നാനോ കഥകളിലേയ്ക്കും ഹൈക്കു കവിതകളിലേയ്ക്കും ഫോര്‍വേഡ് മെസേജുകളിലേയ്ക്കും വായന ചുരുങ്ങിയിരിക്കുന്നു. പുസ്തകം വിലകൊടുത്ത് വാങ്ങുന്നവരുടെ എണ്ണം നന്നേ കുറയുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മള്‍ വായനദിനം ആഘോഷിക്കുന്നത്. വിശപ്പുകൊണ്ട് ഇരുട്ടുകയറിയ കണ്ണുകളില്‍ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ വെളിച്ചം പകര്‍ന്നിരുന്നു എന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അത് വിശ്വസിക്കാനാവാത്ത ചരിത്രമാണ്. ഗ്രന്ഥാലയങ്ങള്‍ പുസ്തക സൂക്ഷിപ്പ് പുരകള്‍ മാത്രമായിരുന്നില്ല. റേഡിയോ സെന്ററുകളും നാടക വേദികളും യുവജന വേദികളും ചേര്‍ന്ന വിനോദ വിജ്ഞാന കൈമാറ്റത്തിന്റെ വലിയ ഇടമായിരുന്നു. 

മനുഷ്യന്റെ ഉത്പത്തി മുതല്‍ തന്നെ അവന് വിജ്ഞാന തൃഷ്ണയുണ്ടായിരുന്നു. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും അതിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍ പരിണാമദശയില്‍ ജീവനോപാധികള്‍ക്ക് അതീതമായി അവന്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങിയതായിരിക്കണം അവനെ ഭൂമിയുടെ ജൈവിക പ്രകൃതത്തില്‍ നിന്ന് ഏറ്റവും വ്യത്യസ്തനാക്കി മാറ്റിയത്. ഹൈറോഗ്ലിഫിക്‌സ് മുതല്‍ പാപ്പിറസ് ചുരുളുകളിലൂടെ പുസ്തകങ്ങളിലൂടെ ഡിജിറ്റല്‍ ലൈബ്രറികളിലേയ്ക്കും ഇ റീഡിങ്ങിലേയ്ക്കും എഴുത്തും വായനയും മാറിയിരിക്കുന്നു. 

നവോത്ഥാന കാലഘട്ടത്തിലൂടെ ഉയര്‍ന്നുവന്നതാണ് കേരളത്തിലെ ജനകീയ വായന. ഒരു വിഭാഗത്തിന് മാത്രം അറിവും വായനയും ലഭിച്ച ഘട്ടത്തില്‍ നിന്ന് എല്ലാവരിലേയ്ക്കും അക്ഷരങ്ങള്‍ എത്തിയത് നവോത്ഥാനത്തോടെയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കേരളത്തില്‍ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ ആയിരത്തില്‍ അധികം ഗ്രന്ഥശാലകള്‍ ഉണ്ടായിരുന്നതായാണ് കണക്ക് അതില്‍ പകുതിയോളം മലബാറിലും. 

1945ല്‍ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകര്‍ സംഘടിച്ച് തിരുവിതാകൂര്‍ ഗ്രന്ഥശാല സംഘം രൂപീകരിച്ചതോടെയാണ് ഗ്രന്ഥശാലകളുടെ സംഘടിത രൂപത്തിന് തുടക്കമാകുന്നത്. 'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘം കൊണ്ട് ശക്തരാവുക' എന്ന ശ്രീനാരായണ ഗുരു വാക്യം അതേപടി പകര്‍ത്തിയത് ഗ്രന്ഥശാല സംഘമാണെന്ന് നിസ്സംശയം പറയാം. നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന രാജാക്കന്മാരും മറ്റ് ഭരണാധികാരികളും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തി. 

കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് സകലകലാവല്ലഭനും ഭരണ പ്രതിഭയുമായിരുന്ന ശ്രീ സ്വാതീതിരുനാള്‍ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ബ്രിട്ടീഷ് റസിഡന്റുമായ കേണല്‍ എഡ്വേഡ് കഡോഗന്റെ സഹായത്തോടെ 1829ല്‍ സ്ഥാപിച്ചതാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്ന ഇന്നത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. ജനങ്ങളെ ഉദ്ബുദ്ധരാക്കുവാനുള്ള സ്വാതി തിരുനാളിന്റെ ഭരണ പദ്ധതികളില്‍ ആദ്യത്തേത് സൗജന്യ വിദ്യാഭ്യാസവും രണ്ടാമത്തേത് ലൈബ്രറി സര്‍വീസും ആയിരുന്നു. ലൈബ്രറി 1900ല്‍  ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മനോഹരമായ പുതിയ കെട്ടിടം പണിത് കൂടുതല്‍ ജനകീയമാക്കി. 

Library

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മാതൃകയില്‍ 1858ല്‍ കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിതമായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കഴിഞ്ഞാല്‍ ഏറ്റവുമധികം പഴക്കമുള്ളത് കോട്ടയം പബ്ലിക് ലൈബ്രറിക്കാണ്. 1861ല്‍ കൊച്ചിയിലെ ആദ്യത്തെ പൊതുജന ഗ്രന്ഥശാലയായ എറണാകുളം പബ്ലിക്ക് ലൈബ്രറി തുറന്നു. 1873ല്‍ തൃശൂര്‍ പബ്ലിക് ലൈബ്രറി സ്ഥാപിതമായി, ദേശീയ പ്രസ്ഥാനത്തിനൊപ്പം വളര്‍ന്ന തൃശൂര്‍ പബ്ലിക് ലൈബ്രറിക്ക് ഡോ എ ആര്‍ മേനോന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, ഇക്കണ്ട വാര്യര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. 1889ല്‍ വിക്ടോറിയ ജൂബിലി റീഡിങ് റൂമും ലൈബ്രറിയും ഇരിങ്ങാലക്കുടയില്‍ സ്ഥാപിതമായി. 1912ല്‍ കൊടുങ്ങല്ലൂരില്‍ പബ്ലിക് ലൈബ്രറിയും 1913ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയും സ്ഥാപിതമായി. 1924ല്‍ കോഴിക്കോട് പബ്ലിക് ലൈബ്രറിയും രൂപീകൃതമായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി മാതൃകയിലായിരുന്നു ഈ ഗ്രന്ഥശാലയും രൂപീകൃതമായത്. 1934ല്‍ കൊല്ലത്ത് ചങ്ങനാശേരി സ്മാരക ഐവര്‍കാല ഗ്രന്ഥശാല സര്‍ദാര്‍ കെഎം പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാര്‍ സഹായത്താലാണ് ഗ്രന്ഥശാലകള്‍ രൂപം കൊണ്ടതെങ്കില്‍ മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തായി സ്വാതന്ത്ര്യ ബോധത്തിന്റെ വായനയ്ക്കാണ് വായനശാലകള്‍ രൂപം കൊണ്ടത്. ക്രിസ്ത്യന്‍ മിഷണറിമാരുടെ ശ്രമഫലമായി 1901ല്‍ തലശേരിയില്‍ രൂപം കൊണ്ട വിക്ടോറിയ സ്മാരക ലൈബ്രറി അക്കാലത്തെ പ്രധാന ലൈബ്രറിയായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ തീജ്വാലകള്‍ ഹൃദയത്തില്‍ പേറിയ സ്വാഭിമാനികളായ മലബാറുകാര്‍ ഗ്രന്ഥാലയത്തിന്റെ പേര് ആസാദ് സ്മാരക ലൈബ്രറി എന്ന് മാറ്റി ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റി. 

മലബാറിന്റെ ഗ്രന്ഥശാലാ വളര്‍ച്ചയ്ക്ക് ആധാരമായ ഘടകങ്ങളെ ഡോ സി ഉണ്ണികൃഷ്ണന്‍ 'ഗ്രന്ഥശാല പ്രസ്ഥാനം കേരളത്തില്‍' എന്ന പുസ്തകത്തില്‍ ഏഴായി തിരിച്ചിരിക്കുന്നു. പാശ്ചാത്യ മിഷണറിമാരുടെ സംഭാവനയായ ഗ്രന്ഥശാലകള്‍ (തലശേരി പബ്ലിക് ലൈബ്രറി), ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായി വന്ന ഗ്രന്ഥശാലകള്‍ (കണ്ണൂര്‍ പബ്ലിക് ലൈബ്രറി, കോഴിക്കോട് സന്മാര്‍ഗദര്‍ശി ഗ്രന്ഥശാല, തിരൂര്‍ ഗ്രാമബന്ധു ഗ്രന്ഥശാല, കോഴിക്കോട് ഐക്യകേരള ഗ്രന്ഥശാല), എകെജിയുടെയും കെപിആര്‍ ഗോപാലന്റെയും നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഗ്രന്ഥശാലകള്‍, ഇന്ത്യന്‍ ഗ്രന്ഥശാലാ വിജ്ഞാനത്തിന്റെ കുലപതി ഡോ എസ് ആര്‍ രംഗനാഥന്റെ സ്വാധീനത്തില്‍ സ്ഥാപിതമായ ഗ്രന്ഥശാലകള്‍, നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ ഗ്രന്ഥശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തകരും അഭ്യസ്തവിദ്യരുമായ യുവാക്കളാല്‍ രൂപപ്പെട്ട ഗ്രന്ഥശാലകള്‍, അധ്യാപക സമൂഹത്തിന്റെ സംഭാവയായി സ്ഥാപിതമായ ഗ്രന്ഥശാലകള്‍ എന്നിവയാണ് അവ. അധ്യാപകര്‍ കേരളത്തിലെ വായനശാലകള്‍ക്ക് നല്‍കിയ സംഭാവനകളുടെ അവഗാഹം മനസിലാക്കാന്‍ പിഎന്‍ പണിക്കര്‍ എന്ന നാമം തന്നെ മതിയാകും. എകെജിയും മറ്റ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേയ്ക്ക് കടന്നുവന്നത് ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവരില്‍ ഏറിയ പങ്കും അധ്യാപകരായിരുന്നു എന്നതും ശ്രദ്ധേയം. 

വായനശാലകളുടെ ചരിത്രം തേടുമ്പോള്‍ അത് പൂര്‍ണമാകുന്നത് പിഎന്‍ പണിക്കരിലൂടെ മാത്രമാണ്. വായനശാലകള്‍ക്കും വായനയ്ക്കും ഒപ്പം പിഎന്‍ പണിക്കര്‍ എന്ന പേര് നമ്മള്‍ ഓര്‍ക്കുന്നതിന് കാരണം അത്രമേല്‍ ത്യാഗനിര്‍ഭരമായിരുന്നു പണിക്കരുടെ വായനശാല മുന്നേറ്റത്തിന്റെ ചരിത്രം എന്നതുകൊണ്ടാണ്. പണിക്കരുടെ പേരിനൊപ്പം രണ്ട് പേരുകള്‍ പറഞ്ഞില്ലെങ്കില്‍ ചരിത്രം അപൂര്‍ണമാകും അവ രണ്ടും രണ്ട് ഗ്രന്ഥാലയങ്ങളുടേതാണ്. ഒന്ന് ജന്മദേശമായ നീലംപേരൂരില്‍ ആരംഭിച്ച സനാതനധര്‍മ്മ വായനശാലയും രണ്ട് അമ്പലപ്പുഴയില്‍ സാഹിത്യ പഞ്ചാനനന്‍ പികെ നാരായണപിള്ളയുടെ പേരില്‍ ആരംഭിച്ച പികെ മെമ്മോറിയല്‍ ഗ്രന്ഥശാലയുമാണ്. കടുത്ത പരിമിതികളില്‍ നിന്ന് തുടങ്ങിയ ഈ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തില്‍ ഏതൊരു വിപ്ലവകാരിക്കുമെന്നപോലെ പിഎന്‍ പണിക്കര്‍ക്കും നേരിടാനുണ്ടായിരുന്നത് വലിയ പ്രതിസന്ധികളാണ്. അകര്‍മ്മികളുടെ പരിഹാസമെന്ന ആയുധം നിരന്തരം പ്രയോഗിക്കപ്പെട്ടു. എങ്കിലും ഒന്നിലും മുറിവേല്‍ക്കാതെ വായനകുതുകികളായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ പുതുവായില്‍ നാരായണ പണിക്കര്‍ എന്ന വായനയുടെ കുലപതി പൂര്‍ണവിജയത്തില്‍ എത്തി. 

അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരക്കണക്കിന് പേരുടെ അധ്വാനമാണ് നമ്മള്‍ ഇന്ന് കാണുന്ന ഓരോ പുസ്തകാലയങ്ങളും. നിസ്വാര്‍ത്ഥ കര്‍മ്മികളായ പുണ്യാത്മാക്കള്‍ നമുക്ക് സമ്മാനിച്ചത്. ഓരോ പ്രദേശങ്ങളിലും ജങ്ഷന്‍ എന്നോ മുക്ക് എന്നോ കവല എന്നോ ചേര്‍ത്ത് ഇന്നും ഒരു സ്മരണാലയം കണക്കെ ആ വായനശാലകള്‍ ഉണ്ട്. അതിലെ മരപ്പലകകളില്‍ യൗവന തീക്ഷണമായ കണ്ണുകളെ കാത്ത് കണ്ണടച്ച് കൈവിട്ടുപോയ ഭൂതകാലത്തിന്റെ ഓര്‍മ്മ പുതച്ചിരിക്കുന്ന കുറേ പുസ്തകങ്ങളുണ്ടാകും. ഓരോ പൊടിക്കറ പറ്റിയ മഞ്ഞിച്ച പഴയ താളുകളും നാസികയോട് ചേര്‍ത്തുവയ്ക്കുക. അവയ്ക്ക് പറയാനുണ്ടാകും ത്യാഗനിര്‍ഭരമായ ഒരു വായനയുടെ വസന്തകാലത്തെപ്പറ്റി. അതില്‍ അയ്യപ്പപ്പണിക്കരുടെ കവിത ഇങ്ങനെ വായിക്കാം ' വായന ഇല്ലാതായിട്ടില്ലെന്നതിലെഴുതിയിരിക്കുന്നു.'


റഫറന്‍സ് 
ഗ്രന്ഥശാല പ്രസ്ഥാനം കേരളത്തില്‍, ഡോ സി ഉണ്ണികൃഷ്ണന്‍
ഗ്രന്ഥശാല പ്രസ്ഥാനം കേരളത്തില്‍, പാലക്കീഴ് നാരായണന്‍