വായനയ്ക്കായി ആരും സമയം മാറ്റിവെക്കുകയല്ല ചെയ്യുന്നത്, പകരം തിരക്കിട്ട ജീവിതത്തിന്റെ അല്പഭാഗം നമ്മളില്‍ നിന്നും വായന അടര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. അത്രമേല്‍ സ്വാധീനമുണ്ട് വായനയ്ക്ക്. അഭിനയത്തിരക്കിനിടയില്‍ തന്നോടൊപ്പം കൂടിയ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും നടന്‍ ജയസൂര്യ സംസാരിക്കുന്നു.

ന്നത്തെപ്പോലെ എണ്ണമറ്റ ടെലിവിഷന്‍ചാനലുകളും മൊബൈല്‍ഫോണും ഇല്ലാത്ത കുട്ടിക്കാലത്ത് അമര്‍ചിത്രകഥകളിലൂടെയായിരുന്നു വായനയിലേക്കുള്ള എന്റെ  തുടക്കം. അതിനൊപ്പം രാമായണം, മഹാഭാരതം പോലുള്ള പുരാണകഥകളും വായിച്ചു. പരസ്പര ബഹുമാനത്തിന്റെയും സത്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ആഴവും പരപ്പും അവിടെനിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് പിന്നീട് കാലികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത കാര്‍ട്ടൂണ്‍ചിത്രകഥയായ ബോബനും മോളിയുമായിമാറി. അന്ന് ഞങ്ങളുടെ വീടിനടുത്തുള്ള പേട്ട വായനശാലയില്‍നിന്നാണ് പുസ്തകങ്ങള്‍ വായിക്കാനെടുത്തിരുന്നത്.

പപ്പേട്ടന്റെ ആരാധകന്‍

കോളേജില്‍ പഠിക്കുമ്പോഴാണ് കഥകള്‍ വായിച്ചുതുടങ്ങിയത്. എന്നെ കഥയുടെ വലിയ ലോകത്തേക്ക് ആകര്‍ഷിച്ച എഴുത്തുകാരനായിരുന്നു പത്മരാജന്‍. ലളിതവും എന്നാല്‍ ഭാവനാസമ്പന്നവുമായ ആ എഴുത്തില്‍നിന്നാണ് വായനയോടുള്ള ഇഷ്ടം കൂടിയത്. അന്നത്തെ എന്റെ കൂട്ടുകാരുടെ പ്രിയങ്കരരായ പല എഴുത്തുകാരും എനിക്ക് പ്രിയപ്പെട്ടവരായിരുന്നില്ല, അതെന്റെ വായനയുടെയും ഭാവനയുടെയും പ്രശ്നമായിരിക്കും.പിന്നീട്, അറിയുന്ന എഴുത്തുകാരില്‍നിന്ന് അറിയാത്ത എഴുത്തുകാരിലേക്കായിരുന്നു യാത്ര. തുടര്‍ന്നാണ് ബഷീറിന്റെയും തകഴിയുടെയും കൃതികള്‍ സീരിയസായി വായിക്കാന്‍തുടങ്ങിയത്. പത്മരാജന്റെ കഥകള്‍ വായിക്കുമ്പോള്‍ ഒരു സിനിമ മുന്നില്‍ ഓടിക്കൊണ്ടിരിക്കും. മനസ്സില്‍ ചിത്രം നിറയ്ക്കുന്ന എഴുത്തായിരുന്നു അത്. കഥയെഴുത്തില്‍ എന്നെ പിടിച്ചുകുലുക്കിയ എഴുത്തുകാരുണ്ട്. അതില്‍ മാധവിക്കുട്ടി, പി. സുരേന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ആര്‍. മീര, ബെന്യാമിന്‍ എന്നിവരാണ് പ്രിയങ്കരര്‍... ഇതില്‍ ഭൂരിപക്ഷം എഴുത്തുകാരും എന്റെ കൂട്ടുകാരാണ്.

അഭിനയിക്കാന്‍ മോഹിച്ച കഥാപാത്രം

ഞാന്‍ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ത്ത ഒരേയൊരു പുസ്തകം ബെന്യാമിന്റെ ആടുജീവിതമായിരുന്നു.ആ പുസ്തകം വായിക്കാന്‍ രണ്ടുദിവസം തുടര്‍ച്ചയായി ഞാന്‍ ഇരുന്നു. പിന്നീട് കുറേക്കാലം നോവലിലെ പ്രവാസിയായ നജീബിന്റെ ലോകത്തായിരുന്നു ഞാന്‍. നോവല്‍ വായിച്ച നാള്‍മുതല്‍ ആ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കാന്‍ ഏറെ കൊതിച്ചിരുന്നു. ആ നോവല്‍ പ്രമേയമാക്കി മറ്റൊരു സിനിമ വരാന്‍പോകുന്ന സാഹചര്യത്തില്‍ അങ്ങനെ പറയുന്നതുപോലും ശരിയല്ല. എന്നാലും മോഹിക്കാമല്ലോ. കലാകാരനെന്നനിലയില്‍ പുസ്തകങ്ങള്‍ എന്നും എനിക്ക് വഴികാട്ടിയായിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ അത് ചിലപ്പോള്‍ നല്ല ചങ്ങാതിയോ ഗുരുവുവോ ആയിമാറും. ജീവിതത്തിന്റെ ഓരോകാലത്തും ഓരോതരത്തിലുള്ള വായനയായിരുന്നു. രോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, പൗലോ കൊയ്ലോ എന്നിവരുടെ മോട്ടിവേഷന്‍ പുസ്തകങ്ങള്‍ എന്റെ സിനിമായാത്രയില്‍ മരുന്നുകളായിട്ടുണ്ട്. അവയെനിക്ക് വിലമതിക്കാനാവാത്ത സാന്ത്വനവും പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്. പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റ്', സ്‌പെന്‍സര്‍ ജോണ്‍സന്റെ 'ഹു മൂവ്ഡ് മൈ ചീസ്' എന്നിവ പലതവണ വായിച്ച പുസ്തകങ്ങളാണ്. ഓരോ വായനയിലും ഓരോ അനുഭൂതികളാണവ സമ്മാനിച്ചത്.

നാല് കഥാപാത്രങ്ങള്‍ ലക്ഷ്യം തേടുന്ന യാത്രയുടെ കഥ പറയുന്നു ആ പുസ്തകത്തില്‍. നമുക്കുചുറ്റുമുള്ള ഓരോരുത്തരുടെയും പ്രതിനിധികളെ അവിടെ കാണാം. അവരുടെ ചിന്തകളും വികാരങ്ങളും വായിച്ചെടുക്കാം. ലക്ഷ്യം ജോലിയോ പ്രണയമോ ഭക്ഷണമോ എന്തുമാകട്ടെ എവിടെയും ചേര്‍ത്തുവെക്കാന്‍പറ്റുന്ന പ്രമേയതലമുള്ള എല്ലാവരും വായിക്കേണ്ട പുസ്തകമാണത്.

ജീവിതത്തിന് കരുത്തായവര്‍

സ്പിരിച്വല്‍ പുസ്തകങ്ങളായ ശ്രീ എമ്മിന്റെ 'ഹിമാലയന്‍ മാസ്റ്റര്‍', തിച് നാത് ഹാനിന്റെ 'സൈലന്റ്‌സ്', 'ദ മിറക്കിള്‍ ഓഫ് മൈന്‍ഡ്ഫുള്‍നെസ്' തുടങ്ങിയവ അടുത്തിടെ വായിച്ച പുസ്തകങ്ങളാണ്. ആത്യന്തികമായി ഇതൊക്കെ നവീകരിക്കുന്നത് നമ്മുടെ ജീവിതമാണ്. എനിക്ക് സമ്മാനമായി കിട്ടിയതും ഞാന്‍ സമ്മാനമായി കൊടുക്കുന്നതും ഇത്തരം പുസ്തകങ്ങള്‍തന്നെയാണ്. മകന്‍ വായിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ അവന് സമ്മാനിച്ചത് 'ഹു മൂവ്ഡ് മൈ ചീസ്' ആയിരുന്നു. ഷൂട്ടിങ് തിരക്കിനിടയില്‍ വായിച്ചുപകുതിയാക്കിയ കുറെ പുസ്തകങ്ങളുണ്ട്. അതില്‍ ചിലത് ടി.ഡി. രാമകൃഷ്ണന്റെ 'ആണ്ടാള്‍ ദേവനായകി', 'ഫ്രാന്‍സിസ് ഇട്ടിക്കോര', പ്രജേഷ് സെന്നിന്റെ 'ഓര്‍മകളുടെ ഭ്രമണപഥം', ചേതന്‍ ഭഗതിന്റെ 'റെവല്യൂഷന്‍ ട്വന്റി 20' എന്നിവയാണ്. ഒരു നല്ല കഥ വായിക്കുമ്പോള്‍ അതിന്റെ സംവിധായകനും നടനും കോസ്റ്റ്യൂമറും ക്യാമറാമാനും നമ്മള്‍തന്നെയിരിക്കും. നമുക്കതിനെ എങ്ങനെയും എവിടെയും സങ്കല്പിക്കാം. സംവിധായകന്‍ ഒരുക്കുന്ന കലാരൂപമാണ് സിനിമയെങ്കില്‍ വായനക്കാരന്‍ ഒരുക്കുന്ന സങ്കല്പചിത്രങ്ങളാണ് നല്ല വായന.

Content Highlights: Actor Jayasurya shares his Reading Experience