ൾക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ, ദേശപ്പെരുമയുടെ പത്രാസുകളില്ലാതെ ഇവിടെ വളർന്ന്, ഇവിടെ കണ്ണടച്ച പ്രിയ കഥാകാരൻ യു. എ ഖാദർ. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമൊപ്പം ടൂർ ഗൈഡായി കൂർഗിൽ പോയ അനുഭവം പങ്കുവെക്കുകയാണ് ഇ കോമ്പസ് ട്രാവൽ ആൻഡ് ടൂറിസം ഹബ് മാനേജരായ ജോമി ജോസ്.

jomy jose
ജോമി ജോസ്

അഞ്ച് വർഷം മുമ്പാണ്. കോഴിക്കോട് നിന്നും കൂർഗ്-കുശാൽനഗറിലേക്ക് അച്ഛനും അമ്മയും മക്കളും പേരമക്കളുമടങ്ങുന്ന സംഘത്തിന്റെ വിനോദയാത്രയ്ക്ക് ഗൈഡ് പോകാനായിരുന്നു ഞാൻ ജോലിചെയ്യുന്ന ടൂറിസ്റ്റ് ഏജൻസിയിൽ നിന്നുള്ള നിർദ്ദേശം. അന്നെനിക്ക് വരുമാനം ദിവസം മൂന്നുറ്റമ്പത് രൂപയാണ്. കൂലിയെത്ര കിട്ടുന്നു എന്നതല്ല പ്രധാനം യാത്രയോടുള്ള ഭ്രമവും യാത്രചെയ്യുമ്പോൾ കിട്ടുന്ന അനുഭൂതിയും മറ്റൊന്നിലും കണ്ടെത്താനായിട്ടില്ല എന്നതു തന്നെയാണ്. കോഴിക്കോട് പൊക്കുന്ന് നിന്നും അതിരാവിലെ തന്നെ ഫാമിലിയെ പിക് ചെയ്തു. അന്നത്തേക്കുള്ള ഭക്ഷണമെല്ലാം അവർ തന്നെ പാത്രങ്ങളിലാക്കി കൊണ്ടുവന്നിരുന്നു. വണ്ടിയൊതുക്കി കഴിക്കാൻ സൗകര്യമൊരുക്കിക്കൊടുക്കുകയും കടന്നുപോകുന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ വിശദമാക്കിക്കൊടുക്കുകയുമൊക്കെ ചെയ്തുകൊണ്ട് യാത്ര തുടർന്നു.

ഇടയ്ക്ക് വയനാട്ടിൽ നിർത്തി പ്രകൃതിഭംഗിയൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോളാണ് ചിലർ അടുത്തേക്ക് വരുന്നത്. കുടുംബനാഥന്റെ റോൾ കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ വണ്ടിയുടെ മുൻസീറ്റിൽ വെള്ള മുണ്ടും ഷർട്ടുമിട്ട് ഇടയ്ക്ക് ചിരിക്കുകയും മക്കളോട് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തയാളുടെ അടുത്തേക്കാണ് ആളുകൾ വരുന്നത്. അവർ പരിചയഭാവത്തിൽ ചിരിക്കുന്നു, പിന്നെ മറ്റുള്ളവരെക്കൊണ്ട് മൊബൈലിൽ ഫോട്ടോകൾ എടുപ്പിക്കുന്നു (സെൽഫി അത്രയധികം പ്രചാരത്തിലായിട്ടില്ലെന്നാണ് ഓർമ). കുറച്ചു സമയത്തിനുളളിൽ എന്റെ ക്ളൈന്റ് മറ്റുള്ളവർക്കായി പോസ് ചെയ്തുകൊണ്ടേയിരിക്കാൻ തുടങ്ങി. മുഷിയാതെ സംസാരിച്ചുകൊണ്ട്, എല്ലാവരുടെയും വിശേഷങ്ങൾ തിരക്കിക്കൊണ്ടേയിരുന്നു അദ്ദേഹം. എന്റെ സാമാന്യബുദ്ധിക്കും അപ്പുറത്തെ ഏതോ ഒരു വലിയ മനുഷ്യനെയും കുടുംബത്തെയുമാണ് ഞാൻ കൂർഗിലേക്ക് കൊണ്ട് പോകുന്നത് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ വിജിലന്റായി. മാത്രമല്ല, എന്തൊക്കെയാണ് അത്രയും നേരം ഞാൻ പറഞ്ഞുപോയതെന്നും ഓർത്തോർത്തു നോക്കാനും തുടങ്ങി. എങ്കിലും ഇതാരായിരിക്കുമപ്പാ എന്ന ചിന്തയോടെ, (യാത്രയ്ക്കപ്പുറം പുസ്തകങ്ങളേ നിങ്ങളെ തൊട്ടുനോക്കാത്തതിൽ ഈയുള്ളവനോട് ക്ഷമി.) 'സാർ സത്യത്തിലാരാണ്' എന്ന് ചോദിക്കേണ്ടിവരുമോ എന്ന് ത്രിശങ്കു മനസ്സുമായി ഞാൻ നിൽക്കുകയാണ്. വണ്ടിയിലേക്ക് കയറണമെങ്കിൽ അതാരാണ് എന്നറിഞ്ഞേ മതിയാകൂ. അപ്പോളാണ് ഒരാൾ വന്നു എന്നോട് സമ്മതം ചോദിച്ചത്- 'സാർ യു.എ ഖാദറിന്റെ കൂടെ ഒരു ഫോട്ടോ എടുത്തോട്ടെ?' ഹാവൂ, സമാധാനമായി. യു.എ ഖാദർ-സംശയമൊന്നുമില്ല എഴുത്തുകാരൻ തന്നെ. ആ പേരിനോട് എഴുത്തല്ലാതെ വേറൊന്നും ചോരാനുള്ള സാധ്യതയില്ല.

അങ്ങനെ ഞാൻ എനിക്കെന്നോ അറിയുന്ന എഴുത്തുകാരൻ ആണ് താങ്കൾ എന്ന രീതിയിൽ പിന്നെ ഇടപെടൽ തുടങ്ങി. പലപ്പോഴും നമ്മളങ്ങനെയാണല്ലോ, പേര് കിട്ടിയാൽ മതി. ബാക്കി കൂട്ടിച്ചേർക്കാമല്ലോ. ഏരിയ സാഹിത്യമായതുകൊണ്ടും സംഗതി പുസ്തകമായതുകൊണ്ടും അധികം ഗീർവാണത്തിനുപോകാതെ ഭവ്യതയോടെയായി പിന്നെയുള്ള എന്റെ ചുവടുകൾ.

കുശാൽ നഗറിലാണ് അദ്ദേഹത്തിനും കുടുംബത്തിനും താമസമേർപ്പാടാക്കിയിരിക്കുന്നത്. കാലിന്റെ വേദനയെക്കുറിച്ച് ഇടയ്ക്കിടക്ക് അദ്ദേഹം പറയും, അല്ലെങ്കിൽ മക്കളോ ഭാര്യയോ കാലിന് വേദനയുണ്ടോ എന്നോർമ്മിപ്പിക്കും. ഇതൊഴിച്ചാൽ അദ്ദേഹം ഹാപ്പിയാണ്. വലിയൊരു മനുഷ്യനെയും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന ഉത്തരവാദിത്തം ഞൻ എന്നെത്തന്നെ ഇടയ്ക്കിടെ ഓർമിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് അദ്ദേഹത്തിന്റെ മുറിയിൽ നിന്നും വിളിവന്നത്. കാല് വേദന, പ്രഷർ, ഷുഗർ കൊളസ്ട്രോൾ ഇത്യാദികളെയെല്ലാം ഓർത്തുകൊണ്ട് കൂർഗിലെ തണുപ്പിൽ ഞാനോടിച്ചെന്നു. ഭാഗ്യം അദ്ദേഹം പയറുമണിപോലെ നിൽക്കുന്നുണ്ട്. മുഖമാണ് ആകെ വിഷണ്ണാവസ്ഥയിൽ. സാർ എന്തേലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചതും സഹിക്കാൻ പറ്റാത്ത വിഷമത്തോടെ പറഞ്ഞു വാച്ച് ടോയ്ലറ്റിൽ വീണു, അതറിയാതെ ഫ്ളഷ് ചെയ്തു. കാണുന്നില്ല. വാച്ച് ഉടനെ കിട്ടണം. വളരെ വിലപിടിപ്പുള്ള, എന്നാൽ അതിലും വലിയ വൈകാരിക മൂല്യമുള്ള ഒരു സമ്മാനമാണത്. കിട്ടിയേ അടങ്ങൂ. ഉത്സവപ്പറമ്പിൽ വച്ച് ബലൂൺ പൊട്ടിപ്പോയ കുട്ടിയുടെ നിരാശയും ശാഠ്യവും ആ മുഖത്തുണ്ടായിരുന്നു. 'മൂപ്പരുടെ അത്രേം അടുത്ത ഒരാൾ വിദേശത്തുനിന്നും കൊണ്ടുക്കൊടുത്ത വാച്ചായിരുന്നു. അതോണ്ടാണ് ഇത്ര സങ്കടം'- അദ്ദേഹത്തിന്റെ ഭാര്യ എനിക്കൊന്നും തോന്നരുതേ എന്ന അർഥത്തിൽ പറഞ്ഞു. ഘനഗാംഭീര്യമായി ചിരിച്ചും മനസ്സുനിറഞ്ഞും തന്നെ തിരിച്ചറിഞ്ഞവരോട് മുഴുവൻ സ്നേഹം പ്രകടിപ്പിച്ചും നടന്ന ആളാണ് വാച്ച്പോയ വഴിയും നോക്കി നിൽക്കുന്നത്.

ആ നിൽപ് കാണാൻ അധികം നിൽക്കാതെ ഹോട്ടൽ മാനേജരോട് പറഞ്ഞ് പ്ളംബിഗ് സെക്ഷനെ മുഴുവനായും അപ്പോൾ തന്നെ ഇറക്കി. കാശെത്രയായാലും വേണ്ടില്ല വാച്ച് കിട്ടിയേ മതിയാകൂ എന്നായി ഞാൻ. ഹോട്ടലിലെ പന്ത്രണ്ട് പ്ളംബിഗ് ജംങ്ഷനുകളും അവർ പൊളിച്ചു. അതിലെയെല്ലാം വെള്ളം ശക്തിയായി ഒഴുക്കിവിട്ടു. വിദേശിയാണെന്ന ഹുങ്കോടെ വാച്ച് വരാൻ കൂട്ടാക്കിയില്ല. അത് അധോലോകത്തെവിടെയോ പോയിക്കളഞ്ഞു. വാച്ച് പോയതിനുശേഷം കൂർഗ് യാത്ര അദ്ദേഹം ആസ്വദിച്ചുവോ എന്നറിയില്ല. തിരികെയെത്തും
വരെ ഇടയ്ക്കിടെ കയ്യിലേക്ക് നോക്കുമായിരുന്നു.

യു എ ഖാദർ എന്ന പേരു കണ്ടാൽ പിന്നെ ഒരു ഉന്മേഷമാണ്. ഞാനായിരുന്നല്ലോ അദ്ദേഹത്തിന്റെ ഗൈഡ്. അതിലപ്പുറം യാത്രയാൽ ജീവിക്കുന്ന എനിക്ക് നല്ലൊരു പാഠവും പകർന്നു കിട്ടി. സാഹിത്യ-സാംസ്കാരികസമൂഹത്തിൽ അത്യാവശ്യം പഠിച്ചിരിക്കേണ്ടതും കണ്ടാൽ തിരിച്ചറിയേണ്ടതുമായ വ്യക്തിത്വങ്ങളെ അറിഞ്ഞുവെക്കേണ്ടതുതന്നെയാണെന്ന പാഠം.

Content Highlights:E Compass tour manager shares his experience with Veteran Writer UA Khadar