കുഞ്ഞ് വായിച്ചു തുടങ്ങുന്ന കാലം മുതലല്ല അവളിലൊരു വായനക്കാരി ജനിക്കുന്നത്. പിച്ചവെച്ചു തുടങ്ങുന്നകാലം തൊട്ട് അവളിലൊരു വായനക്കാരിയുടെയും ശ്രോതാവിന്റെയും മനസ്സ് ഒളിഞ്ഞിരിപ്പുണ്ട്. എഴുതാനും വായിക്കാനും പഠിച്ച കുട്ടിക്ക് പുസ്തകങ്ങൾ നൽകുന്നതും തീരെ കുഞ്ഞായിരിക്കുമ്പോൾ മുതലേ കുട്ടിക്കഥകളും കവിതകളും പകർന്ന് നൽകുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. കഥകൾ കേട്ടു വളരുന്ന നവജാത ശിശുക്കൾ വലിയ നേട്ടമുണ്ടാക്കുന്നു എന്നാണ് പഠനങ്ങൾ.

കഥകൾ പറഞ്ഞു കൊടുത്തും വായിച്ചു കേൾപ്പിച്ചും ആംഗ്യഭാഷയിലൂടെ അവതരിപ്പിച്ചും ഒരു നല്ല ശ്രോതാവിനെയും വായനക്കാരിയെയും ഏകാഗ്രതയുള്ള കുട്ടിയെയും നിങ്ങൾക്ക് ചെറുപ്പത്തിലേ രൂപപ്പെടുത്തിയെടുക്കാനാവും. കുഞ്ഞിനെ നല്ലൊരു വായനക്കാരിയാക്കണമെങ്കിൽ ആദ്യം അതാഗ്രഹിക്കുന്ന  പുസ്തകവുമായി നിങ്ങൾ ഇടപഴകേണ്ടിയിരിക്കുന്നു.

പുസ്തകം വായിക്കാൻ സമയം കണ്ടെത്തണം. പിന്നീട് കുഞ്ഞിനൊപ്പമിരുന്ന് പുസ്തകം വായിച്ചു തുടങ്ങാം. ഒരു വായനക്കാരിയെ നിങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ ഒരു നല്ല വായനക്കാരിയാവണം.പഠനങ്ങൾ അടിസ്ഥാനപ്പെടുത്തി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ ചില നിർദേശങ്ങളിതാ..

നവജാത ശിശു

ഉറക്കെ വായിക്കുക, എല്ലാ ദിവസവും, എന്തും-പാചകക്കുറിപ്പാവട്ടെ, കഥയാവട്ടെ എന്തുമാവട്ടെ നവജാതശിശുവിന് നിങ്ങൾക്ക് എന്തും വായിച്ചു കൊടുക്കാം. ഉള്ളടക്കം വിഷയമല്ല. കുഞ്ഞിനെ സ്വാധീനിക്കുന്നത് നിങ്ങളുടെ ശബ്ദവും ആ ശബ്ദത്തിന്റെ താളവും അത് പുറപ്പെടുവിക്കുന്ന വാക്കുകളുമാണ്.ഒരു നവജാതശിശു കേൾക്കുകയും അറിയുകയും ചെയ്യുന്ന വാക്കുകളുടെ എണ്ണം കൂടുന്തോറും അവളുടെ ഭാഷാവികാസവും സാഹിത്യ ബോധവും വളരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഉറക്കെ വായിക്കൂ- കുട്ടികളുടെ പുസ്തകങ്ങളെടുത്ത് ഉറക്കെ വായിച്ചു കേൾപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ടി.വി. കാണുന്നതിൽനിന്ന് കുട്ടിക്ക് ലഭിക്കുന്ന മാനസികവും ഭാഷാപരവുമായ വളർച്ച തുലോം തുച്ഛമാണ്. പക്ഷേ ഇതെല്ലാം പിന്തുടരുമ്പോഴും അത് ആസ്വദിച്ച് ചെയ്യാൻ ശ്രമിക്കണം. വായന പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്നു- കഥപറച്ചിലും വായനയും കുട്ടിയുടെ കേൾവിയെ മാത്രമല്ല കാഴ്ചയെയും മറ്റ് ഇന്ദ്രിയങ്ങളെയും ഉണർത്തുന്നുണ്ട്.

എഴുത്തുകുത്തുകളുള്ള പുസ്തകങ്ങൾ കുട്ടികൾ സ്പർശിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, പുസ്തകം വായനയെ മാത്രമല്ല സ്പർശിക്കാനുള്ള കഴിവിനെയും, പുസ്തകങ്ങളിലെ ചിത്രീകരണങ്ങൾ കാഴ്ചയെയും സ്വാധീനിക്കുന്നു. എന്തിന് പുസ്തകത്തിന്റെ മണം പോലും കുട്ടിയെ സ്വാധീനിക്കുന്നു.

ശ്രോതാവിനെ മാനിക്കുക-ശ്രോതാവിനെ കുറച്ച് കാണരുത്. അവളെ മാനിക്കണം. അതിന് അവളുമായി ഐ കോൺടാക്‌ററ് നിലനിർത്താൻ ശ്രമിക്കണം.അവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയേക്കാം പക്ഷേ ആ അനുഭവം കുഞ്ഞ് ആസ്വദിക്കുന്നുണ്ട്. ശ്രദ്ധിക്കാനുള്ള കഴിവും കേൾക്കാനുള്ള മനസ്സും കുട്ടിയിൽ വളർത്തിയെടുക്കാൻ സഹായിക്കും.സംസാരിക്കാൻ പ്രേരിപ്പിക്കുക- കഥ പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾ ഉണ്ടാക്കുന്ന ഓരോ ശബ്ദവും അവൾ അനുകരിക്കാൻ ശ്രമിക്കും. നിങ്ങളുടെ കുഞ്ഞ് ശബ്ദമുണ്ടാക്കുമ്പോൾ പ്രതികരിച്ചു നോക്കൂ,അവൾ നിങ്ങളോട് സംവദിക്കും. അതിന് ഭാഷയുണ്ടായിരിക്കില്ല പക്ഷേ സംവേദനം നടക്കും. 

പിച്ചവെക്കുന്ന കുഞ്ഞ്

പിച്ചവെച്ച് നടക്കുന്ന കുഞ്ഞുങ്ങൾ എന്തും സ്വാംശീകരിക്കാൻ ശ്രമിക്കുന്നവരാണ്. നിങ്ങൾ അവൾക്കൊപ്പമിരുന്ന് വായിക്കുമ്പോൾ  ഭാഷയായാലും, ശബ്ദമായാലും, അക്കങ്ങളായാലും എല്ലാം അവർ ശ്രദ്ധിക്കും. നിറങ്ങൾ, രൂപങ്ങൾ, മൃഗങ്ങൾ അങ്ങിനെ സാധ്യമായതെല്ലാം അവർ സ്വാംശീകരിക്കുന്നു. അപ്പോൾ നിങ്ങൾ കഥകൾ ഉറക്കെ വായിച്ചുകൂടി കേൾപ്പിച്ചാലോ. അതൊരിക്കും അധികമാവില്ല. കാരണം വായനയെ നിങ്ങളുടെ പ്രിയപ്പെട്ട ശബ്ദവുമായാണ് അവളുടെ കുഞ്ഞ് മനസ്സ് ബന്ധിപ്പിക്കുക. അപ്പോൾ ഒരുമിച്ചിരുന്ന് വായിക്കുമ്പോൾ നിങ്ങളുടെ സാമീപ്യം ആ വായനയെ കൂടുതൽ പ്രിയപ്പെട്ടതാക്കും. അങ്ങനെ വായനയോട് മാനസികമായ ഒരു അടുപ്പം അവൾ കൈവരിക്കും.

കിടക്കുന്നതിന് മുമ്പ്- വായന ഒരു ദിവസം മുഴുവനും സംഭവിക്കേണ്ട കാര്യമാണ്. പക്ഷേ കിടക്കുന്നതിന് തൊട്ടു മുമ്പ് കഥ പകരുമ്പോൾ അവൾ കൂടതൽ ഊർജത്തോടെയായിരിക്കും ഉറങ്ങാൻ കിടക്കുക. പക്ഷേ ധൃതിയിൽ ചെയ്യാതിരിക്കാൻ ശ്രമിക്കണം.പക്ഷേ പകൽ സമയത്ത് കുട്ടികൾക്ക് പുസ്തകം വായിച്ചു നൽകുന്നത് അവരുടെ നിരീക്ഷണ ബുദ്ധിയും ഏകാഗ്രതയും വർധിപ്പിക്കും. 

നിങ്ങളുടെ അഭിരുചികൾ പരിചയപ്പെടുത്തുക- കുട്ടിക്കാലത്ത് നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പരിയപ്പെടുത്താം. മികച്ച കുട്ടികളുടെഎഴുത്തുകാർ മുതിർന്ന വായനക്കാരനെയും ആകർഷിക്കുന്നവരായിരിക്കും എന്നത് ശ്രദ്ധയിൽ വേണം. സ്ത്രീ വിരുദ്ധ കഥകൾ, പ്രകൃതി വിരുദ്ധ കഥകൾ, ആക്രമണോത്സുക കഥകൾ എന്നിവ ഇളംമനസ്സിനെ മലിനമാക്കും.

കുട്ടിയുടെ അഭിരുചിയെയും ഇഷ്ടങ്ങളെയും മാനിക്കുക-  പുസ്തകത്തിലും കഥയിലും അവരെ ആകർഷിച്ചതും അവർ കൂടുതൽ ഇഷ്ടപ്പെട്ടതും എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് അത്തരം പുസ്തകങ്ങൾ കൂടുതൽ കണ്ടെത്തി നൽകുക.

ഇഷ്ടത്തിന് വിടുക- കുട്ടി പുസ്തകത്താളുകൾ മറയ്ക്കാൻ ഇഷ്ടപ്പെടുകയും നിങ്ങളുടെ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ അവൾക്ക് പുസ്തകം നൽകാം. അത് മോട്ടോർ സ്കിൽസ് വികസിപ്പിക്കും. എപ്പോഴും വായിച്ച് ബോറടിപ്പിക്കാതെ അവർ പറയാൻ ശ്രമിക്കുന്നത് ശ്രദ്ധിക്കുക. അവളുടെ സംശയം ദൂരീകരിക്കുക. ചിത്രങ്ങൾ നോക്കി അവർ പറയാൻ ശ്രമിക്കുന്നത് ശ്രദ്ധിക്കുക.

പുതിയവ പരിചയപ്പെടുത്തുക- അവളുടെ ഇഷ്ടങ്ങളെ മാനിക്കുമ്പോഴും അവൾക്ക് പുതിയവ പരിചയപ്പെടുത്താൻ ശ്രമിക്കുക. ആൺകുട്ടിയും പെൺകുട്ടിയും കേന്ദ്ര കഥാപാത്രങ്ങളായ കഥകൾ ഒരു പോലെ പരിചയപ്പെടുത്തുക. നാനാജാതി നാനാ മതസ്ഥർ, മൃഗങ്ങൾ പക്ഷികൾ, ഭൂമി, പ്രപഞ്ചം, ചരിത്രം അങ്ങനെ വൈവിധ്യങ്ങൾ കുഞ്ഞു ഭാഷയിൽ പരിചയപ്പെടുത്തുക.

കടപ്പാട് :ന്യൂയോർക്ക് ടൈംസ്
വിവർത്തനം : നിലീന അത്തോളി