കറിക്കുള്ളത് മുറിച്ചു പാകപ്പെടുത്തി അടുപ്പത്തുവെച്ചശേഷം അകത്തെ മുറിയിലെ ചാരുകസേരയില്‍ പതിഞ്ഞിരുന്ന് ആ വീട്ടമ്മ എഴുതി- 'ഇന്നെന്റെ ആയുധമായൊരാ കറിക്കത്തി തെല്ലൊന്നുമെല്ലെ താഴത്തുവെച്ചു ഞാന്‍ പണ്ടെന്നോ പിടിച്ചൊരാ പഴയ മഷിപ്പേനയാല്‍ കുറിക്കട്ടെ അക്ഷരമുത്തുകള്‍...'. കൈയില്‍കിട്ടുന്ന കടലാസില്‍ കുത്തിക്കുറിച്ചിട്ടത് വായിച്ച പ്രിയപ്പെട്ടവരാണവരെ ആദ്യമായി കവയത്രിയെന്നു വിളിച്ചത്.
ചെന്നൈയില്‍ താമസമാക്കിയ രാമനാട്ടുകര സ്വദേശി പി.ആര്. ദേവിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ദേവി വിവാഹശേഷമാണ് ചെന്നൈയിലെത്തിയത്. ജനബാഹുല്യംകൊണ്ട് തിരക്കുപിടിച്ച നഗരത്തിലാണെങ്കിലും ആള്‍കൂട്ടത്തില്‍ തനിച്ചായതുപോലെയാണ് അവര്‍ക്കനുഭവപ്പെട്ടത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. 2016-ല്‍ ഒരു മലയാളമാധ്യമം നടത്തിയ കവിതാരചനാമത്സരത്തില്‍ പങ്കെടുത്തതാണ് ആദ്യത്തെയനുഭവം. ആ മത്സരത്തില്‍ സമ്മാനം ലഭിച്ചതോടെ കവിത തനിക്കുവഴങ്ങുമെന്നു കൂടെയുള്ളവര്‍ പറഞ്ഞുതുടങ്ങി. ആ പ്രചോദനത്തിലാണ് കവിതാരചന കാര്യമായെടുത്തത്.
എഴുതിയ കവിതകള്‍ പുസ്തകമാക്കണമെന്ന് ആദ്യമായി ആഗ്രഹം പറഞ്ഞത് ഭര്‍ത്താവിന്റെ അമ്മയാണ്. പി.കെ. ഗോപിയുടെ അവതാരികയോടെ 'ഗ്രീഷ്മശലഭങ്ങള്' എന്ന 25 കവിതകളടങ്ങുന്ന പുസ്തകം പുറത്തിറക്കിയെങ്കിലും ആ സന്തോഷം കാണാന്‍ അമ്മയ്ക്ക് ആയുസ്സുണ്ടായില്ല. കഴിഞ്ഞവര്‍ഷം നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുറത്തിറക്കിയ 'മഞ്ചാടി' എന്ന ആല്‍ബത്തിലേക്ക് 'ഇഷ്ടം എനിക്കിഷ്ടം' എന്നുതുടങ്ങുന്ന പാട്ടെഴുതിക്കൊടുത്തു.
രാമനാട്ടുകര സതീശന് മാസ്റ്ററുടെ സംഗീതത്തില്‍ പിന്നണിഗായിക സിത്താര ആലപിച്ച ഈ പാട്ട് വന്‍ഹിറ്റായി. പദ്യവും ഗദ്യവും ഇടകലര്‍ത്തി സാധരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയാണ് എഴുത്തിന്റെ ശൈലി. അധ്യാപകനായിരുന്ന പെരിഞ്ചീരി രാമകൃഷ്ണന് നായരുടെയും സരസ്വതിയമ്മയുടേയും മകളാണ്. ഐ.സി.എഫില്‍ ജോലി ചെയ്യുന്ന മുരളീധരനാണ് ഭര്‍ത്താവ്. മകന് രൂപക്ക്.
Content HIghlights: p r devi, Vayanadinam 2019