വില്യം ഡാല്‍റിമ്പിളിന്റെ ദ ലാസ്റ്റ് മുഗള്‍: ദ ഫാള്‍ ഓഫ് എ ഡൈനാസ്റ്റി,ഡല്‍ഹി,1857 എന്ന പുസ്തകമാണ് ഇപ്പോളെന്റെ വായനയിലുള്ളത്. രണ്ടാമത്തെ തവണയാണ് ഈ പുസ്തകം വായിക്കുന്നത്. ഒരു പുസ്തകത്തെ രണ്ടാം തവണ സമീപിക്കുന്നത് ഞാന്‍ ആസ്വദിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ അത് രണ്ടില്‍ കൂടുതലുമാകും. 1857 -ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ മുഗള്‍ ചക്രവര്‍ത്തിയും അവസാനത്തെ മുഗള്‍ ഭരണാധികാരിയുമായിരുന്ന ബഹദൂര്‍ഷാ (സഫര്‍) രണ്ടാമനെക്കുറിച്ചുള്ള പുസ്തകമാണിത്. 

ഇന്ത്യന്‍ ചരിത്രം പലപ്പോഴും ചില പക്ഷങ്ങളിലേക്ക് ചായാറുണ്ട്. പൊളിറ്റിക്കലി കറക്ട് ആവുക എന്നൊക്കെയുള്ള സംഗതികള്‍ അവിടെ നടക്കാറുണ്ട്. എന്നാല്‍ മുഗള്‍ ചരിത്രത്തെ പക്ഷപാതമില്ലാതെ സമീപിച്ചുകൊണ്ട് എഴുതപ്പെട്ടതാണ് ലാസ്റ്റ് മുഗള്‍. തേര്‍ഡ് പേഴ്‌സണ്‍ പോയിന്റ് ഓഫ് വ്യൂവിലൂടെ യാഥാര്‍ഥ്യത്തെ രേഖപ്പെടുത്തുന്നു എന്നതാണ് വില്യം ഡാല്‍റിമ്പിള്‍ പോലുള്ള ചരിത്രകാരന്മാരുടെ ഗുണം.

ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് മുന്‍പും അതിനുശേഷവും ബഹദൂര്‍ഷാ ചക്രവര്‍ത്തി അഭിമുഖീകരിച്ച അതിവിചിത്രവും സങ്കീര്‍ണവുമായിട്ടുള്ള സന്ധികളെക്കുറിച്ച് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിമഹത്തായ ഗവേഷണമാണ് ഈ പുസ്തകത്തിന്റെ കെട്ടുറപ്പെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. വില്യം ഡാല്‍റിമ്പിളിന്റെ എല്ലാ പുസ്തകങ്ങളെയും പോലെത്തന്നെ ഒരുപാട് അറിവുകള്‍ പകരുന്ന ഒന്നാണ് ദ ലാസ്റ്റ് മുഗള്‍.

The last Mugal

രണ്ടാം വായന ഞാനേറെ ആസ്വദിക്കുന്നുണ്ട്. ഇന്ത്യയുടെ സിംഹഭാഗവും അടക്കിവാണിരുന്ന മുഗള്‍ രാജവംശത്തിന്റെ അവസാനകാലം ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്.

ഏതൊരു പുസ്തകവും വായനാഘട്ടത്തില്‍ വലിയൊരു പ്രചോദനഘടകത്തെ നമ്മളില്‍ അവശേഷിപ്പിക്കുന്നു. അതിബൃഹത്തായ ഒരു രാജവംശം തന്നിലൂടെ അവസാനിക്കുന്നത് നോക്കിനില്‍ക്കേണ്ടിവരുന്ന ബഹാദൂര്‍ഷാ! വീണ്ടും അത് വായിക്കുമ്പോള്‍ മുന്നിലൂടെ കഥാപാത്രങ്ങളെന്നപോലെ മുഗള്‍രാജാക്കന്മാര്‍ ജീവിച്ചുമറഞ്ഞുപോകുന്ന ഒരനുഭവം നേരിട്ടറിയുകയായിരുന്നു.

Content Highlights: Actor Writer ScreenplayWriter MuraliGopi shares his reading experience