നുജൂദ്.. അവളൊരു ഓര്‍മ്മപ്പെടുത്തലാണ്, അത്രമേല്‍ നിഷ്‌കളങ്കമായി ചിരിക്കുന്ന കുഞ്ഞു മുഖങ്ങള്‍ക്കിടയില്‍ നമ്മള്‍ കാണാത്ത ചില മുഖങ്ങള്‍ കൂടെയുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍.
'എന്താണ് കുട്ടിക്ക് വേണ്ടത്?'
'എനിക്ക് വിവാഹമോചനം വേണം '
ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടി കോടതിമുറിയിലേക്ക് കയറിച്ചെന്ന് ജഡ്ജിയോട് ഇങ്ങനെ പറയുന്നിടത്ത് നിന്നാണ് നമ്മള്‍ നുജൂദിനെ അറിയാന്‍ തുടങ്ങുന്നത്...

മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന ശൈശവ വിവാഹത്തിന്റെ ക്രൂരമുഖവും, അതിന്റെ ഒരു ഇരയായി ജീവിക്കാതെ നിയമ പോരാട്ടം നടത്താനും തീരുമാനിച്ചിറങ്ങിയ, മനക്കരുത്തിന്റെ, ആത്മധൈര്യത്തിന്റെ, അന്തരാഷ്ട്രബിംബം എന്ന് ദ ന്യുയോര്‍ക്കര്‍ വിശേഷിപ്പിച്ച നുജൂദിനെ ജീവിത കഥ.

കളിച്ചും പഠിച്ചും ചിരിച്ചും കഴിയേണ്ട തന്റെ പത്താമത്തെ വയസ്സില്‍ വിവാഹമോചനം തേടി കോടതിയിലേക്ക് കയറേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഡെല്‍ഫിന്‍ മിനോയ് എഴുതി രമാ മേനോന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ഞാന്‍ നുജൂദ് വയസ്സ് 10 വിവാഹമോചിത' എന്ന പുസ്തകം.

വടക്കുപടിഞ്ഞാറന്‍ യെമനിലെ ഖാര്‍ഡ്ജി എന്ന ഗ്രാമം അവിടെ ഷോയ-അലി മൊഹമ്മദ് അല്‍ അദെല്‍ ദമ്പതികളുടെ പതിനാറ് മക്കളില്‍ ഒരാളാണ് നുജൂദ്. കടലിനെ സ്വപ്നം കാണുന്ന, ഒരു കടലാമായായി തീര്‍ന്ന് വെള്ളത്തിനടിയിലേക്ക് ആഴ്ന്നിറങ്ങാന്‍ കൊതിക്കുന്ന ഒരു പെണ്‍കുട്ടി.. തിരയുടെ നിറം നീലയാണെന്നു അവളുടെ കൂട്ടുകാരി മലക് പറഞ്ഞപ്പോ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടര്‍ന്ന ഒരു യെമന്‍ ബാലിക. നുജൂദ്.

അങ്ങനെയിരിക്കെ അവളോട് ഉപ്പ പറയുകയാണ് നുജൂദ് നീ വിവാഹിതയാകാന്‍ പോകുന്നു.. എന്താണ് വിവാഹം.. കൊച്ചു നുജൂദിനെ സംമ്പത്തിച്ചിടത്തോളം ഒരുപാട് മധുര പലഹാരം കിട്ടുന്ന, സമ്മാനങ്ങള്‍ കിട്ടുന്ന ഒരു ആഘോഷം. മുപ്പത് വയസ്സുകാരനായ ഫൈസ് അലി താമര്‍ എന്നയാള്‍ക്ക് നുജൂദിനെ കൈപിടിച്ചു കൊടുക്കുമ്പോള്‍ അതിനെ അവളുടെ ഉപ്പ ന്യായീകരിക്കുന്നത് ഇത് കഴിഞ്ഞാല്‍ ഒരു വയര്‍ ഒഴിയുമല്ലോ എന്ന് പറഞ്ഞാണ്. ആ കുടുംബത്തിന്റെ ദാരിദ്ര്യം ആ വാക്കുകളില്‍ അറിയാം. എന്നിരുന്നാലും ആ പത്ത് വയസ്സുകാരി നുജൂദ്, തീരുമാനങ്ങള്‍ പുരുഷന്റെതാണ് അത് അനുസരിക്കാന്‍ മാത്രമേ സ്ത്രീകള്‍ക്ക് കഴിയു എന്ന് അവള്‍ തിരിച്ചറിഞ്ഞ നിമിഷം.

njan nujood vayassu 10 vivahamochithaകല്യാണം കഴിഞ്ഞതോ, പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നതോ, വിയര്‍പ്പ് നാറുന്ന ഒരുവന്റെ കൂടെ ഉറങ്ങേണ്ടി വന്നതോ അല്ല, മറിച്ച് താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെട്ട പാഠപുസ്തകങ്ങള്‍ നഷ്ടമായതും, മലക് എന്ന തോഴിയേയും തന്റെ സ്‌കൂളിനെയും ടീച്ചര്‍മാരെയും പിരിയേണ്ടി വന്നതുമാണ് അവളെ സങ്കടത്തില്‍ ആഴ്ത്തിയത്.

കുഞ്ഞു നുജൂദിന് പ്രായം ആകുന്നത് വരെ അവളുടെ ദേഹത്ത് സ്പര്‍ശിക്കില്ലെന്ന ഉറപ്പ് ആദ്യ രാത്രി തന്നെ താമര്‍ ലംഘിച്ചപ്പോള്‍ ആ രാത്രി നുജൂദിന് സമ്മാനിച്ചത് എന്തെന്ന് അറിയാത്ത വേദനയാണ്. പിന്നെ അങ്ങോട്ട് എല്ലാ രാത്രികളും അവള്‍ക്ക് വേദന നിറഞ്ഞതായിരുന്നു, കണ്ണീര് നിറഞ്ഞതായിരുന്നു. അവസാനം ഷാദ എന്ന വക്കീലിന്റെ കൈകളില്‍ എത്തും വരെ.

'നീ ഇപ്പോഴും കന്യകയാണോ ? 
'അല്ല,രക്തമൊലിക്കുകയുണ്ടായി' 
ജഡ്ജിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ നുജൂദിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒപ്പം വായനക്കാരുടേതും. കാരണം അത്രമേല്‍ നിഷ്‌കളങ്കയാണ് നുജൂദ്.

അവിടുന്നങ്ങോട്ട് നിയമ പോരാട്ടങ്ങളാണ്. ആ കുഞ്ഞു മനസ്സിനെ അവളുടെ വലിയ ലോകത്തിലേക്ക് സ്വതന്ത്രമായി തുറന്നു വിടാന്‍ വേണ്ടി ഷാദ എന്ന വക്കീല്‍ നടത്തുന്ന പോരാട്ടം. അത് കൊണ്ട് തന്നെയാകാം വളര്‍ന്നു വലുതാകുമ്പോ തനിക്കും ഷാദയെ പോലെ ഒരു വക്കീല്‍ ആകണം എന്ന് നുജൂദ് ആഗ്രഹിച്ചത്.

വിവാഹമോചനം ലഭിച്ചതിന് ശേഷം ഷാദ അവളോട് ചോദിക്കുന്നുണ്ട് നുജൂദ് നിനക്ക് എന്ത് വേണം.? അതിനവളുടെ മറുപടി 'എനിക്ക് കുറച്ച് കളിപ്പാട്ടങ്ങള്‍ വേണം, ചോക്ലേറ്റും കേക്കും തിന്നാനും തോന്നുണ്ട്.' അവിടെ അവസാനമല്ല. നുജൂദിന്റെ തുടക്കമാണ്. അവള്‍ സ്വപ്നം കാണുന്ന ലോകത്തിലേക്കുള്ള തുടക്കം.

തോല്‍ക്കാന്‍ മനസില്ലാത്ത, ആകാശത്തെ സ്വപ്നം കാണുന്ന, സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എല്ലാ യെമന്‍ പെണ്‍കിടാങ്ങള്‍ക്കുമാണ് ഡെല്‍ഫിന്‍ മിനോയിയും നുജൂദും ഈ പുസ്തകം സമര്‍പ്പിക്കുന്നത്.

ഞാന്‍ നുജൂദ് വയസ് 10 വിവാഹമോചിത ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക