മലയാളത്തില്‍ കവിതയെഴുതി എന്നതിന്റെ പേരില്‍ സാമൂതിരിയുടെ വിദ്വത്സദസ്സില്‍പ്പെട്ട പുനംനമ്പൂതിരിയെ 'അരക്കവി'യായിട്ടാണത്രേ കണക്കാക്കിയിരുന്നത്. ഇപ്രകാരം തെളി മലയാളത്തില്‍ കഥയെഴുതി എന്നതിന്റെ പേരില്‍ മലയാളത്തിലെ ആധുനിക കഥാകൃത്തുക്കളുടെ വംശാവലിയില്‍ ആദ്യമൊന്നും പേരുചേര്‍ക്കപ്പെടാതെ പോയ ഒരെഴുത്തുകാരനാണ് യു.എ. ഖാദര്‍. അസ്തിത്വദുഃഖവും ദുര്‍ഗ്രഹതയുമായിരുന്നല്ലോ മലയാളത്തിലെ ആധുനികതയുടെ ആരംഭകാല കുതൂഹലങ്ങള്‍. യു.എ. ഖാദറിന്റെ ഭാഷയില്‍ ദുര്‍ഗ്രഹത തീരേയില്ല. 'അസ്തിത്വദുഃഖം' 'അസ്തിത്വദുഃഖം' എന്നദ്ദേഹം ആര്‍ത്തുവിളിച്ചുമില്ല.
വാസ്തവത്തില്‍ മലയാളിയുടെ അസ്തിത്വദുഃഖം പാശ്ചാത്യഗ്രന്ഥങ്ങള്‍ വായിച്ചുണ്ടായ ഒരു 'ജനറല്‍നോളജാ'ണ് എന്നാല്‍, ഖാദറിനത് ജീവിതാനുഭവമാണ്. പക്ഷേ, കണ്ടവനെക്കാള്‍ മഹാനാണല്ലോ കേട്ടവന്‍! ക്രിക്കറ്റുകളി സ്റ്റേഡിയത്തിലിരുന്നു കാണുന്നവനെക്കാള്‍ വ്യക്തമായി വീട്ടിലിരിക്കുന്നവന് ടി.വി.യിലൂടെ കാണാം. അതാണ് പുതിയകാലത്തിന്റെ മറിമായം. എന്നാല്‍, യു.എ. ഖാദര്‍ അനുഭവിച്ചിട്ടുള്ളത്ര വിചിത്രവും വിഭ്രമകവുമായ അനുഭവങ്ങളിലൂടെ മലയാളത്തില്‍ ഒരെഴുത്തുകാരനും കടന്നുപോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
പിറന്നനാടും വീടും മാതൃഭാഷപോലും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദിക്കില്‍ അവഗണിക്കപ്പെട്ടും അവമതിക്കപ്പെട്ടും സ്നേഹസാന്ത്വനങ്ങള്‍ ലഭിക്കാതെ കഴിയേണ്ടിവരിക, ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ തികഞ്ഞ ഏകാകിത അനുഭവിക്കുക-വൈയക്തിമായ ഈ അനുഭവങ്ങളെ മറികടക്കാന്‍ എഴുത്തു മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുക; ആ തിരിച്ചറിവില്‍നിന്നാണ് ഖാദര്‍ എന്ന എഴുത്തുകാരന്റെ പിറവി.
ബര്‍മയില്‍ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് ബര്‍മക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദര്‍ (വര്‍ഷം 1935). അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോള്‍ പലരുടെയും കാരുണ്യത്തില്‍ വളര്‍ന്നു. രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോള്‍ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തില്‍ ഖാദറിന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിര്‍ബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വര്‍ഷിക്കുന്ന ബോംബുകള്‍ക്കിടയിലൂടെ ആ മനുഷ്യന്‍ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്.
മഴക്കാലത്ത് പുതപ്പുവില്‍ക്കാന്‍ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാന്‍ ആരും ഉത്സാഹിച്ചില്ല. സ്നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളര്‍ന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലില്‍നിന്ന് അവന്‍ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്. അദ്ദേഹം ഓര്‍ക്കുന്നു:
''താമസിക്കുന്ന വീട്ടില്‍ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാന്‍ എന്ന തോന്നല്‍ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലില്‍ എനിക്കുള്ള ആശ്രയം പുസ്തകങ്ങള്‍ മാത്രമായിരുന്നു. മറ്റാളുകളെ വെറുത്ത ഈ പശ്ചാത്തലത്തിലാണ് 'വിവാഹസമ്മാനം' എന്ന ആദ്യ കഥയെഴുതുന്നത്. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ആ കഥ പ്രസിദ്ധീകരിച്ചു.'' സി.എച്ച്. മുഹമ്മദ് കോയയാണ് ഉപദേശനിര്‍ദേശങ്ങള്‍ കൊടുത്ത് എഴുത്തിന്റെ ലോകത്തേക്ക് ആ ബാലനെ കൈപിടിച്ചുയര്‍ത്തിയത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.വി. ദേവന്റെ വരകണ്ട് ആവേശം കയറി ചിത്രകല പഠിക്കാന്‍ മദിരാശിയിലെത്തി. 'ഒരു കാര്യവുമില്ലാത്ത ഒരു സംഗതി' പഠിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ പഠിപ്പു മതിയാക്കി. എങ്കിലും അവിടത്തെ സാഹിതീസഖ്യം വഴി എം. ഗോവിന്ദന്‍, ടി. പത്മനാഭന്‍, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരുമായുണ്ടാക്കിയ പരിചയം എഴുത്തുജീവിതത്തിനു സഹായകമായി. പിന്നീട് ഇതുപോലെ ഒരു കൂട്ടായ്മയില്‍ ചെന്നുപെടുന്നത് 1967 മുതലുള്ള അഞ്ചുവര്‍ഷത്തെ ആകാശവാണിക്കാലത്താണ്. തിക്കോടിയന്‍, ഉറൂബ്, അക്കിത്തം, കൊടുങ്ങല്ലൂര്‍, കക്കാട് എന്നിവരുമായുള്ള പരിചയം അദ്ദേഹത്തിന്റെ എഴുത്തുരീതികളെ പരുവപ്പെടുത്തി.
മദിരാശിയില്‍നിന്നു തിരിച്ചെത്തിയ 1957-ല്‍ കോഴിക്കോട്ടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി-ഒ.വി. വിജയന്‍ പോയതു മൂലമുള്ള ഒഴിവില്‍. 1964-ല്‍ ആരോഗ്യവകുപ്പില്‍ ഗുമസ്തനായി ചാലിയത്തെത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ അന്നവിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഖാദറിന്റെ 'വള്ളൂരമ്മ' എന്ന നോവല്‍ പകര്‍ത്തിയെഴുതിയത് ഇ.ടി.യാണ്!
ജീവിതത്തിലെ ഒറ്റപ്പെടല്‍ സാഹിത്യത്തിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. 'ചങ്ങല' എന്ന നോവല്‍ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന് എം.ആര്‍.സി. എഴുതിയിട്ടുണ്ട് എന്നതു ശരി. പക്ഷേ, പ്രമുഖ നിരൂപകരും പല പ്രമുഖ എഴുത്തുകാരും ഈ എഴുത്തുകാരനെ ആവോളം അവഗണിച്ചു. ഏതെങ്കിലും ഒരംഗീകാരത്തിന്റെ ഘട്ടമെത്തുമ്പോള്‍ 'ഓ, അയാളോ? എന്ന പുച്ഛം. പക്ഷേ, ഏറ്റവും വലിയ വിധികര്‍ത്താവ് കാലമാണെന്നാണല്ലോ പുനംനമ്പൂതിരിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്. മറ്റു പതിനെട്ടു കവികളും വിസ്മൃതരായിട്ടും പുനം ഇന്നും ജീവിക്കുന്നു.
ജീവിതകാലമത്രയും ഉള്ളിന്റെയുള്ളില്‍ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവില്‍ ഏറെ കഷ്ടപ്പെട്ട് ആ നാട്ടിലേക്കു നടത്തിയ യാത്രയുടെ കഥയാണ് 'ഓര്‍മകളുടെ പഗോഡ.' ആത്മകഥയായി മാറുന്ന ഈ യാത്രാവിവരണം പക്ഷേ, ഒന്നും തിരിച്ചറിയാനാവാതെ മടങ്ങുന്നതിന്റെ വ്യഥ പങ്കുവെക്കുന്നു. ''ബര്‍മയിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാതൃഭാഷ നഷ്ടപ്പെട്ട ഒരുവനായി സ്വയം സങ്കല്പിച്ചിരുന്നു. പക്ഷേ, യാത്രയ്ക്കുശേഷം, അതു നഷ്ടമല്ലെന്നു ബോധ്യപ്പെട്ടു. ഒരാള്‍ വളരുന്ന സാഹചര്യമാണ് അയാളുടെ ഭാഷ നിര്‍ണയിക്കുന്നത്. പെറ്റമ്മയുടെ നാവിലൂടെയാണ് ഭാഷ വന്നു നിറയുന്നത് എന്നു പറയുന്നതു വെറുതേയാണ്. അതു കവിസങ്കല്പം മാത്രമാണ്.''
എന്താണ് യു.എ. ഖാദറിന്റെ രചനയുടെ രസതന്ത്രം? പറശ്ശനിക്കടവു മുതല്‍ കോരപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ ദേവതാ സങ്കല്പങ്ങളെയും പരാവൃത്തങ്ങളെയും തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തിലേക്ക് ആവാഹിച്ചുവരുത്തുകയും അവയെ പെരുപ്പിച്ചും പൊലിപ്പിച്ചും അലൗകികതയുടെ മാനംനല്‍കി അവതരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
Content Highlights: UA Khader life