പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും അത് ഇല്ലാതാവുന്നതിന്റെ ആശങ്കകളുമായിരുന്നു എന്നും സുഗതകുമാരിയുടെ കവതകളുടെ ഹൃദയം. പ്രകൃതിക്ക് നേരെ മനുഷ്യന്റെ കരങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ സുഗതകുമാരി എന്ന പോരാളിയായ കവയിത്രിയുടെ ശബ്ദമുയര്‍ന്നു. പരിസ്ഥിതി സംരക്ഷണ പോരാട്ടത്തില്‍ എഴുത്തായിരുന്നു സുഗതകുമാരിയുടെ ആയുധം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുഗതകുമാരിയുടെ ഞാനും ഒരു കഴുകനാണ് എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.
മലയാളിക്ക് മരങ്ങളോടുള്ള ശത്രുത അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 'വെട്ടണം! വെട്ടണം' എന്ന് എല്ലാ ദിവസവും ശകാരവാക്കുകള്‍ മുഴങ്ങുന്നു. മരങ്ങള്‍ വികസനം മുടക്കുന്നു. കെട്ടിടച്ചന്തങ്ങള്‍ മറയ്ക്കുന്നു. വേരുകള്‍ മതിലുകള്‍ ഇളക്കുന്നു. പക്ഷികള്‍ കാഷ്ഠിക്കുന്നു. എന്നൊക്കെപ്പറയുന്നതിനപ്പുറം മറ്റൊരു മഹാപരാധവുമുണ്ട്- 'മുറ്റത്ത് ഇല വീഴുന്നു!' ഇലയില്ലാത്ത മരങ്ങള്‍ നമുക്കിനി സൃഷ്ടിച്ചുനോക്കാം. 'മുറ്റം തൂക്കാന്‍ ബുദ്ധിമുട്ട്, എന്തൊരു വൃത്തികേട്' എന്ന സ്ഥിരം ആവലാതിയുയരുന്നതും പെണ്ണുങ്ങളില്‍നിന്നാണ്. അവര്‍ക്കാണ് മരങ്ങളോടു നിത്യവൈരം! വിചിത്രമായൊരു പുതിയ പരാതി ഈയിടെ ഉയര്‍ന്നുവന്നു. തിരുവനന്തപുരത്ത് ഒരു കോളനിയില്‍ താമസക്കാരായ ദമ്പതികള്‍ നട്ടുവളര്‍ത്തിയ രണ്ടു ബദാം മരങ്ങളാണ് കുറ്റവാളികള്‍. ഇലകള്‍ ഇപ്പുറത്തേക്കു വീഴുന്നു എന്നു പറയാന്‍ കഴിയുന്നില്ല. വവ്വാലുകള്‍ ബദാം കായ്കള്‍ കടിച്ചുതുപ്പി അയല്‍ക്കാരുടെ മുറ്റത്തിടുന്നുവത്രേ! എന്തൊരു ഭീകരാവസ്ഥ! മനുഷ്യനെന്ന ഒരേയൊരു ജീവിക്കുവേണ്ടിയോ ഈ പ്രപഞ്ചസൃഷ്ടി എന്നൊന്നും ചോദിക്കരുത്. അതെ എന്നാവും കനത്ത മറുപടി.
മാമ്പഴക്കാലത്ത് മാങ്ങ മുഴുവന്‍ അടങ്കല്‍ കൊടുക്കാതെ പത്തുപതിനഞ്ചെണ്ണമെങ്കിലും അണ്ണാനും കിളികള്‍ക്കും വേണ്ടി നിര്‍ത്തിക്കൂടേ, ചക്കപ്പഴം തിന്നാന്‍ അവര്‍ക്കും കൊതിയും അവകാശവുമില്ലേ എന്നൊക്കെ ചോദിച്ചാല്‍ പുച്ഛം നിറഞ്ഞൊരു ചിരിയാവും മറുപടി. ഏറ്റവും ദുഃഖകരവും ലജ്ജാവഹവും ക്ഷേത്രവൃക്ഷങ്ങളുടെ ഹിംസയാണ്. മുന്‍പൊക്കെ ആല്‍മരങ്ങള്‍ ക്ഷേത്രവളപ്പുകളിലും പരിസരങ്ങളിലും ആരാധ്യവും സുരക്ഷിതവുമായിരുന്നു. ഇന്ന് അമ്പലത്തിലെ ആല്‍മരങ്ങള്‍ വെട്ടാന്‍ ക്ഷേത്രക്കമ്മറ്റിക്കാര്‍ തന്നെ മുന്നോട്ടുവരുന്നതു കാണാം. ഇല വീഴുന്നു! കിണറു മലിനമാകുന്നു! പുതിയ കല്യാണമണ്ഡപം വേണം. ഉപദേവതാഗൃഹങ്ങള്‍ നിര്‍മിക്കണം. സദ്യാലയം വേണം. കോണ്‍ക്രീറ്റ് നടപ്പന്തല്‍ വേണം- അമ്പലത്തിലെ ആല്‍മരം വെട്ടുന്നത് പാപമല്ലേ എന്നൊരു മൂഢന്‍ ചോദിച്ചതിന് 'പരിഹാരം ചെയ്താല്‍ മതി, ഒരു പ്രത്യേക പൂജയും ദക്ഷിണയും' എന്നു മറുപടി കിട്ടി. പുതിയ നവഗ്രഹപ്രതിഷ്ഠ നടത്താന്‍ തിരുവനന്തപുരത്ത് ഒരു അമ്പലമുറ്റത്തെ പുരാതനമായ കൂറ്റന്‍ ആല്‍മരം മുറിച്ചതും ഈയിടെയാണ്. കുമ്പിളാല്‍ എന്നും കൃഷ്ണനാല്‍ എന്നും പേരുള്ള ഒരപൂര്‍വവൃക്ഷം ഇവിടെയൊരിടത്ത് കോടാലി കാത്തുനില്ക്കുകയാണ്. കാവുകളെയും വൃക്ഷങ്ങളെയും സംരക്ഷിച്ചിരുന്ന ആര്‍ഷവിശ്വാസങ്ങളെല്ലാം പുതിയ തലമുറയുടെ പ്രായോഗികബുദ്ധിക്കു മുന്നില്‍ അടിയറവു പറയുന്നു. നഗരത്തിലെ ആയിരക്കണക്കിനു തെങ്ങുകള്‍ തമിഴ്നാടു ലോറികളില്‍ കയറി നാടുവിട്ടുകൊണ്ടിരിക്കുകയാണെന്ന് എത്രപേര്‍ക്കറിയാം? കൈ നിറയെ പണം കിട്ടും. തമിഴ്നാട്ടിലെ ചെങ്കല്‍ച്ചൂളകള്‍ക്ക് നമ്മുടെ കല്പവൃക്ഷത്തിന്റെ തടി ആവശ്യമുണ്ട്.
വഞ്ചിയൂര്‍തോടിന്റെ കരയില്‍ തണല്‍മരങ്ങള്‍ നിര്‍ത്തിക്കൊണ്ടുതന്നെ തോടിനു മുകളില്‍ സ്ലാബുകള്‍ നിരത്തി റോഡു വികസിപ്പിക്കാമെന്ന പരിപാടി അധികൃതര്‍തന്നെ പൊളിച്ചുകളഞ്ഞു. മദിരാശിയില്‍നിന്നു വരുത്തിയ വിദഗ്ധനായ ശ്രീനിവാസനും ഹാബിറ്റാറ്റ് ശങ്കറും നല്കിയ പ്ലാന്‍ അംഗീകരിക്കപ്പെട്ടതിനുശേഷം അവഗണിക്കപ്പെട്ടു. ആറുമരങ്ങള്‍ വെട്ടിയാല്‍ മതിയെന്ന അനുവാദം എല്ലാ മരങ്ങളുമെന്നു തിരുത്തപ്പെട്ടു. മരങ്ങളുടെ കങ്കാളങ്ങളാണ് അവിടെയിപ്പോള്‍ നില്ക്കുന്നത്.
അതിലും ദുഃഖകരമായൊരു സംഭവത്തിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണെന്നു ഭയമുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാര്‍ക്ക് പ്രദേശത്തെ ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞു നിരന്ന് പന്തലിച്ചുനില്ക്കുന്ന ആ മനോഹരമായ റോഡ് ദേശീയപാതയായി വികസിപ്പിക്കാന്‍ ഓര്‍ഡറായിക്കഴിഞ്ഞു. ആയിരക്കണക്കിനു വൃക്ഷങ്ങള്‍. വാകമരങ്ങളും കണിക്കൊന്നകളും ഇരുവശത്തുനിന്നും പരസ്പരം കൈകള്‍ നീട്ടി പുണര്‍ന്നു പന്തലിച്ച് തണല്‍ വീശി പൂക്കള്‍ വാരിവിതറി നില്ക്കുന്ന അപൂര്‍വമായൊരു ദൃശ്യം നമുക്കവിടെ കാണാം.
പക്ഷേ, നമുക്കു ദേശീയപാത വേണ്ടേ? വടക്കുനിന്ന് അതിങ്ങോട്ട് ഇരച്ചുവരുന്നുണ്ട്, വാഹനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. തിരക്കു വര്‍ധിക്കുന്നു. അപകടങ്ങള്‍ പെരുകുന്നു. ഭാവി മുന്‍കൂട്ടി കാണാനുള്ള കടമ ആസൂത്രകര്‍ക്കുള്ളതല്ലേ? വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന വിഡ്ഢിത്തമൊന്നും പറഞ്ഞുപോകരുത്. ആ മരങ്ങളെ മീഡിയനില്‍ നിര്‍ത്തിക്കൂടേ? ഇരുവശത്തും ആവശ്യമുള്ള ഭൂമി കിടപ്പുണ്ട്. പക്ഷേ, മറ്റു സ്റ്റേറ്റുകളിലെല്ലാം എല്ലാം നിരപ്പാക്കിക്കൊണ്ടാണത്രേ ദേശീയപാതാനിര്‍മാണം. അപ്പോള്‍ ഇവിടെ മീഡിയന്‍ എങ്ങനെ എന്നാണ് എതിര്‍വാദം. ഞങ്ങള്‍ പറയുന്നു, കേരളം മറ്റു സ്റ്റേറ്റുകള്‍ പോലെയല്ല, തമിഴ്നാടും ആന്ധ്രയും പോലെ പരന്നുകിടക്കുന്ന ഭൂമിയല്ല നമ്മുടേത്, ഇതു മലനാടാണ്. കുന്നും മലയും താഴ്വാരവും പുഴയും വയലും നിറഞ്ഞ പച്ചപ്പു വിളങ്ങുന്ന ജലസമൃദ്ധിയാല്‍ അനുഗൃഹീതമായ ഒരപൂര്‍വദേശമാണ്. ഇതു മറ്റൊന്നിനെപ്പോലെയല്ല. ഈ നാടിന്റെ പ്രകൃതിക്കിണങ്ങുന്ന വികസനക്രിയകളാണ് ആസൂത്രകര്‍ ഒരുക്കേണ്ടത്. അനാവശ്യമായ ആയിരക്കണക്കിനു ഫ്ളാറ്റുസമുച്ചയങ്ങള്‍ പണിതുയര്‍ത്തിയും പതിനായിരക്കണക്കിനു കുഴല്‍ക്കിണറുകള്‍ ഇറക്കിയും മലയായ മലയെല്ലാം ഇടിച്ചുനിരത്തിയും നിത്യജലസംഭരണികളായ വയലുകളെല്ലാം നികത്തിയും ആര്‍ഭാടക്കമ്പോളങ്ങള്‍ നിറച്ചും മണ്ണിനെ മുഴുവന്‍ കോണ്‍ക്രീറ്റും ടൈല്‍സുംകൊണ്ടു കൊന്നും എല്ലാ പച്ചപ്പും വെട്ടിത്തുലച്ചും എല്ലാം വിഷമയമാക്കിയുമാകരുത് വികസനം- ദയവു കാട്ടണം, ചൂടിനിയും വര്‍ധിപ്പിക്കരുത്, കുടിവെള്ളം മുട്ടിക്കരുത്, പ്രാണവായു മുട്ടിക്കരുത്- പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളോടെങ്കിലും ദയവുകാട്ടണം.
Content Highlights: Sugathakumari Malayalam book Mathrubhumi books