ദേശത്തനിമയുടെ മണ്ണ് കുഴച്ചു പണിത ശില്പങ്ങളാണ് യു.എ. ഖാദറിന്റേത്. ദേശഭാവനയുടെ ആഴമെന്തെന്ന് മലയാളി തിരിച്ചറിഞ്ഞത് ഈ അനന്യനായ എഴുത്തുകാരന്റെ മൊഴിച്ചന്തത്തിലൂടെയും. പ്രാദേശികാഖ്യാനങ്ങൾ ഇന്ന് മലയാള നോവലിന്റെ പ്രധാന ധാരകളിലൊന്നായി മാറിക്കഴിഞ്ഞു. അതിനും അരനൂറ്റാണ്ടോളം മുമ്പാണ് യു.എ. ഖാദർ 'തൃക്കോട്ടൂർ പെരുമ'യിലൂടെ തന്റെ ദേശഗാഥകളുമായെത്തുന്നത്.

പ്രദേശത്തെ കഥനവൽക്കരിക്കുക മാത്രമല്ല ഖാദർ ചെയ്ത്. ദേശാനുഭവത്തെ ഭാഷാനുഭവമാക്കി മാറ്റി ഈ എഴുത്തുകാരൻ. കടത്തനാടിന്റെ സാംസ്കാരികസത്തയായ വടക്കൻപാട്ടിന്റെ ഭാഷയും ഭാവനാപാകവുമാണ് ഖാദർ തൃക്കോട്ടൂരിന്റെ പുരാവൃത്തങ്ങളെ മൊഴിപ്പെടുത്താൻ വേണ്ടി ഉപയോഗിച്ചത്. വടക്കൻപാട്ടിന്റെ താളവും വീറും കല്പനാരീതിയും ചേർന്ന് ഊർജ്ജവൽക്കരിച്ച ഈ ഗദ്യമാണ് മലയാള കഥാസാഹിത്യത്തിന് യു.എ. ഖാദർ നൽകിയ മുന്തിയ സംഭാവനകളിൽ ഒന്ന്. പാട്ടിന്റെ താളത്തെ ഗദ്യവൽക്കരിക്കുക എന്ന ദുസ്സാദ്ധ്യതയുടെ നിറവേറലായിരുന്നു അത്.

ഇത്രമേൽ താളബദ്ധമായ ഗദ്യം, നമ്മുടെ ഭാഷയിൽ സൃഷ്ടിച്ചിട്ടില്ല മറ്റാരും എന്ന് തീർത്തുപറയാം. ഈ ഗദ്യതാളത്തിന്റെ നിരകളിലേക്ക് സ്വയം വലിച്ചെറിയുന്നതുപോലെയാണ് നമ്മൾ 'തൃക്കോട്ടൂർ പെരുമ'യിലെ കഥകളോരൊന്നും വായിക്കുന്നത്. കഥയിലെ പ്രാരംഭ വാക്യം മുതൽ തൃക്കോട്ടൂരുകാരിലൊരുവനായ കഥപറച്ചിലുകാരനായി 'ഖാദർ' രംഗപ്രവേശം ചെയ്യുന്ന അവസാന വാക്യം വരെ ഈ താളാത്മകഗദ്യത്തിന്റെ തരളാശ്ലേഷത്തിലാണ് വായനക്കാർ.

കാതുകൊണ്ട് കൂടിയാണ് ആ കഥകൾ നമ്മൾ വായിച്ചത്. താളത്തിന്റെ അധികോർജ്ജം സംക്രമിപ്പിക്കാത്ത ഒരു വാക്കോ വരിയോ ശീർഷകമോ പോലും ഈ കഥാകാരൻ എഴുതിയിട്ടില്ലെന്നു പറയാം. 'തട്ടാൻ ഇട്ട്യേമ്പി', 'ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ്', മാണിക്യം വിഴുങ്ങിയ കണാരൻ' തുടങ്ങിയ തലക്കെട്ടുകൾ പോലും താളത്തിന്റെ ഗതിനിയമങ്ങളാൽ നിർണയിക്കപ്പെടുന്ന ആ ഗദ്യത്തിന്റെ ഉത്സവപ്രകർഷത്തിലേക്കുള്ള ഹൃദ്യമായ ക്ഷണങ്ങൾ.

അനായാസഹൃദ്യമായി താളപ്പെടുന്ന വാക്യങ്ങളിലൂടെ ഗദ്യസൗന്ദര്യം മാത്രമല്ല ഖാദർ സൃഷ്ടിക്കുന്നത്; കഥനത്തിന്റെ അനവരതമായ ഗദ്യോന്മേഷം കൂടിയാണ്. നാട്ടുപെണ്ണുങ്ങളുടെയും നാടൻ കാരണവന്മാരുടെയും കഥപറച്ചിൽ പോലെ, ലളിതവും ഗ്രാമ്യവുമായ ചമൽക്കാരങ്ങളോടെ, കഥനത്തിന്റെ ലഹരിയിൽ സ്വയം മുഴുകിക്കൊണ്ടാണ് ഖാദർ തന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. എഴുത്തിനോടെന്നതിനേക്കാൾ പറച്ചിലിനോടാണതിന് വേഴ്ച. ഈ കഥനലഹരിയുടെ സ്വാഭാവികഫലങ്ങളിൽ ഒന്നുമാത്രമാണ് അതിൽ അത്രമേൽ നൈസർഗ്ഗികമായി രൂപപ്പെടുന്ന ഗദ്യതാളം.

ദേശത്തിന്റെ സമീപഭൂതകാലത്തിൽ ഖനനം ചെയ്താൽ കിട്ടാവുന്ന നാട്ടോർമകളെയും ഗ്രാമീണകഥകളെയുമാണ് കഥാകാരൻ വടക്കൻപാട്ടിന്റെ പുരാവൃത്തപരിവേഷമുള്ള ഗദ്യശില്പങ്ങളാക്കി മാറ്റുന്നത്. അപ്പോഴെല്ലാം ഗദ്യത്തിൽ വടക്കൻപാട്ടുകളുടെ ഭാഷാന്തരീക്ഷവും ഭാവനാന്തരീക്ഷവും ദുരൂഹവിചിത്രമായ ഏതോ ഒരാവിഷ്ടതയാൽ പുനഃസൃഷ്ടിക്കാൻ നിയോഗിക്കപ്പെട്ടവനെപ്പോലെയാണ് ഖാദർ എഴുതുന്നത്.

ആ കഥകളിൽ സുലഭമായുള്ള കോമരങ്ങളെപ്പോലെ രചനാവേളയിൽ വടക്കൻപാട്ടിന്റെയും പുരാവൃത്തകാലങ്ങളുടെയും ആവിഷ്ടതയനുഭവിക്കുകയാണ് തൃക്കോട്ടൂരിന്റെ കഥാകാരൻ. വടക്കൻപാട്ടുകവിയുടെ ഭാവനാരീതിയും വർണനാസാമഗ്രികളും അപ്പോൾ അയാൾക്ക് സ്വയമേവാഗതങ്ങളായിത്തീരുന്നു. 'ചാത്തുക്കുട്ടി ദൈവം' എന്ന കഥയിലെ ഈ ഗദ്യഖണ്ഡം നോക്കൂ. സ്ത്രീസൗന്ദര്യത്തിനു മുന്നിൽ കണ്ണഞ്ചിനിൽക്കുന്ന പുരുഷൻ എന്ന ഒരു പതിവു വടക്കൻപാട്ടു സന്ദർഭം തന്നെ ഇതും- 'കീഴൂരമ്പലത്തിന്റെ പടിഞ്ഞാറെ പറമ്പിലെ ചെന്തെങ്ങിൻ ചുവട്ടിൽ നിൽക്കുകയായിരുന്നു മാധവിക്കുട്ടി. ചെന്തെങ്ങിൻ കുലപോലെ നിറഞ്ഞ സുന്ദരിയെ പിന്നെയും പിന്നെയും നോക്കിനിൽക്കെ കണാരിഗുരിക്കൾ ആരോടോ ഉറക്കെ ചോദിച്ചു: ''പൂവെടിത്തറയിലേതാടോ ഒരു പൂക്കൊന്ന?'' ഈ ചെന്തെങ്ങിന്റെ ഉപമാനവും പൂക്കൊന്നയുടെ രൂപകവുമെല്ലാം വടക്കൻപാട്ടിന്റെ ഭാവനാമൂശയിൽ നിന്നു തിളച്ചുതൂവിയതുപോലെ ഖാദറിന്റെ എഴുത്തിൽ സ്വയംസന്നിഹിതമാവുകയാണ്.'പാട്ടിൽ പറയുംപോലെ' എന്നതാണ്, അതിനാൽ, ഈ കഥാകാരന്റെ പദകോശത്തിലെ മുന്തിയ ഉപമാനങ്ങളിൽ ഒന്ന്. കാലം വേറെയാണെങ്കിലും, കഥ വ്യത്യസ്തമാണെങ്കിലും 'തൃക്കോട്ടൂർപെരുമ'യിലെ കഥാപാത്രങ്ങൾക്കെല്ലാം അതേ വീരകഥാഗാനച്ഛായ. വർണിക്കുന്നത് കുഞ്ഞിക്കേളപ്പക്കുറപ്പ് എന്ന ഖലനായകനെയായാലും വർണനാസാമഗ്രിയാവുന്നത് പാട്ടിലെ ഒതേനനെക്കുറിച്ചുള്ള വരികൾ തന്നെ.

പാട്ടിലെ വരികൾ എടുത്തെഴുതിയ ശേഷം (വടക്കൻപാട്ടിന്റെ ഛായയുള്ള, കഥാകാരൻ തന്നെ കെട്ടിയുണ്ടാക്കിയ വരികളും കാണാം ഈ കഥകളിൽ സുലഭമായി), 'പാട്ട് തച്ചോളി മേപ്പയിൽ ഒതേനക്കുറുപ്പിനെപ്പറ്റിയാണെങ്കിലും ഞങ്ങക്കത് കുഞ്ഞിക്കേളപ്പക്കുറുപ്പിനെക്കുറിച്ചുള്ളതാണ്' എന്നൊരു സത്യവാങ്മൂലവും അവതരിപ്പിക്കാൻ മറക്കില്ല കഥാകാരൻ. ഇത്തരത്തിലെല്ലാം വടക്കൻപാട്ടിന്റെ സമൃദ്ധ ഭൂതകാലത്തെ ഒരു ജന്മാവകാശം പോലെ കടന്നെടുത്തു' കൈക്കലാക്കിയും യഥേഷ്ടം ചെലവഴിച്ചുമാണ് യു.എ. ഖാദർ എന്ന കഥാകാരൻ എഴുതുന്നത്. ഒരേ സമയം അയാൾ എൺപതുകളിലെഴുതുന്ന മലയാള കഥാകൃത്തും വീരകഥാഗാനങ്ങൾ പാടിയും പറഞ്ഞും നടന്ന പാണന്റെ മുജ്ജന്മസ്മൃതികളുള്ള കഥനകലയിലെ പ്രാചീനനുമാകുന്നു.

എ.രാമചന്ദ്രന്റെ ചിത്രങ്ങളുടെ ഒരു കോണിൽ ചിത്രകാരന്റെ മുഖച്ഛായയുള്ള ഒരു വണ്ടോ ഷഡ്പദമോ മുഖം കാണിക്കുന്നതുപോലെയാണ് ഖാദറിന്റെ കഥാപര്യവസാനങ്ങൾ. അവിടെ ഊരിന്റെ കഥാകാരൻ സ്വന്തം പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നു. 'കഥയുടെ നിലയില്ലാക്കയത്തിൽ ഖാദർ മുങ്ങിത്താണു', 'കാഴ്ച കണ്ടമ്പരന്നവൻ, ഖാദർ, വിളറിവെളുത്ത് തൃക്കോട്ടൂരുകാരിലൊരാളായങ്ങനെ തുറുകണ്ണാലെ നിന്നു' എന്നിങ്ങനെ. 'തൃക്കോട്ടൂരുകാരിലൊരാൾ' എന്നതാകുന്നു ഖാദറിന്റെ വിനീതമായ മേൽവിലാസം. അയാൾ പറയുന്നത് തൃക്കോട്ടൂരിന്റെ കഥകൾ.

തൃക്കോട്ടൂരുകാരിലൊരാൾ എന്നത് അങ്ങനെ ചെയ്യാൻ അയാൾക്കുള്ള യോഗ്യതയും. ഈ കഥകളൊന്നും തന്റേതല്ല, ദേശത്തിന്റേതാണ് എന്നാണ് ഭാവം. അദൃശ്യതയോളമെത്തുന്ന ഈ ദൃശ്യതയാലും പഴയ പാണന്റെ ഛായാസാമ്യം വഹിക്കുന്നു ഖാദർ; പാണൻ താൻ കണ്ടതും കേട്ടതും പാട്ടാക്കി പറയുന്നതുപോലെ.

എന്നോ ഒഴുക്കു നിലച്ചുപോയ വടക്കൻപാട്ടിന്റെ പാരമ്പര്യത്തിന് ഇത്തരത്തിൽ തന്റെ എഴുത്തിലൂടെ അനുസ്യൂതി കണ്ടെത്തി യു.എ. ഖാദർ. അദ്ദേഹം പറയുന്നത് വടകരച്ചന്തയിൽ ചൂടി വിൽക്കുന്ന സുന്ദരിയും തന്റേടിയുമായ ജാനകിയുടെ കഥയാണെങ്കിലും അവൾ പൂഴിത്തേരി കുന്നുമ്മൽ കണാരന്റെ തിയ്യത്തിയാണെങ്കിലും വടക്കൻപാട്ടിൽ മാത്രം ജീവിക്കുന്ന ഉണ്ണിയാർച്ച അവളിലൂടെ പുനർജ്ജനിക്കുന്നു.

'പാട്ടിൽ പറയുംപോലെ കൈതേരി അമ്പുവിന്റെ കരപരിലാളനയേറ്റ പൊൻമാടത്തമ്പുവിന്റെ നേർപെങ്ങൾ നാണിക്കുട്ടിയെപ്പോലെ, കുന്നത്തു പൂത്ത പൂക്കൊന്ന പോലെ ജാനകിയും തെളിഞ്ഞു' എന്നാണ് കഥാകാരൻ അവളെ വർണിക്കുകയും ചെയ്യുക. (അതെ, വിവരണമല്ല, പാട്ടിലേപ്പോലെ വർണിക്കുന്നതാണ് ഖാദറിന്റെ രീതി). ഉണ്ണിയാർച്ചയുടെ പെൺവീറിന് ജാനകിയിലൂടെ തുടർച്ച കണ്ടെത്തുകയാണ് തൃക്കോട്ടൂരിന്റെ കഥാകാരൻ. ഈ നൈരന്തര്യസൃഷ്ടിയിലൂടെ വടക്കൻപാട്ടിനു മാത്രമല്ല, അതിന്റെ സാംസ്കാരികസത്തയായ ഉണ്ണിയാർച്ചയുടെ സ്ത്രീത്വശോഭയ്ക്കുകൂടി കാലാന്തരപ്രസക്തി സമ്മാനിക്കുകയാണ് കഥാകാരൻ.

ദേശത്തനിമയിൽ നിന്ന് കഥയും കഥാപാത്രങ്ങളും കഥനഭാഷയും കഥനശൈലിയും കണ്ടെത്തി യു.എ. ഖാദർ എന്ന് ഇതിനെ സംഗ്രഹിക്കാം; ദേശമുദ്രകൾ അതിവേഗം തിരോഭവിച്ചുകൊണ്ടിരിക്കുന്ന സമകാലത്തിൽ അതിനൊരു സാംസ്കാരികപ്രതിരോധത്തിന്റെ അധികമൂല്യമുണ്ട് എന്നും. മാർക്കേസിന്റെ മക്കോണ്ടോ പോലെ 'തൃക്കോട്ടൂർ' എന്ന ദേശസംജ്ഞയ്ക്കു മേൽ യു.എ. ഖാദർ പടുത്തുയർത്തിയ ഉത്തരകേരളഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു തൃക്കോട്ടൂരുണ്ട്. ആദ്യത്തേത് മക്കോണ്ടോ പോലെ ബാഷ്പീഭവിച്ചാലും രണ്ടാമത്തേത് നിലനിൽക്കും; മലയാളി കൂടുതൽ മലയാളിയും കേരളം കൂടുതൽ കേരളവുമായിരുന്ന ഒരു സമീപഭൂതകാലത്തെയും വടക്കൻപാട്ടുകാലത്തോളം നീണ്ടുചെന്നെത്തുന്ന ആ സാംസ്കാരികസ്മൃതിസഞ്ചയത്തിന്റെ വേരുപടലത്തെയും ഓർമിപ്പിച്ചുകൊണ്ട്.

content highlights: Critique Sajay KV Writes about the depth in UA Khadar Stories and characters