രു കാലത്ത് വീട്ടിലൂടെയോ നാട്ടിലെ വായനശാലകളിലൂടെയോ പൈതൃകമായി സിദ്ധിച്ച ശീലമായിരുന്നു വായന. മാതാപിതാക്കളുടെ കഥ കേട്ടുറങ്ങിയ കാലത്തിനു ശേഷം വായനയിലേക്ക് കടന്ന ഘട്ടം എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന ഒന്നാണ്. 

ദുര്യോധനന്‍: കൗരവ വംശത്തിന്റെ ഇതിഹാസവും, രാവണന്‍: പരാജിതരുടെ ഗാഥയും രചിച്ച ആനന്ദ് നീലകണ്ഠന്‍ അത്തരത്തില്‍ അക്ഷരങ്ങളോട് ഇഷ്ടം തോന്നിയ കാലം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: 'ഓര്‍മവെച്ച കാലം മുതല്‍ കഥകളോട് കമ്പമായിരുന്നു. എന്റെ ചേട്ടന്‍, ലോലനാഥന്‍, ധാരാളം വായിക്കുമായിരുന്നു. പന്ത്രണ്ടു വയസ്സായപ്പോഴേക്കും ധാരാളം ക്ലാസിക്കുകളുടെ മലയാളം പരിഭാഷ ഞാന്‍ വായിച്ച് തീര്‍ത്തിരുന്നു. അതിനും മുന്‍പ് അമര്‍ ചിത്ര കഥകളായിരുന്നു എന്റെ കൂട്ട്.' 

എന്നാല്‍ പുതുതലമുറാ ചരിത്രകാരനും യുവ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഇരുപത്തിയെട്ട് വയസ്സുകാരന്‍ മനു എസ്. പിള്ള വായന ഒരു ശീലമാക്കുന്നത് എനിഡ് ബ്ലായ്റ്റന്‍, റോള്‍ഡ് ഡാല്‍, പി.ജി. വുഡ്ഹൗസ് എന്നീ എഴുത്തുകാരിലൂടെയാണ്. കാലക്രമേണയാണ് മനു ഫിക്ഷനില്‍ നിന്നും നോണ്‍-ഫിക്ഷനിലേക്ക് കടക്കുന്നത്. 

എന്നാല്‍ മറ്റെന്തിനേയും പോലെ വായനയും ഇന്ന് മാറിയിരിക്കുന്നു. പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങാതെ, വായന ഇന്ന് ഇ-ബുക്കുകളിലേക്കും ഡിജിറ്റല്‍ ലോകത്തേക്കും വ്യാപിച്ചിരിക്കുന്നു. ഏതൊരു ശരാശരി അനുവാചകനും നേരിടുന്ന പ്രധാന പ്രശ്നമാണ് സ്ഥല ദൗര്‍ലഭ്യം. എന്നാല്‍ ഒരു ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള ഇ-റീഡറുകള്‍ വിപണിയില്‍ സുലഭമായതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി.  
 
സോഷ്യല്‍ മീഡിയയുടെ ആഗമനത്തോടെ വായനയുടെയും പ്രസാധനത്തിന്റെ ലോകവും മാറിയിരിക്കുന്നു. കഥകളേയും കവിതകളേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ എന്നും സോഷ്യല്‍ മീഡിയയുടെ ഒരു സജീവ സാന്നിധ്യമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും അതുപോലെ ഇന്‍സ്റ്റാഗ്രാമിലും bookstagram എന്ന ഹാഷ്ടാഗില്‍ പുസ്തകപ്രേമികള്‍ അവര്‍ വായിച്ച പുസ്തകങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

ഇതിലൂടെ, 'ഇനി എന്ത് വായിക്കും?' എന്ന അനുവാചകരുടെ ചോദ്യത്തിന് ഉത്തരം പുതിയ പുസ്തകങ്ങളുടെ റെക്കമന്‍ഡേഷനായി ഒരു ക്ലിക്ക് അകലെ കാത്തുനില്‍ക്കുന്നു. റെക്കമെന്‍ഡേഷന്‍ തേടുന്നവര്‍ക്ക് 'ഗുഡ്‌റെഡ്സ്', 'ലിബീബ്' എന്നീ മൊബൈല്‍ ആപ്പുകളും ഉപയോഗിക്കാം. ഏതൊരു വിഷയത്തിലും ലോകത്തെവിടെ നിന്നും രസകരമായ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും വായിക്കാനും മൊബൈല്‍ ആപ്പുകള്‍ ഉപകരിക്കും. 'പോക്കറ്റ് കാസ്റ്റ്സ്', 'ഫീഡ്‌ലി', 'ഫ്ലിപ്‌ബോര്‍ഡ്' എന്നീ മൊബൈല്‍ ആപ്പുകളാണ് ഇത്തരത്തിലുള്ള പരന്ന വായനയ്ക്ക് ഉപകരിക്കുക.  

എഴുത്തുകാര്‍ക്ക് മുന്നിലും സോഷ്യല്‍ മീഡിയ അതിന്റെ അനന്തസാധ്യതകള്‍ തുറന്ന് കാട്ടുന്നു. ബ്ലോഗുകളിലൂടെ സ്വന്തം കല്പനകളും ആശയങ്ങളും അനുവാചകരിലേക്ക് എത്തിക്കുന്ന അനവധി എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ 'പ്രതിലിപി', 'നല്ലെഴുത്ത്', പോലെയുള്ള മൊബൈല്‍ ആപ്പുകള്‍ പുതിയ മലയാളം എഴുത്തുകാരുടെ രചനകള്‍വെളിച്ചം കാണിക്കാനും അത് വഴി രചയിതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വഴിവയ്ക്കുന്നു. 'വാട്ട്പാഡ്', 'ഇന്‍കിറ്റ്', 'സ്വീക്' എന്നീ മൊബൈല്‍ ആപ്പുകള്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്കും ഉപയോഗിക്കാം.

എന്നാല്‍ അക്ഷരങ്ങളുടെയും കഥകളുടെയും കവിതകളുടെയും സുന്ദരമായ ഈ ലോകത്തേക്ക് സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മീഡിയയുടെയും ഇത്തരത്തിലുള്ള കടന്നുകയറ്റത്തെ വിഹ്വലമായ മനസ്സോടെ കാണുന്നവര്‍ അനവധിയാണ്. എന്നാല്‍ ഇത്തരം വേവലാതികള്‍ അസ്ഥാനത്താണ് എന്ന് പറയാതെ വയ്യ. കാരണം, കണക്കുകള്‍ പോലും സൂചിപ്പിക്കുന്നത് അച്ചടി മാധ്യമത്തിന് ഡിജിറ്റലിനെയോ ഡിജിറ്റല്‍ മാധ്യമത്തിന് അക്ഷരത്തെയോ സ്വാധീനിക്കാനായിട്ടില്ല എന്നാണ്. അതായത്, ഇരു മാധ്യമങ്ങള്‍ക്കും അതതിന്റേതായ അനുവാചകരും അതതിന്റേതായ സ്ഥാനവും കല്പിതമാണ് എന്നാണ് വിവക്ഷ.