തിരുവനന്തപുരം: തുക്കോട്ടൂരിന്റെ പെരുമ ഉയര്‍ത്തിയ കഥാകാരനാണ് യു.എ ഖാദറെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ്, ജീവിത തുടിപ്പുകളെ മനസ്സിലേറ്റു വാങ്ങി നാടിന്റെ കഥാകാരനായി മാറിയ എഴുത്തുകാരനാണ് യു.എ.ഖാദറെന്നും സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളുടെയും മേപ്പയൂരിലെ കണാരപണിക്കരുടേയും പോലുള്ളവരുടെ ജീവിതങ്ങള്‍ മാത്രമല്ല,  പുലിമറ ദൈവത്താരുടേയും ഭഗവതിച്ചൂട്ടും മറ്റുമായി നാടിന്റെ പഴങ്കഥകളും വിശ്വാസങ്ങളും ആ കഥകളില്‍ ഇതള്‍ വിരിഞ്ഞു. പല കാലങ്ങളെ, പല ജീവിതങ്ങളെ തൃക്കോട്ടൂര്‍ ചരടില്‍ കോര്‍ത്തതാണ് തൃക്കോട്ടൂര്‍ കഥാകാരന്റെ പെരുമ.

നാട്ടു ജീവിതങ്ങളും നാട്ടുകഥകളും മാത്രമല്ല, നാട്ടുമൊഴിവഴക്കങ്ങളും കൂടിയാണ് ഖാദറിനെ ഗ്രാമത്തിന്റെ കഥാകാരനാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സ്വന്തം കഥാകാരന്‍. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാഹിത്യ - സാംസ്‌കാരികങ്ങളില്‍ നികത്താനാവാത്ത നഷ്ടം തന്നെ. എഴുത്തിന്റെ പെരുമയില്‍ അദ്ദേഹം അനശ്വരനായിരിക്കട്ടെയെന്നും പി ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു.

Content Highlights: Speaker P SreeramaKrishnan about UA Khader