ന്റെ വീടിന്റെ അടുത്തുള്ള ഗ്രന്ഥാലയത്തില്‍  ഞാന്‍  അംഗമാകുന്നത് പതിനൊന്നാം വയസിലാണ്. അന്ന് ആദ്യ ദിവസം ഞാന്‍ വായിച്ചത് മാലി എഴുതിയ 'സര്‍ക്കസ്' എന്ന പുസ്തകമാണ്. ആ പുസ്തകം എടുത്ത് വായനശാലയുടെ ഒരു കോണില്‍ തന്നെ ഇരുന്ന് ഞാന്‍ വായിച്ചു. പാഠപുസ്തകത്തിന് വെളിയില്‍നിന്ന് ഒരു പുസ്തകം വായിക്കുന്നത് അദ്യമായിട്ടായിരുന്നു. രസകരമായ ഒരു അനുഭവമായിരുന്നു അത്. 

വായിച്ചശേഷം ലൈബ്രേറിയനെ അത് തിരിച്ചേല്‍പ്പിച്ച് ഞാന്‍ വേറൊരു പുസ്തകം ആവശ്യപ്പെട്ടു. അദ്ദേഹം എന്റെ മാഷായിരുന്നു. മാലിയുടെ തന്നെ പോരാട്ടമായിരുന്നു എന്റെ മാഷ് എനിക്ക് തന്നത്. അതും ഞാന്‍ അവിടെതന്നെ ഇരുന്ന് വായിച്ചു. ലൈബ്രറിയുമായും പുസ്തകങ്ങളുമായുമുള്ള എന്റെ ബന്ധം തുടങ്ങുന്നത് സഞ്ജയന്റെ പേരിലുള്ള ആ വായനശാലയില്‍ നിന്നാണ്.

ഞാന്‍ വായിച്ച ആദ്യ ഇംഗ്ലീഷ് പുസ്തകം തോമസ് ഹാര്‍ഡിയുടെ ദി റിട്ടേണ്‍ ഓഫ് ദി നേറ്റീവാണ്. എസ്.എസ്.എല്‍.സിയ്ക്ക് ശേഷം ഒരു പുസ്തക കടയില്‍ നിന്നാണ് ഞാന്‍ ആ പുസ്തകം സ്വന്തമാക്കിയത്. ഞാന്‍ ആദ്യമായി വിലകൊടുത്ത് വാങ്ങിയ പുസ്തകവും അതാണ്. 

എനിക്ക് പ്രിയപ്പെട്ട പുസ്തകം എന്ന് ഒരു പുസ്തകത്തെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. പുസ്തകങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഞാന്‍ എല്ലാ പുസ്തകങ്ങളേയും ഇഷ്ടപ്പെടുന്നു. ഷൂസെ സരമാഗോയുടെ 'ജേര്‍ണി ടു പോര്‍ച്ചുഗല്‍' ആണ് യാത്രാവിവരണ വിഭാഗത്തില്‍ ഇഷ്ടപുസ്തകം. ജയിംസ് മൊണാകോയുടെ ഹൗ ടു റീഡ് എ ഫിലിമാണ് സിനിമാ വിഭാഗത്തില്‍ ഇഷ്ടം. മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒ.വി. വിജയനാണ്. അതില്‍തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. ഒ. വി.വിജയന്റെ ലേഖനങ്ങള്‍ എന്ന പുസ്തകം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വിചാരണയും പരിശോധനയുമാണ്.