നമ്മുടെ ചിഹ്നം മണ്ണുമാന്തിയായികൊണ്ടിരിക്കുന്നൂവെന്ന് സമൂഹത്തോട് വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു പ്രിയപ്പെട്ട കവയിത്രി. പശ്ചിമഘട്ടത്തിന്റെ ആര്‍ത്തനാദത്തെ, വെടിയൊച്ചകളെ, നിരാശ്രയരായ മനുഷ്യജന്മങ്ങളുടെ കരച്ചിലുകളെ കേട്ട് മടങ്ങാന്‍ മാത്രം അവരുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല.
സമരങ്ങള്‍ നയിച്ചൂ സയലന്റ് വാലിയില്‍, ആറന്മുളയില്‍. അറ്റുപോകുന്ന മരങ്ങള്‍ക്ക് വേണ്ടി, കാടുകള്‍ക്ക് വേണ്ടി, നീര്‍ച്ചാലുകള്‍ക്ക് വേണ്ടി. കൈകള്‍ നീട്ടി നല്‍കി അഭയമില്ലാത്തവര്‍ക്ക് വേണ്ടി. ഒരു പെണ്ണും ദൈവത്തിന് മുമ്പിലല്ലാതെ തലകുനിക്കരുതെന്ന് പറഞ്ഞുകൊണ്ടേയിരുന്നു അവര്‍, അങ്ങനെ അനുകമ്പയെ കൂടെപിറപ്പായി കൂട്ടി. അങ്ങനെ എഴുത്തിനെ പ്രകൃതിയുടെ നിരാലംബരുടെ രാഷ്ട്രീയമാക്കി മാറ്റി.
കവിതകളോരുന്നും സമരങ്ങളായി. താന്‍ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സത്യങ്ങളെ കേള്‍ക്കേണ്ടവര്‍ കേള്‍ക്കാതെ വന്നപ്പോള്‍ എഴുത്തുകള്‍ പിന്നെ വ്യസനമായി. ഒടുവില്‍ ഒരു പാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് പച്ചപ്പുകളെ മറന്ന് നിത്യതയിലേക്ക്.
ഇനിയീ മനസ്സില്‍ കവിതയില്ല
മണമില്ല മധുവില്ല മധുരമില്ല
ഇനിയീ മനസ്സില്‍ കിനാക്കളും പൂക്കളും
മഴയും പ്രഭാതവും ബാക്കിയില്ല
ഇനിയീ മനസ്സില്‍ കവിതയില്ല- എന്നുപറഞ്ഞ് തുടങ്ങിയ ഒരു കവിതയുടെ അവസാനം ടീച്ചര്‍ പറയുന്നണ്ട്.
ബാക്കിയുള്ളത് കനിവിന്റെ നാലഞ്ചു തുള്ളി മാത്രം
ഒരു കിണ്ടി വെളളവും അതിനുള്ളിലൊരു കൊച്ചു-
തുളസിക്കതിരും, കെടാവിളക്കും
ഒരു പിടിച്ചാമ്പലും, ഇറ്റു കണ്ണീര്‍ വീഴ്കി-
ലുടനതില്‍ പൊങ്ങും പുകച്ചുരുളും
ഇത് സങ്കടങ്ങളുടെ വലിയ കടലുകള്‍ ഉള്ളിലൊതുക്കിയ ഒരമ്മയുടെ വാക്കുകളായിരുന്നു. കേള്‍ക്കേണ്ടത് കേള്‍ക്കാതെ വന്നപ്പോള്‍ അവര്‍ ഭൂമിയോട് മനുഷ്യന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കരഞ്ഞുകൊണ്ട് പറഞ്ഞു. പ്രിയപ്പെട്ട ഭൂമി നിന്റെ മുലപ്പാലുകള്‍ ഇവര്‍ ഊറ്റുന്നു. നിന്റെ രക്തവും, മാംസവും ഊറ്റുന്നു. നീ ഞങ്ങള്‍ക്ക് ഒരു പെണ്ണിരമാത്രം. അങ്ങനെ പ്രകൃതിക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും നിരന്തരം പോരാടികൊണ്ടിരുന്ന കവിജന്മമായിരുന്നു ടീച്ചര്‍.
ആശ്രയമില്ലാത്തവരെ കൈപിടിച്ച് കയറ്റാനൊരിടമായിരുന്നു ടീച്ചര്‍ അരംഭിച്ച അഭയ. അങ്ങനെ അഭയ അഭയമില്ലാത്തവര്‍ക്ക് കൈത്താങ്ങായി. മനുഷ്യന്റെ ക്രൂരതകള്‍ക്കിരായി കണ്ണീരിഞ്ഞുപോയ സത്രീ ജീവിതങ്ങള്‍ക്ക് സുരക്ഷയൊരുക്കി. സ്ത്രീ സുരക്ഷയെന്ന പ്രസംഗത്തിനപ്പുറം പ്രവര്‍ത്തി കൊണ്ട് മാതൃക കാണിച്ചുകൊടുത്തു ടീച്ചര്‍. മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അത് നടപ്പാകുന്നത് കാണാനാവാതെയാണ് ടീച്ചര്‍ കടന്ന് പോയത്.
ടീച്ചര്‍ പറയുന്നു ''പേടിയില്ലാത്ത, ധൈര്യമുള്ള തലമുറയെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വാക്കുകള്‍ക്ക് കരുത്തുണ്ടാകണം. മഹാപാപങ്ങള്‍ കണ്ടറിയുമ്പോള്‍ പേടിക്കുന്നവരാവരുത് നിങ്ങള്‍. ഭയപ്പെടരുത്. ധര്‍മ്മവും മൂല്യവും മര്യാദയുമെന്തന്നറിയുന്ന കാരണ്യമുള്ള തലമുറയായി വേണം നിങ്ങള്‍ വളരാന്‍. വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം ഇതുകൂടിയാവണം''. പച്ചപ്പിനേയും മനുഷ്യ സങ്കടങ്ങളേയും ഭൂമിയേയും വിട്ട് ടീച്ചര്‍ യാത്രയായുമ്പോള്‍ കൂടുതല്‍ പച്ചപ്പാവുകയാണ്, തളിര്‍ത്ത് വളരുകയാണ് അവര്‍ ബാക്കി വെച്ച് പോയ ഓരോ വാക്കുകളും.
Content Highlights: Sugathakumari poetry and life