'കണ്ണകിയെപ്പോലെ കൈകളുയർത്തി ശപിക്കാനാണ് തോന്നുന്നത് - എല്ലാം കത്തിപ്പോകട്ടെ എന്ന്. എന്നെപ്പോലെ ലക്ഷക്കണക്കിന് അമ്മമാർ ഇങ്ങനെ ശപിക്കുന്നുണ്ടെന്ന് എനിക്കറിയാം. പിച്ചിച്ചീന്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ മാറോടണച്ചുകൊണ്ട് അവർ വിലപിക്കുന്നു, ശപിക്കുന്നു. ആരുണ്ട് ഈ കുട്ടികളെ രക്ഷിക്കാൻ?' - സുഗതകുമാരി

'സുഗതകുമാരി, തിരുവന്തോരം' അവ്യക്തമായ അക്ഷരങ്ങൾ കുറിച്ചിട്ട മുഷിഞ്ഞ കടലാസും ചുരുട്ടിപ്പിടിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്ത്രീകളും കുട്ടികളും എത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവർ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ളവർ.

എല്ലാ ജാതിമതങ്ങളിലും പെട്ടവർ. എല്ലാവർക്കും പൊതുവായുണ്ടായിരുന്നത് മനസ്സിലും ശരീരത്തിലുമേറ്റ മുറിവുകൾ മാത്രം. എല്ലാവരും തേടിവന്നത് ഒരേ അമ്മയെ. പലരും ആ അമ്മയെ മുമ്പ് കണ്ടിട്ടില്ല. കേട്ടിട്ടു പോലുമില്ല. എന്നിട്ടും കൊടുംകാട്ടിൽ തനിച്ചായിപോയ പശുക്കുട്ടി തള്ളപ്പശുവിനെ തേടിയെത്തുന്നതു പോലെ അവർ വന്നു. വേദനകൾ ടീച്ചറമ്മയുടെ മുന്നിൽ ഇറക്കിവച്ചു. സ്നേഹമെന്നത് അതിരില്ലാത്ത കാരുണ്യമാണെന്ന് തിരിച്ചറിഞ്ഞു. ഒരാളും അവിടെ നിന്ന് അനാഥരായി തിരികെപ്പോയില്ല.

നരകക്കാഴ്ചകൾ കണ്ട് തുടക്കം

കവിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയെ സ്ത്രീപ്രശ്നങ്ങളുടെ മുന്നണിപ്പോരാളിയാക്കിയത് തിരുവനന്തപുരത്തെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രമാണ്. 1985-ൽ ആയിരുന്നു അത്. കാഴ്ചകൾ നടുക്കുന്നതായിരുന്നു. ജയിലുകൾ പോലെ ആസ്പത്രി സെല്ലുകൾ. വിസർജ്യങ്ങളുടെ കഠിനമായ ദുർഗന്ധം, ചൊറിപിടിച്ച, ജടപിടിച്ച പെണ്ണുങ്ങൾ വിശക്കുന്നേയെന്ന് അലറി വിളിക്കുന്നു. പലർക്കും വസ്ത്രങ്ങൾ പോലുമില്ല. കുളിക്കാനും കക്കൂസിൽ പോയാൽ കഴുകാനും ചായയും കഞ്ഞിയും കുടിക്കാനുമെല്ലാം ഒരേ കവിടി പിഞ്ഞാണം. കണ്ടതൊക്കെ കരളലിയിക്കുന്ന വിധത്തിൽ ടീച്ചർ ലോകത്തോട് പറഞ്ഞു. അന്നു വൈകുന്നേരം തന്നെ 'അഭയ' ഉണ്ടായി.

കെ.വി. സുരേന്ദ്രനാഥ് എന്ന ആശാൻ പ്രസിഡന്റ്. സുഗതകുമാരി സെക്രട്ടറി. വായിച്ചുകേട്ടും പറഞ്ഞുമറിഞ്ഞ ആരൊക്കയോ സഹായിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി കൃഷ്ണമൂർത്തിയുടെ ആവശ്യപ്രകാരം തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾ കൂടി ടീച്ചറും സംഘവും സന്ദർശിച്ചു.

കോടതിയിൽ പൊതുതാത്‌പര്യ ഹർജി കൊടുത്തു. അടിയന്തര റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. അതിനായി ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ രൂപവത്‌കരിച്ചു. ഇരുട്ടിന്റെ ആത്മാക്കൾക്ക് വെളിച്ചം കിട്ടിയത് അങ്ങനെയായിരുന്നു.

കണ്ണീർ നനച്ചുവളർത്തിയ ബോധിവൃക്ഷം

ആസ്പത്രിക്കകത്തായിരുന്നു ആദ്യം അഭയയുടെ പ്രവർത്തനം. രോഗം മാറുന്ന സ്ത്രീകളെ ആരും കൊണ്ടുപോകാനില്ലെന്ന സത്യം ടീച്ചർ അറിഞ്ഞത് അങ്ങനെയാണ്.

ശാസ്തമംഗലത്ത് വാടകക്കെട്ടിടത്തിൽ പുനരധിവാസ കേന്ദ്രം തുടങ്ങി. അഭയ പുറംലോകത്തേക്കെത്തി. മനോരോഗികളല്ലാത്തവരും അഭയയിലേക്ക് വന്നു തുടങ്ങി. ഭർത്താക്കന്മാരുടെ മദ്യപാനവും പീഡനവും കൊണ്ട് വശംകെട്ടവർ, ലൈംഗികപീഡനത്തിന് ഇരയായവർ, ആരോരുമില്ലാത്തവർ - അഭയ എല്ലാവർക്കും അഭയമായി.

തച്ചോട്ടുകാവിലെ അഭയഗ്രാമത്തിന് 1992-ൽ ശിലയിട്ടത് ദലൈലാമയായിരുന്നു. അവിടെ ഒരു ബോധിവൃക്ഷത്തൈ നട്ടുകൊണ്ട് ലാമ പറഞ്ഞു, 'സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന എല്ലാ അഗതികൾക്കും തണൽ നൽകി ഈ മരം വളരട്ടെ'. ലാമയുടെ കണ്ണീർ കുരുന്നിലകൾക്കു മേൽ വീണു ചിതറി. കുട്ടികൾക്കായുള്ള അഭയബാല, അഗതികളായ സ്ത്രീകൾക്കുള്ള അത്താണി, അഭയ ഗ്രാമത്തിലെ മനോരോഗികൾക്കായുള്ള കർമ്മ, ലഹരി വിമുക്ത ചികിത്സയ്ക്ക് മിത്ര, സൗജന്യലഹരി വിമുക്തചികിത്സാ കേന്ദ്രമായ ബോധി, മനോരോഗികൾക്കായുള്ള പകൽവീട്, തെരുവ് പെൺകുട്ടികൾക്കായുള്ള ഹെൽപ്പ്ലൈൻ - ബോധിവൃക്ഷത്തിന്റെ തണൽ പരന്നു കിടക്കുന്നു.

വനിതാ കമ്മിഷനിലേക്ക്

1996-ൽ സംസ്ഥാനത്ത് ആദ്യമായി വനിതാ കമ്മീഷൻ രൂപവൽക്കരിച്ചപ്പോൾ അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരു പേരും മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് പരിഗണിക്കേണ്ടി വന്നുകാണില്ല. വനിതാ കമ്മീഷൻ എന്താവണമെന്ന് അഞ്ചു കൊല്ലം കൊണ്ട് ടീച്ചർ കാണിച്ചു തന്നു. ഇതാദ്യമായി കേരളത്തിലെ സ്ത്രീകൾ ഒരു സർക്കാർ സംവിധാനത്തിൽ വിശ്വാസമർപ്പിച്ചു.

നീതി തേടിയെത്തിയവരിൽ പുരുഷന്മാരും ഉണ്ടായിരുന്നു. എല്ലാവരെയും ടീച്ചർ സാന്ത്വനിപ്പിച്ചു. വില്ലന്മാരെ ഇത്തിരിയൊക്ക വിരട്ടി. പുലിയെപ്പോലെ വന്ന പലരും ടീച്ചറുടെ മുമ്പിൽ മര്യാദക്കാരായി. സ്വന്തം അമ്മയുടെ മുന്നിലെന്ന പോലെ പൊട്ടിക്കരഞ്ഞു. കള്ളുകുടി നിർത്തിക്കോളാമെന്ന് സത്യം ചെയ്തു. ചെയ്തുപോയ പാപങ്ങൾ ഏറ്റുപറഞ്ഞു. നീതിയെന്നാൽ ലാത്തിയുടെ ചൂട് മാത്രമല്ലെന്നും കരുണയും സ്നേഹവും കരുതലും വാത്സല്യവും ഒക്കെ ചേർന്നതാണതെന്നും നമ്മുടെ പല പോലീസുകാരും തിരിച്ചറിഞ്ഞതും അവിടെ വച്ചായിരുന്നു.

വിശ്രമമറിയാത്ത പോരാട്ടം

അനാരോഗ്യം ഭീഷണിയായപ്പോൾ പലരും ടീച്ചറെ ഉപദേശിച്ചു, ഇനി ഇത്തിരി വിശ്രമം വേണം. പക്ഷേ, ദുരിതങ്ങളുടെ നടുക്കായിരുന്നു ടീച്ചർ എപ്പോഴും. ആരും കാണാനും കേൾക്കാനും ഇഷ്ടപ്പെടാത്ത ജീവിതങ്ങൾക്കു വേണ്ടി മാറ്റിവച്ചതായിരുന്നു അവരുടെ രാപകലുകൾ. ചിലപ്പോഴൊക്കെ ടീച്ചറും കൂടെ കരഞ്ഞു. മറ്റുചിലപ്പോൾ ഗർജ്ജിച്ചു. അവശേഷിച്ച ഊർജ്ജമത്രയും വേദനിക്കുന്നവർക്കു വേണ്ടി വലിച്ചു പുറത്തെടുത്തു. ആരോപണങ്ങളുടെ കൊടുങ്കാറ്റിനു മുന്നിൽ പതറാതെ തലയുയർത്തി നിന്നു.

താൻ ചെയ്തതൊക്കെയും അപരന്റെ നന്മയ്ക്കു വേണ്ടിയാണെന്ന വിശ്വാസം മാത്രം മതിയായിരുന്നു ആ ശിരസ്സ് കുനിയാതെ കാക്കാൻ. സൗമ്യക്കും ഡെൽഹി പെൺകുട്ടിക്കും പേരറിയാത്ത മറ്റനേകം പെൺമക്കൾക്കും വേണ്ടി ആ തൂലിക അക്ഷീണം ചലിച്ചു. ടീച്ചർ എഴുതി, ' പരിഹാരമെന്ത് എന്നതാണ് ചോദ്യം. സത്യം പറഞ്ഞാൽ എനിക്കറിഞ്ഞുകൂടാ. ഉറച്ച ഒരു ഭരണകൂടം മുകളിലുണ്ടാകണം എന്നതാണ് ഏറ്റവും പ്രധാനം എന്നു തോന്നുന്നു... ഈ പ്രശ്നം പരിഹരിക്കാൻ പോലീസും സർക്കാരും നീതിപീഠവും മാത്രമല്ല ഓരോ രാഷ്ട്രീയ പാർട്ടിയും മതസംഘടനകളും സാമൂഹിക സംഘടനകളും കിണഞ്ഞു ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇന്ത്യ എന്ന നമ്മുടെ നാട് നരകതുല്യമായിത്തീരും.'

ഇനി ഇങ്ങനെ ആശങ്കപ്പെടാൻ, ഇങ്ങനെ കാത്തുസൂക്ഷിക്കാൻ, ഇങ്ങനെ സാന്ത്വനിപ്പിക്കാൻ, ഇങ്ങനെ ധൈര്യം പകരാൻ ആരുണ്ട് എന്നറിയില്ല കേരളത്തിലെ പെണ്ണുങ്ങൾക്ക്. അമ്മയാണ് പോയത്. ഏതു ചുഴലിക്കാറ്റിലും ഇളകാതെ നിന്ന കൂറ്റൻ ബോധിവൃക്ഷം. ഇതുവരെ അതിന്റെ തണലിലേക്ക് ഓടിയെത്താമായിരുന്നു. ഇനി എവിടെയാണ് അഭയം?

Content Highlights: Sugathakumari Remembrance Abhaya thiruvananthapuram