റ്റമുറിയില്‍ ഏകാന്തത നിറഞ്ഞ ആ ബാല്യത്തിന് കൂട്ട് അക്ഷരങ്ങളായിരുന്നു. ഈ ഏകാന്തതയാണ് യു.എ.ഖാദറെന്ന കഥാകാരനെ സൃഷ്ടിച്ചത്. ആ അക്ഷരങ്ങളെ നാട്ടുപെരുമയുടെ നിറങ്ങളണിയിച്ചത്. മിത്തുകളെയും കളരിമുറ്റങ്ങളെയും സര്‍പ്പക്കാവുകളെയും അഭിരമിപ്പിക്കുന്ന ചിത്രങ്ങളായി അക്ഷരങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു യു.എ. ഖാദര്‍. അവസാന നാളുകളിലും സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു അദ്ദേഹം. അവശതകള്‍ക്കും രോഗങ്ങള്‍ക്കും പോരാളിയായ ആ എഴുത്തുകാരനെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

ബര്‍മയിലെ ബില്ലിനില്‍ ജനിച്ച ഖാദറിനെ ഏഴാം വയസ്സിലാണ് മലയാളനാട്ടിലേക്ക് പറച്ചുനടുന്നത്. ബര്‍മക്കാരിയായ അമ്മ മാമൈദിയെ ജനിച്ച് മൂന്നാം നാളില്‍ നഷ്ടമായി. പിതാവ് മൊയ്തീന്‍കുട്ടിഹാജിയുടെ തിക്കോടിയിലെ വീട്ടിലെത്തുമ്പോള്‍ തികച്ചും അപരിചിതമായ അന്തരീക്ഷമായിരുന്നു. മലയാളം അറിയാത്തതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നീട്, ആ അക്ഷരങ്ങളെ കീഴടക്കി, ഗ്രാമീണ പെരുമകളുടെ കഥാകാരനായി. 1952 ഡിസംബര്‍ 25-നാണ് ആദ്യ കഥ 'കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി' എഴുതുന്നത്. പഠനകാലത്ത് ചിത്രകലയോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് മദ്രാസില്‍ ചിത്രകല പഠിക്കാന്‍ പോയി. മദിരാശി ജീവിതമാണ് യു.എ.ഖാദറിനെ മാറ്റിമറിച്ചത്. കേരള സമാജത്തില്‍ പ്രവര്‍ത്തിച്ചതോടെ എം.ഗോവിന്ദനും കെ.എ. കൊടുങ്ങല്ലൂരുമായി സൗഹൃദത്തിലായി. ഇതോടെ മലയാളസാഹിത്യ രംഗത്തേക്ക് പ്രവേശിച്ചു. മദിരാശിയില്‍ നിന്ന് മടങ്ങിയതോടെ ആരോഗ്യവകുപ്പിലടക്കം പല ജോലികളും ചെയ്തിട്ടുണ്ട്.

നഗരം സമ്മാനിച്ച ഓര്‍മകള്‍

പത്താം വയസ്സിലാണ് പിതാവിനൊപ്പം കോഴിക്കോട് കാഴ്ചകള്‍ കാണാന്‍ ഖാദര്‍ നഗരത്തിലെത്തുന്നത്. കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേസ്റ്റേഷനിലെത്തുമ്പോള്‍ കൗതുകം ഏറെയായിരുന്നു. നഗരത്തിലെ റഹ്മാനിയ ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് മനസ്സില്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. വലിയങ്ങാടിയില്‍ അന്ന് ധാരാളം ഗ്രാമഫോണ്‍ കടകളുണ്ടായിരുന്നു. മിഠായിത്തെരുവിലെ അബൂബക്കര്‍ സാഹിബിന്റെ ഹല്‍വ കടയില്‍ പോയി നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോട്ടോയുമെടുത്തായിരുന്നു മടക്കം. പിന്നീട് പലപ്പോഴായി നഗരത്തിലെത്തി. സിനിമ കാണാനും ഫോട്ടോയെടുക്കാനും അങ്ങനെ പല കാര്യങ്ങള്‍ക്കായി... 

ഹജൂര്‍ കച്ചേരി കാണാനായി എത്തിയപ്പോഴാണ് 'മാതൃഭൂമി' പ്രസ് ആദ്യമായി കാണുന്നതെന്ന് ഖാദര്‍ ഓര്‍മിച്ചിരുന്നു. ക്രൗണ്‍ തീയേറ്ററില്‍ സിനിമ കാണാന്‍ വീട്ടുകാര്‍ അറിയാതെ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ കാലത്തെക്കുറിച്ച് പറയുമ്പോള്‍ മുഖത്ത് ഓര്‍മകള്‍ മിന്നിമറയും. ഹിന്ദി സിനിമകള്‍ കാണാന്‍ മാത്രമായി പലപ്പോഴും കോഴിക്കോട്ട് വരാറുണ്ടായിരുന്നു. നര്‍ഗീസും ദിലീപ് കുമാറും രാജ്കപുറുമായിരുന്നു പ്രിയതാരങ്ങള്‍. സെന്‍ട്രല്‍ ലൈബ്രറിയിലെത്തി പുസ്തകങ്ങള്‍ വായിക്കാന്‍ വന്നിരുന്ന കാലത്താണ് നഗരത്തില്‍ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളുടെ സ്ഥിരം കേള്‍വിക്കാരനായി മാറിയത്. ഉറൂബ്, എം.ടി.വാസുദേവന്‍ നായര്‍, തിക്കോടിയന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റെക്കാട്ട് എന്നിവര്‍ അടങ്ങുന്നവരുമായി സൗഹൃദത്തിലായി.

 തിക്കോടിയനെ പരിചയപ്പെടാന്‍ അവസരം ഒരുക്കിയത് പി.എ.സെയ്ദുമുഹമ്മദാണ്. ആകാശവാണിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തിക്കോടിയനാണ് നഗരത്തില്‍ താമസമാക്കാന്‍ ആവശ്യപ്പെടുന്നത്. ആദ്യവാടക നല്‍കിയതിനുശേഷം താക്കോല്‍ തിക്കോടിയന്‍ കൈമാറുമ്പോഴാണ് തനിക്കായി പൊക്കുന്നില്‍ വീട് വാടകയ്ക്കെടുത്ത കാര്യം ഖാദര്‍ അറിയുന്നത്. മിഠായിത്തെരുവിലും പാരഗണ്‍ ഹോട്ടലിന് മുമ്പിലും ടൗണ്‍ഹാളിലുമായിരുന്നു സ്ഥിരം കൂടിക്കാഴ്ചവേദികള്‍.

മംഗോളിയന്‍ മുഖമുള്ള ഖാദറിനെ കുറിച്ച് കഥയെഴുതുമെന്ന് എപ്പോഴും വൈക്കം മുഹമ്മദ് ബഷീര്‍ പറയുമായിരുന്നു. അക്കാര്യത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ സമയമായിട്ടില്ലെന്നായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്റെ മറുപടി. മാമൈദിയുടെ മകനില്‍ തുടങ്ങി സ്വന്തം ഉമ്മയില്‍ അവസാനിക്കുന്ന കഥ എഴുതിയ കാര്യം ബഷീറിന്റെ മരണത്തിനുശേഷം മാത്രമാണ് ഖാദര്‍ അറിയുന്നത്.

ഓര്‍മകളിലെ ബില്ലിന്‍

ബര്‍മയിലെ യുദ്ധകാലത്താണ് പിതാവിനൊപ്പം തിക്കോടിയിലേക്ക് വരുന്നത്. ഏഴാം വയസ്സില്‍ തിക്കോടിയില്‍ എത്തിയപ്പോഴും ഖാദറിന്റെ മനസ്സില്‍ അവിടത്തെ വര്‍ണോത്സവങ്ങളും പഗോഡകളും ഡ്രാഗണുകളും സ്വപ്നംപോലെ ശേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ബര്‍മയിലേക്ക് നടത്തിയ യാത്ര സ്വപ്നത്തില്‍ താന്‍ ചിത്രീകരിച്ച ബര്‍മയെ കീറിക്കളഞ്ഞുവെന്ന് ഖാദര്‍ പറഞ്ഞു. ബര്‍മയിലേക്കുള്ള യാത്ര റിയാലിറ്റിയിലേക്ക് വീണ സ്വപ്നനഷ്ടമാണെന്ന് പറയാനാണ് ഖാദറിന് ഇഷ്ടം.

Content Highlights: UA Khader life and literature