തന്റെ സമപ്രായക്കാരായ കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് ആരോ വിളിച്ചുപറയുന്നു, ഉമ്മമാരെല്ലാം മക്കളെയുമെടുത്ത് പുറപ്പെടാന്‍ പോകുന്ന ബസില്‍ ഉടന്‍ കയറുക. എല്ലാ ഉമ്മമാരും ഓരോരുത്തരുടെയും മക്കളെയുമെടുത്തു ബസില്‍ കയറാന്‍ ധൃതിവെച്ചുപോയി. അവിടെ ആരും എടുക്കാനില്ലാതെ ഖാദര്‍ എന്ന കുട്ടിമാത്രം ഒറ്റപ്പെട്ടു.
ഒറ്റപ്പെടല്‍ തന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നതായി യു.എ. ഖാദര്‍ പലയിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെതിരേ പൊരുതിജയിച്ച ജീവിതമാണ് തന്റേതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കുട്ടിക്കാലത്തെ ഒരോര്‍മ തുടങ്ങുന്നതുതന്നെ ആള്‍ക്കൂട്ടത്തില്‍ പെട്ടെന്ന് ഏകാകിയായിത്തീര്‍ന്ന ഒരനുഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ്.
ഒറ്റപ്പെടലിന്റെ ആദ്യ വേദന
ഉമ്മ നഷ്ടപ്പെട്ട് ഏറെ യാതനകള്‍ സഹിച്ച് ഉപ്പയോടൊപ്പം നാട്ടിലെത്തിയ സന്ദര്‍ഭത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് ആദ്യത്തെ ക്രൂരമായ ഒറ്റപ്പെടല്‍ ഉണ്ടായത്. തന്റെ സമപ്രായക്കാരായ കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് ആരോ വിളിച്ചുപറയുന്നു, ഉമ്മമാരെല്ലാം മക്കളെയുമെടുത്ത് പുറപ്പെടാന്‍ പോകുന്ന ബസില്‍ ഉടന്‍ കയറുക. എല്ലാ ഉമ്മമാരും ഓരോരുത്തരുടെയും മക്കളെയുമെടുത്തു ബസില്‍ കയറാന്‍ ധൃതിവെച്ചുപോയി. അവിടെ ആരും എടുക്കാനില്ലാതെ ഖാദര്‍ എന്ന കുട്ടിമാത്രം ഒറ്റപ്പെട്ടു. കാരണം, ആ കുട്ടിയെ അന്വേഷിക്കാന്‍ ഉമ്മ എന്ന സ്ത്രീ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ഏകാന്തത ഖാദറിന്റെ ജീവിതത്തില്‍ ഉടനീളമുണ്ടായിരുന്നു.
മലയാളിത്തം നന്നേ കുറവായ കുട്ടിയെന്ന നിലയില്‍ സ്‌കൂളിലെ ക്ലാസ്മുറികളില്‍ ഖാദര്‍ ഒറ്റപ്പെട്ടു. ജീവിച്ചുവരുന്ന മണ്ണ് ജന്മനാടല്ല എന്ന അറിവും ഖാദറിനെ എന്നും അലോസരപ്പെടുത്തി. അത്തരം വൈരുധ്യാത്മകസംഘര്‍ഷം നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നതിനിടയാണ് യു.എ. ഖാദര്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ടത്. എഴുത്തിന്റെ തുടക്കത്തില്‍ വ്യത്യസ്തമായ ധാരാളം രചനകള്‍ പുറത്തുവിട്ടിട്ടും യു.എ. ഖാദര്‍ എന്ന എഴുത്തുകാരനെ ശ്രദ്ധിക്കാന്‍ മലയാളം തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വടക്കേ മലബാറിലെ മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി അടയാളപ്പെടുത്തിയ 'ചങ്ങലയോ' മുസ്ലിം കുടുംബങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന 'ഒരു മാപ്പിളപ്പെണ്ണിന്റെ കഥ', 'ഇണയുടെ വേദാന്തം' എന്നിവയോ ഒരിടത്തും ആ രീതിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല.
തട്ടകത്തിന്റെ ചൂരും ചൂടും
ജീവിതത്തിന്റെ പലമേഖലകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈര്‍ച്ചമില്ലിലും പത്രത്തിലും ജീവനക്കാരനായി. അതുകഴിഞ്ഞ് ആശുപത്രിയില്‍. ഏറ്റവുമൊടുവില്‍ റേഡിയോ നിലയത്തില്‍. പലമേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം നിരന്തരമായ എഴുത്തില്‍ സ്വരൂപിച്ചുകൊണ്ടാണ് യു.എ. ഖാദര്‍ തന്റേതായ തട്ടകം കണ്ടെത്തിയത്. അത് അന്നുവരെ താന്‍ അനുഭവിച്ച അവഗണനയ്ക്കും അവഹേളനത്തിനുമുള്ള ശക്തമായ മറുപടിയായിരുന്നു. ആദ്യകാലത്ത് നഗരത്തിലെ പൊതുവേദികളിലോ, സാംസ്‌കാരികസദസ്സുകളിലോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്വതസിദ്ധമായ തന്റെ പോരായ്മകളെക്കുറിച്ചുള്ള ചിന്തയും സര്‍ഗാത്മകരംഗത്തെ വരേണ്യവര്‍ഗത്തിന്റെ ബോധപൂര്‍വവുമായ അകറ്റിനിര്‍ത്തലുമായിരുന്നു ഇതിന് കാരണം. പലരംഗത്തും താന്‍ തഴയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, ഇതിലൊന്നിലും ഉത്കണ്ഠപ്പെടാതെ ഏറ്റവും ശക്തമായ പ്രതിരോധമൊരുക്കുന്നതിലുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതാണ് നാം 'തൃക്കോട്ടൂര്‍ കഥകളില്‍' കണ്ടത്.
ഖാദറിന്റെ രചനകളെ സമൂലം പൊളിച്ചുപണിയുന്ന ഒരു സര്‍ഗാത്മകനിര്‍മിതിയായിരുന്നു തൃക്കോട്ടൂര്‍ കഥകള്‍. മലയാളത്തിലെ ആദ്യകാല രചനകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'നാട്ടുകാരായ ഞങ്ങള്‍' എന്നത് ഖാദറിന്റെ രചനകളിലെത്തുമ്പോള്‍ 'തൃക്കോട്ടൂരുകാരായ ഞങ്ങള്‍' എന്നു പറഞ്ഞുകൊണ്ട് ഒരു ദേശത്തിന്റെ ആഖ്യാനരൂപത്തിലെത്തുന്നു. ഇതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് എഴുത്തുകാരന്‍ തന്നെ രചനയില്‍ പ്രത്യക്ഷപ്പെടുന്നതും. 'അതുകൊണ്ട് തൃക്കോട്ടൂരിന്റെ ചരിത്രമെഴുതുന്ന ഇവന്‍ പഴയ കഥകളുടെ ഉറവയന്വേഷിക്കുന്നു. ചെറുപ്പക്കാര്‍ക്ക് പറയാം പഴങ്കഥയെഴുത്തും യു.എ. ഖാദര്‍ക്ക് പ്രാന്താണ് നട്ടപ്രാന്ത്'. 'ഒന്നു നൂറാക്കിപ്പെരുപ്പിക്കും നാവാണല്ലോ തൃക്കോട്ടൂരിലെ ആണിനും പെണ്ണിനും. ഈ യു.എ. ഖാദറിനും നാവിന് നൂറുമുഴം തന്നെ...' ഈ രീതിയില്‍ തൃക്കോട്ടൂര്‍ കഥകളില്‍ സ്വയം കഥാപാത്രമായി മാറിക്കൊണ്ടാണ് യു.എ. ഖാദര്‍ മലയാള സര്‍ഗാത്മകതയിലെ പുത്തന്‍ അനുഭവമായി മാറിയത്.
നവീനമായ ആഖ്യാന സവിശേഷത
ഭാഷയുടെ നാടോടിപാരമ്പര്യത്തെയും സമൂഹത്തിന്റെ പ്രാക്തനബോധത്തെയും സമന്വയിപ്പിച്ച നവീനമായ ഒരാഖ്യാന സവിശേഷതയായിരുന്നു ഖാദറിന്റേത്. തൃക്കോട്ടൂര്‍ കഥകളിലൂടെ ഭ്രമാത്മകതയുടെ സൗന്ദര്യവും വായനക്കാര്‍ അറിയുകയായിരുന്നു. സത്യത്തെയും മിത്തിനെയും സമന്വയിപ്പിച്ചുള്ള ആഖ്യാനരീതിയിലൂടെ മലയാളിയുടെ ഭ്രമാത്മകലോകം വികസ്വരമായത് ഖാദര്‍ രചനകളിലാണ്. 'മാണിക്യം വിഴുങ്ങിയ കണാരന്‍', 'പന്തലായനിയിലേക്കൊരുയാത്ര' തുടങ്ങിയ രചനകളില്‍ ഒരുപക്ഷേ, മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനും പ്രകടിപ്പിക്കാത്ത വിശേഷമായ ഒരു രചനാരീതിയെ ഖാദര്‍ പരിചയപ്പെടുത്തുകയായിരുന്നു. തൃക്കോട്ടൂര്‍ കഥകളുടെ സമാന്തരമായ 'തൃക്കോട്ടൂര്‍ പെരുമ' പ്രകാശിപ്പിച്ചുകൊണ്ട് ടി. പത്‌നനാഭന്‍ യു.എ. ഖാദറിനെ മാജിക്കല്‍ റിയലിസത്തെ ഏറ്റവും സ്വാര്‍ഥകമായി പരിചയപ്പെടുത്തിയ മാര്‍ക്കേസുമായി താരതമ്യപ്പെടുത്തുകയുണ്ടായി. ഇതിലൊട്ടും അദ്ഭുതപ്പെടേണ്ടതില്ല. ഒരുപക്ഷേ, മാര്‍ക്കേസിനെക്കാള്‍ വിശാലമായ തലത്തില്‍ മാജിക്കല്‍ റിയലിസത്തെ യു.എ. ഖാദര്‍ തന്റെ രചനകളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
വടക്കന്‍പാട്ടിന്റെ പാരമ്പര്യവും സാമൂഹികാചാരവുമായി ബന്ധപ്പെട്ട പ്രാദേശിക മിത്തുകളും ഏറ്റവും കൂടുതല്‍ രചനകളില്‍ പ്രയോഗിച്ചതും യു.എ. ഖാദറായിരിക്കും. വാക്കുകളുടെ അന്വയത്തിലൂടെ അതിനെ താളാത്മകതലത്തിലേക്ക് ഉയര്‍ത്തുന്നതിന് ഖാദര്‍ അപാരമായ മിഴിവ് പ്രകടിപ്പിച്ചു. ഒരുപക്ഷേ, മതപരമായ തന്റെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ ഒരു സൗന്ദര്യസങ്കല്പത്തെ പൊലിപ്പിച്ചെടുക്കാനും അത് സര്‍ഗാത്മക ശക്തിയാക്കാനും ഖാദര്‍ തന്റേതായ ഒരു വഴി കണ്ടെത്തുകയായിരുന്നു. തറവാട്ടുവീട്ടിലെ ഒറ്റമുറിച്ചായ്പില്‍ കിടന്നുകൊണ്ട് അപ്പുറത്തെ ഉത്സവങ്ങള്‍ നോക്കിക്കിടക്കവേ, തന്നിലെ ചിത്രകാരന്‍ നിറക്കൂട്ടുകളുടെ ലോകത്തേക്ക് തന്നെ എത്തിക്കുകയായിരുന്നെന്നും പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട് യു.എ. ഖാദര്‍. നിറങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും നന്നായി അറിയാവുന്ന ഒരു ചിത്രകാരന്‍കൂടിയായിരുന്ന അദ്ദേഹം വരച്ച ചിത്രങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു. തന്നിലെ ചിത്രകാരനും തന്നിലെ എഴുത്തുകാരനും ചേര്‍ന്നു രൂപപ്പെടുത്തിയ ഒരു ഭ്രമാത്മകലോകത്തിന്റെ അധിപനായി യു.എ. ഖാദര്‍ വളരുകയായിരുന്നു.
അഘോരശിവം എന്ന നോവലില്‍, 'അഘോരശിവക്ഷേത്ര'ത്തില്‍ എഴുതിവെച്ച മഹാകവി കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ കവിതാവരികള്‍ ഉദ്ധരിച്ചത് നന്നേ ക്ലേശം സഹിച്ചിട്ടായിരുന്നു. ഈ വരികള്‍ എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചാല്‍ ഖാദര്‍ പറയുന്ന മറുപടി ഇങ്ങനെയായിരിക്കും. 'കോമര'ത്തിന്റെ വെളിപ്പാടുകള്‍ എങ്ങനെ വന്നു അതുപോലെ. യു.എ. ഖാദറിന് എഴുത്ത് ഒരു തരത്തില്‍ കോമരത്തിന്റെ ഉറഞ്ഞുതുള്ളലായിരുന്നു. ഉത്സവം വരുമ്പോള്‍ കോമരത്തിന് ഉറഞ്ഞുതുള്ളാതിരിക്കാനാവാത്ത പോലെ, എഴുത്തുവരുമ്പോള്‍ യു.എ. ഖാദറിനും എഴുതാതിരിക്കാനാവില്ല. അപ്പോള്‍ വെളിപാടുപോലെ പലതും നാവില്‍ വരുന്നു.
യു.എ ഖാദറിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: UK Kumaran about UA Khader