വിശാലമായ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വായനയില്‍ അങ്ങേയറ്റം കാര്യബോധവും ദീര്‍ഘദൃഷ്ടിയുള്ളവനുമാണ് മലയാളി. ചരിത്ര കഥാപാത്രങ്ങളെ ദൈവമായിക്കാണാനും അവരെ പീഠത്തിലിരുത്തി പൂജിക്കാനും ഇന്ത്യയുടെ പൊതുപ്രവണതയുയരുമ്പോള്‍ പലപ്പോഴും കേരളം തിരിഞ്ഞുനിന്നു. എന്തിന്? എന്ന മറുചോദ്യം ചോദിക്കാനുള്ള ധൈര്യം കാണിച്ചു. അതിനുള്ള അവസരവും സ്വാതന്ത്ര്യവും എന്നും കേരളത്തിലുണ്ട്.

അതുകൊണ്ടുതന്നെ മലയാളിവായനക്കാരനെ ആകര്‍ഷിക്കുകയെന്നത് എപ്പോഴും അത്രയെളുപ്പമുള്ള കാര്യമല്ല. ആരോഗ്യകരമായ ദോഷാനുദര്‍ശനം ഓരോ വായനയിലും മലയാളി നിലനിര്‍ത്തുന്നു. മാത്രമല്ല, എപ്പോഴും സംവാദത്തിനും തര്‍ക്കത്തിനുമുള്ള വാതില്‍ പൊതുസമൂഹത്തില്‍ അവര്‍ തുറന്നിടുകയും ചെയ്യുന്നു.

വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും പൂര്‍ണമായി മനസ്സിലാക്കാനുമുള്ള ആവേശം ഇന്ത്യയിലും ലോകത്തുനിന്നുതന്നെയും പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. (അനാരോഗ്യകരമായ പ്രവണതയെന്ന് ഞാന്‍ പറയാനാഗ്രഹിക്കുന്നു), പ്രത്യേകിച്ചും സാമൂഹികമാധ്യമങ്ങള്‍ ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറിയതോടെ. പക്ഷേ, അറിവെന്നും അറിവുതന്നെ. അതിനെ രാഷ്ട്രീയത്താലോ വെറുപ്പാലോ ഇടുങ്ങിയ ചിന്താഗതിയാലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മനുഷ്യരെന്ന നിലയില്‍ നമ്മുടെ പുരോഗതിക്ക് തടയിടുന്നതിന് കാരണമാകും.

വായന മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ലേഖനമെഴുതുന്നതായിരുന്നു ഏതാനും വര്‍ഷംമുമ്പത്തെ ഒരു ഫാഷന്‍. വായനശീലം ഇതാ മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ആളുകള്‍ മുറവിളി കൂട്ടി. അതൊരു അതിശയോക്തിയായിരുന്നെന്നാണ് ഞാന്‍ കരുതുന്നത്. വായന ജീവിച്ചിരിക്കുന്നുവെന്നു മാത്രമല്ല, ആളുകള്‍ വായനയുടെ വിവിധ തലങ്ങളിലേക്ക് കടക്കുകയും ചെയ്തു. ഉദാഹരണത്തിന്, കുറച്ചുനാള്‍ മുമ്പുവരെ ഇന്ത്യന്‍ സാഹിത്യമെന്നാല്‍ ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യക്കാരുടെ എഴുത്ത് മാത്രമായിരുന്നു. ഇന്നത് മാറിക്കഴിഞ്ഞു. മലയാളത്തിലെഴുതുന്ന ബെന്യാമിനെപ്പോലെയുള്ള എഴുത്തുകാര്‍ അന്താരാഷ്ട്രതലത്തിലേക്കുയര്‍ന്നു.

അതുപോലെത്തന്നെ, നല്ല പുസ്തകങ്ങള്‍ ഇറങ്ങുന്നതിനൊപ്പം ഗുണമേന്മയില്ലാത്ത ഒട്ടേറെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുവെന്നാണ് മറ്റൊരു പരാതി. ഗുണമേന്മയില്ലാത്ത പുസ്തകങ്ങളിറക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് നല്ല പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനുപയോഗിക്കുന്നത് എന്നതാണ് ഇതിലെ വൈരുധ്യം!.

വിവര്‍ത്തനങ്ങളുടെ കാര്യത്തിലും വന്‍വളര്‍ച്ചയുണ്ടായി. ഇംഗ്ലീഷില്‍നിന്ന് ഇന്ത്യന്‍ ഭാഷകളിലേക്കായാലും തിരിച്ചായാലും ഇന്ത്യന്‍ പ്രസിദ്ധീകരണവും വായനയും ഏറ്റവും ശക്തമായ നിലയില്‍ത്തന്നെയാണെന്ന് സംശയമില്ലാതെ പറയാനാകും. രചയിതാവിന് തുല്യമായ സ്ഥാനം തന്നെയാണ് ഇന്ന് സാഹിത്യലോകത്ത് പരിഭാഷകന് അല്ലെങ്കില്‍ വിവര്‍ത്തകനുമുള്ളത്. ഇംഗ്ലീഷ് നമ്മളെ ലോകവുമായി ബന്ധിപ്പിക്കുന്നു. മാതൃഭാഷകള്‍ നമ്മെ നമ്മുടെ വേരുകളിലേക്കും. അവിടേക്കുള്ള മാര്‍ഗമാകുന്നതാകട്ടെ വിവര്‍ത്തകരും.

പുസ്തകങ്ങളുടെ ലോകത്തും പ്രശ്നങ്ങളുണ്ടെന്നത് തീര്‍ച്ചയാണ്. ഉള്ളടക്കത്തെ പലപ്പോഴും ആകര്‍ഷകത്വം കീഴ്പ്പെടുത്തുന്നു. പല നല്ല എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കും അതര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെപോകുന്നു. ശശി ദേശ്പാണ്ഡെയുടെ ഓര്‍മക്കുറിപ്പുകള്‍ ഇതിനുദാഹരണമാണ്. ചിന്തകള്‍ അത്രമേല്‍ തീവ്രമായിട്ടുപോലും ലിംഗ അസമത്വം എങ്ങനെയാണ് അവരുടെ എഴുത്തുജീവിതത്തെ ബാധിച്ചതെന്ന് നമുക്കുകാണാം. അതേ ആശയങ്ങള്‍ മുന്നോട്ടുവെച്ച പുരുഷ എഴുത്തുകാര്‍ക്കും എത്രയോ മുന്‍പേ ശശി ദേശ്പാണ്ഡെ ഇക്കാര്യങ്ങള്‍ തുറന്നെഴുതിയിരുന്നു.

തങ്ങളുടേതായ ഇടങ്ങളില്‍ മേല്‍ക്കോയ്മ പുലര്‍ത്തുന്നതിനുപകരം സാമൂഹികപ്രശ്നങ്ങളില്‍ എഴുത്തുകാര്‍ ഇടപെടേണ്ടതുണ്ട്. അവനവന്‍ നേടിയ വിജയത്തെ സമൂഹത്തിനായി ഉപയോഗിക്കണം. സാഹിത്യത്തില്‍ എല്ലാകാലവും മത്സരമുണ്ട്. ഇന്ന് ഞാന്‍ കൊണ്ടുവന്ന ആശയത്തെക്കാള്‍ മികച്ചതൊന്ന് പിന്നീട് വരുമ്പോള്‍ ഞാനതിന്റെ വഴിമുടക്കി നില്‍ക്കരുത്.

( 'ദ കോര്‍ടിസാന്‍, ദ മഹാത്മ ആന്‍ഡ് ദ ഇറ്റാലിയന്‍ ബ്രാമിണ്‍' എന്ന ലേഖന സമാഹാരമാണ് ലേഖകന്റെ പുതിയ പുസ്തകം )

മനു എസ്. പിള്ളയുടെ പുസ്തകങ്ങള്‍ വാങ്ങാം