നുരാഗ കരിക്കിന്‍വെള്ള'ത്തിലെ അബിയും എലിയും പുസ്തകപ്രേമികളല്ല. 'എബിസിഡി'യിലെ ജോണ്‍സും കോരയും പുസ്തകം കൈകൊണ്ടു തൊട്ടിട്ടുപോലുമില്ല. 'മണ്‍സൂണ്‍ മാംഗോ'സിലെ ഡേവിഡ് പള്ളിക്കലും 'ഉദാഹരണം സുജാത'യിലെ സുജാതയും കയ്യില്‍ സദാ പുസ്തകവുമായി നടക്കുന്നവരല്ല. പക്ഷേ, ഇവരുടെ കഥ നമ്മളോടു പറഞ്ഞ തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ തികഞ്ഞ പുസ്തകപ്രേമിയാണ്; കണ്ടുമുട്ടുന്നവരില്‍ നിന്നുപോലും കഥകള്‍ കണ്ടെടുക്കാന്‍ കഴിയുന്ന വായനക്കാരനാണ്.

അടൂരിലെ നവീന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. 'ചെറുപ്പം മുതല്‍ പുസ്തകങ്ങള്‍ എന്റെ കണ്‍മുന്നില്‍ ഉണ്ടായിരുന്നു. അച്ഛന്‍ ഭാസ്‌കരന്‍ ലക്ഷ്മിമംഗലത്തും അമ്മ ലീലയും നന്നായി വായിക്കുമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ശമ്പളം കിട്ടുന്ന ദിവസങ്ങളില്‍ അരിയും പലചരക്കുസാധനങ്ങളും വാങ്ങിക്കൊണ്ടാണ് വൈകിട്ട് വീട്ടില്‍ വരാറ്. അക്കൂട്ടത്തില്‍ എന്നും പുസ്തകങ്ങളും ഉണ്ടായിരുന്നു. ഷേക്‌സ്പിയറുടെ പുസ്തകങ്ങളൊക്കെ പ്രീ പബ്ലിക്കേഷനായി അച്ഛന്‍ വാങ്ങിയിരുന്നു.' അങ്ങനെ കുട്ടിക്കാലം മുതലേ പുസ്തകങ്ങള്‍ നവീന് കഥകള്‍ പറഞ്ഞുകൊടുത്തു. 

naveen bhaskar
മാര്‍ട്ടിന്‍ പ്രക്കാട്ടിനോടൊപ്പം നവീന്‍ ഭാസ്‌കര്‍


'ടോട്ടോചാനും' 'ജനാലക്കരികിലെ വികൃതിക്കുട്ടി'യും കൗതുകത്തോടെ വായിച്ച കുട്ടി, ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ വീടിനടുത്തുള്ള ഇ വി കൃഷ്ണപിള്ള ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങളിലേക്കു മാറി. പ്രീഡിഗ്രി കഴിഞ്ഞുള്ള അവധിക്കാലത്ത് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. 
    
വീട് നവീന് നാടകക്കളരി കൂടിയായിരുന്നു. ' അച്ഛന്‍ നാടകപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് അച്ഛന്റെ ആദ്യത്തെ പുസ്തകമായ 'വിഷാദഗീതം' എന്ന നാടകം എന്‍ബിഎസ് പ്രസിദ്ധീകരിക്കുന്നത്.' അച്ഛന്റെ നാടകങ്ങള്‍ പകര്‍ത്തിയെഴുതിയും റിഹേഴ്സല്‍ സമയത്ത് കര്‍ട്ടന് പിന്നില്‍ നിന്ന് പ്രോംപ്റ്റ് ചെയ്തും രചനയുടെ സങ്കേതങ്ങള്‍ സ്വയമറിയാതെ നവീന് സ്വായത്തമായി. അക്ഷരങ്ങളോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ് ജേര്‍ണലിസം പഠിച്ചതും ജേര്‍ണലിസ്റ്റായതും. അത് സിനിമയിലേക്കുള്ള വഴിത്തിരിവായി.  

കഥയുടെ കാണാപ്പുറങ്ങള്‍

ലോഹിതദാസിന്റെ 'കഥയുടെ കാണാപ്പുറങ്ങ'ളാണ് തിരക്കഥാകൃത്തെന്ന നിലയില്‍ നവീനെ ഏറ്റവും സ്വാധീനിച്ച പുസ്തകം. 'എനിക്കും ചുറ്റുപാടുകളില്‍ നിന്ന് കഥകള്‍ കണ്ടെടുത്ത് തിരക്കഥ എഴുതണം എന്ന ആഗ്രഹം ശക്തമായത് ആ പുസ്തകം വായിച്ചപ്പോഴാണ്. ലോഹിതദാസ് നാട്ടുവഴികളിലും ചായക്കടകളിലും പണിസ്ഥലങ്ങളിലും കണ്ടുമുട്ടിയവരുടെ കഥകള്‍ കേട്ടിരുന്നു. കേട്ട കഥകളില്‍ നിന്ന് കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സിനിമയിലേക്കു കൂട്ടി. എല്ലാവരിലുമുള്ള തീവ്രമായ മനുഷ്യത്വത്തെയും സ്നേഹത്തെയും ഉലയിലെന്ന പോലെ ഊതിത്തെളിയിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ കഥകള്‍ക്കു കഴിഞ്ഞു.' ജീവിതം കഥയേക്കാളും വിസ്മയഭരിതമാണെന്നു കാണാനുള്ള കണ്ണ് എല്ലാവര്‍ക്കും നല്‍കിയതാണ് ലോഹിതദാസിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് നവീന്‍ വിശ്വസിക്കുന്നു. 

എന്നാല്‍ തിരക്കഥയെ ഒരു സാഹിത്യരൂപമായും തിരക്കഥാകൃത്തിനെ ഏറ്റവും വലിയ കഥപറച്ചിലുകാരനായും നവീന്‍ കാണുന്നില്ല. 'സിനിമയോടു ചേരുമ്പോള്‍ മാത്രം പൂര്‍ണമാകുന്നതാണ് തിരക്കഥ. അതൊരു സാഹിത്യരൂപമാണെന്നു പറയാനാകില്ല.' നവീന്‍ എഴുതിയ  'അനുരാഗ കരിക്കിന്‍വെള്ള'ത്തിന്റെ തിരക്കഥ പുസ്തകരൂപത്തില്‍ ഉടന്‍ പുറത്തിറങ്ങും.  ദൈവം കഴിഞ്ഞാല്‍ ഏറ്റവും വലിയ കഥപറച്ചിലുകാരന്‍ നോവലിസ്റ്റാണെന്ന് നവീന്‍ പറയും. 'കാരണം, ജീവിതവും അതിന്റെ സമഗ്രതയും ഏറ്റവും കൂടുതല്‍ അടയാളപ്പെടുത്തിയിട്ടുള്ളത് നോവലുകളിലാണ്.'
    
വിസ്മയിപ്പിച്ച നോവലിസ്റ്റുകള്‍
    
ജീവിതം പറഞ്ഞ് വിസ്മയിപ്പിച്ച നോവലിസ്റ്റുകള്‍ ആരെക്കെയെന്നു ചോദിച്ചാല്‍ നവീന്‍ പറയും- വൈക്കം മുഹമ്മദ് ബഷീറും ദസ്തയോവസ്‌കിയുമാണെന്ന്‌.'എല്ലാ മലയാളികളെയും പോലെ എംടിയെയും എസ് കെ പൊറ്റക്കാടിനെയും ഒ വി വിജയനെയുമൊക്കെ ആവേശത്തോടെയാണ് ഞാന്‍ വായിച്ചത്. പക്ഷേ, എന്നെ അമ്പരിപ്പിച്ച എഴുത്ത് ബഷീറിന്റേതായിരുന്നു. അതിലെ ഭാഷ, അതിന്നും ആരെയും അത്ഭുതപ്പെടുത്തും.' നോവല്‍ വായനയെ ഗൗരവത്തോടെ കാണുന്ന നവീന്‍, എം എന്‍ വിജയന്റെ പഠനങ്ങള്‍ വായിച്ച് സജ്ജമായ ശേഷമാണ് ബഷീറിനെ വായിച്ചത്. 

ഇറ്റാലോ കാല്‍വിനോയുടെ  'ഡിഫിക്കല്‍റ്റ് ലവ്സ്' എന്ന കഥാസമാഹാരമാണ് നവീന്‍ ഈയിടെ വായിച്ചത്. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കന്‍ എഴുത്തുകാരനായ ജെ ഡി സാലിന്‍ഗറുടെ 'ദി ക്യാറ്റ്ചര്‍ ഇന്‍ ദ് റേ'. വായന നവീന് സ്വകാര്യ അനുഭവമാണ്. വായനാനുഭവങ്ങളില്‍ നിന്ന് സിനിമയ്ക്ക് കഥ മെനയാറുമില്ല. പക്ഷേ, വെടിവെട്ടങ്ങളിലും ഒത്തുചേരലുകളിലും ഹൃദയം തുറന്നുള്ള സംഭാഷണങ്ങളിലും നിന്നു പോലും നവീനെത്തേടി കഥാപാത്രങ്ങള്‍ വരും- പ്രണയം പൊളിഞ്ഞപ്പോള്‍ കാമുകന്റെ ഫോണ്‍ തട്ടിപ്പറിച്ചോടിയ പെണ്‍കുട്ടിയെപ്പോലെ.