മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജാഗ്രത എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ക്കള്‍ക്കു വേണ്ടാത്തിടത്തോളം അമ്മയ്ക്കു ജീവിതമില്ല. മലയാളഭാഷയെ മരിക്കുന്ന മറ്റനേകം ഭാഷകള്‍ക്കൊപ്പം മരിക്കാന്‍ വിടരുത്. കുട്ടികള്‍ സ്നേഹത്തോടെ, ബഹുമാനത്തോടെ പഠിക്കാത്ത ഒരു ഭാഷയ്ക്കും ആയുസ്സില്ലെന്നോര്‍ക്കണം. കേരളത്തിലെ കുട്ടികള്‍ മലയാളത്തെ സ്നേഹിക്കണമെങ്കില്‍ അവര്‍ നിര്‍ബന്ധമായും ഭാഷയറിഞ്ഞിരിക്കണം. മലയാളത്തിന്റെ ഈണവും താളവും ആഴവും അവര്‍ ആസ്വദിക്കാന്‍ പഠിച്ചിരിക്കണം.

കളിപ്പള്ളിക്കൂടംമുതല്‍ കലാലയംവരെ അവര്‍ മലയാളം അഭ്യസിക്കുകയും ഉപയോഗിക്കുകയും വേണം. അതിനുവേണ്ടിയാണ് 'സമഗ്ര മലയാളഭാഷാനിയമം' നടപ്പിലാക്കുക എന്നു ഞങ്ങള്‍ വിളിച്ചാവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. ഇതിന്റെയര്‍ഥം ന്യൂനപക്ഷങ്ങളെ അവഗണിക്കണമെന്നല്ല. അവരുടെ ഭാഷ പഠിക്കാനുള്ള സൗകര്യം അവരുടെ സ്‌കൂളിലുണ്ടായിരിക്കണം. ഇതിന്റെയര്‍ഥം ഇംഗ്ലീഷിനെ അവഗണിക്കണമെന്നല്ല. ലോകഭാഷയായ ഇംഗ്ലീഷ് പഠനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെതന്നെ തുടരണം. പക്ഷേ, അതു മലയാളത്തെ ഇല്ലാതാക്കിയിട്ടാവരുത്. കേരളത്തില്‍ പഠിച്ചുവളര്‍ന്ന് ബിരുദം സമ്പാദിക്കുന്ന ഒരു വിദ്യാര്‍ഥി മലയാളമറിഞ്ഞുകൂടായെന്ന് അഭിമാനത്തോടെ പറയുന്നത് ലജ്ജാവഹമാണ്.

തമിഴന്റെ തീവ്രമായ ഭാഷാഭിമാനം നമുക്കില്ലായിരിക്കാം. എന്നാല്‍ പെറ്റമ്മയോട് അല്പമെങ്കിലും കൂറുണ്ടായിരിക്കണം. ഇല്ലെങ്കില്‍ നിര്‍ബന്ധമായി ഉണ്ടാക്കണം. അത് ഭരണകൂടത്തിന്റെ കടമയാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നു. കേരളത്തിലെ അച്ഛനമ്മമാരോടു വ്യസനത്തോടെ അപേക്ഷിക്കുന്നു; കുഞ്ഞുങ്ങളെ ദയവായി മലയാളം പഠിപ്പിക്കുക. അല്ലാത്തപക്ഷം അവര്‍ വേരുകളില്ലാത്തവരായി വളര്‍ന്നുവരും. ഭാഷയെന്നാല്‍ നാടിന്റെ സംസ്‌കാരമാണ്. നമ്മുടെ കുട്ടികളില്‍ അധികം പേര്‍ക്കും മലയാളമറിഞ്ഞുകൂടാ എന്നത് കഠിനമായൊരു സത്യമാണ്. മലയാളമറിയാത്ത കുട്ടി എങ്ങനെ മലയാളിയായിത്തീരും?

നമ്മുടെ നാടറിയാത്ത, കാടറിയാത്ത, കവിതയറിയാത്ത, പുഴയറിയാത്ത, വയലറിയാത്ത, മഴ നനയാത്ത, രുചിയറിയാത്ത കുട്ടികളായല്ലോ നമ്മുടേത്. അവര്‍ക്ക് ആറ്റില്‍ മുങ്ങിക്കുളിക്കാനറിഞ്ഞുകൂടാ, മുണ്ടുടുക്കാനറിഞ്ഞുകൂടാ. ദേവീപാദംപോലുള്ള തുമ്പപ്പൂ കണ്ടിട്ടില്ല. ചന്ദനം തൊട്ട കാക്കപ്പൂവിന്റെ കുനിഞ്ഞ മുഖം കണ്ടിട്ടില്ല. തൊട്ടാല്‍ തൊഴുന്ന തൊട്ടാവാടിയെയും കണ്ണെഴുതിയ ശംഖുപുഷ്പങ്ങളെയും പരിചയപ്പെട്ടിട്ടില്ല. മഞ്ഞക്കിളിയെക്കണ്ട മധുരം നുണഞ്ഞിട്ടില്ല, തുമ്പിതുള്ളിയിട്ടില്ല, വഞ്ചിപ്പാട്ടിനു താളമിട്ടിട്ടില്ല, കാറ്റത്തു വീഴുന്ന മാമ്പഴം ഓടിച്ചെന്നെടുത്തു ചപ്പിത്തിന്നിട്ടില്ല. അവര്‍ക്ക് എഴുത്തച്ഛനെ അറിഞ്ഞുകൂടാ. ആശാനെ അറിഞ്ഞുകൂടാ, വൈലോപ്പിള്ളിയെ അറിഞ്ഞുകൂടാ. സി.വി. എന്നൊരു പേര് അവര്‍ കേട്ടിട്ടേയില്ല.

sugathakumari
പുസ്തകം വാങ്ങാം

നമ്മുടെ കുഞ്ഞുങ്ങള്‍ മിടുമിടുക്കന്മാരാണ്. അവര്‍ക്കു ഗൂഗിളും വാട്സാപ്പും റാപ്പും ഹൈക്കും ലൈക്കുമൊക്കെ വിരല്‍ത്തുമ്പത്താണ്. അവര്‍ ലോകത്തിന്റെ വലിയ മുഖത്തു നോക്കുന്നു. പക്ഷേ, പെറ്റമ്മയുടെ മുഖമറിയുന്നില്ല. ഇങ്ങനെ മതിയോ? ഈ വിധത്തില്‍ ഒരന്‍പതു വര്‍ഷംകൂടി പോയാല്‍ മലയാളമെന്നൊരു ഭാഷ സംസാരഭാഷയായി ഇവിടെ അവശേഷിക്കുമോ? അതോ മറ്റൊരു മാതൃഭാഷയായി തുറക്കാത്ത അലമാരകളിലെ പുസ്തകത്താളിലടങ്ങുമോ? എങ്കിലും നമുക്കു ശ്രമിക്കാം. കഠിനമായി ശ്രമിക്കാം. അമ്മ കുറെക്കാലംകൂടി ജീവിച്ചിരിക്കേണ്ടത് നമ്മുടെയാവശ്യമാണ്. അതിനു വേണ്ട തുണചെയ്യാന്‍ സര്‍ക്കാരും നിയമസഭയും കേരളത്തിലെ അമ്മപെറ്റ മക്കളും തുനിഞ്ഞിറങ്ങേണ്ട സമയമായി.

സുഗതകുമാരിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Sugathakumari Malayalam Book Mathrubhumi Books