തൃക്കോട്ടൂര്‍ വെറുമൊരു ഗ്രാമമല്ല. തനതായ സംസ്‌കാരവും മിത്തുകളും വിശ്വാസങ്ങളും സാമൂഹിക നിയമങ്ങളുമൊക്കെയുള്ള അന്നത്തെ വടക്കന്‍ മലബാറിലെ ഗ്രാമങ്ങളുടെ പ്രതീകമാണ്. ഗ്രാമീണസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളാണ് തൃക്കോട്ടൂര്‍ കഥകള്‍ക്ക് ഊടും പാവുമായത്.
മലയാള സാഹിത്യത്തില്‍ ഗദ്യസാഹിത്യത്തില്‍ ഭാവമാറ്റങ്ങള്‍ കണ്ടുതുടങ്ങുന്ന എഴുപതുകളിലാണ് തൃക്കോട്ടൂര്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. വിദേശസാഹിത്യങ്ങളുടെ സ്വാധീനവും നായര്‍ തറവാടുകളും മരുമക്കത്തായ ജീവിതവും സമ്പന്നരേയും പ്രമാണിമാരേയും ചുറ്റിപ്പറ്റിയുള്ള കഥകളും നാഗരിക ജീവിതവും അരങ്ങുവാണിരുന്ന മലയാള കഥാപ്രസ്ഥാനത്തില്‍ മണ്ണിന്റ മണമുള്ള കഥാന്തരീക്ഷം കൊണ്ടുവന്നവരില്‍ ഒരാള്‍ യു.എ. ഖാദറായിരുന്നു.
'70കളില്‍ മാതൃഭൂമി ആഴ്ചപ്പ തിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ തൃക്കോട്ടൂരിന്റ കഥകള്‍ വടക്കന്‍ മലബാറിലെ ഗ്രാമാന്തരീക്ഷത്തിന്റ നേര്‍ച്ചിത്രങ്ങളായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു സാധാരണ മലയാളിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തര ത്തിലുള്ള കഥകളായിരുന്നു തൃക്കോട്ടൂര്‍ കഥകള്‍. - തൃക്കോട്ടൂര്‍ കഥകളിലൂടെയും തൃ ക്കോട്ടൂര്‍ നോവല്ലെകളിലൂടെയുമൊക്കെ അതുവരെ പുറത്താരും അറിഞ്ഞിട്ടില്ലാത്ത മലബാറിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചര്‍ച്ചാവിഷയമായി. ഓരോ ഗ്രാമത്തിനും അതിന്റതായ അതീന്ദ്രിയ സങ്കല്പങ്ങളും മിത്തുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പുരാവൃത്തങ്ങളുമൊക്കെയുണ്ട്.
ഗ്രാമങ്ങളുടെ വേരുകളിലേക്കിറങ്ങിച്ചെന്നാലേ ഇത്തരം സങ്കല്പങ്ങളും അവ സമൂഹവുമായി ഇഴചേര്‍ന്നിരിക്കുന്നതിന്റെ കാരണങ്ങളും കണ്ടെത്താനാവൂ. വടക്കന്‍ മലബാറിലെ തെയ്യവും തിറയും കാവും കാഞ്ഞിരവും ചുറ്റിപ്പറ്റിയുള്ള ജീവിതത്തെ പച്ചയായി ആവിഷ്‌കരിച്ചതിലുള്ള അംഗീകാരമാണ് തനിക്കു ലഭിച്ചതെന്നായിരുന്നു കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.
നാട്ടുപ്രമാണിമാരും അടിയാന്മാരും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും ഖാദറിന്റ തൂലികയ്ക്ക് വിഷയങ്ങളായി. അങ്ങനെ കുഞ്ഞിക്കേളുക്കുറുപ്പും ഹൈദര്‍ഹാജിയും സെയ്താലിമാപ്പിളയും എടവനഞ്ചേരി മാധവിയും മാളുക്കുട്ടിയുമൊക്കെ മലയാളിയുടെ മനസ്സില്‍ സ്ഥാനം കണ്ടെത്തി. സ്റ്റേറ്റ് എന്നു 'പരിഷ്‌കാരി'കള്‍ വിളിക്കുന്ന നീതിന്യായ സംവിധാനങ്ങളെ അപ്രധാനമാക്കിയ നാട്ടുപ്രമാണിത്തത്തിന്റയും സാമൂഹിക മതസാഹചര്യങ്ങളുടെയും ചരിത്രം കൂടിയാണ് ഖാദര്‍ കഥകള്‍.
പയറ്റിത്തെളിഞ്ഞ ശൈലി
കടത്തനാടന്‍ ശൈലി കടമെടുത്താല്‍ പയറ്റി ത്തെളിഞ്ഞ ഭാഷയായിരുന്നു ഖാദറിന്റേത്. സാഹിത്യരംഗത്ത് യു.എ. ഖാദറിന് ഗുരുനാഥന്മാരാരുമുണ്ടായിരുന്നില്ല. സാഹിത്യപാരമ്പര്യമോ വായനയുടെ പ്രത്യേക ലോകമോ ഇല്ലായിരുന്നു. കൊയിലാണ്ടിക്കാരനായ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമെദിയുടെയും മകനായി ബര്‍മയിലാണ് യു.എ. ഖാദര്‍ ജനിച്ചത്.
കുട്ടിക്കാലത്തെ അമ്മമരിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് അഭയാര്‍ഥിയായി പിതാവിന്റ നാടായ കൊയിലാണ്ടിയില്‍ എത്തുമ്പോള്‍ ഏഴുവയസ്സ്. യുദ്ധകാലത്ത് അഭയാര്‍ഥിക്യാമ്പുകളിലെവിടെയെങ്കിലും തന്നെ ഉപേക്ഷിക്കാതെ നാട്ടിലെത്തിച്ചതില്‍ അച്ഛനോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
മലയാളം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ബര്‍മക്കാരന്‍ ബാലന്‍ സഹപാഠിക ളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ചാണ് വളര്‍ന്നത്. ജീവിതം മുഴുവന്‍ ഈ ഏകാന്തത തന്നെ പിന്തുടര്‍ന്നുവെന്ന് ഖാദര്‍ ഓര്‍ക്കുന്നു. ബാപ്പയുടെ ഉമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലം. അവര്‍ മരിച്ചതോടെ രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറി. സര്‍പ്പക്കാവും കാഞ്ഞിരവും ചുറ്റിപ്പറ്റിയുള്ള കൊയിലാണ്ടിയിലെ ഗ്രാമമായിരുന്നു അത്. പലപ്പോഴും മുറിയില്‍ ഒറ്റയ്ക്കിരുന്നു. നെയ്തുകാരുടെ തെരുവിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. ഒപ്പം ജന്മവാസനയായ ചിത്രമെഴുത്തുമുണ്ടായിരുന്നു.
സിഎച്ചും എം.വി ദേവനും ഖാദറും
രണ്ടാനമ്മയുടെ വീട്ടില്‍ താമസം തുടങ്ങിയതോടെയാണ് യു.എ. ഖാദറിന് സാഹിത്യത്തിലുള്ള താത്പര്യം വളരുന്നത്. സൂളില്‍ കെയെഴുത്തുമാസികകളിലും മറ്റും എഴുതുമായിരുന്ന തന്നെ ഒരു എഴുത്തുകാരനാക്കിയതില്‍ അദ്ദേഹം ആരാധനയോടെയും നന്ദിയോടെയും സ്മരിക്കുന്ന ഒരു മഹാരഥനുണ്ട് - സി.എച്ച്. മുഹമ്മദ് കോയ.
സാഹിത്യത്തില്‍ ഗുരു നാഥനെന്ന് പറയാനാരുമില്ലെ ങ്കിലും സി. എച്ച്. നല്‍കിയ പുസ്തകങ്ങളും പ്രോത്സാഹനവു മാണ് എഴുത്തിന് ഊര്‍ജം പ്കര്‍ന്നത്. സ്‌കൂള്‍ ജീവിതകാലത്ത് എഴുതിയ 'കണ്ണുനീര്‍ ക ലര്‍ന്ന പുഞ്ചിരി' എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കുന്നതും സി.എച്ചിന്റ നിര്‍ബ ന്ധപ്രകാരം. അദ്ദേഹം പത്രാധിപരായുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പില്‍.
പഠനകാലത്തു തന്നെ നല്ല ചിത്രകാരന്‍ എന്ന ഖ്യാതി നേടിയ അദ്ദേഹം ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് മദ്രാസില്‍ ചിത്രകല പഠിക്കാന്‍ പോയി. മാതൃഭൂമിയില്‍ ജോലി ചെയ്യു കയായിരുന്ന എം.വി. ദേവനെ ചെന്നു കണ്ട ഖാദറിന്റ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട അദ്ദേഹമാണ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ഡ്രോയിങ് വിഭാഗത്തില്‍ ചേരാന്‍ കെ.സി. എസ്. പണിക്കര്‍ക്ക് കത്തുനല്‍കുന്നത്. അങ്ങ നെയാണ് ഖാദര്‍ മദിരാശിയിലെത്തുന്നത്.
മദിരാശി ജീവിതം
യഥാര്‍ഥത്തില്‍ യു.എ. ഖാദര്‍ സാഹിത്യകാരനായി കൊണ്ടാടപ്പെടുന്നത് മദിരാശി ജീവിതത്തി നിടയിലാണ്. മദിരാശി കേരള സമാജവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതോടെ എം. ഗോവിന്ദനും കൊടുങ്ങല്ലൂരുമൊക്കെയായി അടുപ്പത്തിലായി. കെ.എ. കൊടുങ്ങല്ലൂരിന്റ നേതൃത്വത്തില്‍ പുറത്തിറങ്ങിയ നവസാഹിതി കൈയെഴുത്തു മാസികയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു. ടി. പത്മനാഭനും എം.ജി.എസ്സും ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്ന സാഹിത്യസഖ്യത്തില്‍ അംഗമായി.
ഏറെ ശ്രദ്ധിക്കപ്പെട്ട 'വിശുദ്ധപൂച്ച' എന്ന കഥയെഴുതുന്നത് മദിരാശിയി ജീവിതകാലത്താണ്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തെ നിന്ദിച്ചുവെന്നതിന്റ പേരില്‍ 'വിശുദ്ധപൂച്ച' ഏറെ വി വാദമായി. നാട്ടില്‍ അത് വലിയ പൊട്ടിത്തറിയുണ്ടാക്കിയതായും അദ്ദേഹം ഓര്‍ക്കുന്നു.
വിവാദത്തിന് പിന്നീട് ഒരു പഞ്ഞവുമുണ്ടായില്ല. ചങ്ങല എന്ന പേരില്‍ ആദ്യമായെഴുതിയ നോവല്‍ വീണ്ടും വിവാദമായി. ആദ്യ അധ്യായത്തോടെ പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നെങ്കിലും തുടര്‍ച്ചയായി എഴുതാന്‍ വാശിപിടിച്ചതും പ്രസിദ്ധീകരിച്ചതും സി.എച്ച്. മുഹമ്മദുകോയയാണ്. മദിരാശിയില്‍ നിന്ന് പഠനം പൂര്‍ത്തിയാ ക്കാതെ നാട്ടിലേക്കു മടങ്ങിയ ഖാദര്‍ പിന്നീ ട് പലജോലികളും ചെയ്ത് ഇന്ത്യ മുഴുവന്‍ അലഞ്ഞു. ബാംഗ്‌ളൂരില്‍ ഹോട്ടല്‍ ജോലി ക്കാരനായി, സ്വന്തം നാട്ടില്‍ കച്ചവടക്കാരനായി, ഹുക്കനിര്‍മാണത്തിന്റെ സ്വന്തം നാടായ കൊയിലാണ്ടിയില്‍ ഹുക്കകളില്‍ ചിത്രപ്പണി ചെയ്തു.
ഉള്ളിലുള്ള അനാഥത്വവും അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കാകര്‍ഷിച്ചു. ഇടതുപക്ഷത്തിന്റ പ്രപഞ്ചം വാരികയില്‍ ജോലി നോക്കി. പിന്നീട് ആരോഗ്യവ കുപ്പില്‍ ജോലി കിട്ടിയതോടെയാണ് ജീവിതം പച്ചപിടിച്ചത്. സാഹിത്യജീവിതത്തില്‍ കോഴിക്കോട് ഒരു തട്ടകമായതും ഇക്കാല ത്താണ്.
ഒടുവില്‍ കോഴിക്കോട്ട്
1967 ല്‍ കോഴിക്കോട് ആകാശവാണി യില്‍ ഡെപ്യൂട്ടേഷനില്‍ വന്നതോടെയാണ് യു.എ. ഖാദര്‍ എന്ന സാഹിത്യകാരന്റ ജീവിതത്തിലെ സുവര്‍ണകാലം ആരംഭിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന അക്കിത്തം, കക്കാട്, കെ.എ. കൊടുങ്ങല്ലൂര്‍, ഉറൂബ്, തിക്കോടിയന്‍-അങ്ങനെ കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ സാന്നിധ്യം യു. എ. ഖാദറിന് പുതിയ തട്ടകം സമ്മാനിച്ചു. കോഴിക്കോട്ട് വീടുവെക്കുന്നതും സ്ഥിരം കോഴിക്കോടന്‍ സാഹിത്യവേദികളില്‍ സജീവസാന്നിധ്യമാകുന്നതും അന്നാണ്. ആദ്യമായി വീടിന് അഡ്വാന്‍സ് കൊടുത്തത് തിക്കോടിയനാണ്, ആ കാശ് അദ്ദേഹം തിരിച്ചു വാങ്ങിയതു പോലുമില്ല.
സാഹിത്യത്തില്‍ സജീവമായതോടെ ചിത്രരചനയില്‍നിന്നു താത്കാലികമായി പിന്‍വാങ്ങിയ യു. എ. ഖാദര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ശേഷം 2005 മുതല്‍ തൃക്കോട്ടൂര്‍ താവഴികള്‍ വരച്ചു തുടങ്ങി.
നാട്ടുമ്പുറത്തെ വിശ്വാസങ്ങളെ പുതിയ ജീ വിതവുമായി കൂട്ടിയിണക്കിയ യു. എ. ഖാദറിന്റ കഥകളില്‍ തോറ്റം പാട്ടിന്റയും വട്ടക്കന്‍പാട്ടിന്റയും താളമുണ്ട്.
(2009 ഡിസംബര്‍ 27 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
Content highlights: U A Khader biography