിരിച്ച് ലൈബ്രറിക്കും മറ്റുളളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കൈമാറും.ദിവസവും രാവിലെ പത്രവും,കാലിക പ്രസിദ്ധീകരണങ്ങളും വായിക്കും.

ഒളപ്പമണ്ണ മനയിലെ കുട്ടിക്കാലത്ത് പുസ്തകങ്ങളായിരുന്നു കളിപ്പാട്ടം.അച്ഛന്‍ വേദ പണ്ഡിതനായിരുന്ന ഒ.എം.സി നമ്പൂതിരിപ്പാടിന് സ്വന്തമായി ഗ്രന്ഥശേഖരമുണ്ടായിരുന്നു.വളളത്തോളും,ഒളപ്പമണ്ണയും വീട്ടിലെത്തി പതിവുളള സാഹിത്യ ചര്‍ച്ചകളും വായനയുടെ ലോകത്തെയ്ക്ക് കൂട്ടിക്കൊണ്ടു വന്നു.കുട്ടിക്കാലത്ത് അച്ഛനും പിന്നീട് ഭര്‍ത്താവും ഇന്നു മക്കളും സ്നേഹപൂര്‍വ്വം കഥാമുത്തശ്ശിക്ക് നല്‍കുന്ന സമ്മാനം പുസ്തകങ്ങളാണ്.

ബാലസാഹിത്യത്തില്‍ കേന്ദ്ര,സംസ്ഥാന സാഹിത്യ അക്കാദമികളുടെ പുരസ്‌ക്കാരം ലഭിച്ചു.നിരവധി പുസ്തകങ്ങള്‍ 'മാതൃഭൂമി' ഉള്‍പ്പെടെ പ്രധാന പ്രസാധകരെല്ലാം വായനക്കാരിലെത്തിച്ചു.പഞ്ചതന്ത്രം വിവര്‍ത്തനം 30ലധികം പതിപ്പുകള്‍ ഇറങ്ങി.പുരസ്‌ക്കാരങ്ങളെക്കാള്‍ അന്നും,ഇന്നും വായനക്കാരായ കുട്ടികള്‍ അയയ്ക്കുന്ന കത്തുകളാണ് ഹൃദ്യം സുമംഗല പറഞ്ഞു.കുട്ടികളുടെ മനസ്സിലേക്ക്‌ ആഴ്ന്ന് ഇറങ്ങാനായാല്‍ മാത്രമെ അവരുടെ ചിന്തകളെ ഉള്‍ക്കൊണ്ട് എഴുതാനാവു.ബാലസാഹിത്യത്തെ മറ്റ് ശാഖകളില്‍ നിന്ന് ചെറുതായി കാണുന്ന സമീപനം ഇനിയും മാറിയിട്ടില്ല.കലാമണ്ഡലത്തിന്റെ ചരിത്രവും,കൂടിയാട്ട സംബന്ധിയായ പുസ്തകങ്ങള്‍ ഇംഗ്ലീഷിലെയ്ക്ക് മൊഴി മാറ്റം നടത്തുകയും ചെയ്ത എഴുത്തുകാരിയാണ് സുമംഗല.

സ്വന്തം കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുത്തായിരുന്നു തുടക്കം.പൂച്ചയും,അണ്ണാനും,കാക്കയുമെല്ലാം അന്ന് കഥാപാത്രങ്ങളായി.ആറു പതിറ്റാണ്ട് മുന്നെയാണ് കുട്ടികള്‍ക്കായി എഴുതാന്‍ തുടങ്ങിയത്.ഭഗവത് കഥകളെഴുതി ഗുരുവായൂരപ്പന് സമര്‍പ്പിച്ച് അത് 85 വയസ്സായപ്പോള്‍ നിര്‍ത്തി.വായന മരണം വരെ തുടരണമെന്നാണ് ആഗ്രഹം.അത് ജീവന്റെ വസന്തമാണ്-സുമംഗല പറഞ്ഞു.

Content highlights : children litreature writer sumangala maintain her reading habit in old age