നിറയെ ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം തിരുവനന്തപുരത്തെ പേയാട് 'അഭയ' സ്ഥിതിചെയ്യുന്ന പറമ്പിലെ പാറക്കൂട്ടത്തിന് തണലായി, ജീവിതത്തിന്റെ ഉഷ്ണതാപമേറ്റ് വീണവർക്ക് താങ്ങായി വളർന്നുവലുതാകും, സുഗതകുമാരിടീച്ചറോളം!
തന്റെ ഓർമയ്ക്കായി ഒരാൽമരമാണ് മലയാളത്തോട് സുഗതകുമാരി ടീച്ചർ ആവശ്യപ്പെട്ടത്. ജീവിതത്തിന്റെ കണക്കും താളവും തെറ്റിയവർക്കായി ടീച്ചറുടെ പ്രയത്‌നത്താൽ ഉയർന്നു വന്ന അഭയയ്ക്കു തന്നെ തണലായി ആൽമരം വളരേണ്ടതുണ്ടേന്ന് കവയിത്രിയ്ക്കറിയാം.
''എനിക്ക് വാരിക്കോരിത്തന്ന സ്‌നേഹത്തിനും വിശ്വാസത്തിനുമെല്ലാം നന്ദി. ഈ മഴയോട്, ഈ വെയിലിനോട്, ഈ മണ്ണിനോട്, തണലിനോട്, എനിക്ക് നിറച്ചുവിളമ്പിത്തന്ന അന്നത്തോട് എന്റെ ശിരസ്സിൽ കൈവച്ച അനുഗ്രഹങ്ങളോട്,എല്ലാം നന്ദിമാത്രം. ഇനി അടുത്തജന്മം ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാൻ വരും'' ഇതുവരെ വിശ്രമമില്ലാതെ ചെയ്തതൊന്നും തന്നെ മാനവരാശിയ്‌ക്കോ പ്രകൃതിയ്‌ക്കോ തികഞ്ഞിട്ടില്ലെന്ന ചിന്തയിൽ നിന്നാണ് വീണ്ടുംവരുമെന്ന വാക്കുതരുന്നത്. കഷ്ടപ്പെടാനും പാടുപെടാനും എന്ന് എടുത്തുപറയുമ്പോൾ ആർക്കുവേണ്ടിയാണ് താൻ നിലകൊള്ളുന്നത് എന്ന ഉത്തരവാദിത്തത്തെയാണ് കവയിത്രി ചൂണ്ടിക്കാണിക്കുന്നത്.
അൻപതുകളിൽ ശ്രീകുമാർ എന്ന തൂലികാനാമത്തിൽ നിന്നുയിർകൊണ്ട ആദ്യകവിത കാടും മേടും മനുഷ്യമനസ്സും കീഴടക്കി മുന്നേറിയപ്പോൾ സ്വത്വത്തെ മറനീക്കി സുഗതകുമാരിയായി തന്നെ നിലയുറപ്പിച്ച വ്യക്തിത്വം. പുരുഷനാമത്തിലായിരിക്കണം തന്റെ കവിതകളെ മലയാളം എതിരേൽക്കേണ്ടത് എന്നാണ് കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റുപ്രസ്ഥാനക്കാരികളിലൊരാളായ ടീച്ചർ തീരുമാനിച്ചിരുന്നതെങ്കിൽ ഒരധ്യാപികയുടെ ഇവാലുവേഷൻ ടെക്‌നിക്കുകൾ എല്ലാം അതിൽ കാണാൻ കഴിയും. അക്കാലത്ത് രണ്ടേ രണ്ട് കവിയത്രികളേയുള്ളൂ- ബാലാമണിയമ്മയും സുഗതകുമാരിയും അതുകൊണ്ട് പെൺനാമങ്ങളിൽ എഴുതിയ പുരുഷകവികളുടെ എണ്ണവും കുറവല്ലായിരുന്നു. അതേ അധ്യാപികയുടെ കർശനനിർദ്ദേശങ്ങളാണ് മരണാനന്തരം താനെന്തായിരിക്കണം എന്ന തീരുമാനം. ജീവിച്ചിരിക്കുന്ന കാലത്ത് ആലോളം തണലും ആശ്വാസവും നൽകിയ കവയത്രിയുടെ മനസ്സാന്നിധ്യവും കവിതകളും പോലെ തന്നെ ആ ഓർമമരം വളരുക തന്നെ ചെയ്യും.
Content Highlights : Sugathakumari Homage Abhaya a home for homeless