ഴയ മ്യാന്‍മാറില്‍ പോയ മലയാളി, നമുക്ക് വലിയ പച്ച അരപ്പട്ടയും കള്ളിമുണ്ടും സ്വര്‍ണപ്പല്ലുമാണ്. ഉസ്സുങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെ ചിത്രം ഞാന്‍ കണ്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. കോട്ടും ഷൂസും തുര്‍ക്കിത്തൊപ്പിയുമായി സുന്ദരനായൊരാള്‍. മൊയ്തീന്‍കുട്ടി ഹാജിയുടെ ഇടതുവശത്ത് ഒരു കൊച്ചുപയ്യന്‍. മകന്‍. അവന്റെ ഉമ്മ ബര്‍മക്കാരി മാമൈദി. ഏഴുവയസ്സുവരെ അവന്‍ ഓടിനടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിന്‍ ഗ്രാമത്തിലൂടെ. പഗ്രാഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവന്റെ ശൈശവകാല ഓര്‍മ. രണ്ടാം ലോകയുദ്ധത്തില്‍ അഭയാര്‍ഥിയായി പലായനം ചെയ്യുന്നു മൊയ്തീന്‍കുട്ടി ഹാജി.

കൊയിലാണ്ടിയില്‍ എത്തിപ്പെട്ട കുട്ടി

യാത്രയില്‍ കുട്ടി ഒരു ബാധ്യതയായതിനാല്‍ അഭയാര്‍ഥി ക്യാമ്പില്‍ കുട്ടിയെ ഉപേക്ഷിക്കൂ എന്ന് ബന്ധുക്കള്‍. പിന്നീട് ആ കുട്ടി കൊയിലാണ്ടിയിലെത്തുന്നു. ഉസ്സുങ്ങാന്റകത്ത് അബ്ദുല്‍ ഖാദറിനെ പിന്നെ കേരളമറിഞ്ഞു. യു.എ. ഖാദര്‍. തൃക്കോട്ടൂരിന്റെ കഥകളെഴുതി മലയാളികളുടെ ഹൃദയത്തില്‍ കൂട്ടുകൂടിയ വലിയ എഴുത്തുകാരനായി. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും ഏഴു വയസ്സിനുശേഷം മലയാളം പഠിച്ച്, മലയാള ഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി വലിച്ചിട്ട് ഖാദര്‍ ഇരുന്നു. 'തൃക്കോട്ടൂര്‍ കഥകള്‍' എഴുതി 'ചങ്ങല' പോലുള്ള വലിയ നോവലുകളെഴുതി, മനസ്സിന്റെ മയിലാട്ടങ്ങള്‍ ചിത്രരൂപത്തിലാക്കി ചിരിക്കുന്നു.

ദേശത്തില്‍ വേരുകളാഴ്ത്തിയ കഥകള്‍

ഒരുപാട് പ്രത്യേകതകളുള്ള എഴുത്തുകാരനാണ് യു.എ. ഖാദര്‍. ഖാദര്‍ക്കയുടെ രചനകളെക്കുറിച്ച് അദ്ദേഹവുമായി ഒരുപാട് സംസാരിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ ഒരു ചാനലിനുവേണ്ടി ഖാദര്‍ക്കയുടെ കൂടെ ഖാദര്‍ കഥകളുടെ പശ്ചാത്തലം തേടി സഞ്ചരിച്ച ഓര്‍മ. അമ്പലങ്ങള്‍, മഖാമുകള്‍, പള്ളികള്‍, ഖാദര്‍ക്കയുടെ തറവാട്, ചാലിയത്തെരുവ്, സര്‍പ്പക്കാവ്... ദേശത്തില്‍ ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റ് എഴുത്തുകാരില്ല. ''പള്ളികള്‍, അവിടത്തെ നേര്‍ച്ചകള്‍, ത്വരീഖത്ത് ഒക്കെ എനിക്ക് പരിചയമുണ്ട്. തൃക്കോട്ടൂര്‍ കഥകളായതുകൊണ്ട് അമ്പലങ്ങളെക്കുറിച്ചും എനിക്കറിയാം. എല്ലാ മൗലൂദുകളും മനഃപാഠമായിട്ടുള്ള ഒരെഴുത്തുകാരന്‍ ഞാനാണ്. അതുപോലെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്ക് പരിചിതമാണ്. തൃക്കോട്ടൂര്‍ കഥകളെഴുതുമ്പോള്‍ അതുപയോഗിച്ചിരുന്നു. ബാല്യം നഷ്ടപ്പെട്ടതിനാല്‍ അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിരുന്നു ഞാന്‍ നടത്തിയത് '' -ഖാദര്‍ പറഞ്ഞു.

ആധുനികത കേരളത്തില്‍ അരങ്ങുതകര്‍ത്തപ്പോള്‍ നമ്മുടെ ജീവിതവുമായി ബന്ധമില്ലാത്ത, കടംവാങ്ങിയ ദര്‍ശനത്തിന്റെ തൂവലില്‍ മിനുങ്ങി നടന്ന കുറെ എഴുത്തുകാരാണ് ഇവിടെ ആടിത്തിമിര്‍ത്തത്. അക്കൂട്ടത്തില്‍ യു.എ. ഖാദര്‍ ഉണ്ടായിരുന്നില്ല ചെരിപ്പിനനുസരിച്ച് കാലുമുറിക്കാന്‍ ഈ കഥാകൃത്ത് കൂട്ടാക്കിയില്ല. അന്നും രചനകളുടെ കാര്യത്തില്‍ ഖാദറിന് ചില ഉറച്ച നിലപാടുകളുണ്ട്. ഖാദര്‍ പറഞ്ഞു: ''ഞാനെന്റെ മുരിങ്ങാച്ചോട്ടിലെ ഇലപ്പഴുതുകളിലൂടെയാണ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയതും എണ്ണിയതും.''

ഖാദര്‍ കഥകളിലെ ഭാഷ ഗവേഷണത്തിന് വിഷയമാക്കാവുന്നതാണ്. ഞാനുമായി നടത്തിയ ഒരഭിമുഖത്തില്‍ ഖാദര്‍ക്ക പറയുന്നണ്ട്: '''ആളുകളുമായിട്ടുള്ള നിത്യസമ്പര്‍ക്കം, എറെ നാടുമായുള്ള ആഴത്തിലുള്ള ബന്ധം. ഇതില്‍നിന്നാണ് നാട്ടുഭാഷ ലഭിച്ചത്. 'മുഖം മുറിഞ്ഞു പറയുക' തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങനെ നാട്ടുഭാഷയില്‍നിന്ന് ലഭിച്ചതാണ്. മറ്റു ഭാഷാപദങ്ങള്‍ ഉപയോഗിക്കാതെ നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന നാട്ടുഭാഷയെ ഉപയോഗിക്കണം. വടക്കന്‍ രീതിയിലുള്ള എഴുത്താണ് എന്റേത്.

സി.എച്ചും ബഷീറും

തനിയെ തന്റെ കാലടിവെച്ച് ആരെയും കൂസാതെ യാത്രചെയ്താണ് ഖാദര്‍ സാഹിത്യത്തില്‍ ഇവിടെവരെയെത്തിയത്. ഈ എഴുത്തുകാരനെ കണ്ടെത്തിയതും തുണച്ചതും സി.എച്ച്.മുഹമ്മദ്കോയ എന്ന പത്രാധിപരായിരുന്നു. ''എന്റെ സാഹിത്യജീവിതത്തില്‍ വലിയ കടപ്പാട് സി.എച്ചിനോടാണ്. അയല്‍പക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാന്‍ 'ബാല്യകാല സഖി' ആദ്യം വായിക്കാന്‍ തന്നത് സി.എച്ചാണ്. ആദ്യത്തെ കഥ അച്ചടിച്ചുവന്നതും സി.എച്ചിന്റെ കൈകളിലൂടെയാണ്.'' -ഖാദര്‍ പറയുന്നു. ആദ്യകഥ എഴുതിയത് കൊയിലാണ്ടി യു.എ. ഖാദര്‍ എന്ന പേരിലായിരുന്നു. 1952 ഡിസംബര്‍ 20-നാണ് 'കണ്ണുനീര്‍കലര്‍ന്ന പുഞ്ചിരി' എന്ന ആ കഥ അച്ചടിച്ചുവന്നത്. എഴുത്തുകാരില്‍ എം. ഗോവിന്ദനും ബഷീറും ടി. പത്മനാഭനും മാത്രമാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

ബഷീറിനെ കാണാന്‍ സ്‌കൂളില്‍ പഠിക്കുന്നകാലത്ത് എറണാകുളംവരെ ഒളിച്ചോടിയകഥ ഖാദര്‍ എഴുതിയിട്ടുണ്ട്. പില്‍ക്കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ 'മാമൈദിയുടെ മകന്‍' എന്ന പേരില്‍ ഖാദറിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. പുതിയ തലമുറയുടെ വാക്കിലും അവരുടെ ചെയ്തികളിലുമൊക്കെ മണ്ണുമായി എത്രബന്ധമുണ്ടെന്ന് ഞാന്‍ പരിശോധിക്കാറുണ്ട് എന്ന് ഖാദര്‍. 'അഘോരശിവം' എന്ന നോവലിനെക്കുറിച്ച് ഖാദര്‍ പറയുന്നു:''പന്തലായനിയാണ് അതിന്റെ ജീവിതം. പന്തലായനിയിലെ അഞ്ച് കഥാപാത്രങ്ങള്‍. അതിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് എന്താണ് പന്തലായനി എന്ന് ഞാന്‍ കാണിച്ചുകൊടുക്കുന്നു.'' ഖാദറിലെ ചരിത്രകാരന്‍ ചിത്രകാരനുമാണെന്ന് ഇി.വി. രാമകൃഷ്ണന്‍ അഘോരശിവത്തിനെഴുതിയ അവതാരികയില്‍ പറയുന്നുണ്ട്. 'ചിത്രങ്ങളിലൂടെ മാത്രം ചരിത്രം കാണുമ്പോള്‍ ഓര്‍മകള്‍ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓര്‍മകളിലും അങ്ങനെ ഓര്‍മകളുടെ വലിയൊരു വലയായും പരിണമിക്കുന്നു. ആ വലയില്‍ ഒരു തട്ടു കത്തിന്റെ ഉപസംസ്‌കാരമത്രയും കുടുങ്ങുന്നു. തദ്ദേശവാസികളുടെ ഓര്‍മകള്‍ക്ക് ഇത്തരമൊരു ശില്പമാതൃക കണ്ടെത്തിയ ഖാദര്‍ മതാതീത ജനകീയതയുടെ വാങ്മയങ്ങളിലൂടെ ഒരിടം അടയാളപ്പെടുത്തുന്നു. എല്ലാവര്‍ക്കും പ്രവേശനമുള്ള ഒരിടം.

'പെണ്ണുങ്ങളുടെ' കഥാകാരന്‍

സൗന്ദര്യംകൊണ്ടും തന്റേടംകൊണ്ടും ആണുങ്ങളെ അടിയറവ് പറയിക്കുന്ന പെണ്ണുങ്ങള്‍ ഖാദറിന്റെ ഇഷ്ടകഥാപാത്രങ്ങളാണ്. മാധവി, കെട്ടിയവന്‍ തട്ടാന്‍ ചന്തുക്കുട്ടിയോട് പറയുന്നു: ''ഉള്ളത് നക്കി ചെലക്കാണ്ട് കെടന്നോളീന്‍. കുപ്പമാന്തിക്കണ്ട, എനിക്കിഷ്ടംപോലെ കുറി നടത്ത്വെ, കണക്ക് എഴുതിക്വേചെയ്യും. ചോദിക്കാനും പറയാനും നിങ്ങളാരാ? തച്ചോളി മേപ്പയില്‍ ഒതേനക്കുറുപ്പോ?'' (തട്ടാന്‍ ഇട്ട്യേമ്പി) ആരാന്റെ കുറ്റങ്ങളെക്കുറിച്ചും ആരായുന്ന ഉമ്മപ്പെണ്ണുങ്ങളും റാക്കുഷാപ്പും റങ്കൂണില്‍നിന്ന് തിരിച്ചുവന്ന മാപ്പിളമാരും ഖാദര്‍ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

പിതൃഭാഷയുടെ പ്രണയി

വടക്കന്‍പാട്ടുകളും നാടന്‍ശൈലികളും ഈ എഴുത്തുകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥകളില്‍ മണ്ണിന്റെ ഗന്ധമുണ്ട്. ചരിത്രകാരന്മാര്‍ ഗ്രാമചരിതം പറയുമ്പോലെ ചൊടിയും ചുണയുമുള്ള ഭാഷയില്‍ ഖാദര്‍ കഥ പറയുന്നു. മാതൃഭാഷയല്ല, പിതൃഭാഷയാണ് ഖാദറിന് മലയാളം. എന്നിട്ടും പലരെയും പിന്നിലാക്കി അക്ഷരങ്ങള്‍ കൊണ്ട് കരവിരുതുണ്ടാക്കുന്ന വിദ്യ അദ്ദേഹം സ്വന്തമാക്കി. 'അക്ഷര'ത്തിലിരുന്ന് മലയാളികളെ മോഹിപ്പിക്കുന്ന ഒട്ടേറെ കൃതികളെഴുതി. ഈ വലിയ എഴുത്തുകാരന്റെ പ്രാര്‍ഥന എന്നും ഇങ്ങനെയായിരുന്നു. ''എപ്പോഴും എപ്പോഴും ഉറയുവാനും തട്ടകം കിടുങ്ങേ കാര്യം വിളിച്ചോതുവാനും കഥ എന്നില്‍ ആവേശിച്ചു കയറേണമേ? അതിനുള്ള കഥാന്തരീക്ഷത്തിന്റെ കേളികൊട്ടുകള്‍ എന്റെ ചുറ്റും മുഴങ്ങേണമേ?'' പ്രസവിച്ച് മൂന്നാംനാള്‍ ബര്‍മക്കാരി ഉമ്മ മരിച്ചകുട്ടി. കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ട ഒരുകുട്ടിക്കാലം മലയാളിയല്ലാത്ത മാമൈദി എന്ന അമ്മയുടെ ഓര്‍മ ഖാദറിലെപ്പോഴും വേദനയായി നിറഞ്ഞുനിന്നിരുന്നു. മാതൃഭൂമി പുരസ്‌കാരം സ്വികരിച്ചുകൊണ്ട് നടത്തിയ വികാരനിര്‍ഭരമായ മറുപടിയില്‍ ഈ 'അമ്മസങ്കല്പം' ഉണ്ടായിരുന്നു. തന്നെ മാറോടണയ്ക്കാത്ത, കണ്‍നിറയെ കണ്ടിട്ടില്ലാത്ത ബര്‍മക്കാരിയായ അമ്മ നല്‍കിയതാണ് ഈ പുരസ്‌കാരം' അന്നദ്ദേഹം പറഞ്ഞു.

യു.എ ഖാദറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: UA Khader life and literature PK Parakkadavu