രിക്കല്‍ അവളെന്നോട് ഒരു രഹസ്യം ചോദിച്ചു:

''നീ അമരാന്തോ എന്ന ഗ്രാമത്തെ കുറിച്ചു കേട്ടിട്ടുണ്ടോ. ഗ്രാമത്തോടുള്ള അടങ്ങാത്ത സ്‌നേഹത്താല്‍ മകന് അമരാന്തോ എന്ന പേര് നല്‍കിയ ആ മാതാപിതാക്കളെ കുറിച്ചു കേട്ടിട്ടുണ്ടോ? അലക്‌സാന്‍ഡ്രോ അമരാന്തോ എന്ന അവരുടെ കുട്ടിയെ കുറിച്ചു കേട്ടിട്ടുണ്ടോ? കുടുംബം ഒന്നടങ്കം മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യുമ്പോള്‍ പ്രിയപ്പെട്ട പുസ്തകം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാന്‍ അമരാന്തോയെ ഏല്‍പിച്ച അവന്റെ കാമുകി മെറിലിനയെ കുറിച്ചു കേട്ടിട്ടുണ്ടോ? വംശഹത്യയുടെയും പലായനങ്ങളുടെയും കാലത്ത്, അലക്‌സാന്‍ഡ്രോ അമരാന്തോ വായിച്ചുകൊണ്ടിരുന്ന ആ പുസ്തകത്തെകുറിച്ചു കേട്ടിട്ടുണ്ടോ.?''

ഇല്ല, ഞാന്‍ അതൊന്നും കേട്ടിട്ടില്ല. അവളുടെ കെട്ടുകഥകളും അതിലെ ഭാവനാദേശങ്ങളുമെല്ലാം ഞാന്‍ കേട്ടിട്ടുള്ളതിനെക്കാള്‍ എത്രയോ അപ്പുറത്തായിരുന്നു.

''നിനക്കറിയുമോ, അമരാന്തോ ആ പുസ്തകം മെറിലിന തന്നെയാണെന്ന് വിശ്വസിച്ച് സൂക്ഷിച്ചു. മെറിലിനയെ ഓര്‍ത്ത് വിഷാദം അതിരുവിടുമ്പോള്‍ അയാള്‍ കടല്‍ത്തീരത്തേക്ക് പോവുകയും പുസ്തകത്തിന്റെ ഓരോ പേജ് വീതം വായിക്കുകയും ചെയ്തു. മനുഷ്യര്‍ ഒഴിഞ്ഞു പോവാന്‍ തുടങ്ങിയതോടെ അയാളുടെ ദേശം കല്ലും മണ്ണും കടല്‍ത്തീരവും മാത്രമായി. അയാളാവട്ടെ, അലസനും അച്ചടക്കമില്ലാത്തവനുമായിരുന്നു, ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. സിക്‌സടിക്കുമ്പോള്‍ കാണാതാവുന്ന പന്ത് അന്വേഷിച്ച് കണ്ടെത്തുന്നതായിരുന്നു അയാളുടെ ഇഷ്ടവിനോദം. പന്തന്വേഷിക്കുന്ന പറമ്പുകളില്‍ നിന്ന് അയാള്‍ക്ക് പലതും കിട്ടി. പഴയൊരു തോക്ക്, മൂന്ന് പ്രേമലേഖനങ്ങള്‍, ഒരേ കൈയക്ഷരത്തില്‍ എഴുതപ്പെട്ട നാലോ അഞ്ചോ ആത്മഹത്യാക്കുറിപ്പുകള്‍, കളിപ്പാട്ടങ്ങള്‍. മറ്റു ചിലപ്പോള്‍ പുസ്തകങ്ങള്‍.

പക്ഷേ അയാളതൊന്നും വായിച്ചില്ല, അയാള്‍ അലസനും അച്ചടക്കമില്ലാത്തവനുമായിരുന്നു. അയാള്‍ ക്രിക്കറ്റ് ഭ്രാന്തന്‍ മാത്രമായിരുന്നു. പന്തന്വേഷിക്കുന്ന പറമ്പിലിരുന്ന് പുസ്തകം വായിക്കുന്നതിനിടയിലാണ് മെറിലിനയെ അയാള്‍ ആദ്യം കാണുന്നതെന്ന് നിനക്കറിയാമോ. അയാള്‍ വായിക്കാന്‍ വേണ്ടി അവള്‍ ചില പുസ്തകങ്ങള്‍ ബോധപൂര്‍വം പറമ്പില്‍ ഉപേക്ഷിച്ചു പോവുമായിരുന്നു. അവയിലേറെയും ആദ്യവായനയില്‍ തന്നെ അവളെ മടുപ്പിച്ച പുസ്തകങ്ങളാണ്, അല്ലെങ്കില്‍ തനിക്കേറ്റവും പ്രിയപ്പെട്ടൊരാള്‍ വായിക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവ. അങ്ങനെയല്ലാത്ത ഒരു പുസ്‌കമേ അവള്‍ അമരാന്തോക്ക് നല്‍കിയിട്ടുള്ളൂ. ഞാന്‍ നിന്നോട് ആദ്യം പറഞ്ഞില്ലേ, കുടുംബം ഒന്നടങ്കം മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യുമ്പോള്‍, നഷ്ടപ്പെട്ടുപോകാതെ സൂക്ഷിക്കാന്‍ അമരാന്തോയെ ഏല്‍പ്പിച്ച മെറിലിനയുടെ പ്രിയപ്പെട്ട പുസ്തകം. ആ പുസ്തകം അവന്റെ കയ്യില്‍ നിന്ന് ഒരിക്കലും നഷ്ടപ്പെട്ടു പോവില്ലെന്ന് അവള്‍ക്കുറപ്പായിരുന്നു. കാരണം, അവന്‍ പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടാത്തവനായിരുന്നു. നിനക്കറിയുമോ, നല്ല വായനക്കാര്‍ രണ്ട് തരം പുസ്തകങ്ങളേ കൈമാറാന്‍ ഇഷ്ടപ്പെടുകയുള്ളൂ. ആദ്യവായനയില്‍ത്തന്നെ അവരെ മടുപ്പിച്ച പുസ്തകങ്ങള്‍, അല്ലെങ്കില്‍ പ്രിയപ്പെട്ടൊരാള്‍ വായിക്കണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവ. ഞാന്‍ നിനക്ക് തരുന്ന പുസ്തകങ്ങള്‍ പോലെ, നിനക്കതറിയാമോ?''

ഇല്ല, എനിക്കതറിയുകയേ ഇല്ല. അവളുടെ ഭാവനദേശങ്ങളിലെ മനുഷ്യരെക്കുറിച്ചും അവരുടെ സങ്കീര്‍ണ്ണമായ ബന്ധങ്ങളെക്കുറിച്ചും അറിയാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. ഞാന്‍ അമരാന്തോയെപ്പോലെ അലസനും, അച്ചടക്കമില്ലാത്തവരുമായിരുന്നു, ക്രിക്കറ്റ് ഭ്രാന്തനായിരുന്നു, വെറും കാമുകനായിരുന്നു.

''അമരാന്തോയുടെ ഗ്രാമത്തിലെ അവശേഷിക്കുന്ന ചെറുപ്പക്കാരെയെല്ലാം പട്ടാളക്കാര്‍ വന്ന് പിടിച്ചുകൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. അവരാരും പിന്നെ മടങ്ങിവന്നില്ല. മെറിലിനയെ ഓര്‍ത്ത് വിഷാദം അതിരുവിടുമ്പോള്‍ അമരാന്തോ മാത്രം കടല്‍ത്തീരത്തേക്ക് പോവുകയും അവളുടെ പ്രിയപ്പെട്ട പുസ്തകത്തിന്റെ ഓരോ പേജ് മാത്രം വായിക്കുകയും ചെയ്തു. അയാള്‍ക്ക് വായിക്കാന്‍ ഇഷ്ടമായിരുന്നില്ല, അയാളൊരു ക്രിക്കറ്റ് ഭ്രാന്തന്‍ മാത്രമായിരുന്നു. ക്രിക്കറ്റ് ഭ്രാന്തനായിരുന്നില്ലെങ്കില്‍ അയാള്‍ പറമ്പുകളില്‍ പേയി പഴയസാധനങ്ങള്‍ കണ്ടെത്തുന്ന ആളാവുമായിരുന്നു. എങ്കിലും അയാള്‍ വായനക്കാരനാവുമായിരുന്നില്ല. നിനക്കറിയാമോ, അമരാന്തോ ആ പുസ്തകം, മെറിലിന തന്നെയാണെന്ന് വിശ്വസിച്ചു. അയാളത് മുറുക്കെപ്പിടിച്ചു, ചിലപ്പോള്‍ അതിനെ ചുംബിച്ചു. കഷ്ടപ്പെട്ട് ഓരോ പേജ് വീതം വായിച്ചു. കുറേക്കാലം കഴിഞ്ഞ് അടുത്ത പേജ് വായിക്കാന്‍ കടല്‍ത്തീരത്തെത്തുമ്പോള്‍ മുന്‍പ് വായിച്ച പേജ് അയാള്‍ മറന്നുപോയിട്ടുണ്ടാവും. എന്തൊരു വിരസതയാണത്. ലോകത്തേറ്റവും വിരസമായ അനുഭവങ്ങളിലൊന്ന് വായിച്ചത് മറന്നുപോവുകയെന്നതാണ് അമരാന്തോക്ക് ഉറപ്പായും തോന്നിയിരിക്കും. ചിലനേരങ്ങളില്‍ ചില പേജുകളില്‍ മുഴുകി അയാള്‍ മെറിലിനയെപ്പോലും മറന്നു, അവരുടെ പ്രേമം മറന്നു. മറ്റു ചിലപ്പോള്‍ അയാള്‍ വായിച്ച പേജുകള്‍ ഓരോന്നോരോന്നായി മറന്നു, ആ പുസ്തകത്തിന്റെ പേര് മറന്നു, പുറംചട്ടയുടെ നിറം പോലും മറന്നു. ചിലപ്പോള്‍ ആ പുസ്തകം തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അത് തന്നെ കൈകളിലെത്തിയാല്‍ പോലും, അത് മറ്റേതോ പുസ്തകമാണെന്ന് കരുതി ഉപേക്ഷിച്ചു. മറ്റ് ചിലപ്പോള്‍ ആ പുസ്തകം തന്നെയേല്‍പ്പിച്ചു പോയതിന് അയാള്‍ മെറിലിനയെ ശപിച്ചു. നിനക്കത് മനസ്സിലാവുമോ, വായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന എല്ലാ മനുഷ്യരുടെയും വിധിയാണത്.''

ഇല്ല, അതൊന്നും എനിക്ക് മനസ്സിലാവില്ല. എനിക്ക് വായിക്കാന്‍ ഇഷ്ടമായിരുന്നില്ല. ഞാന്‍ അമരാന്തോയെപ്പോലെ അലസനും, അച്ചടക്കമില്ലാത്തവരുമായിരുന്നു.

''ഒരുദിവസം പട്ടാളക്കാര്‍ അയാളെ പിടിച്ചുകൊണ്ടുപോയി. സ്വസ്ഥനായി, കടല്‍ത്തീരത്തിരുന്ന് പുസ്തകം വായിക്കുകയായിരുന്നു അയാള്‍. മറന്നുപോയ ആദ്യഭാഗത്തെക്കുറിച്ചും ഏറെക്കാലമായി പോക്കറ്റില്‍ ചുമക്കുന്ന സിഗററ്റിനെക്കുറിച്ചും തീപ്പെട്ടി കണ്ടെത്താനാവാത്ത നിരാശയെക്കുറിച്ചും ഓര്‍ക്കാതെ അയാള്‍ പുസ്തകത്തിന്റെ അവസാനഭാഗങ്ങളില്‍ മുഴുകി. ചിലപ്പോള്‍ കഷ്ടപ്പെട്ട് വായിച്ചു, മറ്റുചിലപ്പോള്‍ എല്ലാം മറന്നു. പിടിക്കപ്പെടുമെന്ന് തോന്നിയ വേളയില്‍ അയാള്‍ വായനയുടെ വേഗത കൂട്ടി. എന്നിട്ടും അവസാനത്തെ മൂന്ന് പേജ് വായിക്കാനാവാതെ അയാള്‍ പിടിക്കപ്പെട്ടു. ആ മുന്നുപേജ് മാത്രമായിരുന്നു ആ പുസ്തകമെന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നിയിരിക്കണം. പിടിക്കപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള നിമിഷം അയാള്‍ പുസ്തകം വീട്ടിലെ മേശഅലമാരിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തട്ടില്‍ ഒളിപ്പിച്ചു. ഒന്നാമത്തെ തട്ടില്‍ അയാളുടെ അമ്മയുടെ വിലകുറഞ്ഞ കമ്പിളിപ്പുതപ്പുകളായിരുന്നു. അയാളുടെ അമ്മയെക്കുറിച്ച് എനിക്ക് അതുമാത്രമേ അറിയൂ. മേശ അലമാരിക്ക് പൂട്ടുണ്ടാക്കാന്‍ അമ്മ പലപ്പോഴും അമരാന്തോയോട്  അഭ്യര്‍ത്ഥിക്കുമായിരുന്നു. അയാളാവട്ടെ, എന്ത് കാര്യവും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നവനായിരുന്നു. നിനക്കൂഹിക്കാന്‍ കഴിയുമോ, വായിച്ചുതീര്‍ക്കാന്‍ കഴിയാത്ത പുസ്തകം വായനക്കാരിലുണ്ടാക്കുന്ന ഭാരം. വായനക്കാരെ വേട്ടയാടുന്ന ഏറ്റവും വലിയ സംഘര്‍ഷങ്ങളിലൊന്ന് അതാണെന്ന് നിനക്കറിയാമോ.?''

അത് ശരിയായിരിക്കാം എന്നെനിക്ക് തോന്നി, വായിക്കാന്‍ എനിക്കിഷ്ടമായിരുന്നില്ലെങ്കിലും.

''പട്ടാളക്കാരില്‍ നിന്ന് രക്ഷപ്പെടുന്നദിവസം തിരികെവന്ന്, സ്വസ്ഥമായിരുന്ന് ആ പുസ്തകം വായിച്ചുതീര്‍ക്കുമെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാതെ, അതില്‍ മാത്രം മുഴുകി... നിനക്കറിയാമോ, ഇരുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞാണ് അയാള്‍ അമരാന്തോയിലേക്ക് മടങ്ങിവന്നത്. ആ ഗ്രാമം ആകെ മാറിക്കഴിഞ്ഞിരുന്നു. അയാള്‍ക്ക് പരിചിതമായതൊന്നും അവിടെയുണ്ടായിരുന്നില്ല, പരിചിതരായ മനുഷ്യര്‍ പോലും. അയാളും മാറിയിരുന്നു. എന്നിട്ടും അയാള്‍ വീട് തിരഞ്ഞുപോയി. നിനക്ക് കേള്‍ക്കണോ, പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി അവിടെ വയസ്സായ അതിലേറെ സുന്ദരിയായ ഒരു സ്ത്രീയും അവരുടെ മൂന്നു കുട്ടികളും താമസിക്കുകയായിരുന്നു. അവര്‍ പുസ്തകം വായിക്കാത്ത സ്ത്രീയായിരുന്നു. വിചിത്രമായ ഒരു കാര്യം കേള്‍ക്കണോ നിനക്ക്, അലമാരിയുടെ ഒന്നാമത്തെ തട്ടില്‍ നിന്ന് ആ പുസ്തകം അയാള്‍ക്ക് കണ്ടുകിട്ടി.  പുസ്തകം കാത്തുവച്ചതിന് അമരാന്തോക്ക് അവരോട് സ്‌നേഹം തോന്നി. സത്യം പക്ഷേ അതായിരുന്നില്ല. അങ്ങനെയൊരു പുസ്തകം അവിടെയിരിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ആ സ്ത്രീക്കൊരിക്കലും സമയമുണ്ടായിരുന്നില്ല. അവര്‍ രാവും പകലും ജോലിക്ക് പോവുകയായിരുന്നു, കുട്ടികളെ നോക്കുകയായിരുന്നു. പതിനഞ്ചു വര്‍ഷം ഒരേ വീട്ടില്‍ താമസിക്കുന്നത് സത്യത്തില്‍ അവരെ മടുപ്പിച്ചിരുന്നു. കൂടുതല്‍ സമയവും അവര്‍ തൊഴിലിടങ്ങളില്‍ ചിലവഴിച്ചു. വീട്ടിലെ അലമാരികള്‍ സത്യത്തില്‍ അവര്‍ ശ്രദ്ധിച്ചിട്ടേയില്ല.ചിലത് തുറക്കുകയോ അടയ്ക്കുകയോ ചെയ്തില്ല. അതുകൊണ്ട് മാത്രമാണ് അമരാന്തോക്ക് പുസ്തകം തിരികെ കിട്ടിയത്. പക്ഷെ, നിനക്കറിയാത്ത ഒരു കാര്യമുണ്ട്, മഹായുദ്ധങ്ങളെ അതിജീവിച്ചാലും ചില മനുഷ്യരുടെ ജീവിതം നിരാശാജനകമായിരിക്കും. പുസ്തകത്തിന്റെ പുറംചട്ട അപ്പോഴേക്കും നഷ്ടപ്പെട്ടു പോയിരുന്നു. അവസാനത്തെ മൂന്ന് പേജുകളും''.

പറയൂ, പിന്നീടെന്ത് സംഭവിച്ചു? എനിക്ക് കൗതുകമായി

''വിചിത്രമായ ചിലകാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. പുസ്തകത്തിന്റെ പേരോര്‍മ്മിക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്കായില്ല. അയാളത് തേടി നടന്നു. ചില പുറംചട്ടകള്‍ കാണുമ്പോള്‍ അതാ പുസ്തകമാവുമോ എന്നയാള്‍ സംശയിച്ചു. ചില പുസ്തകങ്ങള്‍ വായിച്ചുതുടങ്ങുമ്പോള്‍ അത് മെറിലിന തന്ന പുസ്തകം തന്നെ, എന്നയാള്‍ ഉറപ്പിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ നിരാശനായി. ചില പുസ്തകങ്ങളിലെ ചില പേജുകള്‍ വായിക്കുമ്പോള്‍, ഇത് തന്നെയാണ് തന്റെ പുസ്തകം എന്നാശ്വസിച്ചു. മറ്റ് ചില പേജുകള്‍ വായിക്കുമ്പോള്‍ അതല്ലെന്നുറപ്പിച്ചു. അതിനിടയില്‍ അയാള്‍ എത്രയോ പുസ്തകങ്ങള്‍ വായിച്ചു. പുസ്തകം തേടി നടക്കുന്നതിനിടയില്‍, അയാള്‍ ചില വായനക്കാരെ പരിചയപ്പെട്ടു, അവര്‍ സുഹൃത്തുക്കളായി, ചിലരുമായി അയാള്‍ പ്രേമത്തിലായി, ചിലരെ അയാള്‍ ചുംബിച്ചു. അവരും അയാളുടെ ഓര്‍മ്മകളും ചുമന്ന് ആ പുസ്തകം തേടിപ്പോയി. അവരില്‍ നിന്ന് മറ്റുചിലര്‍... നിനക്കറിയുമോ, ലോകത്തുള്ള എല്ലാ വായനക്കാരും അലക്‌സാന്‍ഡ്രോ അമരാന്തോയുടെ ഭൂതങ്ങളാണ്. അവര്‍ ഏതോ കാലത്ത് വായിച്ചുപൂര്‍ത്തിയാക്കാനാവാതെ പോയ പുസ്തകം തിരഞ്ഞു നടക്കുകയാണ്.''

പറയൂ, നീ ഏത് പുസ്തകം തിരഞ്ഞാണ് നടക്കുന്നത്.

''ഞാനെന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാല്‍ നിനക്കത് കണ്ടെത്താനാവുമോ?''

ഞാന്‍ കണ്ടെത്തുമെന്ന് പറഞ്ഞില്ല. കാരണം ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ടെത്തില്ലെന്ന് പറഞ്ഞില്ല. എന്നോ ഒരിക്കല്‍ അമരാന്തോയെ പോലെ വായിച്ചു പൂര്‍ത്തിയാക്കാനാവാതെ നഷ്ടപ്പെട്ടുപോയ ഒരു പുസ്തകം തേടി നടന്ന് ഞാന്‍ അവളെ പോലും മറന്നുപോയേക്കില്ലെന്ന് ആര് കണ്ടു!

Content Highlights: Readers day Article Readers day 2020