പ്പോള്‍ വായിച്ചുതീര്‍ത്ത പുസ്തകം ബംഗാളി കഥാകൃത്തുക്കളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്താറ് കഥകളുടെ സമാഹാരമാണ്. (ദി ഗ്രേറ്റസ്റ്റ് ബംഗാളി സ്റ്റോറീസ്. തെരഞ്ഞെടുപ്പും പരിഭാഷയും അരുണാവ സിന്‍ഹ) ഈ പുസ്തകം വായിച്ചുമടക്കിയപ്പോള്‍ വിസ്മയത്തോടെ ഓര്‍ത്തത് ഞാന്‍ വായിച്ചത് സാഹിത്യകൃതിയല്ല വാസ്തവത്തില്‍ ഒരു ചരിത്രകൃതിയാണെന്നാണ്. അത്രമേല്‍ സൂക്ഷ്മമായി ബംഗാളിന്റെ സാമൂഹികജീവിതത്തിന്റെ പരിവര്‍ത്തനം നമുക്കറിയാന്‍ ഈ കൃതിയിലൂടെ സാധിക്കുന്നു. ഒരെഴുത്തുകാരന്‍ സാഹിത്യമെഴുതുമ്പോള്‍ അയാള്‍ നിര്‍വ്വഹിക്കുന്നത് പ്രാദേശിക ചരിത്രരചനയാണ്. ഗുന്തര്‍ ഗ്രാസിന്റെ 'തകരച്ചെണ്ട' വായിക്കുമ്പോള്‍ ചരിത്രഖണ്ഡങ്ങളിലൂടെയാണ് വായനക്കാരന്‍ കടന്നുപോകുന്നത്. മൂന്നാംവയസ്സില്‍ തകരച്ചെണ്ട സ്വന്തമായി കിട്ടുമെന്ന് പിതാവില്‍ നിന്നും ഉറപ്പു ലഭിക്കുന്ന ഓസ്‌കാര്‍ എന്ന കഥാനായകനിലൂടെ പോളീഷ് ജനതയുടെ നീണ്ടകാലത്തെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതം നാം വായിച്ചെടുക്കുന്നു.

ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' നമുക്ക് തരുന്നത് രണ്ടാം ലോകമഹായുദ്ധകാലം വരെയുള്ള മലബാറിന്റെ പ്രാദേശിക ചരിത്രമാണ്. ചരിത്രത്തെ കൂട്ടുപിടിക്കാതെ സാഹിത്യത്തിന് വെറും ഭാവനയുടെ ബലത്തില്‍ മാത്രം നില്‍ക്കാനാവില്ല. ഏലി വീസലിനേയും പ്രിമോ ലെവിയേയും പോലെയുള്ള എഴുത്തുകാരുടെ ഓര്‍മ്മകളും അനുഭവാഖ്യാനങ്ങളും ഫിക്ഷനെ എയ്തുതോല്‍പ്പിക്കുന്നവയാണ്. മാര്‍ക്വേസും വെറും ഭാവന കൊണ്ട് കൊട്ടാരം കെട്ടുകയല്ല ചെയ്തിട്ടുള്ളത്, രാഷ്ട്രീയത്തേയും ചരിത്രത്തേയും പ്രാദേശികതയേയും കൂട്ടുപിടിച്ചിച്ച് കല്‍പനകളിലൂടെ സഞ്ചരിക്കുകയാണ് ചെയ്തത്. അതൊരുതരം കടല്‍യാത്രപോലെയാകുന്നു. 'നെപ്പോളിയന്റെ മരണം' എന്ന പുസ്തകത്തില്‍ നമുക്കത് അനുഭവിക്കാനാവും. സെന്റ് ഹെലേന ദ്വീപില്‍ നിന്നും യുദ്ധത്തടവുകാരനായി രക്ഷപ്പെടുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തുടര്‍ജീവിതമാണ് സൈമണ്‍ ലെയ്‌സിന്റെ ചെറുനോവലിലുള്ളത്. ചരിത്രവും ഭാവനയും കെട്ടുപിണയുന്നതും വായനക്കാരനെ അതീതപ്രപഞ്ചത്തിലേക്കുയര്‍ത്തുന്നതും ആ ചെറുനോവലില്‍ അനുഭവിക്കാനാവും. 

പുസ്തകങ്ങള്‍ വായിക്കാന്‍ തീരുമാനിച്ചാല്‍ അതിനേ നേരം കാണൂ എന്നൊരു പഴമൊഴി തന്നെ കേട്ടിട്ടുണ്ട്. ചില കഥകള്‍ അല്ലെങ്കില്‍ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' ഇടക്കിടെ വായിക്കാതെ വയ്യ. വി.കെ.എന്റെ 'ലഞ്ച് ' ഇടക്കിടെ വായിക്കാതെ തരമില്ല. സി.വി. ശ്രീരാമന്റെ 'ഇരിക്കപ്പിണ്ഡം' വീണ്ടും വീണ്ടും വായിക്കാതിരുന്നാല്‍ മനസ്സിനൊരു സ്വാസ്ഥ്യം കിട്ടില്ല. കുട്ടിക്കാലത്തെന്നോ വായിച്ച അര്‍ക്കാദി ഗൈദാറുടെ 'ചുക്കും ഗെക്കും' അതേപോലെ പിന്നെയും വായിക്കാന്‍ തോന്നിക്കുന്ന പുസ്തകങ്ങളിലൊന്നാണ്. തീര്‍ച്ചയായിട്ടും ഹുവാന്‍ റൂള്‍ഫോവിന്റെ 'പെഡ്രോ പരാമോ'യും. 

മലയാളത്തിലെ ചില കഥകള്‍ പിന്നെയും വായിക്കുമ്പോഴാണ് ധാരാളം വാക്കുകളും പ്രയോഗങ്ങളും ഭാഷയില്‍ നിന്നും ചോര്‍ന്നു പോയതായി മനസ്സിലാക്കാന്‍ കഴിയുന്നത്. അതൊരു വ്യസനമാണ്. സി. വി രാമന്‍പിള്ളയുടെ കൃതികളിലെ സവിശേഷമായ ഭാഷാപ്രയോഗങ്ങളില്‍ പലതും ഇന്നുപയോഗിക്കാന്‍ കഴിയാതായിരിക്കുന്നു. നാട്ടുഭാഷാവ്യവഹാരങ്ങളില്‍ വന്ന മാറ്റങ്ങളാണ് കാരണമെങ്കിലും ഒരെഴുത്തുകാരന്റെ വേവലാതികളില്‍ ഇതെല്ലാം ഉള്‍പ്പെടുന്നു. പഴയ പത്രഭാഷാമലയാളവും കോടതിവ്യവഹാര മലയാളവും നമുക്കുതന്ന അനേകം വാക്കുകളും ശൈലികളും ഇന്ന് അപരിചിതമായിരിക്കുന്നു. ഇന്നത്തെക്കാലത്ത് അവ ആവശ്യമില്ലെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ വാക്കുകള്‍ മരണപ്പെടുന്നതിന്റെ ഖേദവും ഉത്കണ്ഠയും പങ്കുവയ്ക്കാതെ വയ്യ.

കുറച്ചുകാലം പരമാവധി മലയാളപദങ്ങള്‍ക്കു പിന്നാലെ പോയി ആഖ്യാനത്തെ പച്ചമലയാളത്തോടടുപ്പിക്കാന്‍ ഞാനൊരു ശ്രമം നടത്തിയിരുന്നു. അതിനു ഹേതുവായത് നിലീന എബ്രാഹാമിനേയും ലീലാ സര്‍ക്കാരിനേയും എം.എന്‍. സത്യാര്‍ത്ഥിയേയും പോലുള്ളവരുടെ തര്‍ജ്ജമകളിലെ ഭാഷാസൗന്ദര്യമാണ്. അടുത്തിടെ 'നേതാജിയുടെ കഥ' എന്ന പുസ്തകം വായിച്ചപ്പോള്‍ വീണ്ടും സത്യാര്‍ത്ഥിമാഷിന്റെ ഭാഷാചാതുരിയുടെ വിരുതറിഞ്ഞു. അതൊക്കെ, അത്തരം ഭാഷാസൂക്ഷ്മതകളൊക്കെ ഇപ്പോഴത്തെ എഴുത്തുകാരില്‍നിന്നും നഷ്ടമാകുന്നുണ്ട്. എനിക്കതില്‍ ദുഖവുമുണ്ട്. കിഷ്‌കിന്ധാകാണ്ഡം 'താരോപദേശ'-ത്തില്‍ എഴുത്തച്ഛന്‍ പരമമായ ഒരു സത്യം വാക്കുകളിലൊതുക്കി പറയുന്നുണ്ടല്ലോ. പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം/ സഞ്ചിതം ത്വങ്മാംസരക്താസ്ഥികൊണ്ടെടോ എന്ന്. പുസ്തകങ്ങളുടെ കാര്യത്തിലും അതാണ് ശരി. ആശയങ്ങളുടേയും രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും അറിവുകളുടേയും ഭാവനയുടേയും സമ്മേളനമാണ് പുസ്തകങ്ങള്‍. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് പുസ്തകങ്ങളും. അവയെ ആരും ഉപയോഗിക്കാതിരുന്നാല്‍ അവയും ജഡതുല്യമാകും.  

ബംഗാളി കഥകളെക്കുറിച്ച് പറഞ്ഞല്ലോ. സത്യജിത്‌റേയും ഋത്വിക് ഘട്ടക്കും എഴുതിയ കഥകള്‍, 'പ്ലാസ്റ്റിക് കണ്ണുകളുള്ള അള്‍സേഷ്യന്‍ പട്ടി'യും 'കോട്ടയത്ത് എത്ര മത്തായിമാരുണ്ട് ' എന്ന കഥയും എഴുതിയ ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിപ്പിച്ചു. പത്മരാജനേയും. ചലച്ചിത്രകാരന്മാരാകുന്നതിനുമുമ്പേയും ശേഷവും അവരെഴുതിയ കഥകള്‍ അവരുടെ സര്‍ഗ്ഗാത്മകജീവിതത്തിന്റെ തീക്ഷ്ണശോഭകളിലേക്കുകൂടി നമ്മെ നയിക്കുന്നുണ്ട്. അരവിന്ദന്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നില്ലെങ്കില്‍ കഥകളെഴുതുമായിരുന്നു എന്നാണ് ഞാനുറച്ചു വിശ്വസിക്കുന്നത്. 

സുസ്മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കുറച്ചുകാലം മുമ്പ് കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തില്‍ വച്ച് ഏതാനും ചെറുസിനിമകള്‍ ഞാന്‍ കാണുകയുണ്ടായി. അതെല്ലാം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളായിരുന്നു. നമ്മുടേതില്‍നിന്നും വിഭിന്നമായ കാലാവസ്ഥയും ഭൂപ്രകൃതിയും ജനജീവിതവും രാഷ്ട്രീയവും സാമൂഹികനിയമങ്ങളുമാണ് ബംഗാളിനു കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ക്കുള്ളത്. ഗൗരവബുദ്ധ്യാ നിര്‍മിക്കപ്പെടുന്ന സിനിമകളും ഉള്‍ക്കനമുള്ള പുസ്തകങ്ങളെപ്പോലെയാണല്ലോ. അവ നമ്മോട് പ്രാദേശികജീവിതത്തെപ്പറ്റിയും ജനതയുടെ അതിജീവനത്തെപ്പറ്റിയും രാഷ്ട്രീയമായ ഭാഷയില്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതിനുശേഷമാണ് കുറേക്കാലമായി കൈയിലിരുന്നിട്ടും വായിക്കാതിരുന്ന പതിനാറ് ചെറുകഥകളുടെ സമാഹാരമായ 'എര്‍ത്ത് സോംഗ്‌സ്' എന്ന പുസ്തകം വായിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പലഭാഗത്തുനിന്നും വന്ന ആ കഥകള്‍ക്ക് കഥാപരമായ ഭദ്രതയോ മികവോ അവകാശപ്പെടാനാവില്ലെങ്കിലും അവയില്‍ പ്രതിപാദിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് അവരുടേതുമാത്രമായ ജീവിതത്തിന്റെ ചൂടുണ്ടായിരുന്നു. അത് നമ്മെ ഉലയ്ക്കും. മണിപ്പൂരി, ഖാസി, ആസാമീസ്, ബംഗാളി, മിസോ ഭാഷകളില്‍ നിന്നുള്ള കഥകളായിരുന്നു അവ. 

പുസ്തകങ്ങള്‍ക്ക്, പ്രത്യേകിച്ചും ഫിക്ഷന്, വായനക്കാരില്‍ ഒരു സാമൂഹികദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്നത്തെ കാലത്ത് തീര്‍ച്ചയായും സാഹിത്യമാണ് മനസ്സുകളെ വിമലീകരിക്കാന്‍ നല്ലത്. സിനിമപോലും സാങ്കേതികതയുടേയും മൂലധനതാല്‍പര്യങ്ങളുടേയും ഭാഗമായി അതിന്റെ പ്രമേയസ്വീകാര്യതയില്‍ വെള്ളം ചേര്‍ത്തുതുടങ്ങിയ കാലത്ത് സാഹിത്യം കരുത്തോടെ അതിന്റെ തനിമയിലേക്ക് തിരികെ പോകുന്നുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തിലൂടെയും ഏഷ്യന്‍ രാജ്യങ്ങളിലൂടെയും കൈവന്ന പുത്തന്‍ പ്രമേയങ്ങളുടെ കുതിച്ചൊഴുക്ക് എഴുത്തിനെയും വായനയേയും സമ്പന്നമാക്കുന്നു. കൊല്‍ക്കത്തയിലെ ലൈബ്രറികളിലിരുന്ന് ടൈംസ് ലിറ്റററി സപ്ലിമെന്റിന്റെ ഏടുകള്‍ മറിക്കുമ്പോള്‍ ഞാന്‍ വിനയവാനാകുന്നു. ലോകത്ത് എഴുത്തില്‍ നടന്നുവരുന്ന പ്രവണതകളേയും എഴുത്തുകാരുടെ മിടുക്കിനേയും അറിയുമ്പോള്‍ പുത്തന്‍ കരകളെ തേടിയുഴലുന്ന സാഹസികനായ കപ്പിത്താന്റെ സ്വത്വം ആവാഹിച്ച എഴുത്തുകാരന്റെ ജന്മദൗത്യം ബുദ്ധിയില്‍ ആനന്ദം നിറയ്ക്കുന്നു. 

പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

content highlight : susmesh chandroth, books and reading, Vayanadinam