'സ്വപ്നങ്ങളുടെ കവിത-സുഗതകുമാരി' എന്ന അടിക്കുറിപ്പോടെ മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ 1970-ലോമറ്റോ ആണ് ആ മുഖം ഞാന്‍ ആദ്യമായി കണ്ടത്. ഒരിക്കലും മറക്കാനാവാത്ത മനോഹരചിത്രം. ലാവണ്യംവഴിഞ്ഞ ആ രൂപം, ടൈം മെഷീനിലെന്നപോലെ പലമട്ടില്‍ പലകാലത്തും പലേടത്തും കണ്ടു. ദുഃഖവും നൈരാശ്യവും ഉത്കണ്ഠയുമൊക്കെ, മറ്റുള്ളവരെച്ചൊല്ലി സഹിച്ചുസഹിച്ചു കേടായ ഹൃദയവും പേറി, കഴിയുന്നത്ര ഈ ലോകത്തുപിടിച്ചുനിന്ന ഒരു ഭൗതികദേഹം വര്‍ഷങ്ങളിലൂടെ നടത്തിയ കഠിനയാത്രകളുടെ പരിസമാപ്തിയും ഇന്നുവന്നെത്തി. ഒരു മഹാപ്രവാഹം പുഴയിലും പിന്നെ കടലിലും ചെന്നുലയിക്കുന്നതുപോലെയാണ് ആ വിടവാങ്ങല്‍. മലയാളിയുടെ ഭൗതികവും ആത്മീയവുമായ ജീവിതം നീചത്തിലേക്കുതാഴുമ്പോഴൊക്കെ അവിടെ ഭയമേതുമില്ലാതെയെത്തി തന്റെ വിയോജിപ്പ് ഉറക്കെപ്പറയാനും പോംവഴി നിര്‍ദേശിക്കാനും ഇത്രയധികം ശ്രമിച്ച മറ്റൊരാളില്ല.
പെണ്ണായാലും പ്രകൃതിയായാലും കരാളഹസ്തങ്ങളില്‍പെടുമ്പോഴും കരുണ യാചിക്കുമ്പോഴും 'അരുത് കാട്ടാളാ' എന്നുപറയാന്‍ അവരേ ഉണ്ടായിരുന്നുള്ളൂ. ഞാനും എന്റെ തലമുറയും വരുംതലമുറകളും ആ മഹനീയസാന്നിധ്യത്തോട് കടപ്പെട്ടിരിക്കുന്നു. തിരിച്ചറിവുപകര്‍ന്നതിന്, ത്യാഗപൂര്‍ണമായി തനിയേ സമരംചെയ്തതിന്.
സുഗതകുമാരിയുടെ ചലനങ്ങളില്‍ വാക്കുകളില്‍ അഹിംസയുടെ രാഷ്ട്രീയമുണ്ടായിരുന്നു. അഹിംസയെ ഉപാസിച്ച ഭാരതീയചിന്താധാര അവരില്‍ നിത്യചൈതന്യമായി കുടികൊണ്ടു. ബാലാമണിയമ്മക്കവിതയിലെ ഗാന്ധിയന്‍ വെണ്മയില്‍, തരളവും താരുണ്യപൂര്‍ണവുമായ മഴവില്ല് താണുവന്ന് അലിഞ്ഞുചേര്‍ന്നപോലെയായിരുന്നു സുഗതകുമാരി രചിച്ച ഓരോ കവിതയും.
കവിതയെ മനുഷ്യരൂപത്തില്‍ സങ്കല്പിക്കാന്‍ കഴിയുമെങ്കില്‍, വാല്മീകിയുടെ ബാഷ്പമലിനയായ സീതാദേവിയായി ഞാന്‍ സുഗതകുമാരിക്കവിതയെ കാണുന്നു. അനന്യവിശുദ്ധിയാര്‍ന്ന ലാവണ്യം, ആന്തരികശോഭ, സംയമനം, വിപദിധൈര്യം. കാറ്റുപോലെ അദൃശ്യവും അനായാസവുമായ പദചലനം. ചിലപ്പോള്‍ ധര്‍മബോധത്താല്‍ വിക്ഷുബ്ധമായും മറ്റുചിലപ്പോള്‍ കര്‍മധീരതയാല്‍ ഊര്‍ജസ്വലമായും അത് കടന്നുചെന്നപ്പോള്‍ ഏതുസമാനഹൃദയരും ആ കാറ്റ് തുറന്നമനസ്സോടെ ഏറ്റുവാങ്ങി. അതായിരുന്നു ഞങ്ങള്‍ കണ്ടുവളര്‍ന്ന സുഗതകുമാരി. എന്റെ കലാലയകാലത്ത് പെണ്‍കുട്ടികള്‍ ആലപിച്ചുനടന്നത് 'രാത്രിമഴ', 'കൃഷ്ണാ, നീയെന്നെയറിയില്ല' എന്നിവയായിരുന്നു. അതില്‍ ലയിച്ചുചേര്‍ന്ന പെണ്‍മുഖങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്നു-അവരുടെ തരുണഹൃദയങ്ങളില്‍ ദേവീരൂപംപോലെ സുഗതകുമാരിമാത്രം-അവരൊക്കെയിപ്പോള്‍ എവിടെയൊക്കെയോ ഇരുന്ന് നിശ്ശബ്ദമായി മിഴിനീരര്‍ച്ചിക്കുന്നുണ്ടാവും.
മുപ്പതുവയസ്സിനുമുമ്പെഴുതിയ 'രാജലക്ഷ്മിയോട്' എന്ന കവിതയില്‍ ഇടിമിന്നലൊളി ചിതറിയ പ്രതിഭ പാദപ്രതിഷ്ഠയില്‍ അശരണമായ ആഗ്‌നേയമായി എരിഞ്ഞു. അതിനിടയ്‌ക്കോര്‍ക്കുന്നു, സ്ത്രീപര്‍വം- ''ഇവിടെ ഞാനെത്തിയെന്നമ്മമാരേ! കണ്‍കളടയുവാന്‍ കാലമായെന്നു തോന്നീ /ആളൊഴിഞ്ഞപ്പോള്‍ അടികൊണ്ടൊടിഞ്ഞു തന്‍ മാളത്തിലെത്തുന്ന പാമ്പുപോലെ/ ചിറകറ്റുവെങ്കിലും മന്ദമിഴഞ്ഞുതന്‍ ചെറുകൂട്ടിലെത്തും പറവപോലെ.'' അതുവായിച്ച് സ്തബ്ധയായി വീട്ടുപടവില്‍ ആകാശംനോക്കിയിരുന്ന എന്റെ മധ്യാഹ്നം-വര്‍ഷവും വസന്തവും ഓര്‍മയില്ല. ഏതുവര്‍ഷമായിരുന്നു അത്? ഏതുപുസ്തകം? ഓര്‍ത്തെടുക്കാനാവാത്ത മങ്ങൂഴത്തില്‍ ആ ഉജ്ജ്വലനിമിഷം തിളങ്ങുന്നു.
Content Highlights: sugathakumari life and poetry