ക്രാഫ്റ്റിൽ അഭിരമിക്കുന്നവർ പൊള്ള മരത്തിൽ കഥ കൊത്താൻ വൃഥാ ശ്രമിക്കുന്ന കാലത്ത് യു.എ ഖാദർ കൊണമില്ലാത്തവനായി തോന്നാം.

മൂപ്പര് വന്ന് നേരെയങ്ങ് കഥ പറഞ്ഞു...
കൊരയങ്ങാട് തെരുവിലെ നെയ്ത്തിന്റെ ചങ്കിടിക്കുന്ന താളവും തൊട്ടപ്പുറത്തെ മയ്യത്തു പറമ്പിലെ മിടിപ്പു തീർന്ന നിത്യതയും പൊലെ സരളവും സത്യവും നിഗൂഢവും...

'നഫീസയോടു ഏഴാമത്തെ പ്രാവശ്യവും സമ്മതം ചോദിച്ചു. അവൾ നിലവിളിക്കുക മാത്രം ചെയ്തു. പൊട്ടിക്കരയുന്ന അവളെ ആരോ നുള്ളി. അപ്പോൾ അവൾ ആ...എന്നു വിളിച്ചു. ആ നിലവിളി സമ്മതമായി സ്വീകരിച്ചു. '
(ഒരു മാപ്പിള പെണ്ണിന്റെ ലോകം )

രാത്രീം പകലും ഇല്ലാണ്ട് തെണ്ടി നടന്ന എടവനഞ്ചേരി മാധവിയെ കഴുത്തുഞെരിച്ച് കൊന്നത് ഒന്നുകിൽ യക്ഷിപ്പനഞ്ചോട്ടിലെ ഒറ്റമുലച്ചി, അല്ലെങ്കിൽ രാത്രി കള്ളുകുടിക്കാനും കോഴിച്ചോരയീമ്പാനും തറയിൽ നിന്നിറങ്ങിയ ചാത്തുക്കുട്ടി ദൈവം, രണ്ടിലാരൊ. അതാണ് ഓളെ വായിലൂടെ നുരപ്പിണ്ടിച്ചാടിയത്..
(തൃക്കോട്ടൂർ പെരുമ)

നെല്ല്യാടിക്കടവിൽ കിട്ടുന്ന ഇളനീർ ചേർത്ത നാടൻ പോലെ അത് ലേശം മധുരത്തോടെ കാത്ത് നിന്നു, പിന്നെ കത്തിപ്പിടിച്ച് മാജിക്കൽ റിയലിസം തീർത്തു.

മക്കൊണ്ടൊയെക്കാൾ അത്ഭുതങ്ങളുണ്ട് തൃക്കോട്ടൂരിൽ..

ഐരാവതീ തീരത്തു നിന്നു വന്ന ഒറ്റയാന് പക്ഷെ അത് പിടികിട്ടി..

കഥയാണ് ക്രാഫ്റ്റ്, ക്രാഫ്റ്റല്ല കഥ

കോരപ്പുഴക്കിപ്പുറം ആന്തട്ട മുതൽ അകലാപ്പുഴക്കു വടക്ക് ചിങ്ങപുരം വരെയുള്ള കുറുമ്പ്രനാടിന്റെ പടിഞ്ഞാറൻ പെര്യകളിലൂടെ കഥാപാത്രങ്ങൾ ഖാദറെ കണ്ട് ബേജാറിൽ കീഞ്ഞു പാഞ്ഞ് ആസ്വാദക സമക്ഷം അന്തം വിട്ടു നിന്ന് പ്രാകുകയും പതം എണ്ണുകയും പുലയാട്ട് പറയുകയും ചെയ്തു. കുതിര മറിയം മുതൽ തട്ടാൻ ഇട്ട്യേമ്പി വരെയുള്ള പടപ്പുകൾ.

എന്റെ നാട്ടിലെ ചിലർ ഖാദർ കൊയിലാണ്ടിയിലെ ബപ്പൻകാടു റെയിൽ ക്രോസ് കടന്ന് ആന്തട്ട വന്നാൽ കാലു തച്ചു മുറിക്കാൻ തയ്യാറായി നിന്നു പോലും. ലൂയീജി പിരാന്തലൊ നാടകം പോലെ കഥാപാത്രങ്ങൾ കഥാകാരനെ തേടി നടന്ന കഥ. ശര്യാണ്, എന്നൊരിക്കൽ അദ്ദേഹം ചിരിച്ചു സമ്മതിച്ചിട്ടുണ്ട്. മേലൂരും കോതമംഗലത്തും വിയൂരും തിക്കോടിയിലും ഇരിങ്ങലും നാലു പറയാൻ ആളു കാത്തു നിന്നു.

നാട്ടുകാരനും സ്വന്തക്കാരനുമായിരുന്നു. അമ്മാവന്റെ സഹപാഠി. അഛന്റെയും ഇളയഛന്റെയും അടുപ്പക്കാരൻ. അമേത്ത് തറവാട്ടിൽ നിന്ന് ഒരോട്ടത്തിന് എത്താമായിരുന്നു. പഴയ ഓർമകളൊക്കെ ഇടക്ക് മെസേജുകളിൽ വന്നു. കഥയെഴുത്ത് എന്തൊ ഏർപ്പാടാണെന്ന് ഒരിക്കലും തല കൊടുക്കാത്ത ഖാദർക്ക.

ബൗധ ദേവേന്ദ്രനായ ശക്രനെ (ഓനെ പൊറത്തേറ്റിയ ഐരാവതം ചവിട്ടിയപ്പോഴാണ് അങ്ങ് കിഴക്ക് ബർമയിൽ ആ നദി പിറന്നത്) പേലെ പന്തലായനിയിലെ അഘോരമൂർത്തിയെ പോലെ കരുണാദ്രമായ ചിരിയൊടെ ഞാളെ ഖാദർക്ക.

Content Highlights: Harilal Rajagopal Writes an obit note on UA Khadar